മാവേലി തമ്പുരാന്‍ നാട് ഭരിച്ചിരുന്ന ഓര്‍മകളുടെ സ്പന്ദനങ്ങള്‍ നിറഞ്ഞ ആഘോഷമാണ് ഓണം. സംസ്ഥാന സര്‍ക്കാര്‍ ഓണാഘോഷത്തെ ഐശ്വര്യ പൂര്‍ണമായി വരവേല്‍ക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, കാര്‍ഷിക തൊഴിലാളികള്‍, തൊഴിലുറപ്പുകാര്‍ മുതല്‍ ആധാരം എഴുതുന്നവര്‍ക്ക് വരേ ആനുകൂല്യങ്ങളുടെ സമ്മാന കൈനീട്ടത്തിന്റെ പെരുമഴ വര്‍ഷിക്കുമ്പോള്‍ ഓണക്കാലത്ത് ഏറ്റവും അധികം വിയര്‍പ്പൊഴുക്കുന്ന റേഷന്‍ വ്യാപാരികള്‍ക്ക് അവഗണന മാത്രം.
സംസ്ഥാനത്ത് സര്‍ക്കാരിനൊപ്പം നിന്ന് സര്‍ക്കാര്‍ നിശ്ചയിക്കുന്നതോതിലും വിലയിലും റേഷന്‍ നല്‍കിയും സൗജന്യ കിറ്റ് കൊടുത്തും ഉത്സവകാലത്ത് പ്രഖ്യാപിക്കുന്ന സ്‌പെഷ്യല്‍ റേഷന്‍ കൂടി നല്‍കാന്‍ തൊട്ടടുത്ത റൂമുകള്‍ പോലും വാടകയ്ക്ക് എടുത്തും സാധാരണ സെയില്‍സുമാന്‍മാര്‍ക്ക് പുറമേ മറ്റൊരു ഹെല്‍പ്പറേയും വച്ചാണ് ഓണക്കാലത്ത് റേഷന്‍ കടകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അഞ്ചുമണിയുടെ അലാറം മുഴങ്ങുമ്പോള്‍ ജിവനക്കാരുംമറ്റും വീട്ടില്‍ എത്തുമ്പോള്‍ റേഷന്‍ വ്യാപാരികള്‍ പ്രവത്തന സമയവും കഴിഞ്ഞ് ഏറെ വൈകി എല്ലാവര്‍ക്കും റേഷന്‍ നല്‍കി എന്നുറപ്പുവരുത്തിയാണ് കടകളുടെ ഷട്ടര്‍ താഴ്ത്താറുള്ളത്.
ഓണ കിറ്റുവിതരണം പതിറ്റാണ്ടുകള്‍ക്കു മുന്‍മ്പ് ആരംഭിച്ചതാണ്. പലപ്പോഴും മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് മാത്രമായി പരിമിതപെടുത്തി ഏതാനും ദിവസങ്ങളില്‍ മാവേലി സ്റ്റോറില്‍ നിന്നും വിതരണം നടത്താറായിരുന്നു പതിവ്. കിറ്റു വിതരണം ഉണ്ടെന്നറിഞ്ഞ് മാവേലി സ്റ്റോറിലെത്തിയാല്‍ കിറ്റു വിതരണം കഴിഞ്ഞുവെന്ന മറുപടിയും കേട്ടുകൊണ്ട് നിരാശയോടെയായിരുന്നു ഉപഭോക്താക്കളുടെ മടക്കയാത്ര! കിറ്റു വിതരണം ഒരു ജനകീയ പദ്ധതിയായി മാറിയതും സര്‍ക്കാരിന് വന്‍ അംഗീകാരമായി മാറിയതും റേഷന്‍ വ്യാപാരികള്‍ കിറ്റ് വിതരണം ഏറ്റെടുത്തതിനു ശേഷമാണ്. കൊവിഡ് പോലും വകവയ്ക്കാതെ റേഷന്‍ കടയിലൂടെ ബയോമെട്രിക് സംവിധാനത്തിലൂടെ സംസ്ഥാനത്തെ 88 ലക്ഷം കുടുംബങ്ങളുടെ കൈകളിലും ഭക്ഷ്യധാന്യങ്ങളും കിറ്റുകളും എത്തിച്ചു നല്‍കിയവരാണ് റേഷന്‍ വ്യാപാരികള്‍. ഇന്ന് 92 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്കാണ് കിറ്റ് വിതരണം നടത്തുന്നത് എന്ന കാര്യവും വിസ്മരിക്കരുത്. കൊവിഡ് എന്ന മഹാവ്യാധിയെ ഭയന്ന് വീട്ടിലിരുന്നു ശമ്പളം വാങ്ങിയവര്‍ക്കുപോലും ഓണക്കാലത്തെ ബോണസും മറ്റു അലവന്‍സുകളും ലഭിക്കുമ്പോള്‍ റേഷന്‍ വ്യാപാരികളെ അവഗണിക്കുന്നത് അക്ഷന്തവ്യമായ അപരാധമാണ്.
കൊവിഡില്‍ 65 റേഷന്‍ വ്യാപാരികളാണ് നഷ്ടപ്പെട്ടത്. ഇവരുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരമോ അംഗീകാരമോ നല്‍കുന്നതിന് ഇന്നവരെ സര്‍ക്കാരിനായിട്ടില്ല. കൊവിഡ് മഹാവ്യാധിയില്‍ സംസ്ഥാനത്ത് മിക്ക പ്രദേശങ്ങളും ഡബിള്‍, ട്രിപ്പിള്‍ ലോക്ക്ഡൗണിലൂടെ കെട്ടി പൂട്ടിയപ്പോള്‍ റേഷന്‍ വ്യാപാരികള്‍ കടകള്‍ തുറന്നത് കൊണ്ടാണ് അടുക്കളകള്‍ പുകഞ്ഞതെന്നതും സര്‍ക്കാര്‍ കാണണം.
ഈ ഓണകാലത്തിനു മുമ്പ് പതിമൂന്ന് തവണയായി കിറ്റു വിതരണം നടത്തിയവരാണ് ഞങ്ങള്‍. മൂന്ന് കിറ്റുകള്‍ക്ക് വേതനവും കിട്ടിയെന്നത് സന്തോഷത്തോടെ സ്മരിക്കുന്നു. ബാക്കിവരുന്ന എല്ലാ കിറ്റുകളുടെയും സാമ്പത്തിക ബാധ്യതകളും തീര്‍ത്തുനല്‍കിയ വകുപ്പ് മേധാവികള്‍ റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ മാത്രം സേവനമാക്കണം എന്ന് പറയുന്നത് ന്യായമാണോ?
കൊവിഡ് കാലത്ത് ഓഫിസില്‍ പോവാതെ വീട്ടില്‍ ഇരുന്ന് ശമ്പളം പറ്റിയവര്‍ രാവിലേയും വൈകിട്ടുമുള്ള ഓഫീസ് യാത്രയുടെ ചിലവെങ്കിലും സര്‍ക്കാരിലേക്ക് തിരിച്ചുനല്‍കിയിട്ട് വേണമായിരുന്നു റേഷന്‍ വ്യാപാരികളുടെ കിറ്റ് കമ്മീഷന്‍ സേവനമാക്കാന്‍ പറയേണ്ടിരുന്നത്. ഇന്‍കംടാക്‌സ് അടക്കുന്നവര്‍ക്കും കോടീശ്വരന്‍ന്മാര്‍ക്കും സൗജന്യ കിറ്റ് വിതരണം ഒഴിവാക്കിയാല്‍ മിച്ചം വരുന്ന പണം ഉണ്ടായിരുന്നെങ്കില്‍ പോലും റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ കൊടുക്കുവാന്‍ കഴിയുമായിരുന്നു. ഈ സര്‍ക്കാരില്‍ പരിപൂര്‍ണ വിശ്വാസം ഞങ്ങള്‍ അര്‍പ്പിക്കുകയാണ്. തൊഴിലുറപ്പുകാര്‍ മുതല്‍ ആധാരം എഴുത്തുകാര്‍ വരേയുള്ളവരേ ഓണകാലത്ത് പരിഗണിച്ചു കൊണ്ട് കൈനിറയേ ആനുകൂല്യങ്ങള്‍ നല്‍കിയ സര്‍ക്കാരിനൊപ്പം നിന്ന് സേവനങ്ങളനുഷ്ടിക്കുന്ന റേഷന്‍ വ്യാപാരികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും സര്‍ക്കാര്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.