കോഴിക്കോട് : ആഗോള നിലവാരത്തിലുള്ള ഏറ്റവും ശാസ്ത്രീയമായ ആരോഗ്യ-വിദ്യാഭ്യാസ മേഖല മലയാളികൾക്ക് നൽകുക എന്നതാണ് ലക്ഷ്യമെന്ന് കെഫ് ഹോൾഡിംങ്‌സിന്റെ സ്ഥാപക ചെയർമാനും, മെയ്ത്ര ഹോസ്പിറ്റൽ ചെയർമാനുമായ ഫൈസൽ കോട്ടിക്കോളൻ പറഞ്ഞു. ഈ കാഴ്ചപ്പാടോടെയാണ് ഫൈസൽ ആന്റ് ഷബാന ഫൗണ്ടേഷനിലൂടെ നടക്കാവ് ഗവൺമെന്റ് ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിനെ രാജ്യാന്തര നിലവാരത്തിലേക്കുയർത്തിയത്. ഇന്ന് രാജ്യത്തെ മികച്ച രണ്ടാമത്തെ സ്‌കൂളാണിത്. പുതിയ കെട്ടിടങ്ങൾ നിർമ്മിക്കൽ മാത്രമല്ല ചെയ്തത്. വിദ്യാർത്ഥികളെ സർവ്വതോൻമുഖമായ വിജയത്തിലേക്ക് നയിക്കാനുള്ള പദ്ധതികളാവിഷ്‌കരിക്കുകയും, അധ്യാപകർക്ക് ഐ.ഐ.എമിലടക്കം വിദക്ത പരിശീലനം നൽകുകയും ചെയ്തു. സമൂഹത്തിലെ പാവപ്പെട്ടവർക്കും മികച്ച ചികിത്സ ലഭ്യമാക്കുക എന്നതിനാണ് 450 കോടി രൂപ ചിലവിൽ കോഴിക്കോട് മെയ്ത്ര ഹോസ്പിറ്റൽ സ്ഥാപിച്ചത്. അമേരിക്കയിലെ ലോക പ്രശസ്തമായ മേയോക്ലിനിക്ക്, ക്ലിൻലാന്റ് ക്ലിനിക്ക് എന്നിവയെക്കുറിച്ച് നാല് വർഷം പഠനം നടത്തി, അവിടങ്ങളിൽ നിന്നുള്ള വിദക്തരുടെ നിർദേശങ്ങളും അടിസ്ഥാനമാക്കിയാണ് മേയ്ത്ര ഹോസ്പിറ്റൽ യാഥാർത്ഥ്യമാക്കിയത്. ഇപ്പോൾ സർക്കാരിന്റെ ബീച്ചാശുപത്രിയിലെ രോഗികൾക്കടക്കം ഏറ്റവും മികച്ച ചികിത്സ സൗജന്യമായി ടെലിമെഡിസിനിലൂടെ മേയ്ത്രയിലൂടെ നൽകാനുള്ള പദ്ധതി നവംബർ 1-ാം തിയതി ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തിരിക്കുകയാണ്. ഈ പദ്ധതിയുടെ ചിലവ് ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷനാണ് വഹിക്കുന്നത്. പദ്ധതി കേരളമാകെ വ്യാപിപ്പിക്കും. ആദ്യഘട്ടത്തിൽ മലബാറിലെ ഒന്നരക്കോടി ജനങ്ങൾക്ക് ടെലിമെഡിസിനിലൂടെ ചികിത്സാ സൗകര്യമൊരുക്കുമെന്നദ്ദേഹം പറഞ്ഞു. കേരളത്തിലെ പട്ടണങ്ങളിലെ ആശുപത്രികൾ വഴിയാണ് ഈ ചികിത്സാ സമ്പ്രദായം നടപ്പാക്കുക. ആഗോള നിലവാരത്തിലുള്ള ആരോഗ്യ-വിദ്യാഭ്യാസ രീതി ജനിച്ച നാട്ടിൽ എത്തിക്കണം എന്ന ലക്ഷ്യത്തിൽ നിന്നാണ് ഇതെല്ലാം യാഥാർത്ഥ്യമാക്കാനായത്. കോഴിക്കോട്ടെ ജനങ്ങൾ ഇന്നതമൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നവരാണ്. ഇന്റഗ്രിറ്റി, ഹോസ്പിറ്റാലിറ്റി എന്നിവക്ക് പേര് കേട്ട നാടാണിത്. മേയ്ത്ര ഹോസ്പിറ്റലിന് വേണ്ടി 450 കോടി രൂപ ഇൻവെസ്റ്റ് ചെയ്യുമ്പോൾ പലരും ചോദിച്ചു എന്തിന് ഇത്ര ഭീമമായ തുക ഇൻവെസ്റ്റ് ചെയ്യുന്നത്. ഇതിന് റിട്ടേൺസ് കിട്ടുമോ എന്ന്. എന്നാൽ ജീവിതത്തിൽ എല്ലാം റിട്ടേൺസല്ല. എല്ലാം ലാഭാധിഷ്ഠിതമല്ല. സമൂഹത്തിന്, ജനങ്ങൾക്ക് തിരിച്ചു കൊടുക്കാൻ നമുക്ക് ബാധ്യതയുണ്ട്. എന്റെ പിതാവ് പി.കെ അഹമ്മദാണ് റോൾമോഡൽ. വലിയങ്ങാടിയിൽ ബിസിനസുകാരനായ അദ്ദേഹത്തിന്റെ കൂടെ കുട്ടിക്കാലത്ത് ഷോപ്പിൽ പോകുമ്പോൾ, അവിടത്തെ ചുമട്ട് തൊഴിലാളികളുടെ പ്രയാസങ്ങൾ നേരിട്ട് മനസിലാക്കിയിട്ടുണ്ട്. ഇതിലൂടെ സാധാരണക്കാരന്റെ പ്രയാസങ്ങൾ അറിയുകയും വ്യവസായ ലോകത്ത് പ്രവർത്തിക്കുമ്പോഴും സമൂഹിക പ്രതിബന്ധത മനസിൽ ഉണ്ടായിരുന്നു. പതിറ്റാണ്ടുകൾക്ക് മുമ്പ് ഗൾഫിലെത്തിയപ്പോൾ തിരെഞ്ഞെടുത്തത് വ്യത്യസ്ത രീതിയായിരുന്നു. അക്കാലത്ത് പാശ്ചാത്യർ മാത്രം കൈവരിച്ചിരുന്നതും, മലയാളികൾ കടന്നുചെല്ലാത്ത ഓയിൽ ബിസിനസിലേക്കാണ് പോയത്. ആ രംഗത്ത് ലോകോത്തര നിലവാരത്തിലുള്ള കമ്പനിയുണ്ടാക്കാൻ സാധിച്ചു. കേരളത്തിൽ ക്യഷ്ണഗിരി പഞ്ചായത്തിലെ എട്ട് വില്ലേജുകളിൽ നടത്തിയ ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ജനങ്ങൾക്ക് വലിയ പുരോഗതിയുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. പ്രതിമാസം അയ്യായിരം രൂപ വരുമാനമുണ്ടായിരുന്ന കുടുംബങ്ങൾക്ക് അൻപതിനായിരം രൂപ വരുമാനമായി മാറി. 1200 ടോയ്‌ലറ്റുകൾ നിർമ്മിച്ചു. സ്‌കൂൾ, റോഡുകൾ, കാർഷികരംഗത്ത് പദ്ധതികൾ എന്നിവയെല്ലാം നടപ്പാക്കി കഴിഞ്ഞു. രാജ്യത്താകമാനം ഇരുപത്തഞ്ച് സ്‌കൂളുകൾ ഫൗണ്ടേഷൻ ഏറ്റെടുത്ത് നിലവാരമുയർത്താനുള്ള പദ്ധതികൾ നടപ്പാക്കി വരികയാണ്. ആരോഗ്യ- വിദ്യാഭ്യാസ രംഗത്തിന്റെ പുരോഗതിക്ക് സർക്കാർ മാത്രം വിചാരിച്ചാൽ പോര. ഈ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരും കൂട്ടായി ഇടപെട്ടാൽ വലിയ മുന്നേറ്റമുണ്ടാക്കി സമൂഹത്തിന് ഗുണഫലമുണ്ടാക്കാൻ സാധിക്കും. അറിവ് ഷെയർ ചെയ്യപ്പെടണം. ശാസ്ത്രീയ അറിവിന്റെ വ്യാപനത്തിലൂടെ മാത്രമേ സമൂഹത്തിന് പുരോഗതിയുണ്ടാക്കാൻ സാധിക്കുകയുള്ളൂ. ഐക്യരാഷ്ട്രസഭപോലും നടക്കാവ് സ്‌കൂളിനെക്കുറിച്ച് പഠിക്കാൻ തയ്യാറായി എന്നതിൽ അഭിമാനമുണ്ട്. നാട്ടുകാരുടെ സ്‌കൂൾ, നാട്ടുകാരുടെ ആശുപത്രി, ഇതാണ് ആത്യന്തിക ലക്ഷ്യം. പണം ദൈവം തരുന്നതാണ്. കാശ് ദൈവത്തിന്റെതാണ്. അത് സമൂഹത്തിന് വേണ്ടി ചിലവഴിക്കാനുള്ളതാണ്. ഭാവിയിൽ വലിയ പദ്ധതികളിലൂടെ ആരോഗ്യ-വിദ്യാഭ്യാസ-ജീവകാരുണ്യ മേഖലയിൽ ഇടപെടുമെന്നദ്ദേഹം പറഞ്ഞു. മേയ്ത്ര ഹോസ്പിറ്റൽ സിഇഒ ഡോ.പി മോഹനക്യഷ്ണനും പങ്കെടുത്തു.