കഥയെഴുത്തിന്റെ 40 സംവത്സരങ്ങൾ

കഥയെഴുത്തിന്റെ 40 സംവത്സരങ്ങൾ

മലയാളത്തിന്റെ പ്രിയ കഥാക്യത്തും കേരളാ സ്‌റ്റേറ്റ് ബുക്മാർക്കിന്റെ മുൻ ചെയർമാനുമായ ബാബുകുഴിമറ്റം കഥയെഴുത്തിന്റെ 40 സംവത്സരങ്ങൾ പിന്നിടുകയാണ്. 14-ാം വയസ്സിൽ സാഹിത്യരംഗത്തേക്ക് വന്ന് കഥയെഴുത്തിൽ വിസ്മയം സ്യഷ്ടിച്ച്, കഥാക്യത്ത്, പ്രസാധകൻ, സംഘാടകൻ, എന്നീ നിലകളിലെല്ലാം ഇന്നദ്ദേഹം ശ്രദ്ധേയനാണ്. മലയാള സാഹിത്യരംഗത്തെ സമ്പന്നമാക്കിയ 1970കളിൽ പ്രസിദ്ധീകരിച്ച ‘ചത്തവന്റെ സുവിശേഷം’ എന്ന കുഴിമറ്റത്തിന്റെ പ്രഥമകഥാസമാഹാരം ഇന്നും വായനക്കാർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.
കേരള സ്‌റ്റേറ്റ് ബുക്മാർക്കിൽ രണ്ടു ടേമുകളിലായി എട്ടുവർഷത്തിലേറെ സെക്രട്ടറിയായി പ്രവർത്തിച്ചു. 14-ാം വയസ്സിൽ കോട്ടയത്തുനിന്നും പ്രസിദ്ധീകരിച്ച ‘തുടിപ്പുകൾ’ എന്ന വാരികയുടെ പത്രാധിപരായാണ് പ്രസിദ്ധീകരണ രംഗത്തേക്ക് കടന്നുവന്നത്. സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിൽ ഒട്ടേറെ വിവാദങ്ങൾക്കിടയാക്കിയ കുഴിമറ്റത്തിന്റെ പ്രമുഖ ചെറുകഥകളാണ് ‘മകുടി’ ‘മാറ്റം’ എന്നിവ. 1970-80 കാലഘട്ടങ്ങളിലെ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിൽ ചടുലത സ്യഷ്ടിച്ച ഒട്ടേറെ ചെറുകഥകൾ കുഴിമറ്റം എഴുതിയിട്ടുണ്ട്. പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ച എല്ലാ ക്യതികൾക്കും പുരസ്‌കാരങ്ങൾ ലഭിച്ച എഴുത്തുകാരൻ എന്ന നിലയിലും ബാബു കുഴിമറ്റം പ്രസിദ്ധി നേടിയിട്ടുണ്ട്. മഹാകവി ജി.സ്മാരക അവാർഡ്,പാറപ്പുറത്ത് അവാർഡ്, ‌പുത്തൻകാവ്‌മാത്തൻ തരകൻ അവാർഡ്, കുറിച്ചി പി.എസ് കുമാരൻ അവാർഡ്, കലാസരിത് അവാർഡ്, തുടങ്ങിയവ മികച്ച പുരസ്‌കാരങ്ങളാണ്. കൊടുപുന്ന സ്മാരക ട്രസ്റ്റ് ചെയർമാനായും, ബുക്മാർക് സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.

 

ബാബു എന്ന വ്യക്തിയുടെ ബാബുകുഴിമറ്റം എന്ന നോവലിസ്റ്റിലേക്കുള്ള പരിണാമം എങ്ങനെയാണ്?

അതായത് കുടുംബപരമായി ഒന്നും അവകാശപ്പെടാനില്ല. എന്റെ മുത്തച്ഛൻ ഒരു ചിത്രകാരനായിരുന്നു. അദ്ദേഹം ചില പച്ചിലകൾകൊണ്ട് ചിത്രരചന നടത്തിയിരുന്നു. പിന്നെ എന്റമ്മയുടെ അമ്മാവനും ഇതേപോലെ ഒരു ചിത്രകാരനായിരുന്നു. അദ്ദേഹം കോമേർസ്യൽ ആർടിസ്റ്റ് ആയിരുന്നു. സാഹിത്യരംഗത്ത് പാരമ്പര്യം അവകാശപ്പെടാത്ത അപ്പൂപ്പൻ ഗാന്ധിയനായിരുന്നു. ധാരാളം വായിക്കുമായിരുന്നു. അച്ഛൻ ധാരാളം വായിക്കുകയും, തന്റെ ജീവിതാനുഭവങ്ങൾ ഡയറിയിൽ കുറിച്ചിടുന്ന സ്വാഭാവക്കാരനുമായിരുന്നു. ഒരു പിത്യസഹോദരസ്ഥാനിയൻ തിരുവിതാംകൂർ ആദ്യകാല പ്രവർത്തകരിലൊരാളായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഹോബികളിലൊന്നാണ് പുസതകശേഖരം തന്നെയായിരുന്നു. അതെന്റെ ബാല്യകാല വായനാവഴിക്ക് നിമിത്തമായിട്ടുണ്ട്. ഗാന്ധിയനായ അപ്പൂപ്പനോടും, പുസ്തകപ്രേമിയായിരുന്ന സഖാവ്. വി.യു ജോൺ എന്ന പുസ്തക പ്രേമിയോടുള്ള ബന്ധം നിമിത്തം സാക്ഷരകേരളത്തിന്റെ പിതാവെന്നു വിശേഷിപ്പിക്കപ്പെടേണ്ട യശ്ശശരീരനായ പി.എൻ പണിക്കർ കോട്ടയത്തെ എന്റെ വീട്ടിൽ നിത്യസന്ദർശകനായിരുന്നു. ഒറ്റപ്പെടലും അവഗണനയും പാർശ്വവൽക്കരണവും, തമസ്‌കരണവും ഇന്നും ഞാൻ നേരിട്ടുകൊണ്ടിരിക്കുന്നുവെങ്കിലും എന്റെ കരുത്തുറ്റ സഹായിയും കൂട്ടുകാരനും വായന തന്നെ. ആ വായന എന്നെ ഒരെഴുത്തുകാരനാക്കി മാറ്റി.

എന്താണ് ബുക്ക് മാർക് ? ഒന്ന് വിശദീകരിക്കാമോ?

കേരള സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുതൽ ബാലസാഹിത്യ ഇൻസിറ്റിയൂട്ട് വരെയുള്ള സാഹിത്യ അക്കാദമി മുതൽ ഫോക്‌ലോർ അക്കാദമി വരെയും തുടങ്ങിയ ഇരുപത്തിആറോളം സാംസ്‌കാരിക സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നവയെല്ലാം തന്നെ അതതു തട്ടകങ്ങളിൽ ഒട്ടേറെ ഗ്രന്ഥങ്ങളും പ്രസിദ്ധീകരണങ്ങളും അച്ചടിച്ചു പുറത്തിറക്കുന്നുണ്ട്. ഇടത്തട്ടുകാരുടെ ചൂക്ഷണത്തിനിടവരാതെ ഇവയെല്ലാം ജനങ്ങൾക്കിടയിൽ നേരിട്ടെത്തിട്ടെത്തിക്കുന്നിനുള്ള ഒരു ഏകജാലക പ്രസ്ഥാനം എന്ന നിലയ്ക്ക് കേരളസർക്കാരിന്റെ കീഴിൽ രൂപം നൽകിയ ഒരുമഹത് പ്രസ്ഥാനമാണ് കേരള സ്‌റ്റേറ്റ് ബുക്ക് മാർക്. സാംസ്‌കാരിക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്നു.

എഴുത്തിന്റെ മേഖല നോവൽ മാത്രമാണോ?

താരതമ്യേന നോവലുകൾ എണ്ണത്തിൽ കുറവാണ്. പുസ്തകരൂപത്തിൽ പുറത്തുവന്നത് രണ്ടേ രണ്ടെണ്ണം. മാത്രം. കുരുതി, ചാവേറുകളുടെ പാട്ട്, മാധ്യമം കഥയല്ലാതെ മറ്റൊന്നുമല്ലതാനും.

ഇതുവരെ എഴുതിയിട്ടുള്ള പുസ്തകങ്ങളെക്കുറിച്ച് ഒരു വിലയിരുത്തൽ?

താരതമ്യേന വാരിവലിച്ചെഴുതുന്ന സ്വഭാവം എനിക്കില്ല. പറയേണ്ടത് പറയാതെ വയ്യ. എന്ന് തോന്നുമ്പോൾ മാത്രം- ആയതു തന്നെ മറ്റാരും പറഞ്ഞിട്ടില്ല എന്ന ഉത്തമബോദ്ധ്യമുണ്ടെങ്കിൽ മാത്രം അത് കടലാസ്സിലേക്ക് പകർത്തുന്ന ഒരു സ്വഭാവകാരനാണ് ഞാൻ. അതുകൊണ്ട് തന്നെ പുസ്തകത്തിന്റെ എണ്ണത്തിന്റെ കാര്യത്തിലും ഞാൻ പിറകിലാണ്. എന്റെ കഥകളെപ്പറ്റിയും ജീവിതത്തെ പറ്റിയും എഴുത്തുകാരിയായ എസ്.സരോജം നടത്തിയ ഒരു റിസർച്ച് സ്റ്റഡിയാണ് ക്ഷുഭിതകാലത്തിന്റെ സുവിശേഷകൻ എന്ന പുസ്തകം. ഈ പുസ്തകങ്ങളധികം ഡി.സി ബുക്ക്‌സും, സാഹിത്യ സഹകരണ സംഘവും പുറത്തിറക്കി. കൂടാതെ മാതൃഭൂമി, മലയാളനാട്, കുങ്കുമം, ജനയുഗം, ദേശാഭിമാനി, തുടങ്ങി മുഖ്യധാര പ്രസിദ്ധീകരണങ്ങളിലെല്ലാം എഴുതിവരുന്നു.

ആധുനിക നോവലിനെ കുറിച്ചെന്താണഭിപ്രായം?

ആധുനികത, അത്യാധുനികത ഉത്തരാധുനികത, എന്നീ ലേബലുകളെപ്പറ്റിയൊന്നും എനിക്ക് വലിയ വിവരമില്ല. അതൊക്കെ നിരൂപകരുണ്ടാക്കിയ തട്ടകങ്ങളാണ്. ചത്തവന്റെ സുവിശേഷം മുതൽ മലയാളത്തിൽ ഉത്തരാധുനികത എന്ന സാഹിത്യ പ്രസ്ഥാനം സ്ഥാപിതമായി എന്ന് പറയുന്ന നിരൂപകരും നമുക്കിടയിലുണ്ടല്ലോ.

ആധുനിക കവിതാകളെ എങ്ങളെ സ്വാധീനിക്കുന്നു?

കവിത മാത്രമല്ല എല്ലാ രചനകളും ക്ലാസിക്കൽ കാലഘട്ടം മുതൽ നമുക്ക് ലഭിച്ച എല്ലാ രചനകളും ജീവിതാനുഭവങ്ങളും എനിക്ക് കരുത്തേക്കുന്നുണ്ട്.

നോവലിസ്റ്റ്, കഥാക്യത്ത്, കേരളാ സ്‌റ്റേറ്റ് ബുക്മാർക്ക് മുൻ ചെയർമാൻ ബാബുകുഴിമറ്റവുമായി ലേഖകൻ കെ.പ്രേമചന്ദ്രൻനായർ നടത്തിയ അഭിമുഖം

എഴുത്തിന്റെ മേഖലയിൽ വെല്ലുവിളികൾ വല്ലതുമുണ്ടോ?

എഴുത്തിന്റെ ലോകം എന്റേതുമാത്രമായ ഒരു ലോകമാണ്. അവിടെ എനിക്ക് വെല്ലുവിളികളില്ല. ബാഹ്യ സാഹിത്യ തലങ്ങളും, ജീവിത സാഹചര്യങ്ങളുമാണ് ഞാൻ നേരിടുന്ന വെല്ലുവിളി.

ആധുനിക എഴുത്തുകാരോട് നിർദേശിക്കാനുള്ളത് ?

ആരേയും ഉപദേശിക്കുന്ന സ്വഭാവം എനിക്കില്ല. പിന്നെ ആരെങ്കിലും എന്നോട് ചോദിച്ചാൽ ഒറ്റ ഉത്തരമേ എനിക്കുള്ളൂ.
‘ you are the createrof your own desting’
(അതായത് നിന്റെ വിധികർത്താവ് നീ തന്നെയാണ് അത് നീ തന്നെയായിരിക്കും)

ജന്മനാടിനെപ്പറ്റി?

അമ്മയുടെ വീട്ടിലാണ് ജനിച്ചത്. തിരുവല്ലയിലെ മുണ്ടുറ്റ് കുടുംബത്ത്. അച്ഛന്റെ വീട് പുരാതന പ്രശസ്തമായ കാളിയാങ്കൽ തറവാട്ടിൽപെട്ട പട്ടശ്ശേരിൽ വീട്. കോട്ടയത്തിനടുത്ത് ചിങ്ങവനത്താണ്. തെട്ടടുത്ത ചെറിയഗ്രാമമാണ് കുഴിമറ്റം. അവിടെയായിരുന്നു ബാല്യകാലം. ചരിത്ര പ്രാധാന്യമൊന്നുമില്ലാത്ത ഒരു കാർഷിക സംസ്‌കാരം , ഒപ്പം വായനയിലൂടെ വളർച്ചനേടിയ ഒരു പിടി മനുഷ്യർ. ദക്ഷിണമൂകാംബിക എന്നറിയപ്പെടുന്നപനച്ചിക്കാട്ടമ്മയുടെ ശ്രീകോവിലും ആ നാട്ടിലാണ്.

കടന്നുവന്ന ലോകത്തെ കുറിച്ച് ചിന്തിക്കുമ്പോൾ എന്ത് തോന്നുന്നു?

കടന്നുവന്ന ലോകത്തേക്ക് നമുക്ക് തിരിഞ്ഞുനോക്കാനാവും, പക്ഷെ ഒരിക്കലും തിരിഞ്ഞു നടക്കാനാവില്ല. ബാല്യകൗമാരങ്ങൾ മിക്കമനുഷ്യർക്കും ജീവിതത്തിന്റെ വസന്തകാലങ്ങളാണ്. എനിക്കാവട്ടെ ഒടുങ്ങാത്ത ദുരന്തങ്ങളുടെ പെരുമഴക്കാലവും. പക്ഷെ അനുഭവങ്ങൾ ആ കാലഘട്ടങ്ങളോട് എനിക്ക് ഏറെ നന്ദിയുണ്ട്. എന്റെ രചനകളെല്ലാം എനിക്ക് തന്നത് ആ കാലങ്ങളാണ് എന്നാൽപ്പോലും ആ കാലങ്ങളിലേക്കൊരു മടങ്ങിപ്പോക്ക് ചിന്തിക്കുന്നത്‌പോലും എനിക്കൊരു പേടിസ്വപ്‌നമാണ്. പല പത്രകാരും എന്റെ അനുഭവങ്ങൾ തുടർപഠക്തിയായി എഴുതുവാൻ എന്നെ നിർബന്ധിക്കുന്നുണ്ട്. ഒരു പക്ഷേ നല്ലൊരവസരം വന്നാൽ ഞാനത് ചെയ്‌തേക്കും. അതിന്റെ മുന്നോടി മാത്രമാണ് ‘എഴുപതിന്റെ പുസ്തകത്തിൽ നിന്ന്’ എന്ന ഗ്രന്ഥം.

സാറിന്റെ കുടുംബത്തെപ്പറ്റി പറയാമോ ?

എഴുത്തിന്റെ 40-ാം വർഷം ആഘോഷിച്ചു കഴിഞ്ഞു. ലോകത്ത് എങ്ങുമുള്ള മലയാളി സംഘടനകൾ പലതും അത് ചെയ്തുവരുന്നു. എന്റെ ഭാര്യയുടെ പേര് മേഴ്‌സി തോമസ് വൈദ്യൻ. എന്നോടോപ്പം ആദ്യം കാമുകിയായും പിന്നീട് ഭാര്യയായും ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയിട്ട് 40വർഷത്തിലേറെയായി. അമ്മയായിരുന്നും ദൈവം. അവർ ഈ ലോകം വിട്ടു പിരിഞ്ഞു. എനിക്ക് മൂന്ന് മക്കൾ. മൂത്തമകൾ-കോകില വക്കീലാണ് . ഒപ്പം ഫ്രീലാൻസ് ജേർണലിസ്റ്റാണ്. ഭർത്താവ് എം.ജേക്കബ്ബ് അദ്ദേഹം ജേർണലിസ്റ്റാണ്. മോൾക്ക് താഴെ രണ്ട് ആൺകുട്ടികൾ. മൂത്തവൻ അശ്വനി ബാബു. ഇളയവൻ ആനന്ദ് നാഗ് ബാബു. ഇരുവരും ഖത്തറിൽ ബിസിനസ്സ്‌കാരാണ്. മൂവരും വിവിധ മതവിഭാഗങ്ങളിൽ നിന്ന് വിവാഹിതരായവർ. സർട്ടിഫിക്കറ്റിൽപ്പോലും ജാതി ചേർക്കാതെ, വേലിക്കെട്ടുകളില്ലാതെ വളർത്തപ്പെട്ടവർ. സന്തുഷ്ടകുടുംബം നയിക്കുന്നവർ.

അതായത് പത്രങ്ങളിൽ വരുന്ന ഫെയ്‌സ്ബുക്ക് വിവാദങ്ങളെക്കുറിച്ച് അങ്ങയുടെ അഭിപ്രായം അനുഭവം ഒന്ന് വിവരിക്കാമോ?

മറ്റു പത്രങ്ങളിൽ അച്ചടിച്ചുവന്ന എന്റെ വിവാദ ഫെയ്‌സ്ബുക്ക് വാർത്ത ഞാൻ കാണുകയുണ്ടായി. ഞാനുന്നയിച്ചിരുന്ന വലിയ പ്രശ്‌നം അനുകൂലിച്ചും, പ്രതികൂലിച്ചും, ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും മാത്രമേ നമ്മൾക്കേവർക്കും ഉന്നമാകുന്ന ഉണ്മയിലേക്ക് എത്തിച്ചേരാൻ സാധിക്കും.

അടുത്തത് ഉപദേശിയുടെ പരിവേഷമില്ലാത്ത അഭിപ്രായങ്ങൾ;

എല്ലാ പാരമ്പര്യവും അഥവാ പൈത്യകസിദ്ധമായി ലഭിച്ചത് എല്ലാം അപ്പാടെ ചുമലിലേറ്റി നടക്കണം എന്ന അഭിപ്രായക്കാരനല്ലാ ഞാൻ. കാലദേശങ്ങൾക്കൊണ്ട് സാഹചര്യങ്ങൾക്കനുസ്യതമായി അവയിൽ പലതും മാറ്റപ്പെടേണ്ടതുണ്ട് എങ്കിൽ മാറ്റിയെ തീരൂ എന്ന പക്ഷക്കാരൻ തന്നെയാണ് ഞാനും. നമ്മൾ ജീവിക്കുന്നത് വിശ്വോത്തരമായ ഒരു സംസ്‌കാരത്തിന്റെ അടത്തയറിലാണ്. ആ സംസ്‌കാരം തന്നെയാണ് ഞാൻ ഹിന്ദുമതം എന്ന് വിശേഷിപ്പിക്കുന്നത്. നിർഭാഗ്യവശാൽ കക്ഷി രാഷ്ട്രീയം കടന്നുകേറ്റങ്ങൾ ആ സംസ്‌കാരത്തിന് ഏറെ ദുർവ്യാഖ്യാനങ്ങൾ നൽകുന്നു എന്നതും സത്യമാണ്. നാം മുന്നോട്ട് പോകുന്നത് ജനാധിപത്യവ്യവസ്ഥയിലാണ്. ഈ വ്യവസ്ഥയുടെ ഏറ്റവും വലിയ കാവലാളും പരോക്ഷതലത്തിലെ അധികാരിയും ഫോർത്ത് എസ്‌റ്റേറ്റാണ്. അവിടെ സംഭവിക്കുന്ന വലിയ ജീർണ്ണതകൾക്ക് നാം വലിയ വിലകൊടുക്കേണ്ടിവരും. സ്വദേശാഭിമാനി രാമക്യഷ്ണപ്പിള്ളയും, കെ.ബാലക്യഷ്ണനുമൊക്കെ നമുക്കിന്നൊരു വ്യാമോഹം മാത്രമായി തീർന്നിരിക്കുന്നു. മനുഷ്യന്റെ നന്മയിൽ മാനവീയത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന ഒരെഴുത്തുകാരനാണ് ഞാൻ. പൊൻകുന്നം വർക്കിയും, കേശവദേവുമൊക്കെ കാത്തുസൂക്ഷിച്ച പ്രതിബദ്ധത അതിവേഗം തിരിച്ചു വിളിക്കപ്പെടേണ്ടതായ ഒരു കാലഘട്ടം കൂടിയാണിത്.

തയ്യാറാക്കിയത്

കടയ്ക്കാവൂർ പ്രേമചന്ദ്രൻനായർ
Share

Leave a Reply

Your email address will not be published. Required fields are marked *