കോഴിക്കോട്: കേന്ദ്ര സര്‍വകലാശാലയുടെ മാഹി കേന്ദ്രത്തില്‍ എം വോക് ഫാഷന്‍ ടെക്‌നോളജി, ബി വോക് ഓഫിസ് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് സെക്രട്ടേറിയല്‍ അസിസ്റ്റന്‍സ് കോഴ്‌സുകള്‍ക്ക് തുടക്കം കുറിച്ചതായി സെന്റര്‍ഹെഡ് പ്രൊഫ. രാജന്‍ എം.പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.പ്ലസ്ടു കഴിഞ്ഞവര്‍ക്കായി നൈപുണ്യ വികസനവും സംരംഭകത്വ പരിശീലനവും ബിരുദപഠനത്തില്‍ സംയോജിപ്പിച്ചുകൊണ്ട് 2014ല്‍ യു.ജി.സി ആവിഷ്‌കരിച്ച പുതുതലമുറ തൊഴിലധിഷ്ഠിത ഡിഗ്രി കോഴ്‌സുകളാണ് ബി വോക്, അഥവാ ബാച്ചിലര്‍ ഓഫ് വൊക്കേഷന്‍. പ്രാക്ടിക്കല്‍ പഠനത്തിന് മുന്‍തൂക്കം നല്‍കി വിവിധ തൊഴില്‍ മേഖലകള്‍ക്കാവശ്യമായ മനുഷ്യ വിഭവശേഷി വര്‍ധിപ്പിക്കുക എന്നതാണ് ബി വോക് കോഴ്‌സുകളുടെ ലക്ഷ്യം.
വിവിധ വ്യവസായ സംരംഭങ്ങളുമായി സഹകരിച്ച് ഓരോ തൊഴില്‍ മേഖലകള്‍ക്കും ആവശ്യമായ പ്രായോഗിക പരിജ്ഞാനം പഠനകാലത്ത് തന്നെ സ്വായത്തമാക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുകയും ഏത് ജോലിയാണോ ഒരു വിദ്യാര്‍ഥി ആഗ്രഹിക്കുന്നത് ആ തൊഴിലിനു വേണ്ട എല്ലാ നൈപുണ്യങ്ങളും പ്രായഗിക തലത്തില്‍ പരിശീലിപ്പിക്കുകയും ചെയ്യുക എന്നതാണ് ബി വോക് കോഴ്‌സുകളുടെ സവിശേഷത.
ഇത്തവണ ഫാഷന്‍ ടെക്‌നോളജിയിലെ ബിരുദാനന്തര ബിരുദ കോഴ്‌സായ എം വോക് ഫാഷന്‍ ടെക്‌നോളജി, ബിരുദ കോഴ്‌സായ ബി വോക് ഓഫിസ് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് സെക്രട്ടേറിയല്‍ അസിസ്റ്റന്‍സ് എന്നീ കോഴ്‌സുകള്‍ പുതുതായി ആരംഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് എം വോക് കോഴ്‌സിന് ചേരാവുന്നതാണ്. പ്ലസ്ടു ആണ് ബി വോക് ഒഫിസ് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് സെക്രട്ടേറിയല്‍ അസിസ്റ്റന്‍സ് കോഴ്‌സിന്റെ യോഗ്യത. ഇന്ത്യയില്‍ ഏകദേശം 50ലക്ഷത്തിനു മുകളില്‍ ബിരുദധാരികള്‍ ഓരോ വര്‍ഷവും പുതുതായി പഠിച്ചിറങ്ങുന്നുവെന്നാണ് കണക്കുകള്‍. ഇതില്‍ 10 ശതമാനത്തില്‍ താഴെ മാത്രമാണ് മികച്ച തൊഴില്‍ നൈപുണ്യമുള്ളവരായി പുറത്തിറങ്ങുന്നത്.
തൊഴിലില്ലായ്മ സമൂഹത്തെ സാരമായി ബാധിച്ചിട്ടുണ്ട്. മാറുന്ന തൊഴില്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായിട്ടുള്ള കോഴ്‌സുകളുടെ അഭാവമാണ് ഒരു പരിധിവരെ ഇത്തരം സാഹചര്യങ്ങള്‍ക്ക് കാരണം. ഇവിടെയാണ് ബി വോക് പോലുള്ള തൊഴിലധിഷ്ഠിത ബിരുദ പഠനങ്ങളുടെ പ്രസക്തി. ബി.എ, ബി.കോം, ബി.ബി.എ, ബി.എസ്.സി തുടങ്ങി മറ്റ് എല്ലാ ഡിഗ്രി കോഴ്‌സുകളുംപോലെ തന്നെ യു.ജി.സിയുടെ റെഗുലര്‍ ഡിഗ്രി കോഴ്‌സുകളാണ് ബി വോക് ബിരുദവും.
സിവില്‍ സര്‍വീസ്, എസ്.എസ്.സി തുടങ്ങി ബിരുദം യോഗ്യതയായി ഇന്ത്യയില്‍ നടത്തപ്പെടുന്ന എല്ലാ മത്സരപ്പരീക്ഷകളും തൊഴില്‍ മേഖലകളിലും ബി വോക് കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാവുന്നതാണ്. 2030 ആകുമ്പോഴേക്കും പാരാമെഡിക്കല്‍ ഹെല്‍ത്ത്‌കെയര്‍ മേഖലകയില്‍ 1.5 മില്യണ്‍ തൊഴിലവസരങ്ങള്‍ വരും എന്നതും ഈ മേഖലയിലെ ബി വോക് കോഴ്‌സുകളുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. അനുശ്രീ.സി.എം, അനുഷ ശ്രീഷാന്ത്, ജുമാന പര്‍വീന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. കോഴ്‌സിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് ലിങ്ക് ക്ലിക്ക് ചെയ്യുക:https://puccmaheadm.samarth.edu.in/