കോഴിക്കോട്: വ്യാപാര-വ്യവസായ-സഹകരണ മേഖലയിലെ ജി.എസ്.ടി സംബന്ധമായ പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍. ജി.എസ്.ടി സംസ്ഥാന ഫെലിസിറ്റേഷന്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ചുവര്‍ഷത്തിലധികം കഴിഞ്ഞിട്ടും ജി.എസ്.ടി നിയമത്തിലെ അവ്യക്തതയും അടിക്കടിയുള്ള നികുതിനിരക്ക് മാറ്റം മൂലമുള്ള പ്രയാസങ്ങളും പരിഹരിക്കുന്നതിന് ഓള്‍ കേരള കണ്‍സ്യൂമര്‍ ഗുഡ്‌സ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഷെവ. സി. ഇ. ചാക്കുണ്ണി, നിയമ ഉപദേഷ്ടാവ് അഡ്വ. എം.കെ അയ്യപ്പന്‍ എന്നിവര്‍ യോഗത്തില്‍ നിവേദനം സമര്‍പ്പിച്ച് ചര്‍ച്ച നടത്തി.
കേരളത്തില്‍ പ്രത്യേകിച്ച് നാല് വിമാനത്താവളങ്ങളില്‍ നിന്നും മറ്റും പിടിച്ചെടുക്കുന്ന സ്വര്‍ണം, കള്ളപ്പണം, കുഴല്‍പ്പണം, ലഹരി ഉല്‍പ്പന്നങ്ങള്‍ മുതലായവയുടേയും അവക്ക് കേന്ദ്രസര്‍ക്കാര്‍ ഈടാക്കുന്ന വന്‍ പിഴകളുടേയും അര്‍ഹമായ നിശ്ചിത വിഹിതം കേരളത്തിന് ലഭിക്കുന്നതിന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുക, ജി.എസ്.ടി നിയമ-നിരക്കിലെ അവ്യക്തതകള്‍ പരിഹരിക്കുക, ഇടയ്ക്കിടെ വരുത്തുന്ന ഭേദഗതികളും നിരക്കുമാറ്റവും സാമ്പത്തിക വര്‍ഷാദ്യത്തില്‍ മാത്രം നടപ്പാക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തി എല്ലാ സംസ്ഥാനങ്ങളിലും നിരക്കുകള്‍ ഏകീകരിക്കുക, നികുതിക്കും നിയമങ്ങള്‍ക്കും ലൈസന്‍സുകള്‍ക്കും രജിസ്‌ട്രേഷന്‍ വിധേയമല്ലാതെ വന്‍തോതില്‍ നടത്തുന്ന ഓണ്‍ലൈന്‍ വ്യാപാരം, തെരുവ് കച്ചവടം, സീസണ്‍ വ്യാപാരം, എക്‌സിബിഷന്‍ വില്‍പ്പനകള്‍ നികുതിയുടേയും നിയമത്തിന്റേയും പരിധിയില്‍ കൊണ്ടുവരണം.
ജി.എസ്.ടി ആക്ട് പ്രകാരമുള്ള അപ്പലറ്റ് ട്രൈബ്യൂണുകള്‍ സ്ഥാപിക്കുക, സര്‍ക്കാര്‍ – പൊതുമേഖല സ്ഥാപനങ്ങളുടെ ഉള്‍പ്പെടെ എല്ലാ നികുതി കുടിശ്ശികകളും സമയബന്ധിതമായി പിരിക്കുക, സര്‍ക്കാര്‍ പരിപാടികള്‍ ലളിതമായി നടത്തി ചെലവ് ചുരുക്കുക, കേന്ദ്ര – സംസ്ഥാന ജി.എസ്.ടി വരുമാനം വര്‍ധിച്ചിട്ടും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനവ് മൂലമുള്ള അധിക വരുമാനം ലഭിച്ചിട്ടും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാകുന്ന കാരണങ്ങള്‍ കണ്ടെത്തി ഉചിതമായ നടപടി സ്വീകരിക്കണം.
സംരംഭകരെ പ്രത്യേകിച്ച് മറുനാടന്‍ മലയാളികളെ സ്വന്തം സംസ്ഥാനത്ത് വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് പ്രേരിപ്പിക്കുക, വന്‍കിട വികസന പദ്ധതികള്‍ കേന്ദ്ര സാമ്പത്തിക സഹായത്തോടെ മുന്‍കൂട്ടി അനുമതിയോടെ മാത്രം നടപ്പാക്കുക, സംസ്ഥാന-ജില്ലാ ജി.എസ്.ടി ഫെലിസിറ്റേഷന്‍ കമ്മിറ്റി മീറ്റിങ് മുടങ്ങാതെ നടത്തുക, എന്നീ മുന്‍ഗണന ക്രമത്തില്‍ ഏകോപിപ്പിച്ച് തയ്യാറാക്കിയ 14 പ്രായോഗിക നിര്‍ദേശങ്ങളടങ്ങിയ നിവേദനമാണ് സമര്‍പ്പിച്ചത്. യോഗത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി (ഫിനാന്‍സ്) രാജേഷ് കുമാര്‍ സിങ് ഐ.എ.എസ്, ടാക്‌സ് കമ്മീഷണര്‍ രത്തന്‍ കേല്‍ക്കര്‍ ഐ.എ.എസ്, സ്‌പെഷ്യല്‍ കമ്മീഷണര്‍ വീണ മാധവന്‍ ഐ.എ.എസ്, അഡീഷണല്‍ കമ്മീഷണര്‍ അബ്രഹാം റെന്‍ ഐ.ആര്‍.എസ് എന്നിവര്‍ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കി.