പ്രധാനമന്ത്രി പാർലമെന്റിനെ ഭയക്കുന്നു എളമരംകരീം. എം.പി

പ്രധാനമന്ത്രി പാർലമെന്റിനെ ഭയക്കുന്നു എളമരംകരീം. എം.പി

പി.ടി.നിസാർ

കോഴിക്കോട്: ലോക ചരിത്രത്തിലിതുവരെ രേഖപ്പെടുത്താത്ത ഐതിഹാസിക സമര ചരിത്രമാണ് രാജ്യ തലസ്ഥാനത്ത് കഴിഞ്ഞ 8 മാസമായി ഇന്ത്യയിലെ 500ലധികം കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭമെന്ന് രാജ്യസഭാംഗവും സിഐടിയു നേതാവുമായ എളമരം കരീം പീപ്പിൾസ് റിവ്യൂവിനോട് പറഞ്ഞു. കർഷകരൊന്നായി എതിർക്കുന്ന കാർഷിക നിയമങ്ങൾ ആർക്കുവേണ്ടിയാണെന്ന് പകൽപോലെ വ്യക്തമാണ്. വൻകിട കോർപ്പറേറ്റ് കമ്പനികൾക്കും, വിദേശ കമ്പനികൾക്കും കാർഷിക മേഖലയിൽ സൈ്വരവിഹാരം  നടത്തി വിലക്കയറ്റം സൃഷ്ടിച്ച്, സമ്പത്ത് കൊള്ളയടിക്കുകയാണ് ലക്ഷ്യം. ഇന്ത്യയിലെ സമൃദ്ധമായ കാർഷിക മേഖലകളിൽ വിദേശ കമ്പനികൾ നോട്ടമിട്ടിട്ട് കാലങ്ങളായി. അവർക്ക് പച്ചപരവതാനി വിരിക്കുന്ന ദൗത്യമാണ് മോദി സർക്കാർ സ്വീകരിച്ചിട്ടുള്ളത്. വിദേശ കമ്പനികൾ കാർഷിക മേഖലയിൽ കടന്നുകയറിയാൽ, തങ്ങളുടെ രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് മാർക്കറ്റ് കണ്ടെത്തുകയും, നമ്മൾ പരമ്പരാഗതമായി ഉൽപ്പാദിപ്പിക്കുന്ന കാർഷിക ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനം അവസാനിപ്പിച്ച് അവരുടെ രാജ്യത്തുണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്ന കമ്പോളമാക്കി ഇന്ത്യയെ മറ്റും. 30,40 വർഷത്തേക്ക് കാർഷിക ഭൂമി കൈമാറുമ്പോൾ കോർപ്പറേറ്റുകളും വൻകിട കമ്പനികളും, കർഷകരെ കൃഷിയിടത്തിൽ നിന്ന് കുടിയിറക്കും. കാർഷിക രാജ്യമായ ഇന്ത്യയുടെ ആന്ത്യം കുറിക്കുന്ന നടപടികളാണ് കേന്ദ്ര സർക്കാർ തുടരുന്നത്. പാർലമെന്റിലെ മൃഗീയ ഭൂരിപക്ഷവും രാജ്യസഭയിൽ നടപടിക്രമങ്ങൾ പാലിക്കാതെയുമാണ് ഏകപക്ഷീയമായി ചർച്ചകളില്ലാതെ കാർഷിക-തൊഴിൽ നിയമങ്ങൾ പാസാക്കുന്നത്. വിഷയം സുപ്രീംകോടതിയിലെത്തിയപ്പോൾ കോടതി നിയമം സ്‌റ്റേചെയ്തിരിക്കുകയാണ്. സുപ്രീംകോടതി നിശ്ചയിച്ച കമ്മീഷനുമായി കർഷക സംഘടനകൾ സഹകരിച്ചിട്ടില്ല. കാർഷികോൽപ്പന്നങ്ങളുടെ താങ്ങുവില എന്ന സമ്പ്രദായംതന്നെ ഇല്ലാതാവും. പഞ്ചാബ്, ഹരിയാന, ബീഹാർ, യു.പി.എന്നീ സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന കർഷക കൂട്ടായ്മകൾ ഇല്ലാതാകും. കർഷകരുടെ ഉൽപ്പന്നങ്ങൾ സംഭരിക്കുന്ന അവരുടെതന്നെ കൂട്ടായ്മകളെ തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. കർഷക സമര ഭൂമിയിൽ എണ്ണൂറോളം പ്രക്ഷോഭകരാണ് മരണമടഞ്ഞിട്ടുള്ളത്. കള്ളക്കേസുകളെടുത്തും വ്യാജ പ്രചരണങ്ങൾ നടത്തിയും, ലാത്തിച്ചാർജും, ടിയർഗ്യാസും, മർദ്ദന മുറകൾ പ്രയോഗിച്ചും,വൈദ്യുതി വിച്ഛേദിച്ചും, കുടിവെള്ളം മുട്ടിച്ചും സമരത്തെ ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇതുവരെ പ്രധാനമന്ത്രി സമരക്കാരുമായി സംസാരിക്കാൻ തയ്യാറായിട്ടില്ല. കാർഷിക മേഖലയിൽ ഫ്രീ ട്രേഡേഴ്‌സ് വരുമെന്നാണ് പറയുന്നത്. ആരാണീ ഫ്രീ ട്രേഡേഴ്‌സ്, കേന്ദ്രം വ്യക്തമാക്കമെന്നദ്ദേഹം ആവശ്യപ്പെട്ടു. ഭക്ഷ്യോൽപ്പന്നങ്ങളുടെ സംഭരണത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിൻവാങ്ങുകയാണ്. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ എന്ന സ്ഥാപനം വേണ്ടെന്ന നിലപാടാണ്. ഭക്ഷ്യോൽപ്പന്ന വിതരണ രംഗത്ത് നിന്ന് കേന്ദ്രം പിൻമാറിയാൽ കേരളത്തിൽ വലിയ പ്രതിസന്ധിയുണ്ടാകും. പ്രതിവർഷം നമുക്ക വേണ്ട 40 ലക്ഷം ടൺ ഭക്ഷ്യധാന്യത്തിൽ 6.5ലക്ഷം ടൺ മാത്രമെ നമുക്ക് ഉൽപ്പാദിപ്പിക്കാനാവുന്നുള്ളൂ. ബാക്കിയുള്ള ഭക്ഷ്യധാന്യം എഫ്‌സിഐ മുഖേനയും മറ്റും വിതരണം ചെയ്യുന്ന ശക്തമായ പൊതുവിതരണ ശൃംഖലയിലൂടെയാണ്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലെ ഭക്ഷ്യ അടിത്തറ തകർക്കുന്ന നടപടികളാണിത്. കൊളോണിയൽ കാലത്താണ് ഭക്ഷ്യ ക്ഷാമം ഉണ്ടായത്. അതിന് കാരണം പരമ്പരാഗത ഭക്ഷ്യ ധാന്യ കൃഷിയെ തഴഞ്ഞ് വിദേശ രാജ്യത്തിന്റെ കൃഷി പ്രോത്സാഹിപ്പിച്ച്, അവരുടെ ഭക്ഷ്യോൽപ്പന്നങ്ങൾ വിറ്റഴിക്കാനുള്ള കോളനിയാക്കിയതിന്റെ പരിണിത ഫലമായിരുന്നു. ബംഗാൾ ക്ഷാമം ഇതിനുദാഹരണമാണ്. കാർഷിക രംഗം തകർക്കുമ്പോൾ മറ്റൊരു ഭാഗത്ത് തൊഴിലാളി വിരുദ്ധ നയങ്ങളും നടപ്പാക്കുകയാണ്.
ട്രേഡ് യൂണിയൻ സ്വാതന്ത്ര്യം തടയൽ, സമരകാലത്തെ നഷ്ടം ട്രേഡ് യൂണിയനുകളിൽ നിന്നീടാക്കൽ, ഒരു ദിവസം പണിമുടക്കിയാൽ 8 ദിവസത്തെ വേതനം പിടിക്കൽ, കൺസിലേഷൻ സമയത്ത് പണിമുടക്ക് പാടില്ല, ലേബർ ഇൻസ്‌പെക്ടർക്ക് പകരം, ഇൻസ്‌പെക്ടർ കം ഫെസിലിറ്റേറ്റർ തസ്തിക സൃഷ്ടിക്കലടക്കം അങ്ങേയറ്റം തൊഴിലാളി വിരുദ്ധ നടപടികളാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്.
രാജ്യത്ത് നിലവിലുള്ള 29 തൊഴിൽ നിയമങ്ങൾ കൂട്ടിച്ചേർത്താണ് ലേബർ കോഡുകൾക്ക് രൂപം നൽകിയിട്ടുള്ളത്. രാജ്യത്ത് നടന്ന ധീരോദാത്തമായ പ്രക്ഷോഭങ്ങളുടെ ഫലമായി തൊഴിലാളികൾക്ക് ലഭിച്ച മൗലികാവകാശങ്ങൾ ഇല്ലാതാക്കുന്ന നടപടികളാണിവ.
1936ലെ പെയ്‌മെന്റ് ഓഫ് വെയ്ജസ് ആക്ട്, മിനിമം വെയ്ജസ് ആക്ട് 1948, പെയ്‌മെന്റ് ഓഫ് ബോണസ് ആക്ട് 1965, ഈക്വൽ റമ്യൂണറേഷൻ ആക്ട് 1976 എന്നീ നിയമങ്ങൾ ഇല്ലാതാക്കിയാണ് കോൺ ഓൺ വെയ്ജസ് എന്ന നിയമം ഉണ്ടാക്കിയത്. ഫാക്ടറീസ് ആക്ട് 1948, മൈൻസ് ആക്ട് 1952, ഡോക്ക് വർക്കേഴ്‌സ് ആക്ട് 1986, ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് ആക്ട് 1996, പ്ലാന്റേഷൻ ലേബർ ആക്ട് 1951, കോൺട്രാക്ട് ലേബർ ആക്ട് 1970, ഇന്റർ സ്‌റ്റേറ്റ് മൈഗ്രന്റ് വർക്കേഴ്‌സ് ആക്ട് 1979, വർക്കിംഗ് ജേർണലിസ്റ്റ് ആക്ട് 1958, മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് ആക്ട് 1961, സെയിൽ പ്രമോഷൻ എംപ്ലോയിസ് ആക്ട് 1976, ബീഡി ആന്റ് സിഗർ വർക്കേഴ്‌സ് ആക്ട് 1966, സീനിയർ വർക്കേഴ്‌സ് ആക്ട് 1981 എന്നീ 13 നിയമങ്ങൾ നിർത്തലാക്കിയാണ് ഒക്കുപ്പേഷൻ സേഫ്റ്റി ഹെൽത്ത് ആന്റ് വർക്കിംഗ് കണ്ടീഷൻസ് കോഡുണ്ടാക്കിയിട്ടുള്ളത്. എംപ്ലോയിസ് കോമ്പൻസേഷൻ ആക്ട്, എംപ്ലോയിസ് സ്‌റ്റേറ്റ് ഇൻഷൂറൻസ് ആക്ട്, എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് ആക്ട്, എംപ്ലോയിസ് എക്‌സ്‌ചേഞ്ച് ആക്ട്, മെറ്റേർണിറ്റി ബെനിഫിറ്റ് ആക്ട്, പെയ്‌മെന്റ് ഓഫ് ഗ്രാറ്റുവിറ്റി ആക്ട്, സിനി വർക്കേഴ്‌സ് വെൽഫെയർ ഫണ്ട് ആക്ട്, ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ സെസ്സ് ആക്ട്, അൺ ഓർഗനൈസ്ഡ് വർക്കേഴ്‌സ് സോഷ്യൽ സെക്യൂരിറ്റി ആക്ട്, എന്നീ ഒമ്പത് നിയമങ്ങൾ തകർത്താണ് കോഡ് ഓൺ സെക്യൂരിറ്റി നിയമം ഉണ്ടാക്കിയത്. ഇതൊന്നും രാജ്യത്തെ തൊഴിലാളികളെ രക്ഷിക്കാനല്ലെന്ന് വ്യക്തമാണ്. പാർലമെന്റിന്റെ ഇരുസഭകളിലും ഇത്തരം നിയമങ്ങൾ ചർച്ചക്ക് വിധേയമാക്കിയില്ല. പാർലമെന്റിന്റെ സബ്ജക്ട് കമ്മറ്റിക്ക് മുമ്പിൽ ബിൽ നിയമമാക്കുന്നതിന് മുൻപ് സമർപ്പിക്കണമെന്ന പാർലമെന്റ് ചട്ടം തമസ്‌ക്കരിച്ചു. പ്രധാനമന്ത്രി പാർലമെന്റിലെത്തുന്നത് പരിമിതമാണ്. ഏകപക്ഷീയമായി വൻകിടക്കാരുടെ ഏജന്റ്പണിയാണ് മോദി സർക്കാർ കൈക്കൊള്ളുന്നത്.
രാജ്യത്തിന്റെ സമ്പത്ത് വിറ്റഴിക്കുകയാണ്. ഇൻഷൂറൻസ് മേഖല, അഭിമാനസ്തംഭങ്ങളായ നവരത്‌ന കമ്പനികൾ, ദേശീയ പാതകൾ, വിമാതാവളങ്ങൾ, റെയിൽവെസ്റ്റേഷനുകൾ, തീവണ്ടികൾ, എണ്ണക്കമ്പനികൾ, കൽക്കരി പാടങ്ങൾ എന്നുവേണ്ട നമ്മുടെ പൊതുസ്വത്തെല്ലാം വിരലിലെണ്ണാവുന്ന കമ്പനികൾക്ക് വിറ്റ് തുലയ്ക്കുകയാണ്.
ജനാധിപത്യ വിരുദ്ധമായ ഇത്തരം നടപടികൾക്കെതിരെ മാധ്യമങ്ങൾ കുറ്റകരമായ മൗനം പാലിക്കുകയാണ്. മാധ്യമ പ്രവർത്തകരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുന്ന വേജ്‌ബോർഡ് ഇല്ലാതാവുകയാണ്. കോർപ്പറേറ്റുകൾ നിയന്ത്രിക്കുന്ന മാധ്യമ ലോകമാണ് രൂപപ്പെട്ടുവരുന്നത്. പ്രധാനമന്ത്രി മാധ്യമങ്ങളെ കാണാൻ തയ്യാറാകുന്നില്ല.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാണ്. പെട്രോൾ, ഡീസൽ, പാചകവാതക വില കേന്ദ്ര സർക്കാർ കുത്തനെ വർദ്ധിപ്പിക്കുമ്പോൾ കോടിക്കണക്കായ ഭാരതീയ ജീവിതം കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുകയാണ്. കർഷക, തൊഴിലാളി, ബഹുജന ചെറുത്ത്‌നിൽപ്പിലൂടെ മാത്രമേ മോദി സർക്കാരിന്റെ കിരാത നടപടികളെ തടയാൻ സാധിക്കൂ. അത്തരം പോരാട്ടങ്ങളിലെ ഏറ്റവും വലിയ മുന്നേറ്റമാണ് 27ന് നടക്കുന്ന ഭാരത ബന്ദ്. ഈ പോരാട്ടത്തിൽ ഭാരതജനത വിജയിക്കുകതന്നെ ചെയ്യും. കോവിഡ് കാലത്തടക്കം ഫലപ്രദമായ ഒരു ജനക്ഷേമ നടപടികളും നടപ്പാക്കാത്ത കേന്ദ്ര സർക്കാരിനെതിരെ എല്ലാവരും ജനാധിപത്യ മാർഗ്ഗത്തിൽ അണിചേരണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *