പത്ര വ്യവസായം കടുത്ത പ്രതിസന്ധിയില്‍; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണം: എം.വി ശ്രേയാംസ് കുമാര്‍

കോഴിക്കോട്: കൊവിഡ് പ്രതിസന്ധിയും നീണ്ടുനില്‍ക്കുന്ന റഷ്യ-ഉക്രൈന്‍ യുദ്ധവും കാരണം അച്ചടി മാധ്യമങ്ങള്‍ നേരിടുന്ന വലിയ പ്രതിസന്ധി നേരിടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി കേരള റീജിയണല്‍ കമ്മിറ്റി ചെയര്‍മാന്‍ എം.വി ശ്രേയാംസ്‌കുമാര്‍ ആവശ്യപ്പെട്ടു. പത്രവ്യവസായത്തിന്റെ ഉല്‍പാദന ചിലവിന്റെ 50 ശതമാനത്തിലധികം പത്രക്കടലാസാണ്. കൊവിഡ് മൂലം ആഗോള തലത്തില്‍ പത്ര വ്യവസായം പ്രതിസന്ധിയിലായതോടെ വിദേശ രാജ്യങ്ങളിലെ ന്യൂസ്പ്രിന്റ് ലഭ്യതയില്‍ വന്‍ ഇടിവുണ്ടായി. ഇതുമൂലം ന്യൂസ്പ്രിന്റിന്റെ വില കഴിഞ്ഞ ഒന്നര വര്‍ഷമായി കുതിച്ചുയരുകയാണ്. റഷ്യ-ഉക്രൈന്‍ യുദ്ധം ന്യൂസ്പ്രിന്റ് ലഭ്യത വീണ്ടും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ഇന്ത്യയിലേക്കാവശ്യമായ ന്യൂസ്പ്രിന്റിന്റെ 45 ശതമാനവും ഇറക്കുമതി ചെയ്യുന്നത് റഷ്യയില്‍നിന്നാണ്. റഷ്യക്കെതിരേ യു.എസും യൂറോപ്യന്‍ രാജ്യങ്ങളും ഉപരോധം പ്രഖ്യാപിച്ചതോടെ റഷ്യയില്‍നിന്നുള്ള പത്രക്കടലാസ് ഇറക്കുമതി നിലച്ചിരിക്കുകയാണ്. ഇതുമൂലം പത്രക്കടലാസിന് വിലവര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ടണ്ണിന് 450 യു.എസ് ഡോളറായിരുന്ന പത്രക്കടലാസിന്റെ വില ഇപ്പോള്‍ 1000 ഡോളര്‍ കടന്നിരിക്കുന്നു. ചരക്കുനീക്കം തടസ്സപ്പെട്ടതുക്കൊണ്ട് കണ്ടെയ്‌നറുകളുടെ ലഭ്യത പ്രതിസന്ധിയിലായിട്ടുണ്ടെന്നും ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. വിതരണ ശൃംഖലയില്‍ സമ്മര്‍ദമേറിയതോടെ ഷിപ്പിങ് കമ്പനികള്‍ ചാര്‍ജുകള്‍ നാലും അഞ്ചും ഇരട്ടിയായി വര്‍ധിപ്പിക്കുകയാണ്.

അടിക്കടിയുണ്ടാകുന്ന ഇന്ധന വിലവര്‍ധനവ് കാരണം പത്രവ്യവസായത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ക്കും മഷി മുതലായ രാസപദാര്‍ഥങ്ങള്‍ക്കും 50 ശതമാനം വിലവര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. അലൂമിനിയം പ്ലേറ്റുകള്‍ക്ക് 40 ശതമാനത്തോളം വിലവര്‍ധനവും ഉണ്ടായിട്ടുണ്ട്. പത്രവ്യവസായത്തിന്റെ ഉല്‍പാദന വിതരണ ചിലവുകളില്‍ ക്രമാതീതമായ വര്‍ധനവാണ് ഇക്കാരണങ്ങളാല്‍ ഉണ്ടായിട്ടുള്ളത്.
റഷ്യന്‍ കൂടാതെ ന്യൂസ്പ്രിന്റ് ഇറക്കുമതിക്ക് ഇന്ത്യ ആശ്രയിക്കുന്ന കാനഡയിലും ഫിന്‍ലാന്‍ഡിലും തൊഴില്‍സമരങ്ങള്‍ കാരണം മില്ലുകള്‍ അടച്ചിട്ടതുമൂലം ഇറക്കുമതി സാധ്യമാകുന്നില്ല. ഇറക്കുമതി ചെയ്യുന്ന ന്യൂസ്പ്രിന്റിനാകട്ടെ അഞ്ച് ശതമാനം ഇറക്കുമതി തീരുവയും ചുമത്തുന്നുണ്ട്. കൂടാതെ കേരളത്തില്‍ ഈയടുത്ത കാലത്ത് വൈദ്യുതി ചാര്‍ജ് 10 ശതമാനത്തിലധികം വര്‍ധിപ്പിച്ചതും അച്ചടി വ്യവസായത്തെ സാരമായി ബാധിച്ചു.

ഇക്കാരണങ്ങള്‍ കൊണ്ട് പത്രവ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്ര വ്യവസാത്തിന്റെ നിലനില്‍പ്പു തന്നെ ആശങ്കപ്പെടുത്തുന്ന സ്ഥിതിവിശേഷമാണുള്ളത്. ജനാധിപത്യ സംരക്ഷണത്തിന് സദാ ഉണര്‍ന്നുപ്രവര്‍ത്തിക്കാന്‍ ചുമതലയുള്ള മാധ്യമങ്ങള്‍ ഇന്ന് ഉല്‍പാദന വിതരണ ചിലവിലെ വിലവര്‍ധനവും കൊവിഡ് പ്രതിസന്ധി മൂലമുള്ള പരസ്യവരുമാനത്തിലെ ഇടിവും കാരണം അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്. ഒട്ടനവധി ദിനപത്രങ്ങളും മാസികകളും ഇതിനകം അടച്ചുപൂട്ടുകയും മറ്റു ചിലത് അതിന്റെ വക്കിലുമാണ്. ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശത്തിന്റെ നിഷേധം കൂടിയാണ് ഇങ്ങനെ സംഭവിച്ചാല്‍ ഉണ്ടാവുക. ഇക്കാരണങ്ങളാല്‍ അച്ചടി മാധ്യമങ്ങളെ രക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share

Leave a Reply

Your email address will not be published. Required fields are marked *