-
ചാലക്കര പുരുഷു
തലശ്ശേരി: ഒരു കാലത്ത് ഉത്തരകേരളത്തിലെ ഉത്സവ പറമ്പുകളിലും കലാസമിതികളുടെ വാര്‍ഷികാഘോഷവേളകളിലുമൊക്കെ പെരുന്താറ്റില്‍ ഗോപാലന്‍ എന്ന അതുല്യസര്‍ഗ്ഗ പ്രതിഭ അനിവാര്യമായിരുന്നു. അദ്ദേഹത്തിന്റെ കഥാപ്രസംഗമോ മിമിക്രിയോ, മോണോ ആക്ടോ ഇല്ലെങ്കില്‍ ആഘോഷങ്ങള്‍ എന്തായാലുംകാണികള്‍ക്ക് തൃപ്തിവരില്ലായിരുന്നു.
കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലായി ഒരു കാലത്ത് ഈ കലാകാരന് വേദിയൊഴിഞ്ഞ ദിവസങ്ങളുണ്ടായിരുന്നില്ല. ഹാസ്യകലാരംഗത്ത് മുടിചൂടാമന്നനായിരുന്ന പെരുന്താറ്റില്‍ ഗോപാലന്‍ തന്റെ പതിനാലാം വയസ്സില്‍ ജീവിത പ്രാരാബ്ദം മൂലം തമിഴ്‌നാട്ടിലെ തിരുപ്പൂരിലേക്ക് വണ്ടി കയറുകയായിരുന്നു. അവിടെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഹോട്ടല്‍ തൊഴിലാളിയായും ഓട്ടോ ഡ്രൈവറായും വേഷം കെട്ടേണ്ടി വന്നു. തന്റെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തുന്ന തമിഴ് സിനിമാ താരങ്ങളുടെ ശബ്ദം അനായാസേന അവതരിപ്പിച്ചാണ് അദ്ദേഹം ശ്രോതാക്കളെ കൈയ്യിലെടുത്തത്. കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം തിരുപ്പൂരിലെ ജീവിതം മതിയാക്കി ഗോപാലന്‍ നാട്ടിലേക്ക് തിരിച്ചുവന്നു. നാട്ടില്‍ ഓട്ടോഡ്രൈവറായി വേഷമിട്ടു. തുടര്‍ന്ന് ഒരു ഓട്ടോറിക്ഷ സ്വന്തമാക്കുകയും അതിന് ‘മോണോ’ എന്നു പേരിടുകയും ചെയ്തു, ഈ പേരാണ് ഗോപാലനെ ‘മോണോ ഗോപാലന്‍’ ആക്കിയത് . ആ സമയത്താണ് തന്റെ ഉള്ളില്‍ കിടന്ന കലാകാരന്‍ ഒരു പ്രൊഫഷണല്‍ കലാകാരനായി പുറത്തു വന്നതും അനുമോദിക്കാനും സഹായിക്കാനും അനേകം സുഹൃത്തുക്കളുണ്ടായി.
പെരുന്താറ്റില്‍ ശ്രീനാരായണഗുരു സ്മാരക മന്ദിരത്തിന്റെ വാര്‍ഷികാഘോഷവേളയില്‍ നടത്തിയ മിമിക്രി അവതരണം ഗോപാലന്റെ അരങ്ങേറ്റവും വഴിത്തിരവുമായി. അങ്ങനെയിരിക്കെ, നെട്ടൂര്‍ തെരു ശ്രീ രാമനാല്‍ കീഴില്‍ ക്ഷേത്രത്തില്‍ അന്നത്തെ പ്രശസ്ത മിമിക്രി കലാകാരന്‍ വെള്ളൂര്‍ പി. രാഘവന്‍ പരിപാടി അവതരിപ്പിക്കാന്‍ വരുന്ന വിവരം അറിഞ്ഞ് തന്റെ സുഹൃത്തുക്കളോടൊപ്പം പരിപാടി കാണാന്‍ പോയ ഗോപാലന്‍, യാദൃശ്ചികമായി പ്രൊഫഷണല്‍ ആയി മാറുകയായിരുന്നു. പരിപാടി അവതരിപ്പിക്കാന്‍ വെള്ളൂര്‍ പി. രാഘവന്‍ എത്താന്‍ വൈകിയതില്‍ കാഴ്ചക്കാരില്‍ അസ്വാരസ്യം ഉണ്ടാവുകയും ഇത് മനസ്സിലാക്കിയ ഗോപാലന്റെ സുഹൃത്തുക്കള്‍ കമ്മിറ്റിക്കാര്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്തു. പരിപാടി അവതരിപ്പിക്കാന്‍ സമ്മതം നേടുകയും ചെയ്തു. ഇതിനിടയില്‍ ഗോപാലേട്ടന്റെ പരിപാടി ശ്രവിച്ചുകൊണ്ട് വേദിയിലേക്ക് കയറിവന്ന വെള്ളൂര്‍ പിക്ക് ഗോപാലേട്ടന്‍ വേദി വിട്ടുകൊടുക്കുകയും പരിപാടിയുടെ അവസാനം വെള്ളൂര്‍ പി. രാഘവന്‍, ഗോപാലനെ സ്റ്റേജിലേക്ക് വിളിച്ച് രണ്ടുപേരും ചേര്‍ന്ന് പരിപാടി അവതരിപ്പിക്കുകയും ചെയ്തു. മുന്‍ധാരണയില്ലാതെ സ്റ്റേജില്‍ കയറിയ ഗോപാലേട്ടന്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കാണികളെ കയ്യിലെടുത്തു, അതായിരുന്നു ഗോപാലന്റ കരിയറിന്റെ ആരംഭം. പിന്നീട് കഥാപ്രസംഗകല ജനകീയമാക്കുന്നതിന്റെ ഭാഗമായി നാടെങ്ങുമുള്ള സ്‌കൂളുകളില്‍ പോയി പരിപാടികള്‍ അവതരിപ്പിച്ചു.
ആയിടക്കാണ് കൊച്ചിന്‍ കലാഭവനില്‍ നടന്ന മല്‍സരത്തില്‍ പങ്കെടുക്കുകയും അന്നത്തെ പ്രശസ്ത കലാകാരന്മാരെ പിന്നിലാക്കിക്കൊണ്ട് അനായാസ ഹാസ്യത്തിനുള്ള ട്രോഫി കലാഭവനില്‍ നിന്നും കരസ്ഥമാക്കുകയും ചെയ്തു. പിന്നെ കുറെ വര്‍ഷം കലാഭവനില്‍ ചേര്‍ന്ന് ഗോപാലന്‍ നാട്ടിലും വിദേശത്തുമായി ജയറാമടക്കമുള്ള സിനിമ കലാകാരന്മാരുടെ കൂടെ പരിപാടി അവതരിപ്പിച്ച് ലോക പ്രശസ്തനായി. തന്റെ കലാജീവിതത്തില്‍ നിരവധി ശിഷ്യഗണങ്ങളെയും ഗോപാലേട്ടന്‍ സമ്പാദിച്ചിരുന്നു. ഇന്ന് വെള്ളിത്തിരയില്‍ തിളങ്ങിനില്‍ക്കുന്ന മിക്കതാരങ്ങളെയും വാര്‍ത്തെടുത്തത് ഗോപാലനായിരുന്നു. നിരവധി കലാപ്രതിഭകളെയും കലാതിലകങ്ങളെയും വാര്‍ത്തെടുക്കാന്‍ ഈ ഗുരുനാഥന് സാധിച്ചിട്ടുണ്ട്.
നടന്‍ വിനീത്, ഹാസ്യ കലാപ്രതിഭകളായ ശാരംങ്ധരന്‍, ശിവദാസന്‍ മട്ടന്നൂര്‍ തുടങ്ങി ഒട്ടേറെ ശിഷ്യ സമ്പത്തുള്ള ഈ ഗുരുനാഥനില്ലാതെ ദശകങ്ങളോളംസ്‌കൂള്‍യുവജന – കലാശാലാ കലോത്സവങ്ങള്‍ കടന്നു പോയിട്ടില്ല. ഒട്ടേറെ ജില്ലാ – സംസ്ഥാന തിലക / പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ ഈ ബഹുമുഖ പ്രതിഭയ്ക്കായി. നിരവധി സിനിമകളില്‍ ശ്രദ്ധേയങ്ങളായ കഥാപാത്രങ്ങളെ പെരുന്താറ്റില്‍ ഗോപാലന്‍ അവതരിപ്പിച്ചിട്ടുണ്ട്. മാത്രമല്ല സ്വന്തം മക്കളെയും കലാപ്രതിഭയും കലാതിലകവുമാക്കാനും ഈ ഗുരുവര്യന് സാധിച്ചു.
തലശ്ശേരി സബ് കലക്ടര്‍ ഓഫിസില്‍ പ്യൂണ്‍ ആയി ജോലി ചെയ്തിരുന്നു. ശ്രീ നാരായണ ദര്‍ശനങ്ങളെ നെഞ്ചോട് ചേര്‍ത്തുപിടിച്ച ഈ മനുഷ്യസ്‌നേഹി, പെരുന്താറ്റില്‍ ശ്രീനാരായണമഠം ഭാരവാഹിയായിരുന്നു. ആയിടയ്ക്ക് നിരവധി അമ്പലങ്ങളിലും മറ്റും അധ്യാത്മിക പ്രഭാഷണം വേറിട്ട ശൈലിയിലും നര്‍മ രൂപത്തിലും അവതരിപ്പിച്ച് ജനശ്രദ്ധപിടിച്ചുപറ്റിയിരുന്നു. പെരുന്താറ്റില്‍ ശ്രീനാരായണ മഠത്തില്‍ അരങ്ങേറ്റം കുറിച്ച്, പിന്നീട് ജീവിതം തന്നെ കലയ്ക്ക് വേണ്ടി സമര്‍പ്പിച്ച ഈ കലോപാസകനെ ഒടുവില്‍ കഴിഞ്ഞ വര്‍ഷം സ്വന്തം വീട്ടില്‍ വെച്ച് കലാലോകം ‘വാഗീസ ‘പുരസ്‌ക്കാരം നല്‍കി ആദരിച്ചിരുന്നു. ജീവിതാന്ത്യകാലത്തും കലകളില്‍ അഭിരമിച്ച ആ മനസ്സ്, സ്വന്തം വീട്ടില്‍ വെച്ച് നിരവധി കുട്ടികള്‍ക്ക് ഹാസ്യകലയുടെ അക്ഷര മന്ത്രങ്ങള്‍ പഠിപ്പിച്ച് കൊടുത്തിട്ടുണ്ട്.