വടകരക്കടുത്ത് വില്ല്യാപ്പള്ളിയിലെ ഒരു ക്ഷേത്രത്തിനടുത്തുകൂടെ കടന്നുപോകുമ്പോള്‍ ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ നിറയെ പൂത്തുലഞ്ഞുനില്‍ക്കുന്ന അശോകമരം കണ്ടു. കൗതുകക്കാഴ്ച്ചപോലെ നോക്കിക്കാണുമ്പോഴാണ് മറ്റൊരുകാര്യം കണ്ണില്‍പെട്ടത്. അശോകമരത്തോട് ചേര്‍ന്ന ക്ഷേത്രമതില്‍ക്കെട്ടില്‍ ചെറിയ ഇരുമ്പ് കാലിട്ട് അതില്‍ രണ്ടു മൂന്നുവരി മുള്ളുകമ്പി കെട്ടി മറച്ചിരിക്കുന്നു. ‘പൂക്കള്‍ പറിച്ചുകൊണ്ടുപോകാതിരിക്കാനാണോ മുള്ളുവേലി കെട്ടിയിരിക്കുന്നത്’-തൊട്ടടുത്തുകണ്ട തദ്ദേശവാസിയോട് സൗമ്യമായി കാര്യം തിരക്കി. ‘അല്ലേ അല്ല ‘-ഒരുരഹസ്യം പറയുന്ന മട്ടിലാണ് അദ്ദേഹം പീന്നീട് കാര്യങ്ങള്‍ പറഞ്ഞത്. ‘അശോകമരത്തിന്റെ സമീപം കിടന്നുറങ്ങിയാല്‍ ലൈംഗീകമായ ഉണര്‍വ്വും പൗരുഷവും കൂടുമെന്നും, ഇതൊരു വാജീകരണ വിദ്യയാണെന്നും, അശോകമരത്തില്‍ തട്ടിയെത്തുന്ന കുളിര്‍കാറ്റേറ്റാല്‍ സുഖനിദ്രയും ഒപ്പം മറ്റെന്തൊക്കെയോ കൂടി ലഭിക്കുമെന്ന വിശ്വാസവും ശുഭപ്രതീക്ഷയുമായി പലരും ക്ഷേത്രം ചുറ്റുമതിലില്‍ കയറിക്കിടക്കുന്നത് തീരാശല്യമായി മാറിയതോടെയാണ് മുള്ളുവേലി കെട്ടിയതെന്നാണ്’ അപരിചിതനായ ആ നാട്ടുമ്പുറത്തുകാരനില്‍നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഒരുപക്ഷേ ശരിയായിരിക്കാം. അല്ലെങ്കില്‍ ഇതും ഒരന്ധവിശ്വാസത്തിന്റെ തുടര്‍ച്ചയാവാം. ശരിക്കും പറഞ്ഞാല്‍ അശോക മരത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ എന്നെ പ്രേരിപ്പിച്ചതും ആ നാട്ടുമ്പുറത്തുകാരന്റെ വിശദീകരണമാണ്.
ഔഷധ വര്‍ഗീകരണാടിസ്ഥാനത്തില്‍ ശിംബി കുലത്തില്‍പ്പെട്ട ഔഷധസസ്യമായ അശോകം എന്ന നിത്യഹരിതപൂമരം Caesalpiniaceae സസ്യകുടുംബത്തില്‍ പെട്ട Saraca aosca എന്ന ശാസ്ത്രീയനാമത്തിലാണ് അറിയപ്പെടുന്നത്. മധുപുഷ്പ, അംഗനപ്രിയ, ശുഭക തുടങ്ങിയ ചിലപേരുകളിലും അശോകം അറിയുന്നു. വളര്‍ച്ചയുടെ ഉയരം പരമാവധി ആറുമുതല്‍ ഒമ്പത് മീറ്റര്‍ വരെ, വിരിയുമ്പോള്‍ കടും ഓറഞ്ചും ക്രമേണ ചുവപ്പു വര്‍ണ്ണവുമായി മാറുന്ന അത്യന്തം മനോഹരമായ അശോകപൂക്കള്‍ വസന്തകാലത്താണ് കൂടുതല്‍ പുഷ്പ്പിച്ച് വിലസുന്നത്. ”സീതയും അശോകവും”, അശോകമരം എന്നോര്‍ക്കുമ്പോള്‍ മനസിലാദ്യം ഓര്‍മയിലോടിയെത്തുന്നത് രാമായണത്തിലെ സീതാദേവിയെ. ശ്രീരാമന്റെ സഹധര്‍മ്മണിയെ.
രാവണന്‍ സീതാദേവിയെ കൊണ്ടിരുത്തിയത് ശിംശിപ എന്ന പേരിലുമറിയപ്പെടുന്ന അശോകമരച്ചുവട്ടില്‍. ലങ്കയിലെ അശോകവനിയില്‍. സീതാദേവിക്ക് ശ്രീരാമനെ വിട്ടുപിരിഞ്ഞ വിരഹവേദന സഹിക്കാന്‍ കഴിഞ്ഞത് ശോകമില്ലാത്ത എന്നര്‍ഥം വരുന്ന അശോകമരച്ചുവട്ടില്‍ ഇരുന്നതുകൊണ്ടാണെന്ന വിശ്വാസത്തിനും വിശ്വാസികളുടെ പിന്‍ബലമില്ലാതെയുമല്ല.
മഹാകവി കാളിദാസന്റെ മാളവികാഗ്‌നിമിത്രം എന്ന നാടകത്തില്‍ അഗ്‌നിമിത്രന്റെ കാമുകി മാളവിക ഇതേവരെ പുഷ്പ്പിച്ചിട്ടില്ലാത്ത അശോകമരച്ചുവട്ടില്‍ നൃത്തച്ചുവടുവകള്‍ വെക്കുകയും സ്ത്രീകള്‍ ചവിട്ടിയാല്‍ അശോകം പൂക്കുമല്ലോ എന്നു മൊഴിയുന്ന നാടകീയ മുഹൂര്‍ത്തങ്ങളും ഈ നാടകത്തിലുണ്ട്. സ്ത്രീകളുടെ പാദസ്പര്‍ശമേറ്റാല്‍ അശോകം പുഷ്പ്പിക്കുമെന്ന് വൃക്ഷായുര്‍വ്വേദത്തിലും പറയുന്നുണ്ട് .പദ്മപുരാണത്തിലും മത്സ്യപുരാണത്തിലും അശോകമരം മനസ്സിന് ആനന്ദം തരുന്നതാണെന്നും വിശേഷണമുണ്ട്. ”മല്ലികാബാണന്‍ തന്റെ വില്ലെടുത്തു”- എന്ന വയലാര്‍ വരികളില്‍ മന്ദാരം എന്ന് കാണുന്നുണ്ടെങ്കിലും പ്രണയദേവനായ കാമദേവന്റെ വില്ലിലെ പഞ്ചാസ്ത്രപുഷ്പ്പങ്ങളില്‍ ഒന്ന് അശോക പൂവാണ്. താമര, നവമല്ലിക, മാമ്പൂ, കരിങ്കൂവളം തുടങ്ങിയവകളാണ് മറ്റുപൂക്കള്‍. ദുര്‍ഗ്ഗാപൂജകളില്‍ ഉപയോഗിക്കുന്ന ഒമ്പത് തരം ഇലകളില്‍ ഒരെണ്ണം അശോകത്തിന്റെ ഇലയാണ്.
അശോകവും ആയുര്‍വേദവും കേരളത്തിന്റെ സ്വാഭാവിക ആവാസവ്യവസ്ഥക്കനുയോജ്യമായി പ്രത്യേക പരിചരണങ്ങളൊന്നുമില്ലാതെ ജൈവാംശവും നീര്‍വാര്‍ച്ചയുമുള്ള എതുമണ്ണിലും സമൃദ്ധിയായി വളരുന്നതാണ്. അശോകമരത്തിന് ആരോഗ്യസംരക്ഷണത്തിനായി ആയുര്‍വ്വേദത്തില്‍ പരമപ്രധാനമായ ഒരു സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. ഗര്‍ഭാശയ വൈകല്യങ്ങള്‍, അത്യാര്‍ത്തവം, ആര്‍ത്തവശൂല തുടങ്ങിയ സ്ത്രീകള്‍ക്കുള്ള അസുഖങ്ങള്‍ക്ക് 20 വര്‍ഷമെങ്കിലും പ്രായമായ അശോക മരത്തിന്റെ തൊലിയിളക്കിയെടുത്ത് അതിന്റെ എട്ടിരട്ടി പശുവിന്‍ പാലും പാലിന്റെ നാലിരട്ടി വെള്ളവും ചേര്‍ത്ത് തിളപ്പിച്ച് കുറുക്കി പാലിന്റെ അളവിലാക്കിമാറ്റി തുണിയിലോ അരിപ്പയിലോ അരിച്ചെടുത്ത് ദിവസം രണ്ടു നേരം സേവിക്കാനാണ് പരമ്പരാഗത വൈദ്യന്മാരടക്കം നിര്‍ദേശിക്കാറുള്ളത്. പരമ്പരാഗത ആയുര്‍വേദ ചികിത്സയ്ക്ക് ആഗോളപ്രചാരമേറുന്ന ഈ കാലഘട്ടത്തില്‍ അശോകത്തിന്റെ തൊലിക്ക് സ്ത്രീ ഹോര്‍മോണുകളുടെ പ്രവര്‍ത്തനക്ഷമതയെ ക്രമപ്പെടുത്താനുള്ള അത്യപൂര്‍വ്വമായ കഴിവുണ്ടെന്നും ആധുനിക ഗവേഷണപഠനങ്ങള്‍ വ്യക്തമാക്കുന്നതായുമറിയുന്നു .
അശോക പുഷ്പങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഫ്‌ളേവനോയിഡ് ഘടകങ്ങള്‍ക്ക് ത്വക്കിലുണ്ടാകുന്ന കാന്‍സറിനെ തടയാനാകുമെന്ന് പറയപ്പെടുന്നു.
രക്തശുദ്ധിക്ക് അശോകം
അശോകത്തിന്റെ തൊലി ചെത്തിയെടുത്ത് വൃത്തിയാക്കി ഉണക്കി ശീലപ്പൊടിയാക്കി ദിവസേന ഒരു ടീസ്പൂണ്‍ വീതം ചായ, കാപ്പി, പാല്‍ തുടങ്ങിയ പാനീയങ്ങളില്‍ ചേര്‍ത്ത് കഴിക്കുന്നത് ശീലമാക്കിയാല്‍ രക്തശുദ്ധി ഉണ്ടാകുമെന്ന് അനുഭവസ്ഥര്‍ പറയുന്നു .അശോകത്തിന്റെ ഉണങ്ങിയപൂവ് തൈരില്‍ ചേര്‍ത്ത് സേവിക്കുന്നത് രക്താര്‍ശസ്സിന് ഗുണം ചെയ്യുമ്പോള്‍ കുരു പൊടിച്ച് കരിക്കിന്‍ വെള്ളത്തില്‍ കഴിച്ചാല്‍ മൂത്രതടസ്സം ഒഴിവാകുമെന്നും അറിയുന്നു. ഇന്ത്യയിലെ ആയുര്‍വേദ മരുന്നുനിര്‍മാണ കമ്പനികള്‍ക്ക് മാത്രം ഒരു വര്‍ഷം 2500 ടണ്‍ അശോകമരത്തിന്റെ തൊലി ആവശ്യമായി വരുന്ന സാഹചര്യത്തില്‍ തൈകള്‍ വാണിജ്യാടിസ്ഥാനത്തില്‍ വ്യാപകമായി നട്ടുപിടിപ്പിക്കുവാനുള്ള കര്‍മപദ്ധതി കര്‍ഷകര്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഏറെ ലാഭം ലഭിക്കുന്ന ഒന്നായിരിക്കുമെന്നും പ്രമുഖ ഗവേഷണകേന്ദ്രങ്ങളിലെ ശാസ്ത്രജ്ഞന്മാര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നതായും സമീപകാല വാര്‍ത്തകള്‍ സാക്ഷ്യപ്പെടുത്തുന്നു.
അശോകത്തിന്റെ തൊലി കഷായം വച്ച് ചെറുതേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ഒച്ചയടപ്പ് മാറി ശബ്ദഭംഗി കൂടുമെന്നും ഇതിന്റെ തൊലി ചതച്ച് പിഴിഞ്ഞ് നീരെടുത്ത് പുരട്ടിയാല്‍ പഴുതാര കടിച്ച വേദനക്ക് ശമനമുണ്ടാകുമെന്നും വൈദ്യന്മാര്‍ പറയുന്നു. ഇതിന്റെ തൊലിയും ഒപ്പം പൂവും ആധുനിക ഔഷധനിര്‍മാണത്തിനും പ്രകൃതിദത്ത സ്റ്റീറോയിഡുകളുടെ നിര്‍മാണത്തിനും ഉപയോഗിക്കുന്നു.ശരിയായ പരിചരണം നല്‍കിയാല്‍ തൈകള്‍ നട്ട് 20 വര്‍ഷം കഴിയുന്നതോടെ തൊലി വെട്ടിയെടുക്കാം. ഇതിനായി മരം ചുവട്ടില്‍ നിന്നും ഒന്നരയടി ഉയരം നിര്‍ത്തി ബാക്കി മുറിച്ച് മാറ്റി, അതിന്റെ തൊലിയെടുക്കാം. മുറിച്ച കുറ്റിയില്‍ നിന്നും വീണ്ടും കിളിര്‍പ്പുണ്ടായി അഞ്ചുവര്‍ഷം കൊണ്ട് രണ്ടാമതും വിളവെടുക്കാം. കൂടാതെ ഓരോ ഭാഗത്തുനിന്നും തൊലി ചെത്തിയെടുക്കുന്ന രീതിയും നിലവിലുണ്ട്.
ഇവയില്‍ ടാനിന്‍, ഗ്ലൈകോസൈഡ്, കാത്സ്യം , അയേണ്‍ , കീറ്റോസ്റ്റിറോള്‍ തുടങ്ങിയ ഘടകങ്ങളുടെ ഒന്നാംതരം കലവറകൂടിയാണ് അശോകം .ശരീരത്തിന്റെ തിളക്കത്തിന് അശോകപൂക്കുല ലേഹ്യം വളരെ വിശേഷപ്പെട്ടതാണെന്ന് സ്ത്രീരോഗചികിത്സകരും പ്രമുഖ ബ്യുട്ടീഷന്മാരും തയ്യാറിപ്പ് രീതി സഹിതം സാക്ഷ്യപ്പെടുത്തുന്നു. ചേരുവകള്‍ 50 ഗ്രാം നന്നായി ഉണക്കിയെടുത്ത അശോകപൂക്കള്‍ ശീലപ്പൊടിയാക്കിയത് ഒരു നാളികേരത്തിന്റെ മുഴുവന്‍ തേങ്ങാപാല്‍ തിളച്ചുവരുമ്പോള്‍ അതില്‍ മിക്സ് ചെയ്ത് അതില്‍ ഇരുനൂറു ഗ്രാം കരിപ്പട്ടിയും അല്‍പ്പം പശുവിന്‍ നെയ്യും ചേര്‍ത്ത് കുറുക്കി വറ്റിച്ച് ലേഹ്യരൂപത്തിലാക്കി അത്താഴത്തിനുശേഷം ദിവസേന ഒരു ടീസ്പൂണ്‍ വീതം കഴിച്ചാല്‍ ശരീരത്തിന് തിളക്കമുണ്ടാകുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ കേട്ടറിവുകളുടെ പിന്‍ബലമുണ്ടെങ്കിലും ഉപയോഗത്തിന് മുമ്പ് വിദഗ്ധരായ ആയുര്‍ വൈദ്യന്മാരുടെ ഉപദേശം തേടുന്നതാവും കൂടുതല്‍ ഉത്തമം .