ഭാഷാ ശാസ്ത്രത്തിലെ സൂര്യതേജസ്

ഭാഷാ ശാസ്ത്രത്തിലെ സൂര്യതേജസ്

രാഷ്ട്രപതിയിൽ നിന്ന് പ്രഥമശ്രഷ്ഠഭാഷാ പുരസ്‌കാരം നേടിയ ഡോ.വി.ആർ പ്രബോധചന്ദ്രൻ നായർ ഭാഷാ ശാസ്ത്രരംഗത്തെ കുലപതിയാണ്. അദ്ദേഹവുമായി ലേഖകൻ കടയ്ക്കാവൂർ പ്രേമചന്ദ്രൻ നായർ നടത്തിയ അഭിമുഖം.

 

കേരളത്തിലെ ഭാഷാശാസ്ത്രരംഗത്തെ കുലപതിയാണങ്ങ്. മാത്രമല്ല, അന്താരാഷ്ട്ര
പ്രശസ്തനും രാഷ്ട്രപതിയുടെ സാദരപ്രമാണപത്രത്തിന് പാത്രവുമായ മലയാളഭാഷാപണ്ഡിതൻ, അധ്യാപകശ്രേഷ്ഠൻ, ലക്ഷ്യപ്രാപ്തിനിഷ്ഠനായ ഗവേഷണമാർഗദർശി, കേരള കലാമണ്ഡലം, തുഞ്ചൻ സ്മാരകസമിതി, മുതലായ രംഗങ്ങളിലെ വിദഗ്ധൻ. കേരള രംഗകലോത്സവം, രാമായണമേള ഇത്യാദി വൻ പരിപാടികളുടെ സംഘാടകൻ, വാഗ്ഗേയകാരൻ, മലയാളത്തിലും, ഇംഗ്ലീഷിലും കൃതഹസ്തനായ എഴുത്തുകാരൻ, അക്ഷരശ്ലോകസദസ്സ്, തുടങ്ങിയവയുടെ പ്രോൽസാഹകൻ, എന്നിങ്ങനെ പല മുഖങ്ങളും അങ്ങേക്കുണ്ട്. ഇവയിൽ ഒരെണ്ണത്തോടു മാത്രം നീതിപുലർത്താൻ പോലും എത്രയോ സമയവും സൗകര്യങ്ങളും വേണ്ടിവരും ! അങ്ങ് എങ്ങനെയാണ് ഇങ്ങനെയെല്ലാം ആയത് ?

എന്റെ അച്ഛനമ്മമാരുടെ നാലാം സന്താനമായിപ്പിറന്ന് ചേട്ടന്റെയും ചേച്ചിമാരുടെയും അനിയത്തിയുടെയും അനിയന്റെയും ഇടയ്ക്കു വളർന്ന് സർവോപരി എല്ലാ അർഥത്തിലും എന്റെ സഹധർമചാരിണിയായ പ്രൊഫസർ രാധാദേവി എന്ന ഓമനയെ ജീവിതപ്പങ്കാളിയായി ലഭിച്ചതിൻ ഫലമായി രണ്ടുമക്കളും രണ്ടു മരുമക്കളും നാലു ചെറുമക്കളുമായി കുടുംബം വികസിച്ചു. ഇതിനെല്ലാം പരിണിതഫലമാണ് ഈ ഞാൻ.

‘ഒന്നും എന്റെ മിടുക്കല്ല, എല്ലാം പാരമ്പര്യത്തിന്റെയും സാഹചര്യത്തിന്റെയും സ്‌മ്മേളനഫലം മാത്രം’ എന്ന അങ്ങയുടെ ഈ ചിന്ത തത്വവിജ്ഞാനജന്യമായ വിനയത്തിന്റെയും വസ്തുനിഷ്ഠമായ ശാസ്ത്രജ്ഞാനത്തിന്റെ സങ്കലനഫലമല്ലേ?

ആയിരിക്കാം. ഇന്റർമീഡിയറ്റിനും ബി.എസ്.സിക്കും എന്റെ ഐച്ഛിക വിഷയം ബോട്ടണി കെമിസ്ട്രി ഫിസിക്‌സ് എന്നിവയായിരുന്നു. ബി.എസ്.സി സെക്കന്റ് പാർട്ട് ആയിരുന്നു മലയാളത്തിന് സ്റ്റേറ്റ് ഫസ്റ്റ് ആയിരുന്നുതിനാൽ മലയാളം എം.എക്കു ചേരാൻ ഇടയായി എന്നും മാത്രം.

എം.ഏ പരീക്ഷയിലും സാർ സ്‌റ്റേറ്റ് ഫസ്റ്റ് ആയിരുന്നില്ലേ ?

ഉവ്വ് അതുകൊണ്ട് പരീക്ഷാഫലം പുറത്തായ ഉടൻ തന്നെ നാഗർ കോവിലിൽ ജോലി കിട്ടി. അധികം താമസിയാതെ കേരള സർവകലാശാലയിലെ ഓറിയെന്റൽ ഫാക്കൽട്ടിയിൽ യൂ.ജി.സി അനുവദിച്ച ആദ്യത്തെ സ്‌കോളർഷിപ്പിന് അർഹനായതിനാൽ കോളേജിൽ നിന്ന് അനുവദിച്ചു കിട്ടിയ അവധി പ്രയോജനപ്പെടുത്തി ക്യഷ്ണഗാഥയിലെ ഭാഷയെക്കുറിച്ച് ഗവേഷണപഠനം ആരംഭിക്കാനും സാധിച്ചു.

മലയാളത്തിൽ നിന്ന് സർ എങ്ങനെയാണ് ഭാഷാശാസ്ത്രത്തിലേക്കു കൂടു മാറിയത് ?

അന്നത്തെ വൈസ്ചാൻസലർ ഡോ.കെ.സി.കെ രാജാ എന്നെ വിളിച്ചുവരുത്തി ചോദിച്ചു: ‘ഇന്റർവ്യൂവിൽ നിങ്ങളുടെ പ്രകടനം മലയാളത്തിലും ലിങ്ഗ്വിസ്റ്റിക്‌സിലും നന്നായിരുന്നു. രണ്ടിലും നിങ്ങളെ റാങ്ക് ചെയ്തിട്ടുണ്ട്-. ഏതു ഡിപ്പാർട്ട്‌മെന്റാണ് നിങ്ങളെ നമിക്കേണ്ടത് ?

‘അതു സാർ തീരുമാനിച്ചാൽ മതി.’ എന്ന പ്രതികരണം അദ്ദേഹത്തിനിഷ്ടപ്പെട്ടു. എനിക്ക് അത് നിർണായകമായ ഒരു വഴിത്തിരിവായി.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിൽ നിന്ന് ഡോ.വി.ആർ പ്രബോധചന്ദ്രൻനായർ പ്രഥമശ്രേഷ്ഠ ഭാഷാ പുരസ്‌കാരം ഏറ്റുവാങ്ങുന്നു.

മലയാളം പോലെ ഇംഗ്ലീഷും സംസ്‌കൃതവും അങ്ങേക്ക് വഴങ്ങും എന്നു വന്നത് എങ്ങനെയാണ്?

സ്‌കൂൾ വിദ്യാഭ്യാസ കാലത്തേ അച്ഛൻ എന്നെ ഇംഗ്ലീഷ് സനിഷ്‌കർഷം പരിശീലിപ്പിച്ചു. റെൻ, മാർട്ടിൻ എന്നിവരുടെ വ്യാകരണപുസ്തകം എന്നെ ഏറിയകൂറും അരക്കിക്കലക്കിക്കുടിപ്പിക്കുകതന്നെ ചെയ്തു. ഡോ. കെ രാഘവൻപിള്ളസാർ എന്റെ ഗവേഷണമാർഗദർശിയാകുമെന്നു സമ്മതിച്ചത് your name itself is the best recommendation for you എന്നു പറഞ്ഞുകൊണ്ടത്രേ. ശ്രേഷ്ഠഭാഷാ പുരസ്‌കാരത്തോടനുബന്ധിച്ച രാഷ്ട്രപതിയുടെ സാദരപ്രണാമപത്രം എനിക്കു സമ്മാനിച്ചുകൊണ്ട് ഉപരാഷ്ട്രപതി ഡോ.വെങ്കയ്യ നായിഡു your name indicated the scholarship you inherit എന്നഭിപ്രായപ്പെട്ടു.

കഥകളി, കൂടിയാട്ടം, സംഗീതം മുതലായവയിൽ അങ്ങേക്കുള്ള അവഗാഹം എന്റെ അച്ഛൻ കടയ്ക്കാവൂർ കുട്ടൻപ്പിള്ള പറഞ്ഞാണ് ഞാൻ ആദ്യം അറിയുന്നത്. പിന്നെ അച്ഛൻ എഡിറ്ററായിരുന്ന നൃത്യകലാകരംഗം എന്ന കഥകളി മാസികയിൽ സാർ എഴുതിയിരുന്ന ലേഖനത്തിൽ നി്ന്നും. സാറിനെ സാധാരണക്കാരായ അധ്യാപക-പണ്ഡിതന്മാരിൽ നിന്നും വ്യത്യസ്തനാക്കുന്ന ഈ കലാകൗതുകത്തിന്റെയും ഉറവിടം പാരമ്പര്യ-സാഹചര്യങ്ങളുടെ സമ്മേളനമല്ലേ ?

അതേ. അച്ഛൻ വലിയ കഥകളിപ്രിയനായിരുന്നു. കേരളീയനൃത്യകല അഥവാ കഥകളി എന്ന മാവേലിക്കര ജി.ക്യഷ്ണപ്പിള്ളയുടെ കൃതിയാണല്ലോ നമ്മുടെ കഥകളി-സാഹിത്യത്തിന്റെ പുറപ്പാടു പുസ്തകം.ഇവിടെ ഓർമിച്ചുപോവുന്ന ഒരു കാര്യം: കടയ്ക്കാവൂർ കുട്ടൻപിള്ളയുടെ എന്നായിരുന്നല്ലോ പ്രേമചന്ദ്രന്റെ സ്വയം പരിചയപ്പെടുത്തൽ. പ്രേമചന്ദ്രന്റെ പിതാവ് വിനയത്തിന്റെയും സൗമ്യമധുരമായ പെരുമാറ്റത്തിന്റെയും പ്രത്യക്ഷോദാഹരണമായിരുന്നു. എന്റെ കഥകളി ലേഖനങ്ങളെ ‘നൃത്യകലാരംഗം ‘ എന്നും സ്വാഗതം ചെയ്തു. ആ കലാമാസികയുടെ എല്ലാ ലക്കങ്ങളും അന്താരാഷ്ട്ര കേരള പഠനകേന്ദ്രത്തിലെ ലൈബ്രറിക്കു വേണ്ടി ഞാൻ ഓർഡർ ചെയ്തപ്പോൾ അദ്ദേഹം തന്നെ അവയെല്ലാം കൊണ്ടുവന്നു തന്നു.

ഡോ.വി.ആർ പ്രബോധചന്ദ്രൻനായരും സഹധർമ്മിണി പ്രൊഫസർ രാധാമണിയും

നമ്മുടെ ഗുരുപരമ്പരാസങ്കൽപ്പം ഭാരതീയ സംസ്‌കാരത്തിന്റെ പ്രകടമായ ഒരു സവിശേഷതയാണെന്നു പറഞ്ഞിട്ട് ‘സദാശിവസമാരംഭം ‘ എന്നു തുടങ്ങുന്ന ശ്ലോകം അങ്ങ് ഉദ്ധരിക്കാറുണ്ടല്ലോ. അങ്ങയുടെ ഗുരുക്കന്മാരിൽ ഏറ്റവും ശ്രദ്ധേയർ ആരൊക്കെയാണ്?

‘വല്ലതും കാണും ഏതാളിൽ-
നിന്നും മേ വശമാക്കുവാൻ’
എന്നത് എന്റെ ഒരു സുഭാഷിതമാണ്. പ്രേമചന്ദ്രൻ ഉൾപ്പെടെ ഞാൻ കണ്ടുമുട്ടുകയോ അടുത്തു പെരുമാറുകയോ ചെയ്ത ഓരോ വ്യക്തിയിൽ നിന്നും വല്ലതും പഠിച്ചുകൊണ്ടിരിക്കുകയാണു ഞാൻ.

അഭിവന്ദ്യ പിതാവും പിതൃമാതുലനും ഉൾപ്പെട്ട ഗുരുജനങ്ങളിൽ പ്രമുഖർ സാറിനെ സ്വാധീനിച്ചതെങ്ങനെ എന്ന് അൽപ്പമൊക്കെ പിടികിട്ടി. ഗുരുജനങ്ങളിൽ തന്നെ സാറിന് അത്രയൊന്നും അടുപ്പമുണ്ടാവാൻ ഇടവരാഞ്ഞവർ പലരും കാണുമല്ലോ. സഹപാഠികൾ, സഹപ്രവർത്തകർ, സാംസ്‌കാരികരംഗത്തെ സുഹൃത്തുക്കൾ, അഭ്യുദയകാംക്ഷികൾ, ശിഷ്യജനങ്ങൾ മുതൽ സാറിന് എന്തെല്ലാം ഓർ്മിക്കാനുണ്ടാവും. സാഹിത്യം സംഗീതം കലാപ്രോത്സാഹനം, അധ്യാപനം, വിദ്യാഭ്യാസ-കലാസ്ഥാപനങ്ങളുടെ വികസനം ഇത്യാദി രംഗങ്ങളിലെക്ക് അങ്ങു നൽകിയ സംഭാവനകൾ തൊട്ടുഴിഞ്ഞുപോവാൻ പോലും തരപ്പെട്ടില്ല ?

കാര്യം ശരിയാണ്. എങ്കിലും ഇപ്പോൾ തന്നെ നമ്മുടെ സംവാദം ഏറെ നീണ്ടുപോയില്ലേ ? ഇനിയുളള കഥാശേഷം പിന്നെയാവട്ടെ എന്നുവെച്ചാൽ പോരെ

 

തയ്യാറാക്കിയത്

കടയ്ക്കാവൂർ പ്രേമചന്ദ്രൻനായർ
Share

Leave a Reply

Your email address will not be published. Required fields are marked *