- സെപ്റ്റംബര്‍ 8 ലോക സാക്ഷരതാ ദിനം
ടി. ഷാഹുല്‍ ഹമീദ്
ലോകത്ത് എഴുതാനും വായിക്കുവാനും അറിയാത്ത 781 ദശലക്ഷം പേര്‍ ഉണ്ടെന്നാണ് യുനെസ്‌കോയുടെ കണക്ക് , അതില്‍ ബഹുഭൂരിഭാഗവും സ്ത്രീകളാണ് എന്നത് 2022ലെ ലോക സാക്ഷരതാ ദിനത്തില്‍ ലോകത്തിന് മുമ്പില്‍ ചോദ്യചിഹ്നമായി മാറുന്നു. വികസന പരിപ്രേക്ഷ്യത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ആയുധമാണ് സാക്ഷരത. ആധുനിക ഡിജിറ്റല്‍ യുഗത്തില്‍ വിവരസാങ്കേതിക വിദ്യകള്‍ മനുഷ്യജീവിതത്തിലെ അഭിവാജ്യ ഘടകമായ സന്ദര്‍ഭത്തില്‍ , സാങ്കേതിക വിദ്യ അറിയാത്തവര്‍ അനുഭവിക്കുന്ന അറിവില്ലായ്മയും കൂടി കൂട്ടി വായിച്ചാല്‍ നിരക്ഷരതയുടെ വ്യാപ്തി വര്‍ധിക്കുന്നതാണ്. ലോകത്ത് ഇന്ന് ഡിജിറ്റല്‍ വിഭജനം യാഥാര്‍ത്ഥ്യമായിരിക്കുന്ന സന്ദര്‍ഭത്തില്‍ ജനസംഖ്യയിലെ വലിയ വിഭാഗത്തിന് പുത്തന്‍ അറിവുകളിലേക്ക് പ്രവേശിക്കുന്നതിനുള്ള വിവിധ സംവിധാനങ്ങള്‍ അപരിചിതമായിരിക്കുന്ന ഘട്ടത്തിലാണ് ലോകത്തെ വിവിധ രാജ്യങ്ങള്‍ എത്തി നില്‍ക്കുന്നത് .
ഇന്നത്തെ അവസ്ഥ: ഐക്യരാഷ്ട്രസഭ 2030ല്‍ നേടിയെടുക്കേണ്ട ലക്ഷ്യങ്ങളില്‍ നാലാം സ്ഥാനത്തുള്ള വിദ്യാഭ്യാസവുമായി ഇഴ ചേര്‍ന്ന് നില്‍ക്കുന്നതാണ് സാക്ഷരത. യുനെസ്‌കോയുടെ കണക്ക് പ്രകാരം 24 ദശലക്ഷം പേര്‍ കൊവിഡിന് ശേഷം തിരിച്ചു വിദ്യാഭ്യാസത്തിലേക്ക് പോകാന്‍ കഴിയാത്തവരായിട്ടുണ്ട്. അതില്‍ 11 ദശലക്ഷം പേര്‍ വനിതകളാണ്. എഴുതാനും വായിക്കാനും ശ്രദ്ധിക്കാനും സംസാരിക്കുവാനുമുള്ള കഴിവിനെയാണ് സാക്ഷരത എന്ന് പറയുന്നത്. യുനെസ്‌കോയുടെ അഭിപ്രായത്തില്‍ അച്ചടിച്ചതോ എഴുതപ്പെട്ടതോ ആയ ഭാഷ, സന്ദര്‍ഭോചിതമായി മനസ്സിലാക്കുവാനും ബോധ്യമാകുവാനും സൃഷ്ടിക്കുവാനും വിനിമയം ചെയ്യുവാനും ഗണിക്കുവാനും ഉപയോഗിക്കുവാനുമുളള കഴിവിനെയാണ് സാക്ഷരത എന്ന് വിവക്ഷിക്കുന്നത്. ഒരു വ്യക്തിയുടെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് അറിവും ശേഷിയും വര്‍ധിപ്പിക്കുവാനും അങ്ങനെ സമൂഹത്തിന്റെ ഭാഗമാകാനുതകുന്ന അവസരങ്ങള്‍ നേടുന്നതിനുമുള്ള നിരന്തര പഠനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് സാക്ഷരത.
സാങ്കേതിക വിടവ് യാഥാര്‍ഥ്യമാണോ:
പുതു സാധാരണത്വത്തെ (New normal ) ജീവിതത്തിന്റെ ഭാഗമാക്കുവാന്‍ സമയം വേണ്ടിവരും. അറിവിന്റെ ഡിജിറ്റല്‍ വിടവ് യാഥാര്‍ഥ്യമായിരിക്കുന്ന ഘട്ടത്തിലാണ് സാക്ഷരത എന്ന പഴയ സങ്കല്‍പത്തില്‍ പുതിയ ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നവരും അതിന് വിവിധ കാരണങ്ങളാല്‍ സാധിക്കാത്തവരും തമ്മിലുള്ള വിടവ് കുറക്കുക എന്നത് സാക്ഷരത ലക്ഷ്യം പോലെ കൈവരിക്കേണ്ട ഒരു പ്രധാനപ്പെട്ട ലക്ഷ്യമാണ് എന്ന് ലോകം തിരിച്ചറിഞ്ഞ ഘട്ടത്തിലാണ് ലോക സാക്ഷരതാ ദിനം സെപ്റ്റംബര്‍ എട്ടിന് ആചരിക്കുന്നത്.
പഴയ പള്ളിക്കൂടങ്ങളിലെ മണ്ണെഴുത്തില്‍ നിന്ന് സ്ലേറ്റിലേക്കും നോട്ടുപുസ്തകത്തിലേക്കും അവിടെനിന്ന് ബ്ലാക്ക് ബോര്‍ഡും മാര്‍ക്കര്‍ ബോര്‍ഡും കടന്ന് ഇന്ന് വെര്‍ച്വല്‍ സ്‌ക്രീനുകളിലേക്ക് വിദ്യാഭ്യാസം എത്തിനില്‍ക്കുമ്പോള്‍, ഈ മാറ്റങ്ങളെ ഓരോ കാലഘട്ടത്തിലും ഉള്‍ക്കൊള്ളാന്‍ ആവാതെ പോയവരെയും വൈകി പോയവരെയും കൃത്യമായി പരിഗണിച്ചാലെ ലോകത്ത് തുല്യനീതിയോടെയുള്ള സാക്ഷരതാ പ്രവര്‍ത്തനം യാഥാര്‍ഥ്യമാവുകയുള്ളൂ.
പ്രമുഖ കമ്മ്യൂണികേഷന്‍ വിദഗ്ധന്‍ എവററ്റ് റോജേഴ്‌സ് മുന്നോട്ടുവെച്ച ഡിഫ്യൂഷന്‍ ഓഫ് ഇന്നവേഷന്‍ (Diffussion of innovation )എന്ന സിദ്ധാന്തപ്രകാരം ഒരു പുതിയ ആശയത്തെ സ്വീകരിക്കുവാന്‍ ജനങ്ങള്‍ മടിച്ചു നില്‍ക്കാം, സാമ്പ്രദായിക രീതിയിലുള്ള സാക്ഷരത നേടിയവരും ലോകം അതിവേഗത്തില്‍ ഡിജിറ്റല്‍ യുഗത്തിലേക്ക് പോകുമ്പോള്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ സാമ്പത്തികവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങളാല്‍ അതിന് സാധിക്കാതെ പോയവരെയും ചേര്‍ത്ത് പിടിക്കേണ്ടത് അനിവാര്യമാണ്. വിവരസാങ്കേതിക സാക്ഷരതയുടെ അഭാവം ഒരു സാമൂഹ്യ അസമത്വമായി ലോകത്ത് മുഴച്ചു നില്‍ക്കുന്നു. ലോകത്തെ മൂന്നിലൊന്ന് ജനങ്ങളും ഏതെങ്കിലും തരത്തിലുള്ള നിരക്ഷരത നേരിടുന്നവരാണ്.
ലക്ഷ്യം അകലെ :
1946ല്‍ യുനെസ്‌കോ പിറവിയെടുത്ത് 75 വര്‍ഷം കഴിഞ്ഞിട്ടും, 1965ല്‍ നിരക്ഷരത നിര്‍മാര്‍ജനത്തിനായി ലോക വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം ഇറാനിലെ ടെഹ്‌റാനില്‍ വച്ച് സെപ്റ്റംബര്‍ എട്ടിന് നടന്ന് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ലോകത്ത് നിരക്ഷരത പൂര്‍ണമായും നിഷ്‌കാസനം ചെയ്യാന്‍ സാധിച്ചിട്ടില്ല. പ്രസ്തുത യോഗം ചേര്‍ന്നതിന്റെ ഓര്‍മക്കായാണ് സെപ്റ്റംബര്‍ 8 ലോക സാക്ഷരതാ ദിനമായി ആചരിക്കുന്നത്. 2022ലെ സാക്ഷരതാ ദിനത്തിന്റെ മുദ്രാവാക്യം ‘സാക്ഷരത പഠന ഇടങ്ങളെ പരിവര്‍ത്തനം ചെയ്യുക’ എന്നതാണ്, പുതിയ കാഴ്ചപ്പാടോടെ നവസാക്ഷരര്‍ക്ക് സാക്ഷരതയോടൊപ്പം ആധുനികകാലത്ത് സഞ്ചരിക്കുവാനുള്ള പ്രാപ്തി ഉണ്ടാക്കി കൊടുക്കുവാന്‍ ഈ മുദ്രാവാക്യം ലോകരാജ്യങ്ങളെ ആഹ്വാനം ചെയ്യുന്നു. 2021ല്‍ മനുഷ്യ കേന്ദ്രീകൃതമായ വീണ്ടെടുക്കലിനുള്ള സാക്ഷരത എന്ന മുദ്രാവാക്യത്തില്‍ നിന്ന് സാക്ഷരതാ പ്രവര്‍ത്തനത്തില്‍ കാലികമായ പരിവര്‍ത്തനം ഉണ്ടാകേണ്ടതിന്റെ പ്രാധാന്യം 2022ലെ സാക്ഷരത സന്ദേശം വിളിച്ചോതുന്നു. ലോകത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 2019 ല്‍ 54% ത്തില്‍ നിന്ന് 2021ല്‍ 63% ആയി വര്‍ധിച്ചത് ഈ മേഖലയിലെ ശുഭാപ്തിയോടെയുള്ള വിജയകുതിപ്പാണ്. പക്ഷേ ഇന്റര്‍നാഷണല്‍ ടെലി കമ്മ്യൂണികേഷന്‍ യൂണിയന്‍ (I T U) കണക്ക് പ്രകാരം അവികസിത രാജ്യങ്ങളിലെ യുവജനങ്ങളില്‍ 34%പേര്‍ മാത്രമാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതെങ്കില്‍ വികസിത രാജ്യങ്ങളില്‍ ഇത് 99% ആണ്, ഇത് പുതിയ മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നതിലും രാജ്യ പുരോഗതി നേടുന്നതിലും രാജ്യങ്ങള്‍ തമ്മിലുള്ള അസമത്വത്തിന് കാരണമാകുമെന്ന് കണക്കാക്കപ്പെടുന്നു. എല്ലാവരെയും ഉള്‍പ്പെടുത്തി തുല്യമായ ഗുണനിലവാരത്തോടെ ജീവിതാവസാനം വരെ യുക്തമായ വിദ്യാഭ്യാസം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്ന ഘട്ടത്തില്‍ ജനങ്ങള്‍ക്കിടയിലുള്ള സാങ്കേതിക വിടവ് ഭൂഷണമല്ല.
സാക്ഷരത പ്രവര്‍ത്തനത്തില്‍ നാല് തരം സമീപനമാണ് ഇന്ന് രാജ്യങ്ങള്‍ സ്വീകരിക്കുന്നത്, എഴുതുവാനും വായിക്കുവാനുമുള്ള അറിവിന് അപ്പുറം ഡിജിറ്റല്‍ സാക്ഷരത ഒരു പ്രഥമ ഗണനീയമായ സാക്ഷരതാ പ്രവര്‍ത്തനമായി മാറിയിരിക്കുകയാണ്, കൂടാതെ സാമ്പത്തിക സാക്ഷരത ആധുനികകാലത്ത് എല്ലാം വിരല്‍ത്തുമ്പിലാകുന്ന സമയത്ത് ജനങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ്, അതോടൊപ്പം സാംസ്‌കാരിക സാക്ഷരത കൂടി അനിവാര്യമായ ഒരു കാല ഘട്ടത്തിലാണ് വിവിധ രാജ്യങ്ങള്‍ കടന്ന് പോകുന്നത് എന്നത് സാക്ഷരതാ പ്രവര്‍ത്തകര്‍ക്ക് ഭാരിച്ച ഉത്തരവാദിത്വം നിര്‍വഹിക്കുവാനുള്ള ഒരു ദിനമാണ് സാക്ഷരതാ ദിനം എന്ന് ഓര്‍മ്മപ്പെടുത്തുന്നു .
സാക്ഷരത ദാരിദ്ര്യത്തില്‍ നിന്നും പുറത്തു കടക്കുവാനുള്ള രക്ഷാകവചമാണ്, സാമ്പ്രദായിക ജോലികളില്‍ ബഹുഭൂരിഭാഗവും അപ്രത്യക്ഷമാകുന്ന ആധുനിക ജീവിത കാലഘട്ടത്തില്‍, സാധാരണക്കാരന്റെ ജീവനോപാധി പ്രക്രിയക്ക് പുതു ഡിജിറ്റല്‍ സാക്ഷരത അനിവാര്യമാണ്. ലോകത്ത് 60.7 മില്യണ്‍ കുട്ടികള്‍ സ്‌കൂള്‍ സംവിധാനത്തില്‍ നിന്നും പുറത്താണ് എന്ന റിപ്പോര്‍ട്ട് , ജനിച്ചുവീഴുന്ന ഓരോ കുട്ടിയെയും പ്രാഥമിക വിദ്യാഭ്യാസ സരണിയിലേക്ക് കൊണ്ടുവരുവാനുള്ള യോജിച്ച ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം അന്താരാഷ്ട്ര തലത്തില്‍ നടത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായി വന്നിരിക്കുകയാണ്.
ഇന്ത്യയുടെ അവസ്ഥ :
5 ജി സ്‌പെക്ട്രം ലേലത്തിലൂടെ 325,000 കോടി ഖജനാവില്‍ എത്താന്‍ പോകുന്ന സമയത്ത്, ഇന്റര്‍നെറ്റ് ഡാറ്റക്ക് ഒരു GBക്ക് 11 രൂപ മാത്രം ചെലവ് വരുന്ന രാജ്യത്ത്, ചൈന കഴിഞ്ഞാല്‍ ഏറ്റവും വലിയ ഓണ്‍ലൈന്‍ മാര്‍ക്കറ്റ് ആയ ഇന്ത്യയില്‍ സ്ത്രീകളുടെ സാക്ഷരത 70.30 ശതമാനമാണ് എന്നത് ലക്ഷ്യ പ്രയാണത്തില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട് എന്നത് വിളിച്ചോതുന്നു. സോഷ്യല്‍ മീഡിയയെ ബഹു ഭൂരിഭാഗം ജനങ്ങളും ഉപയോഗിക്കുമ്പോഴും ലോകത്തിന്റെ വന്‍കിട കമ്പനിക്കാരുടെ തലപ്പത്ത് ഇന്ത്യക്കാരായിട്ടുള്ള ആളുകള്‍ ജോലി ചെയ്യുമ്പോഴും സ്ത്രീകളുടെ സാക്ഷരത നിരക്ക് കുറഞ്ഞത് വളരെ പ്രയാസപ്പെടുത്തുന്നു .1950-51 ല്‍ ഒന്നു മുതല്‍ എട്ടുവരെ ക്ലാസുകളില്‍ ഒരു ആണ്‍കുട്ടിക്ക് 0.41 പെണ്‍കുട്ടിയാണ് വിദ്യാഭ്യാസ പ്രക്രിയയില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 1.02 പെണ്‍കുട്ടിയായി വര്‍ധിച്ചത് സ്ത്രീകളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനത്തില്‍ പുരോഗതി ഉണ്ട് എന്നതിന്റെ ദൃഷ്ടാന്തമാണ്. 1951ല്‍ 18.3% സാക്ഷരതയുണ്ടായിരുന്ന ഇന്ത്യയില്‍ ഇന്ന് സാക്ഷരത നിരക്ക് 77.7 ശതമാനമാണ്. 1947ല്‍ ഇന്ത്യയില്‍ അഞ്ചില്‍ നാല് പേരും നിരക്ഷരമായിരുന്നുവെങ്കില്‍ ഇപ്പോള്‍ വലിയ മാറ്റം ഉണ്ട് എങ്കിലും ജാര്‍ഖണ്ടിലെ സാക്ഷരതാ നിരക്ക് 66.41 ശതമാനവും തെലുങ്കാനയില്‍ 66.54 ശതമാനവും മാത്രമാണ് എന്നത് സാക്ഷരതാ പ്രവര്‍ത്തകരെ നിരാശപ്പെടുത്തുന്നു. യുനൊസ്‌കോയുടെ അഭിപ്രായത്തില്‍ 2060ല്‍ മാത്രമേ ഇന്ത്യ സമ്പൂര്‍ണ്ണ സാക്ഷരത കൈവരിക്കാന്‍ നിലവിലുള്ള അവസ്ഥയില്‍ സാധിക്കുകയുള്ളൂ. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ വിദ്യാഭ്യാസ സംവിധാനമുള്ള ഇന്ത്യയില്‍ നിരക്ഷരത എല്ലാ അര്‍ഥത്തിലും തുടച്ചു മാറ്റേണ്ടത് അനിവാര്യമാണ്.
മുന്‍പേ നടന്ന് കേരളം :
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ള സംസ്ഥാനം കേരളമാണ് 97.4 ശതമാനം, ഈ നേട്ടത്തിന്റെ മാറ്റുകൂട്ടുന്നത് സ്ത്രീ സാക്ഷരതയില്‍ 95.2% ആണ് എന്നതിലാണ്. ഇന്ത്യയിലാകെ 70.31% മാത്രമാണ് സ്ത്രീ സാക്ഷരത. 105വയസുള്ള ഭാഗിരഥി അമ്മ കേരളത്തിലെ സ്ത്രീ സാക്ഷരത മുന്നേറ്റത്തിന്റെ പ്രതീകമാണ്. കേരളം നേട്ടത്തിന്റെ നെറുകയിലെത്തിയെങ്കിലും ജനസംഖ്യയില്‍ 1.14 ശതമാനം വരുന്ന ആദിവാസികളില്‍ 71 ശതമാനം മാത്രമാണ് സാക്ഷരത നേടിയിട്ടുള്ളത്. 1991 ഏപ്രില്‍ 18ന് കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിക്കുകയും 1989 ജൂണ്‍ 18ന് അക്ഷര നഗരമായി കോട്ടയവും 1996 ഫെബ്രുവരിയില്‍ എറണാകുളം ജില്ല ഇന്ത്യയിലെ പ്രഥമ സാക്ഷര ജില്ലയായി പ്രഖ്യാപിച്ചെങ്കിലും കൊറിയയെ പോലെയും സ്‌കാന്ഡിനേവിയന്‍ രാജ്യങ്ങളെ പോലെയും കേരളം 100% സാക്ഷരത നേടുന്ന ദിനത്തിനായി ലോകം കാത്തിരിക്കുന്നു.
വികസനത്തിന് ഒഴിച്ചുകൂടാനാവാത്ത സാമൂഹ്യ സംഘാടാനത്തില്‍ അഭിവാജ്യ ഘടകമായ സാക്ഷരത അക്ഷരക്കൂട്ടങ്ങളെ വായിക്കുവാനും എഴുതുവാനുമുള്ള കഴിവിനെക്കാള്‍ അപ്പുറത്ത് ശാക്തീകരണ പ്രവര്‍ത്തനത്തിന്റെ പുതിയ സാധ്യതകള്‍ എന്താണെന്ന് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചാല്‍ മാത്രമേ സാക്ഷരതാ ദിനം സാര്‍ത്ഥകമാവുകയുള്ളു .