മുസ്‌ലിം പെണ്‍കുട്ടിക്ക് 16ാം വയസില്‍ വിവാഹം കഴിക്കാം: പഞ്ചാബ്-ഹരിയാന ഹൈക്കോടതി

മുസ്‌ലിം പെണ്‍കുട്ടിക്ക് 16ാം വയസില്‍ വിവാഹം കഴിക്കാം: പഞ്ചാബ്-ഹരിയാന ഹൈക്കോടതി

ഛണ്ഡീഗഡ്: 16 വയസ് കഴിഞ്ഞ മുസ്‌ലിം പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാന്‍ അവകാശമുണ്ടെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. വീട്ടുകാരുടെ എതിര്‍പ്പ് മറിക്കടന്ന് 21 വയസുള്ള പുരുഷനും 16 വയസുള്ള പെണ്‍കുട്ടിയും കുടുംബാംഗങ്ങളില്‍നിന്ന് ജീവനും സ്വാതന്ത്ര്യത്തിനും സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസ് ജസ്ജിത് സിംഗ് ബേദിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പറഞ്ഞത്.

തങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹം കഴിഞ്ഞെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു. 2022 ജൂണ്‍ എട്ടിന് മുസ്‌ലിം ആചാര പ്രകാരമാണ് വിവാഹം നടന്നത്. ശരീയത്ത് നിയമത്തില്‍ ഋതുമതിയാകുന്നതും പ്രായപൂര്‍ത്തിയാകുന്നതും ഒന്നാണെന്നും 15 വയസില്‍ ഒരാള്‍ പ്രായപൂര്‍ത്തിയായെന്ന് അനുമാനമുണ്ടെന്നും ഹര്‍ജിക്കാരായ ദമ്പതികള്‍ വാദിച്ചു. പ്രായപൂര്‍ത്തിയായ ഒരു മുസ്‌ലിം ആണ്‍കുട്ടിയോ മുസ്‌ലിം പെണ്‍കുട്ടിയോ തനിക്ക് ഇഷ്ടമുള്ള ആരെയെങ്കിലും വിവാഹം കഴിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും രക്ഷകര്‍ത്താക്കള്‍ക്ക് ഇടപെടാന്‍ അവകാശമില്ലെന്നും അവര്‍ വാദിച്ചു. തങ്ങളുടെ ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ച് ദമ്പതികള്‍ പത്താന്‍കോട്ട് സീനിയര്‍ പോലിസ് സൂപ്രണ്ടിന് (എസ്.എസ്.പി) നിവേദനം നല്‍കിയിരുന്നു.

ഹരജിക്കാരുടെ ആശങ്കകളില്‍ കോടതിക്ക് കണ്ണടയ്ക്കാന്‍ കഴിയില്ലെന്നും ഹര്‍ജിക്കാരുടെ തീരുമാനം നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പത്താന്‍കോട്ട് എസ്.എസ്.പിക്ക് നിര്‍ദേശം നല്‍കി. ഹരജിക്കാര്‍ അവരുടെ കുടുംബാംഗങ്ങളുടെ ആഗ്രഹത്തിന് വിരുദ്ധമായി വിവാഹം കഴിച്ചതിനാല്‍, ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന അവരുടെ മൗലികാവകാശങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

ഒരു മുസ്‌ലിം പെണ്‍കുട്ടിയുടെ വിവാഹം തീരുമാനിക്കുന്നത് മുസ്‌ലിം വ്യക്തിനിയമമാണെന്നാണ് നിയമം. സര്‍ ദിന്‍ഷാ ഫര്‍ദുന്‍ജി മുല്ലയുടെ ‘പ്രിന്‍സിപ്പിള്‍സ് ഓഫ് മുഹമ്മദന്‍ ലോ’ എന്ന പുസ്തകത്തിലെ ആര്‍ട്ടിക്കിള്‍ 195 പ്രകാരം, 16 വയസിന് മുകളിലുള്ള മുസ്‌ലിം പെണ്‍കുട്ടിക്ക് ഇഷ്ടമുള്ള ഒരാളുമായി വിവാഹക്കരാറില്‍ ഏര്‍പ്പെടാന്‍ യോഗ്യതയുണ്ട്. ഇവിടെ പുരുഷന് 21 വയസിന് മുകളിലാണെന്ന് വ്യക്തമായിരിക്കുന്നു. അതുകൊണ്ടുതന്നെ രണ്ട് ഹര്‍ജിക്കാര്‍ക്കും മുസ്‌ലിം വ്യക്തിനിയമ പ്രകാരം വിവാഹിതരാകാനുള്ള പ്രായമുണ്ട്- ജസ്റ്റിസ് ബേദി പറഞ്ഞു.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *