കോഴിക്കോട്: രണ്ട് വർഷക്കാലമായി കോവിഡ് വ്യാപനംമൂലം പ്രതിസന്ധി നേരിടുന്ന പ്രാഥമിക ക്ഷീര സംഘങ്ങൾക്ക് ആദായ നികുതി ചുമത്തി ക്ഷീര സംഘങ്ങളെ തകർക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് കെ.രാജീവ് ആവശ്യപ്പെട്ടു. ആദായ നികുതി വകുപ്പിന്റെ നടപടിയോട് മൗനം പാലിക്കുന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് സംശയാസ്പദമാണ്. ആദായ നികുതി വകുപ്പിന്റെ നീക്കം പാവപ്പെട്ട ക്ഷീരകർഷകർക്കും പ്രതികൂലമാകുമെന്നദ്ദേഹം ചൂണ്ടിക്കാട്ടി. കേരള ക്ഷീര കർഷക കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ ആദായ നികുതി വകുപ്പ് ഓഫീസിന് മുൻപിൽ നടത്തിയ നിൽപ്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷീരകർഷകർക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക, ക്ഷീര മേഖലയെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക, ഇഎസ്‌ഐ അനുവദിക്കുക എന്നീ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു. ജില്ലാ പ്രസിഡന്റ് കെ.ഹരിദാസക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജോയ്പ്രസാദ് പുളിക്കൻ മുഖ്യ പ്രഭാഷണം നടത്തി. അനിൽ തലക്കളത്തൂർ, സുരേഷ് ബാബു മുണ്ടക്കൽ, രാധാകൃഷ്ണൻ പെരുമണ്ണ, ടി.അശോകൻ, രമണി തത്തപ്പറമ്പ് പ്രസംഗിച്ചു.