- അരുണ കെ. ദത്ത്
നമ്മെ രോഗിയാക്കുന്നത് നാം തന്നെയാണ്. നമുക്ക് വേണ്ടതും വേണ്ടാത്തതുമായ ആഹാരം ഡമ്പ് ചെയ്യാനുള്ള ഇടമല്ല ശരീരം എന്ന പൂര്‍ണബോധ്യമുണ്ടാകണം. ആയുര്‍വേദ പ്രകാരം ഒരു മനുഷ്യന് രണ്ട് നേരം മാത്രമേ ആഹാരം വിധിക്കുന്നുള്ളൂ. രാവിലെയും രാത്രിയും.
കാലം തെറ്റി പെയ്യുന്ന കനത്തവര്‍ഷവും ഉഷ്ണവും ഇടക്കലര്‍ന്ന കര്‍ക്കിടകത്തില്‍ മരുന്ന് കഞ്ഞിയും പഞ്ചകര്‍മ്മ ചികിത്സയും കൊണ്ട് മാത്രം അസുഖങ്ങളെ പിടിച്ചുകേട്ടാനാകുമോ? പച്ചക്കറിയുടേയും പക്ഷിമൃഗാദിയുടെയും വരെ പേരിലിറങ്ങുന്ന പുതിയ പനികളെ നേരിടാന്‍ നല്ല ആരോഗ്യം കൂടിയേ തീരൂ. എങ്ങനെ നല്ല ആരോഗ്യം രൂപപ്പെടുത്താം? പ്രശസ്ത ആയുര്‍വേദ വിദഗ്ധന്‍ ഡോ: ടി.എം.യു വാര്യര്‍ അതെപ്പറ്റി പറയുന്നു.
കര്‍ക്കിടക ചികിത്സയില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല ആയുര്‍വേദം. പലര്‍ക്കും ആയുര്‍വേദത്തെ കുറിച്ച് ഇത്തരം തെറ്റായ ധാരണകളുണ്ട്. ആയുര്‍വേദ ശാസ്ത്രമനുസരിച്ച്, മാറി വരുന്ന ആറ് ഋതുക്കളില്‍, ത്രിദോഷങ്ങളായ പിത്തം, വാതം, കഫം എന്നിവ ഒരുപോലെ ശരീരത്തെ ദോഷകരമായി ബാധിക്കുന്ന സമയമാണ് കര്‍ക്കിടക കാലം. നമ്മുടെ ആരോഗ്യത്തെ ഏറെ പരിഗണിക്കപ്പെടേണ്ട സമയം. അതിനര്‍ത്ഥം മറ്റ് മാസങ്ങളില്‍ ആരോഗ്യത്തെപ്പറ്റി ചിന്തിക്കുകയോ ചികിത്സ നേടുകയോ ചെയ്യേണ്ടതിന്റെ ആവശ്യമില്ല എന്നല്ല. ആയുസ് മുഴുവന്‍ സംരക്ഷിക്കേണ്ട ആരോഗ്യത്തെ (ശരീരത്തെ) കര്‍ക്കിടകത്തില്‍ ഒന്ന് ‘ക്ലീന്‍’ ചെയ്‌തെടുക്കുന്നു എന്ന് മാത്രം. ഉദാഹരണത്തിന് നമ്മുടെ വീട്ടിലെ വാട്ടര്‍ ടാങ്ക് മൂന്നോ നാലോ മാസം കൂടുമ്പോള്‍, പോട്ടെ ആറ് മാസത്തിലൊരിക്കലെങ്കിലും കഴുകി വൃത്തിയാക്കാറില്ലേ?
ശുദ്ധജലം നിറയ്ക്കുന്ന ടാങ്ക് ഇടയ്ക്ക് കഴുകുന്നത് അതില്‍ വന്നടിയുന്ന പായലോ പൂപ്പലോ ഫംഗസോ ഒക്കെ കളയാനാണ്. അതുപോലെ തന്നെയാണ് കര്‍ക്കിടക ചികിത്സയും. നമ്മുടെ ശരീരത്തിനും മനസ്സിനുമെല്ലാം ഒരു ‘പീരിയോഡിക് ക്ലീനിങ് ‘ ആവശ്യമാണ്. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന അഴുക്കിനെ വയറിളക്കിയോ ഛര്‍ദ്ദിപ്പിച്ചോ പുറന്തള്ളുന്നു. അകം ശുദ്ധമാക്കിയ ശേഷം മരുന്നുകഞ്ഞി അഥവാ ഔഷധകഞ്ഞി സേവിക്കുന്നു. ഒപ്പം ഉഴിച്ചില്‍, പിഴിച്ചില്‍, ധാര തുടങ്ങിയ ചികിത്സാ രീതികളും മുറ പോലെ ചെയ്യുമ്പോള്‍ ശരീരത്തിനും മനസ്സിനും ഓജസ്സ് ലഭിക്കുന്നു. തുടര്‍ന്നും ആരോഗ്യത്തെ നല്ല രീതിയില്‍ പരിപാലിക്കേണ്ടത് വളരെ വളരെ ആവശ്യമാണ്. അതിന് ആദ്യം ചെയ്യേണ്ടത് ആഹാരരീതി ക്രമപ്പെടുത്തുക എന്നതാണ്.
നമ്മെ രോഗിയാക്കുന്നത് നാം തന്നെയാണ്. നമുക്ക് വേണ്ടതും വേണ്ടാത്തതുമായ ആഹാരം ഡമ്പ് ചെയ്യാനുള്ള ഇടമല്ല ശരീരം എന്ന പൂര്‍ണബോധ്യമുണ്ടാകണം. ആയുര്‍വേദ പ്രകാരം ഒരു മനുഷ്യന് രണ്ട് നേരം മാത്രമേ ആഹാരം വിധിക്കുന്നുള്ളൂ. രാവിലെയും രാത്രിയും. ഇടനേരങ്ങളില്‍ പഴങ്ങളും പാനീയങ്ങളും സേവിക്കാം. മിതമായി ഭക്ഷണം കഴിക്കുക. ഇലക്കറികള്‍, പച്ചക്കറികള്‍, പഴങ്ങള്‍, പയറുവര്‍ഗങ്ങള്‍ ഇവ ആഹാരത്തില്‍ ശീലമാക്കുക, ധാരാളം വെള്ളം കുടിക്കുക, മസാലകളും എരിവും പുളിയുമെല്ലാം പരമാവധി ഒഴിവാക്കുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കുക.
നമ്മുടെ ആചാര്യന്മാര്‍ രൂപപ്പെടുത്തിയെടുത്ത ഒരു സമ്പ്രദായമുണ്ട് നമ്മള്‍ കേരളീയര്‍ക്ക്. ഇന്ത്യയില്‍ മറ്റൊരിടത്തും ഇത്തരം ഒരു കരുതല്‍ ഇല്ല. ശരീരത്തിനും മനസ്സിനും ഉന്മേഷവും ആരോഗ്യവുമേകാന്‍ ‘കര്‍ക്കിടക മാസം’ നാം ഫലപ്രദമായി ഉപയോഗിക്കുന്നു. മറ്റൊരിടത്തും കാണാനാകാത്ത പ്രത്യേകതയാണിത്. വരും തലമുറയെ ഇത്തരം ശീലങ്ങള്‍ പഠിപ്പിക്കാന്‍ നമുക്ക് വീടുകളില്‍ നിന്ന് തന്നെ തുടങ്ങാം. നല്ല ശീലങ്ങളിലൂടെ ആയുസ്സും ആരോഗ്യവും സുദീര്‍ഘമാക്കാം.
ആരോഗ്യത്തിന്റെ അതിപ്രധാനമായ മറ്റൊരു ഘടകമാണ് വ്യായാമം. ശരീരത്തിന് വ്യായാമം കൂടിയേ തീരു. കൊറോണകാലം നല്ലൊരു വിഭാഗം ആളുകളെ അലസരും മടിയരുമാക്കി. ദിവസവും അരമണിക്കൂര്‍ നമുക്ക് വ്യായാമത്തിന് വേണ്ടി മാറ്റിവയ്ക്കാം. വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തിന് മാത്രമല്ല, മനസ്സിനും ഉന്മേഷം ലഭിക്കുന്നു. മാനസികാരോഗ്യം വളരെ പ്രധാനമാണല്ലോ? കഴിവതും ടെന്‍ഷന്‍ ഒഴിവാക്കുക. പരാജയത്തേക്കുറിച്ചല്ല പരാജയ കാരണങ്ങള്‍ കണ്ടെത്തി തിരുത്താന്‍ ശ്രമിക്കുക, സാമൂഹ്യ ബോധവും കരുതലും ശീലിക്കുക, പോസിറ്റീവായിരിക്കുക.
നമ്മള്‍ ആരോഗ്യമുള്ളവരാകുമ്പോള്‍ ആരോഗ്യമുള്ള ഒരു സമൂഹം തന്നെ സൃഷ്ടിക്കപ്പെടുന്നു. ചികിത്സയും പ്രാര്‍ത്ഥനയും കരുതലും ഒരൊറ്റ മാസത്തില്‍ ഒതുക്കേണ്ടതല്ല. 365 ദിവസത്തില്‍ 30 ദിവസം ഔഷധകഞ്ഞി കുടിച്ചതുകൊണ്ട് മാത്രം നാം ആരോഗ്യവാനാകുന്നില്ല. ബാക്കി പതിനൊന്നു മാസവും ജങ്ക് ഫുഡ് കഴിച്ച് തോന്നിയ പോലെ ജീവിച്ചാല്‍ എങ്ങനെ ആരോഗ്യം നേടാനാണ്? അതിനാല്‍ ജീവിതചര്യയില്‍ മാറ്റം വരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ചിട്ടയായി ജീവിക്കുന്ന ഒരാളില്‍ അതിനനുസരിച്ചുള്ള ആരോഗ്യമുണ്ടാകും.
അതിരാവിലെ ഉണരുന്നത് മുതല്‍ രാത്രി സുഖമായി ഉറങ്ങുന്നത് വരെയാണ് നമ്മുടെ ഒരു ദിവസത്തെ ദിനചര്യ. അതിന്റെ ക്രമത്തില്‍ അല്‍പം മാറ്റം വരുത്തിയാല്‍ പോലും ശരീരം അതിനെതിരേ പ്രതികരിക്കും. നമ്മുടെ ആചാര്യന്മാര്‍ രൂപപ്പെടുത്തിയെടുത്ത ഒരു സമ്പ്രദായമുണ്ട് നമ്മള്‍ കേരളീയര്‍ക്ക്. ഇന്ത്യയില്‍ മറ്റൊരിടത്തും ഇത്തരം ഒരു കരുതല്‍ ഇല്ല. ശരീരത്തിനും മനസ്സിനും ഉന്മേഷവും ആരോഗ്യവുമേകാന്‍ ‘കര്‍ക്കിടക മാസം’ നാം ഫലപ്രദമായി ഉപയോഗിക്കുന്നു. മറ്റൊരിടത്തും കാണാനാകാത്ത പ്രത്യേകതയാണിത്. വരും തലമുറയെ ഇത്തരം ശീലങ്ങള്‍ പഠിപ്പിക്കാന്‍ നമുക്ക് വീടുകളില്‍ നിന്ന് തന്നെ തുടങ്ങാം. നല്ല ശീലങ്ങളിലൂടെ ആയുസ്സും ആരോഗ്യവും സുദീര്‍ഘമാക്കാം.
കടപ്പാട്: ഡോ: ടി.എം.യു വാര്യര്‍
ചീഫ് മെഡിക്കല്‍ ഓഫിസര്‍,
കോട്ടക്കല്‍ ആര്യവൈദ്യശാല,
എറണാകുളം ജില്ല