കോഴിക്കോട്: വിദ്യാഭ്യാസ മേഖലയുടെ അടിത്തറയായ പ്രൈമറി വിദ്യാലയങ്ങളെ നയിക്കുന്ന പ്രഥമാധ്യാപകര്‍ നിരവധി പ്രശ്നങ്ങളെയാണ് അഭിമുഖീകരിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങളും അവകാശങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ മുമ്പാകെ നിരവധി തവണ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹാരം കാണാത്തതില്‍ കടുത്ത പ്രതിഷേധമുണ്ടെന്ന് കേരള ഗവ.പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്‍(കെ.ജി.പി.എസ്.എച്ച്.എ) സംസ്ഥാന പ്രസിഡന്റ് ഇസ്മയില്‍ ഇ.ടി.കെയും ജന.സെക്രട്ടറി മധുസൂദനന്‍ കെ.പിയും പീപ്പിള്‍സ് റിവ്യൂവിനോട് പറഞ്ഞു. സംസ്ഥാനത്തെ സ്‌കൂളുകളിലെ പ്രഥമാധ്യാപകര്‍ക്ക് നീതി ലഭിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് ഇന്നും നാളെയുമായി നടക്കുന്ന 49-ാമത് സംസ്ഥാന സമ്മേളനം തീരുമാനം കൈക്കൊള്ളും. സംസ്ഥാനത്തെ പകുതിയിലധികം ഹെഡ്മാസ്റ്റര്‍മാര്‍ക്ക് അര്‍ഹതപ്പെട്ട ശമ്പളസ്‌കെയില്‍ ലഭിക്കുന്നില്ല. ഇത് നല്‍കാതിരിക്കാന്‍ സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ ബാലിശമാണ്.
ഇങ്ങനെപോയാല്‍ ശമ്പള സ്‌കെയില്‍ ഇല്ലാത്ത ഹെഡ്മാസ്റ്റര്‍മാര്‍ മാത്രം സര്‍വിസില്‍ അവശേഷിക്കുകയും ക്രമേ
ണ ഹെഡ്മാസ്റ്റര്‍ സ്‌കെയില്‍ എടുത്തുകളയനുമുള്ള ഗൂഢ നീക്കമാണ് നടക്കുന്നത്. ശമ്പള സ്‌കെയില്‍ അനുവദിക്കുന്നത് വരെ സമാശ്വാസമായി മാസത്തില്‍ പതിനായിരം രൂപ അനുവദിക്കണം. പ്രഥമാധ്യാപകരെ കടുത്ത പ്രയാസത്തിലാക്കുന്നതാണ് ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ബജറ്റില്‍ വിഹിതം ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഒരു പദ്ധതിക്ക് ഹെഡ്മാസ്റ്റര്‍ മുന്‍കൂറായി പണം ചിലവഴിച്ച് രേഖകള്‍ സമര്‍പ്പിച്ചതിന്ശേഷം ചെലവായ തുക നല്‍കുന്ന രീതി അവസാനിപ്പിക്കുകയും (കഴിഞ്ഞ നാലുമാസമായി ഈയിനത്തില്‍ ചിലവഴിച്ച തുക ലഭിക്കാനുമുണ്ട്) ഈ പദ്ധതിയുടെ നടത്തി പ്പ് ചുമതലയല്ലാതെ ഇതിന്റെ സാമ്പത്തിക ഉത്തരവാദിത്വത്തില്‍ നിന്ന് പ്രഥമാധ്യാപകരെ സര്‍ക്കാര്‍ ഒഴിവാക്കിത്തരണം.
പ്രഥമാധ്യാപകര്‍ക്കുള്ള ഓഫിസ് ജോലികള്‍ ഭാരിച്ചതാണ്. ഓഫിസ് ജോലിയെടുക്കാന്‍ ക്ലാര്‍ക്ക്, പ്യൂണ്‍ ഇല്ല. എല്ലാം ഹെഡ്മാസ്റ്റര്‍ തന്നെയാണ് ചെയ്യേണ്ടി വരുന്നത്. ഇതിന്റെ കൂടെ മുഴുവന്‍ സമയ ക്ലാസ് ചുമതലയും നിര്‍വഹിക്കണം. ഇതുമൂലം കുട്ടികള്‍ക്ക് മുഴുവന്‍ സമയം അധ്യാപകരെ ലഭിക്കാതെ വരുന്നുണ്ട്. ഇത്തരം അവസ്ഥ നിലനില്‍ക്കുമ്പോഴാണ് നമ്മള്‍ അന്താരാഷ്ട്രാ നിലവാരത്തിലേക്ക് എന്ന പ്രചാരണം നടക്കുന്നത്. ഈ പ്രശ്നം പരിഹരിക്കണമെങ്കില്‍ ഹെഡ്മാസ്റ്റര്‍ തസ്തിക പരിഗണിക്കാതെ അധ്യാപക തസ്തിക അനുവദിക്കണം. സംസ്ഥാനത്ത് ശമ്പള വിതരണ ചുമതലയുള്ള ഉദ്യോഗസ്ഥരില്‍ ഗസറ്റഡ് റാങ്ക് ഇല്ലാത്തത് പ്രൈമറി ഹെഡ്മാസ്റ്റര്‍മാര്‍ക്ക് മാത്രമാണ്. ഇതുമൂലം സാധാരണക്കാര്‍ അടക്കമുള്ളവര്‍ സമീപിക്കുമ്പോള്‍ അവരെ സഹായിക്കാനാവാത്ത അവസ്ഥയാണുള്ളത്. എല്‍.ഡിക്ലാര്‍ക്കായി സര്‍വിസില്‍ പ്രവേശിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ പ്രമോഷനുകളിലൂടെ ഗസറ്റഡ് റാങ്ക് കൈവരിക്കുകയും നിയമന അധികാരിവരെ ആകുകയും ചെയ്യുന്നു.
ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് ഗസറ്റഡ് റാങ്കിലെത്താന്‍ അവസരമുണ്ട്. എന്നാല്‍ പ്രൈമറി മേഖലയില്‍ ഗസറ്റഡ് റാങ്ക് നിഷേധിക്കുന്നതിന് യാതൊരു ന്യായീകരണവുമില്ല. ഇക്കാര്യം നടപ്പിലാക്കിയാല്‍ സര്‍ക്കാരിന് യാതൊരു സാമ്പത്തിക ബാധ്യതയും ഉണ്ടാവുന്നുമില്ല. എ.ഇ.ഒ പ്രമോഷനില്‍ പ്രഥമാധ്യാപകര്‍ തഴയപ്പെടുകയാണ്. എ.ഇ.ഒ നിയമനത്തില്‍ സര്‍ക്കാരിന്റെ രീതിയും വളരെ വിചിത്രമാണ്. പ്രൈമറി സ്‌കൂളുകളുടെ അക്കാദമികവും ഭരണപരവുമായ മേല്‍നോട്ട ചുമതലയുള്ള ഉദ്യോഗസ്ഥനാണ് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍. ഈ തസ്തികയിലേക്കിപ്പോള്‍ നിയമനം നടത്തുന്നത് പ്രൈമറി സ്‌കൂളുകളുമായി യാതൊരു ബന്ധവുമില്ലാത്ത ഹൈസ്‌കൂള്‍ അധ്യാപകരെയാണ്. ഇതവസാനിപ്പിച്ച് എ.ഇ.ഒ തസ്തിക പ്രഥമാധ്യാപകരുടെ പ്രമോഷന്‍ തസ്തികയായി മാറ്റണം. ഖാദര്‍ കമ്മിറ്റി ശുപാര്‍ശകള്‍ പൂര്‍ണ്ണമായി നടപ്പിലാക്കുകയും, കമ്മിറ്റി ശുപാര്‍ശ ചെയ്ത പഞ്ചായത്ത് എജ്യുക്കേഷന്‍ ഓഫിസര്‍ തസ്തിക അനുവദിച്ച് അത് പ്രഥമാധ്യാപകരുടെ പ്രമോഷന്‍ തസ്തികയായി മാറ്റണം.
വിദ്യാഭ്യാസ മേഖലയില്‍ ശാസ്ത്ര-സാങ്കേതിക-അക്കാദമിക രംഗങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് വൈദഗ്ധ്യമുള്ളവരാക്കിമാറ്റാന്‍ സര്‍ക്കാര്‍ പരിശീലനം നല്‍കണം. പെന്‍ഷന്‍ പ്രായം ഏകീകരിക്കുക, സീനിയര്‍ ഗ്രേഡിനുള്ള കാലതാമസം കുറയ്ക്കുക, 2021-22 വര്‍ഷംസ്ഥാനക്കയറ്റം ലഭിച്ച പ്രഥമാധ്യാപകര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കുക എന്നിവയാണ് സംഘടന മുന്നോട്ട് വെയ്ക്കുന്ന പ്രധാന ആവശ്യങ്ങള്‍. ഇക്കാര്യത്തില്‍സര്‍ക്കാര്‍ അനുകൂല തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നവര്‍ കൂട്ടിച്ചേര്‍ത്തു.