ദേവസ്യ ദേവഗിരിയുടെ ഗാന്ധി സ്മൃതി ശ്രദ്ധേയം
ആവണി എ എസ്
കോഴിക്കോട് : വീടുകളിൽ ദേശീയ പതാക ഉയർത്തി രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികാഘോഷം നടത്തുമ്പോൾ മെഡിക്കൽ കോളേജ് സാവിയോ സ്‌കൂളിൽ നിന്നും വിരമിച്ച ചിത്രകലാ അധ്യാപകൻ ദേവസ്യ ദേവഗിരി വീട്ടിലെ ആർട്ട് ഗ്യാലറിയിൽ ചെയ്ത് തീർത്തത് സ്വാതന്ത്ര്യത്തിന്റെ ചരിത്ര രേഖകൾ ഉൾപ്പെടുത്തിയ ഗാന്ധിജിയുടെ ഛായാചിത്രം .
5 അടി ഉയരവും 3 അടി വീതിയിലുമായി ഒറ്റ ക്യാൻവാസിലെ ഛായാചിത്രത്തിൽ 1857 മുതൽ 1947 വരെ 90 വർഷത്തെ സ്വാതന്ത്ര സമരത്തിലെ വിവിധ സംഭവങ്ങളാണ് സൂക്ഷ്മതയിൽ തെളിയുന്നത്. ഗാന്ധിജിയുടെ യൗവന കാലം, ഉപ്പ് സത്യഗഹം – ദണ്ഡി യാത്ര, കസ്തൂർഭയോടൊപ്പം തുടങ്ങി ചർക്കയിൽ നൂൽ നൂൽക്കുന്നതും ജാലിയൻ വാലാബാഗും നെഹ്‌റു , ശ്രീനാരായണ ഗുരു തുടങ്ങിയവരുമായുളള കൂടികാഴ്ച ഉൾപ്പെടെ ആയിരത്തിലെറെ ചിത്രങ്ങൾ കൂട്ടിയിണക്കിയത് വരകളിൽ കാണാം. ചിത്രത്തിനോട് കൂടുതൽ അടുത്ത് നിൽക്കുമ്പോഴാണ് വരച്ചത് എന്ത് എന്ന് വ്യക്തമാകുക. ദൂരെ നിന്ന് ഗാന്ധിയുടെ മുഖം മാത്രമായി മനസിലാക്കാം. അക്രിലിക്ക് പെയിന്റിംഗിൽ കത്തി ഉപയോഗിച്ച് മൂന്ന് ആഴ്ച കൊണ്ടാണ് ഈ ചിത്രം പൂർത്തികരിച്ചത്. ആദ്യം പെൻസിൽ കൊണ്ട് രേഖാ ചിത്രം വരച്ചു , അതിന് ശേഷം അതിൽ കത്തികൊണ്ട് അക്രിലിക്കിൽ ഡിസൈൻ ചെയ്തു.
ഗാന്ധിജിയെ വേറിട്ട രീതിയിൽ ദേവസ്യ ദേവഗിരിയുടെ വരകളിൽ വിരിയുന്നത് ഇതാദ്യമല്ല, കഴിഞ്ഞ വർഷം സ്വാതന്ത്ര്യ ദിനത്തിൽ 250 ഓളം ഗാന്ധി തലയുടെ ചിത്രങ്ങളിൽ ഗാന്ധിയുടെ വിവിധ മുഖ ഭാവങ്ങൾ ഓയിൽ പെയിന്റിംഗിൽ വരച്ചു. ഈ ഛായാചിത്രത്തിന് ഗാന്ധി ദർശന്റെ 2021 ലെ ഗാന്ധി സ്മൃതി അവാർഡ് ലഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗാന്ധി ചെയറിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി പഥം പരിപാടിയിൽ 200 മീറ്റർ ഒറ്റ ക്യാൻവാസിൽ ഗാന്ധിജിയുടെ ജീവചരിത്രം വരയ്ക്കാൻ ചിത്രകാരന്മാരിൽ ദേവസ്യ ദേവഗിരിയ്ക്ക് അവസരം ലഭിച്ചു.
ഗാന്ധി വരയിൽ ഒതുങ്ങുന്നില്ല ദേവസ്യ ദേവഗിരിയുടെ ഗാന്ധിജിയോടുള്ള ആരാധന, ക്രിസ്ത്യൻ കോളജടക്കമുള്ള ഏതാനും കലാലയങ്ങളിൽ ഗാന്ധി പ്രതിമയും നിർമ്മിച്ചിട്ടുണ്ട്. ഗാന്ധിജി ഉൾപ്പെടെ ജീവിതത്തിൽ സ്വാധീനിക്കുന്ന 1007 ഓളം പ്രശസ്തരുടെ മുഖം 27 മീറ്റർ പേപ്പറിൽ വരച്ച് അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റിക്കോർഡിലും ഇടം നേടി.
എന്ത് കൊണ്ട് വ്യത്യസ്ഥമായ ഗാന്ധി ചിത്രം എന്ന ചോദ്യത്തിന് പുസ്തകളിൽ വായിച്ച മഹാന്മാരെ വേറിട്ട വരകളിലൂടെ അവതരിപ്പിക്കുക അത് വഴി പുതിയ തലമുറയിലേക്ക് ഇവരുടെ സംഭാവനകൾ ഓർക്കുക എന്നതാണ് ദേവസ്യ ദേവഗിരിയുടെ ഉത്തരം.
സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന കാലത്ത് ക്ലെ മോഡലിങിൽ ഗാന്ധിജിയെ നിർമ്മിച്ച് ക്ലാസിലെ സഹപാഠികൾക്ക് സമ്മാനമായി നൽകിയായിരുന്നു തുടക്കം. യൂണിവേഴ്‌സൽ ആർട്‌സിൽ ചേർന്നു ചിത്ര രചന പഠനം പൂർത്തിയാക്കി. താൻ പഠിച്ച കോടഞ്ചേരി കണ്ണോത്ത് ഹൈസ്‌ക്കൂളിൽ ഗാന്ധി ചിത്രവും അന്നത്തെ പ്രധാന അധ്യാപകൻ സി എൻ വർക്കിയുടെ ഛായാചിത്രം സമ്മാനമായി നൽകി. ഇത് അനാഛാദനം ചെയ്യാനെത്തിയ അന്നത്തെ ദേവഗിരി കോളേജ് മാനേജർ മാത്യൂ ചാലിലും തലശ്ശേരി ബിഷപ്പ് സെബാസ്റ്റ്യൻ വെള്ളോ പിള്ളിയും ദേവസ്യയുടെ വരയിൽ തൃപ്തനായി സേവിയോ സ്‌കൂളിൽ ചിത്രകലാ അധ്യാപകനായി നിയമിച്ചു. 34 വർഷത്തെ സേവനത്തിന് ശേഷം 2018 ൽ വിരമിച്ചു. കോഴിക്കോട് ആർട്ട് ഗ്യാലറി ഉൾപ്പെടെ സ്വദേശത്തും വിദേശത്തുമായി നിരവധി ചിത്ര പ്രദർശനത്തിലും ക്യാമ്പുകളിലും പങ്കെടുത്തു. ഡോ.എ പി ജെ അബ്ദുൾ കലാം മെമ്മോറിയൽ കർമ്മ കർമ്മ ശ്രേഷ്ഠ പുരസ്‌കാരം, മംഗളം അവാർഡ്, ജയൻ ഫൗണ്ടേഷൻ കർമ്മ ശ്രേഷ്ഠ പുരസ്‌കാരവും ലഭിച്ചു. 2500 ഓളം അക്രലിക്ക് – ഓയിൽ പെയിന്റിംഗ് ശേഖരമുണ്ട്. ഇപ്പോൾ കുന്ദമംഗലം പെരിങ്ങളത്ത് മാറാപ്പിള്ളിൽ വീടിന്റെ മുകൾ നിലയിൽ ആർട്ട് ഗ്യാലറി പണിത് ചിത്ര രചനയിലും – ശില്പ നിർമ്മാണത്തിലും ഗവേഷണം നടത്തുകയാണ് . ഭാര്യ ഗ്ലാഡിസ് ദേവസ്യ , മക്കൾ :റോണി ദേവസ്യ, റെന്നി ദേവസ്യ .