സിദ്ദു മൂസെവാലയുടെ കൊലയാളിയെ അറസ്റ്റ് ചെയ്തു

സിദ്ദു മൂസെവാലയുടെ കൊലയാളിയെ അറസ്റ്റ് ചെയ്തു

ഛണ്ഡീഗഡ്: പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയുടെ കൊലയാളിയെ അറസ്റ്റ് ചെയ്തു. വെടിവച്ച സംഘത്തിലെ സന്തോഷ് ജാദവ് എന്നയാളാണ് അറസ്റ്റിലായത്. പൂനെയില്‍ നിന്നാണ് പോലിസ് ഇയാളെ പിടികൂടിയത്. ഓംകാര്‍ ബങ്കുലെയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സന്തോഷ് യാദവ് ഒളിവിലായിരുന്നു.
സിദ്ദു മൂസെവാലയുടെ കൊലപാതകത്തില്‍ കൊലയാളി സംഘവുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന സൗരവ് മഹാകാലിനെ ജൂണ്‍ എട്ടിന് അറസ്റ്റ് ചെയ്തിരുന്നു. മഹാരാഷ്ട്ര പോലിസും ഡല്‍ഹി പോലിസും സംയുക്തമായാണ് ഇയാളെ പിടികൂടിയത്. എം.സി.ഒ.സി ആക്ട് പ്രകാരം പൂനെയിലെ മഞ്ചാര്‍ പോലിസ് സ്റ്റേഷനിലാണ് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മെയ് 29നാണ് സിദ്ദു മൂസെവാല കൊല്ലപ്പെട്ടത്. മാന്‍സ ജില്ലയിലെ ജവഹര്‍കെ ഗ്രാമത്തില്‍വച്ചാണ് സിദ്ദുവിനെ അക്രമികള്‍ വെടിവച്ചു കൊന്നത്. പഞ്ചാബ് സര്‍ക്കാര്‍ സിദ്ദു മൂസെവാല ഉള്‍പ്പെടെ 424 പേരുടെ സുരക്ഷ പിന്‍വലിച്ചതിന് തൊട്ടുപിന്നാലെ ആയിരുന്നു ആക്രമണം. വി.ഐ.പി സംസ്‌കാരം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് സുരക്ഷ പിന്‍വലിച്ചതെന്നാണ് പഞ്ചാബ് സര്‍ക്കാര്‍ വിശദീകരിച്ചത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

കൊലപാതകം തിഹാര്‍ ജയിലുള്ള ഗുണ്ട നേതാവ് ലോറന്‍സ് ബിഷ്ണോയിയാണ് ആസൂത്രണം ചെയ്തതെന്നാണ് ഡല്‍ഹി പോലിസ് പറയുന്നത്. കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. മൂസെവാലയുടെ കുടുംബത്തെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *