കോഴിക്കോട്: വിവിധ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന മുഴുവന്‍ ഫയലുകളും തീര്‍പ്പാക്കി പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആരംഭിച്ച ഫയല്‍ അദാലത്തില്‍ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട അദാലത്തിന് തുടക്കമായി. അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം വേങ്ങേരി വില്ലേജ് ഓഫീസില്‍ ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി നിര്‍വഹിച്ചു.
കോഴിക്കോട് താലൂക്കില്‍ കെട്ടിക്കിടക്കുന്ന 22,724 ഫയലുകള്‍ തീര്‍പ്പാക്കാനാണ് ലക്ഷ്യമിടുന്നത്. വേങ്ങേരി വില്ലേജ് ഓഫീസില്‍ തീര്‍പ്പാക്കാനായി താലൂക്കില്‍ നിന്നും നല്‍കിയ 28 ഫയലുകളില്‍ 24 ഫയലുകള്‍ തീര്‍പ്പാക്കി. ഫയല്‍ അദാലത്ത് തീവ്രയജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ 118 വില്ലേജ് ഓഫീസുകളിലും അദാലത്തിന് തുടക്കമാകും. വില്ലേജ് ഓഫീസുകളില്‍ ഈ മാസം 15നും താലൂക്ക് ഓഫീസുകളില്‍ 18 മുതല്‍ 23 വരെയും ആര്‍.ഡി.ഒ ഓഫീസുകളില്‍ 25, 26 തീയതികളിലും മറ്റ് സബ് ഓഫീസുകളില്‍ 27നും കലക്ട്രേറ്റില്‍ ആഗസ്റ്റ് മൂന്നിനും അദാലത്തുകള്‍ നടക്കും.
തഹസില്‍ദാര്‍ പ്രേംലാല്‍, എല്‍.ആര്‍ തഹസില്‍ദാര്‍ ശ്രീകുമാര്‍, ഇന്‍സ്പെക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ അനില്‍കുമാര്‍, ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ഗായത്രി, ബില്‍ഡിങ് ടാക്‌സ് ജൂനിയര്‍ സൂപ്രണ്ട് അനില്‍കുമാര്‍, വേങ്ങേരി വില്ലേജ് ഓഫിസര്‍ എം. സജീന്ദ്രന്‍, താലൂക്ക്, വില്ലേജ് ഓഫീസ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.