പണ്ട് നാടകം തുടങ്ങുമ്പോൾ സ്‌റ്റേജിൽ ഹാർമോണിയക്കാരനുണ്ടാകും. സൈഡ് കർട്ടന് മുന്നിൽ ഹാർമോണിയത്തിലും സ്വന്തം ദേഹത്തും മെഡൽ മാലകളിഞ്ഞ് മലബാർ ഗോപാലൻ നായരോ, കൊട്ടാരം ശങ്കുണ്ണി നായരോ, തിരുവട്ടാർ കൃഷ്ണപിള്ളയോ റെഡിയായിരിക്കും. പാട്ട് പാടിക്കൊണ്ട് സ്റ്റേജിലേക്കെത്തുന്ന നായകൻ പിന്നെ ഹാർമോണിയക്കാരനുമായി ഒരു മത്സരത്തിലാകും……..
‘സ്ത്രീ’ എന്ന നാടകം അരങ്ങേറിയപ്പോൾ തിക്കുറിശ്ശി ഹാർമോണിയക്കാരനെ കർട്ടനു പിന്നിലാക്കി. തിരുവട്ടാർ കൃഷ്ണപ്പിള്ളക്ക് തിക്കുറിശ്ശിയുടെ തീരുമാനത്തോട് യോജിക്കാനായില്ല. പരിഭവമായി. കൃഷ്ണപിള്ള കുറേക്കാലം മിണ്ടാതെ നടന്നു. പക്ഷെ അതൊരു വലിയ മാറ്റമായിരുന്നുവെന്ന് മലയാളികൾ പിന്നീടാണ് മനസ്സിലാക്കിയത്….
ചരിത്രം തിക്കുറിശ്ശിക്ക് വഴിമാറിക്കൊണ്ടേയിരുന്നു.. കവി,നാടകകൃത്ത്, നടൻ, കഥാകാരൻ, തിരക്കഥാകൃത്ത് സംവിധായകൻ, ഗാനരചയിതാവ്, നിർമ്മാതാവ് എന്നുവേണ്ട സംഭാഷണവും സംഗീതവും വരെ ഈ സകലകലാവല്ലഭൻ കരഗതമാക്കി. ഒരാൾ തന്നെ സിനിമയിലെ എല്ലാ പണികളും ചെയ്യുന്നത് അക്കാലത്ത് അത്യപൂർവ്വമായിരുന്നു…….
നാവിലും ബുദ്ധിയിലും സദാ സരസ്വതി വിളയാടിയിരുന്ന തിക്കുറിശ്ശിയാണ് മലയാള സിനിമാ ലോകത്തെ പല നാമങ്ങളുടേയും സ്രഷ്ടാവ്. പ്രേംനസീർ, ബഹദൂർ, ജോസ് പ്രകാശ്, കുഞ്ചൻ, പ്രിയദർശൻ, ശ്രീവിദ്യ, ജയഭാരതി തുടങ്ങിയ പേരുകൾ നിശ്ചയിച്ചനുഗ്രഹിച്ചതും തിക്കുറിശ്ശിയാണ്. മോഹൻലാലിന്റെ മകന് പ്രണവ് എന്ന് നാമകരണം ചെയ്തതും അദ്ദേഹം തന്നെ. തമിഴിലും തിക്കുറിശ്ശിയുടെ സാന്നിധ്യമുണ്ടായി. ‘ശിത്തി’ എന്ന സിനിമ അച്ഛന്റെ ഭാര്യയായി തിക്കുറിശ്ശി പരിഭാഷപ്പെടുത്തി. ശിവാജി ഗണേശന്റെ ‘തവപ്പുതൽവൻ’ ആണ് അദ്ദേഹം. ശിവാജിക്ക് തിക്കുറിശ്ശിയോട് ആദരവായിരുന്നു. ആശാൻ എന്നർത്ഥം വരുന്ന വാദ്ധ്യാരേ എന്നാണ് ശിവാജി വിളിക്കുന്നത്. എം.ജി.ആറും തിക്കുറിശ്ശിയും നല്ല അടുപ്പമായിരുന്നു.
ചെന്നൈയിലെ വീട്ടിൽ സഹായം ചോദിച്ച് വരുന്നവർ ആരൊക്കെ, അവർക്ക് എത്ര രൂപ നൽകണം തുടങ്ങിയ കാര്യങ്ങൾ പ്രത്യേകം നിർദ്ദേശിച്ചിരുന്നു. അന്ന് 10 രൂപ വലിയ തുകയാണ്. സിനിമയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെക്കുകയും ലക്ഷ്യം കാണാനാവാതെ പോവുകയും ചെയ്ത പലരും തിക്കുറിശ്ശിയെ കാണാനെത്തുമായിരുന്നു. തിക്കുറിശ്ശി വളരെ ബഹുമാനിച്ചിരുന്ന കലാകാരനായിരുന്നു മുതുകുളം രാഘവൻ പിള്ള. ജീവിത നൗകയിലെ അഭിനയത്തോടെയാണ് തിക്കുറിശ്ശി മരച്ചീനി വിളയിലെ (ഇപ്പോൾ ജവഹർ നഗർ) വീട് വെയ്ക്കുന്നത്. അക്കാലത്ത് താരങ്ങളുടെ പരമാവധി പ്രതിഫലം 500/- രൂപയാണ്. സ്ത്രീ സിനിമയായപ്പോൾ തിരക്കഥയും ഗാനങ്ങളുമെഴുതി അഭിനയിക്കുകയും ചെയ്തു. 20,000 രൂപയാണ് പ്രതിഫലം കിട്ടിയത്.
ജീവിത നൗക നാല് ഭാഷകളിലെടുത്ത ആദ്യ സിനിമയായിരുന്നു. ഓരോ ഭാഷയിലും തിക്കുറിശ്ശി തന്നെയായിരുന്നു നായകൻ. 25,000 രൂപവെച്ചാണ് ഭാഷയൊന്നിന് അദ്ദേഹത്തിന്റെ പ്രതിഫലം നിശ്ചയിക്കപ്പെട്ടത്. ഒരു തെന്നിന്ത്യൻ താരത്തിന് ശരാശരി 500 രൂപ മാത്രം പ്രതിഫലം കിട്ടിയിരുന്ന അക്കാലത്ത് അഞ്ചോളം ആഢംബര കാറുകളാണ് തിക്കുറിശ്ശിയുണ്ടായിരുന്നത് എന്നത് തന്നെ മതി അദ്ദേഹം അലങ്കരിച്ചിരുന്ന താരപദവി മനസ്സിലാവാൻ.
ജീവിതരേഖ:
ആമുഖങ്ങളും സൂചികകളും വേണ്ടാത്ത വ്യക്തി പ്രഭാവവമാണ് മലയാളത്തിന് തിക്കുറിശ്ശി സുകുമാരൻ നായർ എങ്കിലും, 1916ൽ പണ്ടത്തെ തിരുവിതാംകൂറിൽ ഇപ്പോൾ കന്യാകുമാരി ജില്ലയിലുള്ള തിക്കുറിശ്ശിയിൽ ജനിച്ചു. പുരാതന തറവാടായ മങ്ങാട്ട് വീട്ടിൽ ഗോവിന്ദപിള്ളയുടേയും, ലക്ഷ്മിയമ്മയുടേയും മകനായി പിറന്ന സുകുമാരൻ നായർ പിന്നീട് മലയാള സിനിമയുടെ നെടുംതൂണുകളിലൊന്നായ ചരിത്രം ആദരവോടെ മാത്രമെ നോക്കികാണാനാവൂ. താൻ പഠിച്ച മാർത്താണ്ടവർമ്മ സ്‌കൂളിലെ താരം തന്നെയായിരുന്നു സുകുമാരൻ നായർ വളരെ ചെറുപ്പത്തിൽ തന്നെ. സ്‌കൂളിലെ സാംസ്‌കാരിക മേളകളിൽ സുന്ദരനായ സുകുമാരൻ നായർ തിളങ്ങി നിന്നു, കവിതകളിലൂടെയും നാടകങ്ങളിലൂടെയും. പിൽക്കാലത്ത് സിനിമയിൽ പേരെടുക്കുവാനുള്ള തയ്യാറെടുപ്പുകൾ പ്രകൃതി കാലേക്കൂട്ടിത്തന്നെ നടത്തിയിരുന്നു എന്ന് കരുതേണ്ടിയിരിക്കുന്നത്. ഇരുപതാമത്തെ വയസ്സിൽ ‘കെടാവിളക്ക്’ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിക്കുമ്പോൾ മകൻ ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥനാകണമെന്നുള്ള തന്റെ അച്ഛനമ്മമാരുടെ പ്രതീക്ഷകൾക്കപ്പുറം സാഹിതീ ദേവിയുടെ വരപ്രസാദം ചെന്നെത്തിയിരുന്നുവെന്ന് കാലം പിന്നീട് തെളിയിച്ചു. അന്നത്തെ പല കലാകാരന്മാരെയും പോലെ നാടക രംഗത്താണ് തിക്കുറിശ്ശിയും തന്റെ ചുവടുകൾ ആദ്യമായി വെച്ചത്. മരീചിക, കലാകാരൻ എന്നീ നാടകങ്ങൾ ജനപ്രീതി നേടിയെടുത്തതിന് പിന്നാലെയാണ് സ്ത്രീ, മായ, ശരിയോ തെറ്റോ എന്നീ നാടകങ്ങൾ അന്നത്തെ പരമ്പരാഗത നാടകരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുന്നത്. സംഗീതത്തിന് അമിത പ്രാധാന്യം നൽകിയിരുന്ന മെലോഡ്രാമകളായിരുന്നു അക്കാലം വരെ മലയാള നാടക രംഗം കണ്ടിരുന്നത്. സാമൂഹിക പ്രസക്തിയുള്ള സംഭാഷണത്തിന് പ്രാധാന്യം നൽകിയുള്ള തിക്കുറിശ്ശി സുകുമാരൻ നായരുടെ നാടകങ്ങൾ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുകയായിരുന്നു.
1950ൽ തന്റെ സ്ത്രീ എന്ന നാടകത്തിന്റെ സിനിമാ രൂപാന്തരവുമായി തിക്കുറിശ്ശി സുകുമാരൻ നായർ സിനിമാരംഗത്തേക്ക് കടന്നു വരുമ്പോൾ ആകെ പത്തോളം പടങ്ങളായിരുന്നു മലയാള സിനിമ തറവാട്ടിലെ അംഗങ്ങൾ. തന്റെ കഥയിലെ നായകനായി താൻ തന്നെ അഭിനയിച്ചുവെങ്കിലും സ്ത്രീ എന്ന സിനിമയ്ക്ക് അന്നത്തെ ഹിന്ദി, തമിഴ് അതിജീവിക്കാൻ കഴിഞ്ഞില്ല. എന്നാൽ 1951ൽ ജീവിതനൗക എന്ന മലയാളത്തിലെ ആദ്യ സൂപ്പർഹിറ്റ് പടം ഇറങ്ങുമ്പോൾ തിക്കുറിശ്ശി സുകുമാരൻ നായർ തന്റെ സൂപ്പർ താര സിംഹാസനവും ഉറപ്പിക്കുകയായിരുന്നു. പിന്നീട് 52ലെ നവലോകവും, വിശപ്പിന്റെ വിളിയും തിക്കുറിശ്ശിയെ പ്രശസ്തിയിലേക്ക് നയിച്ചു. വിശപ്പിന്റെ വിളിയിൽ തുടക്കകാരനായ അബ്ദുൽ ഖാദറിന് പ്രേംനസീർ എന്ന വിളിപ്പേരു നൽകി. ആ പേര് ലോക പ്രശസ്തമാകുമെന്ന് അന്ന് അദ്ദേഹമോ പ്രേം നസീറോ ഓർത്തിരിക്കുമോ? 1953ൽ വീണ്ടും തിക്കുറിശ്ശി സ്വന്തം നാടകമായ ശരിയോ തെറ്റോ സിനിമയാക്കി. കഥ,തിരക്കഥ, സംഭാഷണം, ഗാനങ്ങൾ,സംവിധാനം, അഭിനയം എന്നീ മേഖലകളിലെല്ലാം ഈ സിനിമയിൽ തിളങ്ങിയ തിക്കുറിശ്ശിക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടതായി വന്നിട്ടില്ല. സ്ത്രീ, പളുങ്കു പാത്രം, ദേവസുന്ദരി, ഉർവ്വശി ഭാരതി, പൂജാപുഷ്പം, ബലൂൺ തുടങ്ങിയവ ഉൾപ്പെടെ പതിമൂന്ന് ചിത്രങ്ങൾക്ക് അദ്ദേഹം ഗാനരചന നടത്തിയിട്ടുണ്ട്.
കാർകൂന്തൽ കെട്ടിനെന്തിന് വാസന തൈലം,
കസ്തൂരി പൊട്ടുമാഞ്ഞു,
വിരലുകളില്ലാത്ത വിദ്വാന്റെ കയ്യിൽ,
പൂമെത്തപ്പുറത്തു ഞാൻ എന്നീ ഗാനങ്ങൾ ഉൾപ്പെടെ നിരവധി ഗാനങ്ങൾ തിക്കുറിശ്ശിയുടെ ഭാവനാ സൃഷ്ടികളാണ്.
തിരക്കഥാകൃത്തെന്ന നിലയിൽ അദ്ദേഹത്തെ അറിയുന്നത് സ്വാമി അയ്യപ്പൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയും കൂടാതെ മുതലാളി, ആന വളർത്തിയ വാനമ്പാടി എന്നീ ചിത്രങ്ങളിലൂടെയുമാണ്. ശരിയോതെറ്റോ, പൂജാപുഷ്പം, അച്ഛന്റെ ഭാര്യ, പളുങ്കുപാത്രം, സരസ്വതി, നഴ്‌സ്, ഉർവ്വശി ഭാരതി എന്നീ ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. ഇരുട്ടിന്റെ ആത്മാവ്, മായ, തുലാഭാരം, നദി, സർവ്വേകല്ല് തുടങ്ങി ആര്യൻ, ഹിസ്‌ഹൈനസ് അബ്ദുള്ള വരെയുള്ള സിനിമകളിൽ തിക്കുറിശ്ശിയിലെ നടന്റെ ഉജ്ജ്വല ഭാവങ്ങൾ നമുക്ക് കാണാനാവുന്നതാണ്. അബ്ദുൽ ഖാദറിനെ പ്രേം നസീർ ആക്കിയ അതേ വൈഭവമാണ് മാധവൻ നായരെ മധു ആക്കിയത്. പ്രശസ്ത നടന്മാരായ ജോസ് പ്രകാശും ബഹദൂറുമൊക്കെ തങ്ങളുടെ പേരുകൾ നേടിയത് തിക്കുറിശ്ശിയിൽ നിന്നാണ്.
ഇരുനൂറ്റമ്പതോളം പുരസ്‌കാരങ്ങളാണ് അൻപതു വർഷങ്ങളോളം ചലച്ചിത്ര നഭസ്സിൽ ജ്വലിച്ചു നിന്ന ആ താരം നേടിയെടുത്തത്. ഭാരത സർക്കാരിന്റെ പ്രശസ്ത സിവിലിയൻ ബഹുമതിയായ പത്മശ്രീ (1973), അഭിനയത്തിന് കേന്ദ്ര സംസ്ഥാന അവാർഡുകൾ എന്നിവയും 1995ൽ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി.ഡാനിയേൽ പുരസ്‌കാരവും ലഭിച്ചു. ആദ്യ രണ്ടു വിവാഹങ്ങൾ പരാജയങ്ങളായിരുന്നു. ശേഷം തിക്കുറിശ്ശി സഹപ്രവർത്തകയായ സുലോചന ദേവിയെ വിവാഹം കഴിച്ചു. 41 വർഷക്കാലം ആ വിവാഹബന്ധം നിലനിന്നു അദ്ദേഹത്തിന്റെ മരണം വരെ. ആ വിഹാഹത്തിലെ മകളും, യുവ കവയിത്രയായ കനകശ്രീയുടെ അകാല മരണം അദ്ദേഹത്തെ വല്ലാതെ തളർത്തികളഞ്ഞു. 1997 മാർച്ച് 11ന് മലയാളത്തിന്റെ ആദ്യ സൂപ്പർസ്റ്റാർ തിരശ്ശീലയുടെ പിന്നിൽ മറഞ്ഞു.
തയ്യാറാക്കിയത്
കടയ്ക്കാവൂർ പ്രേമ ചന്ദ്രൻ നായർ.
