നീന്തല്‍ പരിശീലക സ്‌നേഹ പ്രഭയ്ക്ക് എച്ച്.ആര്‍.പി.എഫിന്റെ സ്‌നേഹാദരം

നീന്തല്‍ പരിശീലക സ്‌നേഹ പ്രഭയ്ക്ക് എച്ച്.ആര്‍.പി.എഫിന്റെ സ്‌നേഹാദരം

കോഴിക്കോട്: 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തോനോടനുബന്ധിച്ച് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ ഫോറം (എച്ച്.ആര്‍.പി.എഫ്) കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ പ്രശസ്ത നീന്തല്‍ പരിശീലകയും ജീവകാരുണ്യ പ്രവര്‍ത്തകയുമായ ചാത്തമംഗലം സ്വദേശിനി പി. സ്‌നേഹപ്രഭയ്ക്ക് സ്‌നേഹാദരം നല്‍കി. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ സ്‌നേഹപ്രഭയെ ആദരിച്ചു. അര്‍ഹതപ്പെട്ടവര്‍ക്ക് അംഗീകാരം ലഭിക്കുന്നത് കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ അതില്‍ നിന്നും വ്യത്യസ്തമാണ് സ്‌നേഹപ്രഭയ്ക്കുള്ള ആദരവെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

വെള്ളിമാട്കുന്ന് ഫയര്‍ സ്റ്റേഷനില്‍ സിവില്‍ ഡിഫന്‍സ് വളണ്ടിയറായ സ്‌നേഹപ്രഭ കഴിഞ്ഞ 10 വര്‍ഷം കൊണ്ട് സ്വന്തമായി രൂപകല്‍പ്പന ചെയ്ത ലൈഫ് ജാക്കറ്റ് ഉപയോഗിച്ച് 1500 ഓളം പേര്‍ക്ക് ഇതിനകം സൗജന്യമായി നീന്തല്‍ പരിശീലനം നല്‍കി. 2015 മുതല്‍ പ്രതീക്ഷ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ച് നിര്‍ധനര്‍ക്ക് കരുതലായി ഇവര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സൗജന്യമായി നീന്തല്‍ പരിശീലനം നല്‍കുന്നതിനൊപ്പം പ്രളയം-കൊവിഡ് പ്രതിസന്ധി കാലത്ത് മലയോര മേഖലയിലെ ജനതയ്ക്ക് സഹായ ഹസ്തമായതിലും കൂടി പരിഗണിച്ചാണ് എച്ച്.ആര്‍.പി.എഫിന്റെ ഈ ആദരവെന്ന് സംഘടനദേശീയ ചെയര്‍മാന്‍ എന്‍.രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.

വെസ്റ്റ്ഹില്‍ ആര്‍സീസ് ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ എച്ച്.ആര്‍.പി.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ.പി ചാത്തുക്കുട്ടി അധ്യക്ഷത വഹിച്ചു. ദേശീയ ചെയര്‍മാന്‍ എന്‍ രാമചന്ദ്രന്‍ നായര്‍ മുഖ്യ പ്രഭാഷണവും സ്വാതന്ത്ര്യ ദിന സന്ദേശവും നടത്തി. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യ. വി ദിനേശ് മണി ഉപഹാര സമര്‍പ്പണം നിര്‍വഹിച്ചു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സി.പി സുലൈമാന്‍, എച്ച്. ആര്‍.പി.എഫ് സംസ്ഥാന ജന.സെക്രട്ടറി എ.ജി കണ്ണന്‍, ടി.കെ രാമചന്ദ്രന്‍, ടി.ബാലകൃഷ്ണന്‍ , കെ.മനോജ് കുമാര്‍ , കെ.ടി മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *