കൊയിലാണ്ടിയില്‍ കണ്ടെത്തിയ മൃതദേഹം ഇര്‍ഷാദിന്റേത്; ഡി.എന്‍.എ പരിശോധനാ ഫലം ലഭിച്ചു

കൊയിലാണ്ടിയില്‍ കണ്ടെത്തിയ മൃതദേഹം ഇര്‍ഷാദിന്റേത്; ഡി.എന്‍.എ പരിശോധനാ ഫലം ലഭിച്ചു

കോഴിക്കോട്: കൊയിലാണ്ടി പുഴയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം ഇര്‍ഷാദിന്റേതാണെന്ന് പോലിസ്. മൃതദേഹം ഇര്‍ഷാദിന്റേതാണെന്ന സംശയത്തെ തുടര്‍ന്ന് ഡി.എന്‍.എ പരിശോധന നടത്തിയിരുന്നു. പരിശോധന ഫലം ലഭിച്ചതിനെ തുടര്‍ന്നാണ് മൃതദേഹം സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിന്റേതാണെന്ന് സ്ഥിരീകരിച്ചത്. ഇന്നലെയാണ് മാതാപിതാക്കളുടെ രക്തസാംപിളുകള്‍ പോലിസ് ഡി.എന്‍.എ പരിശോധനക്കയച്ചത്. അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണമെന്നും കോഴിക്കോട് റൂറല്‍ എസ്.പി ആവശ്യപ്പെട്ടിരുന്നു. ജൂലൈ ആറിനാണ് ഇര്‍ഷാദിനെ കാണാതായത്. ജൂലൈ 17നാണ് കൊയിലാണ്ടി പുഴയില്‍ നിന്നും മൃതദേഹം കിട്ടിയത്. എന്നാല്‍, മൃതദേഹം മേപ്പയ്യൂര്‍ സ്വദേശി ദീപക്കിന്റേതാണെന്ന് കരുതി സംസ്‌കരിക്കുകയായിരുന്നു.

ഇര്‍ഷാദിനെ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയെന്നായിരുന്നു മാതാപിതാക്കള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നത്. ഇര്‍ഷാദിന്റേത് കൊലപാതകമാണെന്നും ഇതിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നും പോലിസ് പറയുന്നു. കേസില്‍ ഇതുവരെ നാലു പേരെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശി മിര്‍ഷാദ് വയനാട് സ്വദേശികളായ, ഷെഹീല്‍,ജനീഫ്,സജീര്‍ എന്നിവരാണ് അറസ്റ്റിലായത്.

ദുബായില്‍ നിന്ന് കഴിഞ്ഞ മെയിലാണ് ഇര്‍ഷാദ് നാട്ടിലെത്തിയത്. തുടര്‍ന്ന് കോഴിക്കോട് നഗരത്തില്‍ ജോലി ചെയ്യുകയായിരുന്നു. ഈ മാസം ആറിനാണ് അവസാനമായി വീട്ടില്‍ വിളിച്ചത്. പിന്നീട് ഒരു വിവരവും ഇല്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതിനിടെ, വിദേശത്തുള്ള സഹോദരന്റെ ഫോണിലേക്ക് വാട്സ് ആപ്പ് സന്ദേശമായി ഇര്‍ഷാദിനെ കെട്ടിയിട്ട ഫോട്ടോയും തട്ടിക്കൊണ്ടുപോയവര്‍ അയച്ചിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *