വായനക്കാരാണ് നല്ല എഴുത്തുകാരെ സൃഷ്ടിക്കുന്നത് തിരുമല ശിവൻകുട്ടി

വായനക്കാരാണ് നല്ല എഴുത്തുകാരെ സൃഷ്ടിക്കുന്നത് തിരുമല ശിവൻകുട്ടി

 

  • അറിയപ്പെടുന്ന കവിയും സാംസ്‌കാരിക പ്രവർത്തകനുമായ തിരുമല ശിവൻകുട്ടിയുമായി – ലേഖകൻ കെ.പ്രേമചന്ദ്രൻ നായർ നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ.സംസ്ഥാന ആരോഗ്യ വകുപ്പിൽ നിന്നും റിട്ടയർ ചെയ്ത ശേഷം ഇപ്പോൾ തിരുവനന്തപുരത്ത് പ്രൊഫ. എൻ കൃഷ്ണപ്പിള്ള സ്മാരക ഗ്രന്ഥശാല പഠന ഗവേഷണ കേന്ദ്രത്തിലെ ലൈബ്രേറിയനാണ്.

? കവി എന്ന നിലയിലാണല്ലോ താങ്കൾ അറിയപ്പെടുന്നത്. ആദ്യകാല രചനകളെ കുറിച്ചും അനുഭവങ്ങളെക്കുറിച്ചും വിശദീകരിക്കാമോ

16-ാമത്തെ വയസ്സിലാണ് ഞാൻ ആദ്യ കവിത എഴുതുന്നത്. അന്ന് ഞാൻ 10ാം ക്ലാസ്സ് ജയിച്ച് അച്ഛന്റെ മുറുക്കാൻ കടയിൽ സഹായിയായിരുന്നു. ശ്രീവരാഹത്ത് സർവ്വീസ് ഗ്രൂപ്പ് ലൈബ്രറിയുമായി സഹകരിച്ച് കുറെ യുവാക്കൾ കിരണങ്ങൾ എന്ന പേരിൽ ഒരു കയ്യെഴുത്തു മാസിക നടത്തിയിരുന്നു. അതിലേക്ക് വേണ്ടിയാണ് ആദ്യ കവിത എഴുതുന്നത്. ഏകദേശം ഒരു വർഷക്കാലം ലൈബ്രേറിയനായി ജോലി നോക്കാനവസരം ലഭിച്ചു. അതെന്റെ എഴുത്തു വഴിയുടെ ആദ്യ ചുവടുവയ്പായിരുന്നു. അന്ന് അമച്വർ നാടകങ്ങൾക്ക് പാട്ടെഴുതുകയും മറ്റും ചെയ്തിരുന്നു. റേഡിയോ പ്രോഗ്രാമിലും പങ്കെടുക്കാനവസരം ലഭിച്ചിരുന്നു.

? എഴുത്തു വഴികളിൽ ആകാശവാണിയുടെ സ്വാധീനം എന്തായിരുന്നു

ബാലലോകം രശ്മി എന്നീ പരിപാടികളിലൂടെ സാഹിത്യ രംഗത്തേക്ക് കടന്നു എന്ന് വേണം പറയാൻ. ആകാശവാണി ഉദ്യോഗസ്ഥനും സിനിമാ നടനുമായ വീരരാഘവൻ നായർ, കരമന പി.ഗംഗാധരൻ നായർ എന്നിവരുടെ പ്രോത്സാഹനവും ലഭിച്ചിട്ടുണ്ട്. യുവവാണിയിലൂടെ ധാരാളം ലളിത ഗാനങ്ങൾ പ്രക്ഷേപണം ചെയ്തിട്ടുണ്ട്.
പ്രശസ്ത പിന്നണി ഗായകനായ നജീം അർഷാദിന്റെ പിതാവ് തിരുമല ഷാഹുലും, സിനിമാ നടനും സീരിയൽ സംവിധായകനുമായ രാജീവ് രംഗനാഥന്റെ മാതാവ് അംബിക രംഗനുമൊക്കെ എന്റെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. അതിന്റെ ഒരു തുടർച്ചയെന്നോണം ഇപ്പോഴും ഗാനരചന നടത്തുന്നുണ്ട്. ഒരു കിഴി അവലുമായി എന്ന ഗാനം ശ്രീ ആര്യനാട് സദാശിവൻ സംഗീതം പകർന്ന് ശ്രീമതി രാജലക്ഷ്മി ആലപിച്ചത് ധാരാളം ഗാനാസ്വാദകരുടെ പ്രശംസ പിടിച്ചു പററിയിട്ടുണ്ട്.

? ആദ്യം പ്രസിദ്ധീകരിച്ച പുസ്തകം, ഇതിനകം എത്ര പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏതെല്ലാം ശാഖയിലാണ് രചന നിർവ്വഹിച്ചിട്ടുള്ളത്

വീണയും വിരലും 1992ൽ പ്രഭാത് ബുക്‌സ് പ്രസിദ്ധീകരിച്ചു. ഭാവ കവിതകളായിരുന്നു. കവി തിരുമല ചന്ദ്രൻ അവതാരിക എഴുതിയ ആ പുസ്തകം ഏറെ പ്രചോദനമായിരുന്നു. തുടർന്ന് 23 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. കവിത, നിരൂപണം, വിവർത്തനം, ബാലസാഹിത്യം, സാക്ഷരതാ സാഹിത്യം എന്നീ മേഖലകളിൽ ആയിരുന്നു. ഒരു പിടി വറ്റ്, ഒരു കുമ്പിൾ ജലം, ഘടികാരം നന്നാക്കുന്നവർ, രതിമാർജാരം എന്നു തുടങ്ങി 5 കവിതാ സമാഹാരങ്ങൾ പുറത്തിറക്കി. രണ്ടു കൃതികൾ പണിപ്പുരയിലാണ്. പൂക്കാ വടികൾ, പൂപ്പാലിക തിരുവിതാംകൂറിലെ പൊന്നു തമ്പുരാക്കന്മാർ, കമ്പരുടെ കഥ തുടങ്ങി ബാല സഹിത്യ കൃതികൾ, കല്ലെടുക്കുന്ന തുമ്പികൾ, മൂളിപ്പാട്ടും പാടി എന്നിവ സാക്ഷര കൃതികൾ.

? വിവർത്തനത്തെക്കുറിച്ച് പറഞ്ഞല്ലോ. ഏത് ഭാഷയിൽ നിന്നാണ് വിവർത്തനം ചെയ്തിട്ടുള്ളത്
എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഞാൻ സ്വയം പഠിച്ച ഭാഷയാണ് തമിഴ്. അക്ഷരമാലയും ദിനതന്തി, ദിനമലർ എന്നീ പത്രങ്ങളും എനിക്ക് അമ്മാവൻ വാങ്ങിത്തന്നിരുന്നു. തമിഴ് മഹാകവിയും കമ്പ രാമായണത്തിന്റെ കർത്താവുമായിരുന്ന കമ്പരുടെ ഏർ എഴുപത് എന്ന കൃഷി കാവ്യം, കലപ്പയും കർഷകനും എന്ന പേരിൽ വിവർത്തനം ചെയ്തു. അതിന് നേതൃത്വം നൽകിയത് തിരുവനന്തപുരത്ത് പ്രവർത്തിച്ചിരുന്ന കമ്പർ ഫൗണ്ടേഷനാണ്. മുൻ വി.സി ബാലമോഹനൻ തമ്പി സാർ, നീല പത്മനാഭൻ തുടങ്ങിയവർ രക്ഷാധികാരികളും ശ്രീധരൻ നായർ സെക്രട്ടറിയുമായിരുന്ന സമിതിയാണ് അതിന് എന്നെ ചുമതലപ്പെടുത്തിയത്. കമ്പരുടെ പ്രാക്തന തമിഴിന്റെ പരിഭാഷ തന്ന് സഹായിച്ചത് അന്തരിച്ച പലവേശം സാറാണ്. അതുകൂടാതെ ഡോ. നയിനാർ, കവി നല്ലെമുത്തു തുടങ്ങിയവരുടെ ഒറ്റപ്പെട്ട കവിതകളും മൊഴിമാറ്റം നടത്തി.

? വിജ്ഞാന കൈരളി, ഗ്രന്ഥ ലോകം എന്നീ മാസികകളിൂടെ നിരൂപണ രംഗത്ത് നൽകിയ സംഭാവനകൾ വ്യക്തമാക്കാമോ

നിരൂപണ രംഗത്ത് ഞാൻ അശക്തനാണ്. ആസ്വാദനമെന്നോ പഠനമെന്നോ പറയാം. ഉൾക്കാഴ്ചയുടെ കണ്ണുകൾ എന്ന പേരിൽ ഒരു പുസ്തകം രചിച്ചിട്ടുണ്ട്. പ്രാക്തന കാല സാഹിത്യം തുടങ്ങി ആധുനിക കാല സാഹിത്യം വരെ അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രധാന കവികളുടെ കാർഷിക ബന്ധപരമായ കവിതകൾ കണ്ടെത്തി ലേഖനങ്ങൾ എഴുതി വരുന്നുണ്ട്. 20ലേറെ ലേഖനങ്ങൾ ഇതിനകം എഴുതിക്കഴിഞ്ഞു.

? ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പഴഞ്ചൊൽ കവിതകളെക്കുറിച്ച് പറയാമോ

കടങ്കവിതകൾ എന്നൊരു ശാഖ മലയാളത്തിൽ പ്രചാരത്തിലുണ്ട്. ധാരാളം കവികൾ കവിതകൾ സമാഹരിച്ചു പുസ്തകമാക്കിയിട്ടുണ്ട്. എന്നാൽ നാളിതുവരെ പഴഞ്ചൊല്ലുകൾ കവിതാ രൂപത്തിൽ സമാഹരിച്ച് പുസ്തകമാക്കിയിട്ടില്ല. കുട്ടികൾക്ക് വളരെയേറെ ഇഷ്ടപ്പെടുമെന്നതിന് സംശയമില്ല. അതുപോലെ കഥാപ്രസംഗം കുട്ടികൾക്ക് വേണ്ടി പുസ്തക രൂപത്തിലാക്കിയതും ഞാനാണ്. അതിന് ശേഷമാണ് തിരുവല്ലം ശ്രീനിയും, ശ്രീപാദം ഈശ്വരൻ നമ്പൂതിരിയും കഥാ പ്രസംഗം പുസ്തക രൂപത്തിലിറക്കിയത്.

? താങ്കൾക്ക് ലഭിച്ച അവാർഡുകൾ, പുരസ്‌കാരങ്ങൾ

ഇരുപതിലേറെ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അവാർഡ് ലഭിച്ചാലെ നല്ല എഴുത്തുകാരൻ ആകൂ എന്ന വിശ്വാസം എനിക്കില്ല. സ്വന്തം കൃതി ഏറെപ്പേർ വായിക്കുക, നാലുവരി കവിത ജനഹൃദയങ്ങളിലെത്തുക അതിൽ കവിഞ്ഞ ആനന്ദം ഒന്നും തന്നെ ഒരവാർഡിനും നൽകാനാവില്ല എന്നാണ് എന്റെ പക്ഷം.

? താങ്കളുടെ എഴുത്തിന് സാമൂഹ്യ പരിഷ്‌കരണം ഉണ്ടോ, സാഹിത്യ രചനയിൽ താങ്കളുടെ നിലപാട് എന്താണ്

എഴുത്തുകാരൻ ആത്മാവിഷ്‌ക്കാരം നടത്തുന്നത് അവനവന്റെ മാനസിക ഉല്ലാസത്തിന് മാത്രമാകരുത്. സമൂഹത്തിന്റെ തിന്മകളെ എതിർക്കാനും നന്മകളെ വാഴ്ത്താനും അവന്റെ സൃഷ്ടികൾക്കാകണം. മനം നോക്കി എഴുതുന്ന ആളാകുകയല്ല വേണ്ടത്. മാനം നോക്കിയുമാകരുത്. സമൂഹത്തെ പരിഷ്‌കരിക്കുന്നതിനാകണം സാഹിത്യ സൃഷ്ടികൾ എന്നതാണ് എന്റെ അഭിപ്രായം. ഞാൻ എഴുതി തുടങ്ങുന്ന കാലത്ത് തൊഴിലില്ലായ്മയും ദാരിദ്ര്യവും ആയിരുന്നു പ്രധാന വിഷയം. ദാരിദ്ര്യം മാറണമെങ്കിൽ കൃഷിക്ക് പ്രാമുഖ്യം നൽകണം. ഒരു പിടിവറ്റ്, ഒരു കുമ്പിൾ ജലം എഴുതിയ ഞാൻ പിന്നീട് കലപ്പയും കർഷകനും എന്നീ കൃതികൾ എഴുതിയത് ഈ നിലപാടിൽ ഉറച്ചു നിന്നതുകൊണ്ടാണ്.. ദളിത് സാഹിത്യം, സ്ത്രീപക്ഷ സാഹിത്യം, പരിസ്ഥിതി സാഹിത്യം എന്നിങ്ങനെ സാഹിത്യത്തെ തരംതരിച്ചു കാണുന്നതിൽ എനിക്ക് ആക്ഷേപമുണ്ട്.

? വായനാ സമൂഹത്തിന്റെ അഭിരുചിയെന്താണ്

വായനക്കാർ എന്തും വായിക്കുന്നവരാണ് എന്ന ചിന്ത വേണ്ട. നല്ല കൃതികൾ, പത്തിലേറെ പതിപ്പുകൾ പുറത്തിറങ്ങുന്നുണ്ട്. വായനാ ലോകം നല്ല കൃതികൾ കണ്ടെത്തി വായിക്കുന്നു. നിരൂപകരെ പോലെ മറ്റുള്ളവരെ വായിപ്പിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്യും എന്നുള്ളതിന് സംശയം വേണ്ട. വായനക്കാരാണ് നല്ല എഴുത്തുകാരെ സൃഷ്ടിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *