അരുണ കെ. ദത്ത്
യാത്ര ചെയ്യുക, കാഴ്ചകള്‍ കാണുക ഇവ നല്ല സുഖമുള്ള ഏര്‍പ്പാടാണ്. മനസ്സിന്റെ പിരിമുറുക്കം കുറയ്ക്കുവാനും ജോലിഭാരം മാറ്റിവച്ച് ഒന്ന് അടിച്ചുപൊളിക്കാനും യാത്രകള്‍ നമ്മെ സഹായിക്കാറുണ്ട്. സുഹൃത്തുക്കളുമൊത്തോ കുടുംബസമേതമോ ഒക്കെ ഒരു ദിവസമെങ്കിലും യാത്ര പോകാത്തവര്‍ നമുക്കിടയില്‍ വിരളമാണ്. നമ്മള്‍ അറിയാതെ നമുക്ക് കിട്ടുന്ന ഊര്‍ജ്ജവും സന്തോഷവുമാണ് തുടര്‍ന്നുള്ള ദിവസങ്ങളെ ഉന്മേഷമുള്ളതാക്കി തീര്‍ക്കുന്നതും. അതേസമയം, തനിച്ച് യാത്ര ചെയ്യുക എന്നത് അത്ര സുഖമുള്ള ഏര്‍പ്പാടല്ല. അതും ഒരു സ്ത്രീ, ഒറ്റയ്ക് ഒരു ബൈക്കില്‍ 102 ദിവസം യാത്ര ചെയ്യുക എന്നത് അല്‍പം പ്രയാസമേറിയതാണ്. ധീരജവാന്മാരുടെ വിധവകള്‍ക്ക് ഊര്‍ജ്ജം പകരുക എന്ന ഉദ്ദേശത്തോടെ പുറപ്പെട്ട ആ യാത്രയെക്കുറിച്ചാണ് സോളോ റൈഡറായ അംബിക കൃഷ്ണയ്ക്ക് പറയാനുള്ളത്.
‘ജീവിതത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ട് ജീവിച്ച ഒരു വ്യക്തിയായിരുന്നു ഞാന്‍. പക്വതയെത്തും മുമ്പേ വീട്ടുകാര്‍ വിവാഹം കഴിപ്പിച്ചു. വ്യോമസേന ഉദ്യോഗസ്ഥനായിരുന്ന ഭര്‍ത്താവ് ശിവരാജ് ഡല്‍ഹിയില്‍ വച്ച് ഒരു ബൈക്കപകടത്തില്‍ മരിക്കുമ്പോള്‍ മകള്‍ക്ക് വെറും മൂന്നുമാസം മാത്രമായിരുന്നു പ്രായം. എനിക്ക് പത്തൊമ്പതും. ചെറുപ്പത്തില്‍ വീട്ടില്‍ ഒതുങ്ങി വളര്‍ന്നതുകൊണ്ടു തന്നെ ഞാന്‍ അല്‍പം റിസേര്‍വ്ഡ് ആയിരുന്നു. എന്റെ വിഷമങ്ങളും കഷ്ടപ്പാടുകളുമെല്ലാം എന്റെ ഉള്ളില്‍ത്തന്നെ തളം കെട്ടിക്കിടന്നു. ജോലി ചെയ്ത് പഠിപ്പിച്ച് വലുതാക്കിയ മകള്‍ ആര്യ ഇന്ന് ഇന്‍ഫോസിസ് ജീവനക്കാരിയാണ്.
ബൈക്ക് ഓടിക്കാന്‍ എനിക്ക് വലിയ ഇഷ്ടമാണ്. മകള്‍ വളര്‍ന്ന് വലുതായപ്പോള്‍ എനിക്ക് അല്‍പം കൂടി ധൈര്യമായി. എന്റെ കഴിവുകളെയും ആഗ്രഹങ്ങളെയും ഞാന്‍ പലപ്പോഴും തിരിച്ചറിയാന്‍ ശ്രമിച്ചിരുന്നില്ല. ഒരുപക്ഷെ, എന്നെപോലെ ഒരുപാട് പേര്‍ ചുറ്റിലുമുണ്ടാകാം. ജവാന്മാരുടെ വിധവകള്‍ മക്കളെ വളര്‍ത്തി, ഒതുങ്ങി ജീവിക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് കരുത്ത് പകരണം എന്നൊരു തോന്നല്‍ എന്നിലുടലെടുത്തു. പരസഹായമില്ലാതെ കഷ്ടപ്പെടുന്നതിന്റെ വേദന നന്നായി അറിയുന്നതുകൊണ്ടാകാം എനിക്ക് ഇത്തരമൊരു ആശയമുദിച്ചത്. നീണ്ട ഒന്നര മാസത്തെ തയ്യാറെടുപ്പുകള്‍ക്ക് ശേഷം ഞാന്‍ യാത്ര പുറപ്പെടാന്‍ തീരുമാനിച്ചു. കൊച്ചി ആകാശവാണി റയിന്‍ബോ നിലയത്തില്‍ റേഡിയോ ജോക്കി കൂടി ആയതിനാല്‍, യാത്രയില്‍ ആകാശവാണി നിലയങ്ങള്‍ കൂടി സന്ദര്‍ശിക്കണമെന്നും തീരുമാനിച്ചു. ആകാശവാണി നിലയത്തിലെ സുഹൃത്തുക്കളും ഉദ്യോഗസ്ഥരും തന്ന പിന്തുണ കൂടിയായപ്പോള്‍ ഞാന്‍ ഉറപ്പിച്ചു.
അങ്ങനെ ഏപ്രില്‍ 11ന് കൊച്ചിയില്‍ നിന്നും യാത്ര തിരിച്ചു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട, ‘വാസൂട്ടന്‍’ എന്ന് ഓമനപേരിട്ട് വിളിക്കുന്ന ബൈക്കില്‍. എന്റെ മുമ്പില്‍ ധാരാളം വെല്ലുവിളികള്‍ ഉണ്ടായിരുന്നു. ജീവിതത്തില്‍ ആദ്യമായാണ് കേരളത്തിന് പുറത്ത് പോകുന്നത്, അതും തനിച്ച് ! യാത്ര തുടങ്ങിയ ആദ്യഘട്ടത്തില്‍ തന്നെ തമിഴ്നാട്ടിലെ കല്പാക്കത്ത് വച്ച് ചെറിയൊരു അപകടമുണ്ടായി. ബൈക്ക് സ്‌കിഡായി കാലില്‍ ചെറിയൊരു പൊട്ടല്‍ ഉണ്ടായി. അത് എന്റെ മനസ്സിനെ വല്ലാതെ വിഷമിപ്പിച്ചു. ഇനി എന്ത് ചെയ്യും? എങ്ങിനെ മുന്നോട്ട് പോകും? ഇത്തരം ചിന്തകള്‍ അസ്വസ്ഥയാക്കിയെങ്കിലും സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നവരും നിരന്തരം തന്ന പിന്തുണ എന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. പിന്നെ ഒന്നും നോക്കിയില്ല. മൂന്നാഴ്ചത്തെ വിശ്രമത്തിന് ശേഷം ലക്ഷ്യത്തിലേക്കു യാത്ര തുടര്‍ന്നു.
തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലുങ്കാന, ഒറീസ്സ, പശ്ചിമ ബംഗാള്‍, ആസാം, മേഘാലയ, ബീഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ എന്നീ 17 സംസ്ഥാനങ്ങളിലൂടെ, 33 ആകാശവാണി നിലയങ്ങള്‍ സന്ദര്‍ശിച്ച് കാടും മേടും നഗരങ്ങളും കടന്ന് വെയിലും മഴയും കാറ്റുമേറ്റ് 11,600ലധികം കിലോമീറ്ററുകള്‍ താണ്ടി 102 ദിവസത്തെ ഭാരതപര്യടനം പൂര്‍ത്തിയാക്കി ജൂലൈ 21ന് അംബിക നാട്ടില്‍ തിരിച്ചെത്തി.
യാത്രയെക്കുറിച്ച് അംബിക വീണ്ടും വാചാലയായി – ‘ഓരോ നാട്ടിലൂടെ കടന്നുപോകുമ്പോഴും ഉള്ളില്‍ ആകാംക്ഷയും പരിഭ്രാന്തിയും ഒരുപോലെയുണ്ടായി. അതുകൊണ്ട് തന്നെ സ്വയം കരുതല്‍ യാത്രയിലുടനീളം ഉണ്ടായിരുന്നു. പലതരം ചിന്തകള്‍ എന്നെ ആഴത്തില്‍ ചിന്തിപ്പിച്ചു. തമിഴ്‌നാട്ടിലെ കാഴ്ചകളായിരുന്നില്ല രാജസ്ഥാനില്‍. പല ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന കുരുന്നുകളെയും സ്ത്രീകളെയും വഴിയരികില്‍ കണ്ടപ്പോള്‍, നമ്മള്‍ നമ്മളെക്കുറിച്ച് തന്നെ അറിയാതെ ചിന്തിച്ചുപോകും. ബീഹാറിലും ആസമിലും ചോളം കയറ്റികൊണ്ടു പോകുന്ന വണ്ടിയുടെ പുറകേ ഓടി നടന്ന്, നിലത്ത് വീഴുന്ന ചോളത്തരികള്‍ പെറുക്കിയെടുക്കുന്ന കുറേ ബാല്യങ്ങള്‍. അവര്‍ കളിക്കുകയല്ല, മറിച്ച് ഒരു നേരത്തേ വിശപ്പടക്കാന്‍ പെടാപ്പാട് പെടുകയാണ്.
തലയില്‍ കുടവും മറ്റ് സാധനങ്ങളും വച്ചുകൊണ്ട് കിലോമീറ്ററുകള്‍ നടന്ന് ജീവിതം വീടിനുള്ളില്‍ എങ്ങനെയൊക്കെയോ ജീവിച്ച് തീര്‍ക്കുന്ന കുറേ സ്ത്രീകള്‍. ബൈക്ക് ഓടിച്ച് ഇതുവരെ എത്തിയത് ഒരു സ്ത്രീയാണെന്നറിഞ്ഞപ്പോള്‍ അവരുടെ കണ്ണില്‍ ജ്വലിച്ച അഭിമാനത്തിളക്കം എനിക്ക് നിഷ്പ്രയാസം വായിച്ചെടുക്കാമായിരുന്നു. വീടിനുള്ളില്‍ ഒന്ന് ഉറക്കെ ചിരിക്കാന്‍ പോലും അനുവാദമില്ലാത്തവര്‍ ‘പോയി വരൂ സഹോദരി – നിങ്ങളെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു…’ എന്ന് എന്നോട് പറയാതെ പറഞ്ഞു. ആദ്യമൊക്കെ തന്റേടി എന്ന ഭാവത്തില്‍ നിന്നിരുന്ന പുരുഷന്മാര്‍പോലും എന്റെ കഥകള്‍ അറിഞ്ഞപ്പോള്‍, യാത്രയുടെ ഉദ്ദേശം മനസ്സിലാക്കിയപ്പോള്‍ ഒരുപാട് സ്‌നേഹത്തോടെയാണ് സമീപിച്ചത്. നിറഞ്ഞ സ്‌നേഹത്തോടെ സല്യൂട്ട് ചെയ്താണ് അവര്‍ എന്നെ യാത്രയയച്ചത്. ആ ഒരൊറ്റ കാര്യം മതിയായിരുന്നു തുടര്‍ന്നുള്ള യാത്രക്ക് കരുത്തു കൂട്ടാന്‍. രാജ്യം 75ാം സ്വാതന്ത്ര്യം ആഘോഷിക്കുന്ന ഈ ഒരു അവസരത്തില്‍ തന്നെ യാത്ര ചെയ്യാന്‍ സാധിച്ചതില്‍ എനിക്ക് അഭിമാനം തോന്നി.
റോഡുകളുടെ കാര്യം നോക്കുകയാണെങ്കില്‍, കേരളത്തിലെ റോഡുകള്‍ പോലെയല്ല; ബൈക്ക് ഓടിക്കുമ്പോള്‍ സുഖകരമായി തോന്നിയത് വിജയവാഡയിലും വിശാഖപട്ടണത്തുമാണ്. പിന്നെ ഉത്തര്‍പ്രദേശിലും. ‘
‘യാത്രയില്‍ മരണത്തെ മുഖാമുഖം കണ്ട ഒരു അനുഭവമുണ്ടായി. രാജസ്ഥാനില്‍ വച്ച് തലനാരിഴക്കാണ് അപകടം ഒഴിവായത്. വടക്കേ ഇന്ത്യയില്‍ മിക്കയിടത്തും പശുക്കളും കന്നുകാലികളുമെല്ലാം റോഡിലാണ് കിടപ്പ്. കന്നുകാലികള്‍ക്ക് അത് നാഷണല്‍ ഹൈവേ ആണെന്നൊന്നും അറിയേണ്ടല്ലോ? ദൂരെ നിന്ന് നോക്കിയാല്‍ ഒട്ടും മനസ്സിലാകില്ല. അതുപോലെ ഇവ പെട്ടന്ന് റോഡ് മുറിച്ചു കടക്കുകയും റോഡിന് കുറുകെ നില്‍ക്കുകയുമൊക്കെ ചെയ്യും. ഓവര്‍സ്പീഡില്‍ വരുന്ന വണ്ടികള്‍ക്ക് ഒരുപക്ഷേ പെട്ടന്ന് ബ്രേക്കിട്ടാല്‍ നിര്‍ത്താന്‍ പറ്റിയെന്ന് വരില്ല. അപ്പോള്‍ അത് തീര്‍ച്ചയായും അപകടം ഉണ്ടാക്കും. അവിടുത്തുകാര്‍ അതിരാവിലെ തന്നെ റോഡില്‍ വന്ന് പശുക്കളെ പൂജിച്ചിട്ടാണ് അവരുടെ ദിവസം തുടങ്ങുന്നത്. അങ്ങിനെയിരിക്കെ അബദ്ധത്തിലെങ്ങാനും പശുവിന്റെ മേലെ ഒന്ന് വണ്ടി മുട്ടിയാല്‍, നാട്ടുകാര്‍ നമ്മളെ ബാക്കിവയ്ക്കില്ല…
ഏറ്റവും ഇഷ്ടപ്പെട്ട നാട് പഞ്ചാബ് ആണ്. വഴികളാണെങ്കിലും ആളുകളുടെ പെരുമാറ്റമാണെങ്കിലുമെല്ലാം. പൊതുവെ സല്‍ക്കാരപ്രിയരാണല്ലോ പഞ്ചാബികള്‍. അവര്‍ നമ്മളെ സ്‌നേഹിച്ച് കൊല്ലും.. അവര്‍ ആഘോഷിക്കുകയായിരുന്നു വരവ്..
ഭക്ഷണത്തിന്റെ കാര്യത്തില്‍ എനിക്ക് ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. ഞാന്‍ പൊതുവെ എല്ലാം അഡ്ജസ്റ്റ് ചെയ്യുന്ന കൂട്ടത്തിലാണ്. ചോറും തൈരും പിന്നെ നമ്മള്‍ സാധാരണ കഴിക്കുന്ന വെണ്ടയ്ക്ക, ഉരുളക്കിഴങ്ങ് അങ്ങിനെ കിട്ടുന്നത് മാത്രമാണ് കഴിച്ചിരുന്നത്. ഓരോ നാടിന്റെ വൈവിധ്യമനുസരിച്ച് രുചി ആസ്വദിക്കാന്‍ തുനിഞ്ഞില്ല. കാരണം അത് യാത്രക്ക് ഗുണകരമാകില്ലെന്നും താന്‍ തനിച്ചാണെന്നുമുള്ള ബോധം എപ്പോഴുമുണ്ടായിരുന്നു.
ഒറ്റയ്ക്ക് ഒരു സ്ത്രീ ഒടിഞ്ഞകാലുമായി 11, 600 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കുക എന്ന ദൗത്യത്തിലേക്ക് എനിക്ക് മനോവീര്യമേകിയത് സുഹൃത്തുക്കളുടെയും വേണ്ടപ്പെട്ടവരുടെയും പ്രാര്‍ത്ഥന മാത്രമാണ്. യാത്രതിലുടനീളം മോളെ മിസ്സ് ചെയ്തു. റൈഡിനിടെ മാനസിക സമ്മര്‍ദം ഒഴിവാക്കാന്‍ ഇടയ്ക്ക് പാട്ടുകള്‍ കൂട്ടിനുണ്ടായിരുന്നു.തിരിച്ചെത്തിയപ്പോള്‍, എന്റെ യാത്രാനുഭവം എന്നത് സത്യത്തില്‍ എന്റെയുള്ളില്‍ ഉറങ്ങിക്കിടന്ന തന്റേടത്തെ, ആര്‍ജ്ജവത്തെ തിരിച്ചറിഞ്ഞുകൊണ്ട് ഉണ്ടായ ഒരു പരുവപ്പെടല്‍ ആയിരുന്നു. ധൈര്യം എല്ലാവരുടെയും ഉള്ളിലുണ്ട്. നാം അത് തിരിച്ചറിയുന്നില്ല എന്ന് മാത്രം. അതിന് എനിക്ക് ഈ യാത്ര വേണ്ടി വന്നു. ഇതൊരു തുടക്കം മാത്രമാണ് – ധീരജവാന്മാരുടെ വിധവകള്‍ക്ക് വേണ്ടി ഞാന്‍ മനസ്സില്‍ പലതും പ്ലാന്‍ ചെയ്യുന്നുണ്ട്. എനിക്ക് ഇനി പലതും ചെയ്യാനുണ്ട്. ഇപ്പോള്‍ അതിനുള്ള ഉറച്ച ആത്മവിശ്വാസവും ദൃഡനിശ്ചയവും എനിക്കുണ്ട്.