കാക്കപ്പടയ്ക്ക് ശേഷം ഉസ്മാൻ ഒഞ്ചിയം ഒരിയാന എഴുതിയ കഥാ സമാഹാരമാണ് എന്റെ വീട് പൊള്ളയാണ്.
വായനക്കാരന്റെ മനസ്സിനെ ആനന്ദം കൊള്ളിയ്ക്കുന്ന അസൂയാവഹമായ രചനാ രീതിയാണ് ഉസ്മാൻ എന്റെ വീട് പൊള്ളയാണ് എന്ന തന്റെ കഥാ സമാഹാരത്തിലൂടെ നിർവ്വഹിച്ചു കാണുന്നത്.
അനുഭവങ്ങളിൽ നിറഞ്ഞു നിൽക്കുന്ന സ്വാഭാവികതയെ അതിലോലമായി ലാളിച്ചു കൊണ്ടാണ് ഓരോ കഥയുടെയും ആത്മാവിലേക്ക് ഉസ്മാൻ വായനക്കാരനെ നയിക്കുന്നത്. ഇങ്ങനെ എഴുതണമെങ്കിൽ ഒരു പ്രവാസി എന്ന നിലയിൽ ഒരുപാട് അനുഭവങ്ങൾ ഈ എഴുത്തുകാരന് കൈമുതലുണ്ടാവണം. അതുകൊണ്ടാകണം ഓരോ കഥയുടെയും ഉൾത്തടങ്ങളിൽ ഇത്രയ്ക്ക് ആത്മാർത്ഥത നിറഞ്ഞു കാണുന്നത്.
പ്രവാസ ജീവിതമാണ് കഥകളിൽ നിറഞ്ഞുള്ളതെങ്കിലും പ്രവാസികളെ ആശ്രയിച്ചു നാട്ടിൽ കഴിയുന്ന സ്വന്തക്കാരുടെയും ബന്ധുമിത്രാദികളുടെയും വികാര വിചാരങ്ങളാണ് രചനയിലെമ്പാടും മഴിവാർന്നു നിൽക്കുന്നത്.
പന്ത്രണ്ടു കഥകളാണ് ഈ സമാഹാരത്തിലുള്ളത്. രണ്ടാമത്തെ കഥയാണ് എന്റെ വീട് പൊള്ളയാണ്. മരുഭൂമിയിൽ ചോര നീരാക്കുന്നവന്റെ വേദന അറിയാൻ ഭാര്യയ്‌ക്കോ, മക്കൾക്കോ, ബന്ധുമിത്രാദികൾക്കോ കഴിയില്ലെന്ന യാഥാർത്ഥ്യം ഭൂരിപക്ഷം പ്രവാസികളുടെയും അനുഭവമാണ്. നാട്ടിലെ ബന്ധുക്കൾ പൊങ്ങച്ചം കാണിയ്ക്കാൻ മത്സരിക്കുമ്പോൾ മരുഭൂമിയിൽ സായ്‌വിന്റെ കക്കൂസു കഴുകുന്ന പ്രവാസി സത്യം മറച്ചുവെയ്ക്കാൻ പാടുപെടുന്ന അവസ്ഥ.
ഇരുപത് വർഷം ഓടിനടന്ന മരുഭൂമിയോട് വിട പറഞ്ഞുകൊണ്ട് ശൂന്യമായ പോക്കറ്റുമായി നാട്ടിലെത്തുന്ന കഥാപാത്രം മറ്റുള്ളവർക്ക് മുൻപിൽ പതറി പോകുന്നു. ഒടുവിൽ ഭാര്യയാണ് ഭർത്താവിനെ രക്ഷപ്പെടുത്തുന്നത്. ഭാര്യയുടെ പൊങ്ങച്ചത്തിന് വേണ്ടി കെട്ടിയുയർത്തിയ വലിയ വീടും മറ്റും പൊള്ളയാണെന്ന യാഥാർത്ഥ്യം വരച്ചു കാണിക്കുകയാണിവിടെ, എന്റെ വീട് പൊള്ളയാണ് എന്ന കഥയിലൂടെ.
സ്ത്രീ മനസ്സിനെ മന:ശാസ്ത്രപരമായി വിശകലനം ചെയ്യുന്ന ഒരു കഥയാണ് അദ്ദേഹം ഇപ്പോൾ എന്തെടുക്കുകയായിരിയ്ക്കും.
ഭർത്താവ് തന്നോടൊപ്പം ഉണ്ടാകാൻ ഉൽക്കടമായി ആഗ്രഹിച്ച ഒരു ഭാര്യ. എന്നാൽ ടെലിഫോണിൽ മാത്രം തന്റെ സാന്നിദ്ധ്യം കൊടുക്കാൻ വിധിയ്ക്കപ്പെട്ട പ്രവാസിയായ ഭർത്താവ്. ഫോണിൽ സ്‌നേഹലാളനങ്ങൾ കൈമാറിക്കൊണ്ടിരിക്കെ മഴ കനക്കുന്നു. തണുപ്പേറുന്നു. ഒന്നിച്ചു തണുപ്പറിയാൻ അവൾ അവനെ അരികെ വിളിയ്ക്കുന്നു. അങ്ങനെ ഒരു സാധ്യത ഇല്ലാത്തതുകൊണ്ട് വികാരങ്ങളെ ഉള്ളിലമർത്തി അവളുറങ്ങുന്നു.
സ്വപ്‌നത്തിൽ ബലിഷ്ഠകായനായ ഒരു കള്ളൻ വന്നതും, ഞെട്ടി ഉണർന്നപ്പോൾ കൺമുന്നിൽ കാവൽക്കാരനെ കാണുന്നതും അവളെ അമ്പരപ്പിയ്ക്കുന്നു.
മനസ്സിന്റെ വിഹ്വലമായ തോന്നലുകളിൽ നിന്ന് രക്ഷപ്പെട്ട അവൾ വീണ്ടും സ്വപ്‌നം കാണാതിരിയ്ക്കാൻ ഉറങ്ങാതിരിക്കുന്നു. വികാരങ്ങളുടെ നിയന്ത്രണം കൈവിട്ടു പോകാതിരിയ്ക്കാനവൾ തണുത്ത വെള്ളം കുടിയ്ക്കുകയും തണുത്ത വെള്ളത്തിൽ കുളിയ്ക്കുകയും ചെയ്യുന്നു. ഇന്നേരം അവൾ ചിന്തിക്കുകയാണ് ഇപ്പോൾ ഭർത്താവ് എന്തെടുക്കുകയാകും എന്ന കഥ.
പ്രവാസി ലോകത്തേക്ക് ആദ്യമായി പോകുന്നവന് യാത്രാമംഗളങ്ങൾ നേരാനെത്തിയവർക്കുള്ള സൽക്കാരത്തിന്റെ ബഹളങ്ങളിൽ നിന്നാണ് ‘ഇഷ്ടം’ എന്ന കഥയുടെ തുടക്കം. ഒടുവിൽ അതൊരു സ്വപ്‌നമായിരുന്നു എന്ന് വായനക്കാരൻ തിരിച്ചറിയുന്നു. ഇറച്ചിവെട്ടുകാരൻ അബ്ദുറഹിമാൻ എന്ന അന്ത്രുമാന്റെ വേദനകളും വിഭ്രാന്തിയും നിറഞ്ഞ കഥയാണ് ‘കസായി’. പാരമ്പര്യം വ്യക്തികളിൽ അടിച്ചേൽപ്പിക്കുന്ന കറകളും പേറി ജീവിക്കേണ്ടി വരുന്നവരുടെ വ്യഥകളിൽപ്പെടുന്നവരാണ് കസായി. തനിയ്ക്കു ചുറ്റും ജീവിയ്ക്കുന്ന വ്യക്തികളെ സൂക്ഷ്മമായി നിരീക്ഷിച്ച് അവരുടെ ഭാഷയും ഭാവപ്പകർച്ചയും ഒപ്പിയെടുത്ത് പുനരാവിഷ്‌ക്കരിക്കാനുള്ള ഉസ്മാന്റെ പരിശ്രമം വിജയം കൈവരിയ്ക്കുന്നതിന്റെ തെളിവാണ് ഈ പുസ്തകത്തിലെ ഓരോ കഥകളും.
തികച്ചും ഗ്രാമീണമായ ഭാഷയും ശീലുകളും ഉപയോഗിച്ചുകൊണ്ട് കഥാപാത്രങ്ങളെ മിനഞ്ഞെടുത്തിരിക്കുന്നതിനാൽ ഉസ്മാന്റെ കഥകൾക്ക് പ്രത്യേകിച്ചൊരു മൃദുലതയും ശാലീന സൗന്ദര്യവും കൈവന്നിട്ടുണ്ടെന്ന് പറയാതെ വയ്യ.
മമ്മദിന്റെയും കുട്ട്യാലിയുടെയും സംസ്‌കാരത്തിലൂടെയാണ് ‘ബല്ലാത്ത ലോകം’ തുടങ്ങുന്നത്. ഒരു നാടൻ ചായക്കടയിൽ നിന്ന് തുടങ്ങുന്ന ഈ കഥയിലെ മമ്മദും കുട്ട്യാലിയും രണ്ടിടത്തേക്ക് തിരിയുന്നതോടെ അവസാനിയ്ക്കുകയാണ്. അന്യന്റെ തെറ്റുകളെ പർവ്വതീകരിച്ചു കൊണ്ട് നടക്കുന്ന കുട്ട്യാലി സ്വന്തം തെറ്റുകളെ കാണാൻ കൂട്ടാക്കാത്ത മനുഷ്യനാണ്. ഇതിനെതിരെ പരിഹാസധ്വനി ഉയർത്തുകയാണ് മമ്മദ്. കഥയുടെ അവസാനത്തിൽ കുട്ട്യാലിക്ക് പരിവർത്തനം വരുന്നു. തന്റെ തെറ്റുകളെ ഓർത്ത് വ്യസനം കൊള്ളുന്ന കുട്ട്യാലിയുടെ മിഴിയോരങ്ങൾ ഈറനണിയുന്നു. അന്നേരത്ത് പരിവർത്തനത്തിന് വഴിയൊരുക്കിയ മമ്മദിന്റെ മകന്റെ കാറു വന്ന് മുന്നിൽ നിൽക്കുമ്പോൾ ഗമയിൽ മുൻസീറ്റിൽ തന്നെ കയറി ഇരുന്ന് മമ്മദ് യാത്രയാകുന്നു.
സുന്ദരമായ ഒരു സ്വപ്‌നത്തിന്റെ കഥയാണ് ‘ഞാനും സുഹറയും’. എങ്കിലും ഈ കഥയിൽ ഒരു മുസ്ലിം വിവാഹച്ചടങ്ങിന്റെ നേർക്കാഴ്ചയുണ്ട്. ചടങ്ങിന്റെ ഓരോ ഘട്ടത്തിലും ആസ്വദിച്ചു മുന്നേറാൻ കഴിയുന്നു. വീട്ടിൽ മാന്യനല്ലാത്തവൻ എങ്ങിനെയാണ് നാട്ടിൽ മാന്യനാകുന്നത് എന്ന സന്ദേശവുമായാണ് ഖദീജയുടെയും മജീദിന്റെയും കഥ പറയുന്നത്. കുടുംബ ജീവിതത്തന്റെ ആഴവും വിശാലതയും അളക്കുന്നതാണ് ‘ആമിന’ എന്ന കഥ. ധന സമ്പാദനത്തിൽ മുഴുകി കുടുംബ ജീവിതം മറന്നുപോയ ഭർത്താവിന്റെ വിരഹിണിയായ ഭാര്യ നസീമയുടെ കഥയാണ് ഒന്ന്. തലമുറകളെ സ്‌നേഹിക്കാൻ മാത്രം പഠിപ്പിച്ച മീൻകാരൻ അയമ്മദിന്റെ കഥയാണ് മറ്റൊന്ന്. ഇവയെല്ലാം തനിയ്ക്കു ചുറ്റുമുള്ള സമൂഹത്തിൽ നിന്ന് ഉസ്മാൻ കണ്ടെത്തിയ മാതൃകകളാണ്.
ഉസ്മാന്റെ എല്ലാ കഥകളും വായനക്കാരനെ വിരുന്നൂട്ടുന്നവയാണ്. ഓരോന്നും ഒന്നിനൊന്ന് മെച്ചം. എല്ലാ കഥകളിലും മഴ ഒരനുഗ്രഹമായി വന്നു ചേരുന്നത് സ്വാഭാവികം മാത്രം.ആനുകാലികങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും വായനക്കാർക്ക് ഏറെ സുപരിചിതനാണ് ഉസ്മാൻ ഒഞ്ചിയം ഒരിയാന. ‘കാക്കപ്പട’യാണ് ആദ്യ സമാഹാരം.മാധുര്യം നിറഞ്ഞു നിൽക്കുന്ന രചനാ ചാതുര്യം ഇതിലെ ഓരോ കഥകളെയും സമ്പന്നമാക്കിയിരിക്കുന്നു. ഉസ്മാന് ഹൃദയം നിറഞ്ഞ ആശംസകൾ. പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷൻസ് കോഴിക്കോട് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന് 120 രൂപയാണ് വില.