ഭരണഘടന വിരുദ്ധ പ്രസംഗം: സജി ചെറിയാനെതിരേ കേസെടുത്തു

ഭരണഘടന വിരുദ്ധ പ്രസംഗം: സജി ചെറിയാനെതിരേ കേസെടുത്തു

തിരുവനന്തപുരം: ഭരണഘടന വിരുദ്ധപ്രസംഗം നടത്തിയ മുന്‍മന്ത്രി സജി ചെറിയാനെതിരേ പോലിസ് കേസെടുത്തു. വിവാദ പ്രസംഗം നടന്ന മല്ലപ്പള്ളിയിലെ കീഴ്‌വായ്പൂര് പോലിസാണ് കേസെടുത്തത്. ദേശീയ ചിഹ്നങ്ങളെയും പ്രതീകങ്ങളെയും അപമാനിച്ചെന്ന കുറ്റം ചുമത്തി ഇന്ന് പുലര്‍ച്ചെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. നിയമോപദേശം ലഭിച്ചതിന് ശേഷമാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കാവുന്ന കേസാണിത്.

പ്രസംഗം നടത്തിയ സമയത്ത് വേദിയിലുണ്ടായിരുന്ന രണ്ട് എം.എല്‍.എമാരുടെയും മൊഴി രേഖപ്പെടുത്തും. ഭരണഘടനയെ അവഹേളിച്ചെന്ന പരാതിയില്‍ സജി ചെറിയാനെതിരേ കേസെടുക്കണമെന്ന് തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. പോലിസ് കഴിഞ്ഞ ദിവസം പത്തനംതിട്ട മല്ലപ്പള്ളിയില്‍ സജി ചെറിയാന്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പരിശോധിച്ചിരുന്നു. തിരുവല്ല ഡിവൈ.എസ.്പി ടി.രാജപ്പന്‍ റാവുത്തറിനാണ് അന്വേഷണച്ചുമതല. അതേസമയം വിവാദങ്ങളെ തുടര്‍ന്ന് സജി ചെറിയാന്‍ ഇന്നലെ മന്ത്രി സ്ഥാനം രാജിവച്ചിരുന്നു. രാജിവച്ച സജി ചെറിയാന്‍ ഇനി ചെങ്ങന്നൂര്‍ എം.എല്‍.എ ആയി തുടരും.

Share

Leave a Reply

Your email address will not be published. Required fields are marked *