തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകി രോഗി മരിച്ച സംഭവത്തിലെ വീഴ്ചയുടെ ഉത്തരവാദിത്തം ഡോക്ടര്‍മാര്‍ക്കാണെന്നും ഇത്തരത്തിലുള്ള അനാസ്ഥ അനുവദിക്കില്ലെന്നും ആരോഗ്യമന്ത്രി വീണാജോര്‍ജ്. യൂറോളജി, നെഫ്രോളജി മേധാവികളെ സസ്‌പെന്റ് ചെയ്തത് അന്വേഷണ വിധേയമാണ്. അല്ലാതെ ശിക്ഷാനടപടിയല്ല. അന്വേഷണ റിപ്പോര്‍ട്ട് വന്നാല്‍ നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന ഓരോ രോഗിയുടെയും ജീവന്‍ വിലപ്പെട്ടതാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ രോഗി മരിച്ച സംഭവത്തില്‍ പോലിസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസ്. മരിച്ച സുരേഷ്‌കുമാറിന്റെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ബന്ധുക്കളുടെ മൊഴി പോലിസ് രേഖപ്പെടുത്തും. സുരേഷ്‌കുമാറിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലെ മരണകാരണം വ്യക്തമാകൂ. ഇതിന് ശേഷമായിരിക്കും കൂടുതല്‍ അന്വേഷണങ്ങളിലേക്ക് നീങ്ങുക.