കോഴിക്കോട്: ”ചന്ദ്രനില്‍ ഇറക്കിയ മൂണ്‍ ഇംപാക്റ്റ് പ്രോബ് എന്തുകൊണ്ടാണ് ചതുരപ്പെട്ടിയുടെ രൂപത്തില്‍ നിര്‍മ്മിച്ചത്?” ”ചാന്ദ്രപേടകത്തിലെ പേയ്ലോഡിന്റെ ഭാരം പരമാവധി കുറയ്ക്കാന്‍ എന്തൊക്കെയാണു ചെയ്തത്?” കോഴിക്കോട്ടെ കുട്ടിശാസ്ത്രജ്ഞരുടെ ചോദ്യങ്ങള്‍ യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദിലെ പ്രിന്‍സിപ്പല്‍ സയന്റിഫിക് ഓഫീസര്‍ പ്രൊഫ. സയീദ് മഖ്ബൂല്‍ അഹമ്മദിനെ അത്ഭുതപ്പെടുത്തി. കോഴിക്കോട് യു.എല്‍ സ്‌പേസ് ക്ലബ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍.ഐ.ടി)യില്‍ സംഘടിപ്പിച്ച ചാന്ദ്രദിന പഠനപരിപാടി നവ്യാനുഭവമായി.
സ്‌പേസ് ക്ലബ്ബിലെ കുട്ടികള്‍ ഇതൊക്കെ ചോദിക്കുമ്പോള്‍ അവരുടെ മനസിലുള്ളത് റോക്കറ്റില്‍ അയയ്ക്കാനുള്ള ഒരു പേയ്ലോഡ് നിര്‍മ്മിക്കുക എന്ന സ്വപ്‌നമായിരുന്നു. അവര്‍ക്ക് പ്രാഥമികാനുമതി ലഭിച്ച ആ പേയ്ലോഡ് നിര്‍മാണം യാഥാര്‍ഥ്യമാക്കാനുള്ള വിപുലമായ പഠനങ്ങളിലാണ് ഏതാനും മാസമായി അവര്‍. സയീദ് മഖ്ബൂല്‍ അഹമ്മദിന് ഈ മേഖലയിലുള്ള അനുഭവവൈദഗ്ദ്ധ്യം മുതല്‍ക്കൂട്ടാക്കുകയായിരുന്നു ഹൈസ്‌കൂളിലും ഹയര്‍ സെക്കന്‍ഡറിയിലെയും വിദ്യാര്‍ഥികള്‍.
ആദ്യമായി സ്‌പേസ് ക്ലബ്ബ് പരിപാടിയില്‍ പങ്കെടുത്ത പുതുക്കക്കാര്‍ക്കു സംശയങ്ങളെക്കാള്‍ കൗതുകമായിരുന്നു ഏറെ. പുസ്തകത്തില്‍ മാത്രം കണ്ടിട്ടുള്ള ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പൊക്കെ നേരിട്ടു കണ്ടതിന്റെ വിസ്മയം അവര്‍ വാക്കുകളില്‍ പ്രകടമാക്കുകയും ചെയ്തു. സയീദ് മഖ്ബൂല്‍ അഹമ്മദ് ചാന്ദ്രയാന്‍ ഒന്ന്, രണ്ട് എന്നിവയെ കുറിച്ചു വിശദമായി സംസാരിച്ചു. ബഹിരാകാശയാത്രയെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് ഐ.എസ്.ആര്‍.ഒ. ഐ.ഐ.എസ്.ടി എന്നിവയിലെ വിദഗ്ദ്ധരും വിവരിച്ചു. ഇന്‍ഫ്രാറെഡ് സ്‌പേസ് ടെലിസ്‌കോപ്പായ സ്പിറ്റ്സര്‍ ടെലിസ്‌കോപ്പ് ഉപയോഗിച്ച് അള്‍ട്രാ ലൂമിനസ് ഗ്യാലക്‌സികളെപ്പറ്റി പഠനം നടത്തിയ ഡോ. പി. സീമ ‘മിസ്റ്റിക് യൂണിവേഴ്സ്’ എന്ന ശീര്‍ഷകത്തില്‍ പ്രപഞ്ചത്തിന്റെ വിദൂരരഹസ്യങ്ങള്‍ പങ്കുവച്ചു. വിദൂരപ്രപഞ്ചപ്രതിഭാസങ്ങളെയും ഗ്യാലക്‌സികളെയും നെബുലകളെയുമൊക്കെപ്പറ്റിയുള്ള ആഴത്തിലുള്ള അറിവുകള്‍ തങ്ങള്‍ക്കുമുന്നില്‍ തുറന്ന നൂതനലോകം പലര്‍ക്കും ആ മേഖലയിലേക്കു തിരിയാന്‍ പ്രേരണയായെന്നു കുട്ടികള്‍ പറഞ്ഞു.
ജില്ലയിലെ വിവിധ സ്‌കൂളുകളിലും കോളേജുകളിലെയും വിദ്യാര്‍ഥികളും എന്‍.ഐ.ടിയിലെ വിദ്യാര്‍ഥികളും ഗവേഷക വിദ്യാര്‍ഥികളും അടക്കം 120 പേരാണു ക്യാമ്പില്‍ പങ്കെടുത്തത്. എന്‍.ഐ.ടിയിലെ ആര്യഭട്ട ഹാളില്‍ ആയിരുന്നു അവതരണങ്ങളും ചര്‍ച്ചയും. എന്‍.ഐ.ടിയിലെ സ്‌കൂള്‍ ഓഫ് മെറ്റീരിയല്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, റോബോട്ടിക്സ് തുടങ്ങിയ ലാബുകളിലെ സന്ദര്‍ശനം ഉണ്ടായിരുന്നു. റോബോട്ടിക്‌സ് ലാബില്‍ ‘നിയോ’ റോബോട്ട് ഏറെ കൗതുകമായിരുന്നു. എന്‍.ഐ.ടി കാലിക്കറ്റ് ഡയരക്ടര്‍ പ്രസാദ് കൃഷ്ണയാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. യു.എല്‍ സ്പേസ് ക്ലബ്ബ് സ്ഥാപകനും മുന്‍ ഐ.എസ്.ആര്‍.ഒ ഡയരക്ടര്‍ ഇ.കെ. കുട്ടി, എന്‍.ഐ.ടി ഡെപ്യൂട്ടി ഡയരക്ടര്‍ കെ. ജയറാം, രസതന്ത്ര വിഭാഗം മേധാവി സുജിത്ത്, പ്രൊഫസറായ എം.കെ രവിവര്‍മ്മ തുടങ്ങിയവര്‍ പങ്കെടുത്തു. സമാപനസമ്മേളനം അമെച്വര്‍ ആസ്ട്രോണമറായ സുരേന്ദ്രന്‍ പുന്നശ്ശേരി ഉദ്ഘാടനം ചെയ്തു. ക്യാമ്പംഗങ്ങള്‍ അനുഭവങ്ങള്‍ പങ്കുവച്ചു.