കവയത്രിയും നോവസിസ്റ്റുമായ നവഭാവനാ ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർപേഴ്‌സണുമായ സന്ധ്യ ജയേഷ് എഴുത്തുകാരനും, കവിയും ലേഖകനുമായ ശ്രീ.കടയ്ക്കാവൂർ പ്രേമചന്ദ്രൻ നായരുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ.
അച്ഛന്റെ പേരുകൂടി ചേർത്ത് ഒരാളെ പരിചയപ്പെടുത്തുന്നത് ഇതാദ്യമായാണ്. ഒരു കാലത്ത് കിളിമാനൂർ കുട്ടൻപിള്ള എന്ന അധ്യാപകൻ ചെയ്തിട്ടുള്ള നന്മകൾ ഓർക്കുമ്പോൾ അദ്ദേഹത്തിന്റെ മകനെ ആ പേരുകൂടി ചേർത്തു പരിചയപ്പെടുത്താനാണ് എനിക്ക് തോന്നിയത്. കഥകളി ആസ്വാദകനും, പത്രപ്രവർത്തകനും, അധ്യാപകനുമായ പിതാവിനെക്കുറിച്ച് അല്ലെങ്കിൽ അദ്ദേഹത്തിന്റെ പ്രവർത്തന മേഖല, അർപ്പണമനോഭാവം ഇവയൊക്കെ ഞങ്ങൾക്കായി ഒന്ന് വിവരിക്കാമോ?
തീർച്ചയായും, അതായത് എന്റെ അച്ഛൻ കിളിമാനൂർ കുട്ടൻപിള്ളസാറ് കഥകളി ആസ്വാദകൻ മാത്രമല്ല. കഥകളിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഒരു വ്യക്തിയുമായിരുന്നു. പെൻഷൻ ആയ ശേഷം ‘നൃത്യകലാരംഗം’എന്ന പേരിൽ ഒരു കഥകളി മാസിക തുടങ്ങുകയും മുഴുവൻ സഹായപ്രവർത്തനം ഒരു കലയുടെ നിലനിൽപ്പിനും പരിപോഷണത്തിനും വേണ്ടി പ്രയത്‌നിച്ച ഒരു മഹാപ്രതിഭയായിരുന്നു. സ്വന്തം കൈയ്യിൽ നിന്നു പണം ചിലവാക്കി നഷ്ടം സഹിച്ചും നീണ്ട പതിനാറ് വർഷം അദ്ദേഹത്തിന്റെ മരണം വരെയും ആ പ്രസിദ്ധീകരണം നടത്തിയിരുന്നു. വളരെയധികം അർപ്പണമനോഭാവത്തോടെ തന്നെ ഒരു ഒറ്റയാൾ പട്ടാളമായി ഈ സംരംഭം നിലനിർത്തി എന്നത് വളരെ അഭിമാനപൂർവ്വം ഇവിടെ സ്മരിക്കുന്നു.
ഒട്ടനവധി പ്രശസ്ത വ്യക്തികളെ അഭിമുഖം നടത്തിയിട്ടുള്ള ഒരാളാണ് അങ്ങ്. അതിൽ കുറച്ച് പേരുടെ പേരുകൾ എല്ലാവരുടെയും അറിവിലെക്കായി ഇവിടെ പറയാം. മലയാളസിനിമാരംഗത്തെ കാരണവരായ മധുസാർ, ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻതമ്പി, ഡോ.ജോർജ് ഓണക്കൂർ, കെ.മുരളീധരൻ, പന്ന്യൻ രവീന്ദ്രൻ, കാനം രാജേന്ദ്രൻ, പത്മശ്രീ.ഡോ.വെള്ളായണി അർജുനൻ സാർ, ഗൗരീലക്ഷ്മീഭായി തമ്പുരാട്ടി, എ.ഡി.ജി.പി ഡോ.സന്ധ്യ, തുടങ്ങി ഒട്ടനവധി പ്രതിഭകളെ അഭിമുഖം നടത്തിയ പ്രേമചന്ദ്രൻ സാറുമായി അഭിമുഖം നടത്തുന്നത് സന്തോഷകരമാണ്. അഭിമുഖം നടത്തിയതിൽ ഓരോ വ്യക്തികൾക്കും ഓരോ അനുഭവസമ്പത്തുകളാണ്. എങ്കിലും സാറിനെ കൂടുതൽ ആകർഷിച്ച വ്യക്തികൾ ആരൊക്കെയാണ്?
മലയാള സാഹിത്യരംഗത്തെ പ്രഭത്ഭരായ ഈ പറയുന്ന ഓരോരുത്തരെയും അഭിമുഖം നടത്തുക എന്നു പറയുന്നത് ഒരനുഭവം തന്നെയാണ്. ഈ ഓരോ വ്യക്തികളെയും നമ്മൾ ശരിക്കും മനസ്സിലാക്കിയ ശേഷം മാത്രമേ അഭിമുഖം നടത്താൻ കഴിയൂ. അവർ സാഹിത്യരംഗത്ത് ചെയ്തിട്ടുള്ള സംഭാവനകൾ, അവരുടെ കൃതികൾ, അവരുടെ പ്രവർത്തനമേഖല, ജീവിതം എല്ലാം മനസ്സിലാക്കിയിട്ടാണ് ചോദ്യം തയ്യാറാക്കേണ്ടത്. ഓരോ രംഗത്തും പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ളവർ അവർക്ക് മുൻപിൽ നമ്മൾ ഒന്നും അല്ല. ഓരോ അഭിമുഖത്തിലൂടെയുംആവ്യക്തികളിൽ നിന്ന് നമുക്ക് ധാരാളം അറിവ് മനസ്സിലാക്കാൻ കഴിയും. ഉദാ: ജേർജ് ഓണക്കൂർ, ശ്രീകുമാരൻതമ്പി, ഡോ.വെള്ളായണി അർജുനൻസാർ, നെടുമുടിവേണു, തുടങ്ങിയവരെയും വേർതിരിച്ച് പറയാനാകില്ല. കാരണം അവരുടെയൊക്കെ കർമ്മമേഖല അത്രക്ക് പ്രശസ്തവും, പ്രശംസനീയവുമാണ്.
താങ്കൾ സാഹിത്യരംഗത്ത് ഏറ്റവും കൂടുതൽ എഴുതുന്നത് ലേഖനങ്ങളാണെന്നറിയാം. കവിതകളും എഴുതുന്നുണ്ട്. രചനകളിൽ ഏതു വിഭാഗത്തോടാണ് കൂടുതൽ ഇഷ്ടം ?
ലേഖനം, കവിത, ക്ഷേത്രമാഹാത്മ്യം, അഭിമുഖം പിന്നെ താൽപര്യമുള്ളതിനാൽ ക്യഷിയെക്കുറിച്ചും ഫീച്ചറുകൾ എഴുതാറുണ്ട്. അഭിമുഖം നടത്തുക എന്നത് പ്രത്യേകം താല്പര്യമുള്ള വിഭാഗമാണ്. എല്ലാ ആരാധനാലയങ്ങളെക്കുറിച്ചും. വ്യക്തമായി മനസ്സിലാക്കി ക്ഷേത്രമാഹാത്മ്യം തയ്യാറാക്കാറുണ്ട്.
ദീർഘകാലം പ്രവാസജീവിതം നയിച്ച താങ്കൾ സാഹിത്യരംഗത്തേക്ക് കടന്നുവരാനുണ്ടായ സാഹചര്യം, പ്രചോദനം ഇവ ഒന്ന് വ്യക്തമാക്കാമോ?
ദീർഘകാലം വിദേശത്തായിരുന്നു. അന്നൊക്കെ ധാരാളം വായിക്കാനവസരം ലഭിക്കുമായിരുന്നു. മാത്രവുമല്ല അവിടത്തെ കലാസാംസ്‌കാരിക രംഗങ്ങളുമായി ബന്ധപ്പെടാനവസരം ലഭിച്ചു. അങ്ങനെ വിവിധ പ്രസിദ്ധീകരണങ്ങളിൽ നമ്മുടെ അനുഭവങ്ങൾ എഴുതാൻ തുടങ്ങി. യാഥാർത്ഥ്യം നിറഞ്ഞ നമ്മുടെ ജീവിതത്തെ സ്പർശിക്കുന്ന അനേകം സംഭവങ്ങൾ ഈ രചനകളെ സഹായിച്ചിട്ടുണ്ട്. അതിന് ശേഷം അഞ്ച് ലേഖനങ്ങളും മറ്റും തയ്യാറാക്കി തുടങ്ങിയത്. പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ വന്നശേഷം തലസ്ഥാനനഗരിയായ തിരുവനന്തപുരം കണ്ണമൂലയിൽ താമസമാക്കുകയും ഇവിടുത്തെ സാംസ്‌കാരിക സമ്മേളനങ്ങളിൽ സജ്ജീവമായി പങ്കെടുക്കാനവസരം ലഭിക്കുകയും ചെയ്തു.
ക്ഷേത്രമാഹാത്മ്യം ആചാരനുഷ്ഠാനങ്ങൾ ഇവയെക്കുറിച്ച് എഴുതി തയ്യാറാക്കുന്ന താങ്കൾ തികഞ്ഞ ഈശ്വര വിശ്വാസിയാണെന്ന് വിചാരിക്കുന്നു. എന്താണ് ഇതേക്കുറിച്ച് പറയാനുള്ളത് ?
ഞാൻ എല്ലാമതങ്ങളെയും എല്ലാ ആരാധനാലയങ്ങളെയും കുറിച്ച് വസ്തുനിഷ്ഠമായ കാര്യങ്ങൾ ആ പ്രദേശത്തും പരിസരങ്ങളിലുമായി ചെന്ന് ചോദിച്ചറിഞ്ഞ് കൂടുതലും മതസൗഹാർദ്ദത്തിന്റെ പ്രതീകങ്ങളായി നിലകൊള്ളുന്നവയെക്കുറിച്ച് അവയ്ക്ക് പ്രാധാന്യം നൽകി എഴുതാറാണ് പതിവ്. അഞ്ഞൂറും അറന്നൂറും വർഷങ്ങൾ പഴക്കമുള്ള അല്ലെങ്കിൽ ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ആരാധനാലയങ്ങളെക്കുറിച്ച് വളരെ ആഴത്തിൽ മനസ്സിലാക്കി അതിന്റെ പ്രത്യേകതകൾ വായനക്കാരിലെത്തിക്കുന്നു. മഹാക്ഷേത്രങ്ങളെക്കുറിച്ചും മറ്റുമാണ് കൂടുതലും ഗ്രന്ഥങ്ങളിൽ ഉള്ളത്. അതിനാൽ ചെറിയ ആരാധനാലയങ്ങളെ കൂടി ഉൾപ്പെടുത്തികൊണ്ട് ഒരു സമാഹാരം തയ്യാറാക്കുന്നുണ്ട്.
താങ്കളുടെ ജന്മസ്ഥലം തിരുവനന്തപുരം ജില്ലയിലെ കടയ്ക്കാവൂർ ആണെന്നറിയാം.സ്വന്തം ഗ്രാമത്തെക്കുറിച്ചും, ജനിച്ച നാടിനെക്കുറിച്ചും ഒന്ന് വ്യക്തമാക്കാമോ?
പ്രക്യതി കനിഞ്ഞനുഗ്രഹിച്ച നമ്മുടെ ദേശങ്ങൾ വർഷങ്ങൾക്ക് മുൻപ് എങ്ങനെയായിരുന്നുവെന്ന് നമ്മുടെ പുതിയതലമുറക്കറിയില്ല. നോക്കെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന ആ സൗന്ദര്യം ഒരിക്കലും തിരിച്ചുവരാനാകാതെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഒരുപാട് മേന്മകൾ അവകാശപ്പെടാനില്ലെങ്കിലും ചരിത്രത്തിൽ ഇടം നേടിയ ഒരു പ്രദേശമാണ് കടയ്ക്കാവൂർ. കടലും, കായലും, ചുറ്റപ്പെട്ട ഒരു തീരദേശഗ്രാമം. പണ്ട് ബ്രീട്ടീഷുകാർ നിർമിച്ച അഞ്ചുതെങ്ങ് കോട്ട സമീപത്താണ്. നാടിനെക്കുറിച്ചും അവിടെ ജനിച്ചുവളർന്നവരെക്കുറിച്ചും ഒക്കെ ധാരാളം പറയാനുണ്ട്. അവയൊക്കെ ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു. ഓരോ ആൾക്കാർക്കും ഉണ്ടാവും അവരവരുടെ നാടിൻപുറങ്ങളെ പറ്റി പറയാൻ.
വിവിധ സാംസ്‌കാരിക ,സംഘടനകളുമായി ചേർന്ന് പ്രവർത്തിച്ച് തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്തു താമസിക്കുന്ന താങ്കൾ ഗ്രാമപ്രദേശത്ത് സ്ഥിതിചെയ്യുന്ന നവഭാവനാചാരിറ്റബിൾ ട്രസ്റ്റ് എന്ന സംഘടനയെ എങ്ങനെ വിലയിരുത്തുന്നു.?
നവഭാവനാ ചാരിറ്റബിൾ ട്രസ്റ്റ് ഇന്ന് കേരളത്തിനകത്ത് ഉള്ള എല്ലാ ജില്ലകളിലും മെമ്പർമാരുള്ള ഒരു സംഘടനയാണ്. ജീവകാരുണ്യ പ്രസ്ഥാനമാണ്. കൂടാതെ കലാസാംസ്‌കാരിക രംഗത്തെ കലാകാരന്മാരെ വാർഷിക സമ്മേളനത്തിൽ വച്ച് ആദരിക്കുകയും അവർക്ക് പ്രോത്സാഹനം നൽകുകയും ചെയ്യുന്നു. അവശതഅനുഭവിക്കുന്നവർക്ക് സാന്ത്വനത്തിന്റെ തൂവൽസ്പർശമായി കിളിമാനൂരിനടുത്ത് പുളിമാത്ത് എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ഇതിന്റെ സ്ഥാപക പ്രസിഡന്റ് സന്ധ്യാ ജയേഷാണ്.
കലാസാംസ്‌കാരിക പ്രവർത്തനങ്ങളെ പ്രത്യേകിച്ച് എഴുത്തിന് കുടുംബാംഗങ്ങളുടെ ഭാഗത്തുനിന്നും ഏതുരീതിയിലുള്ള പ്രോത്സാഹനമാണ് ലഭിക്കാറ്?
സത്യം പറഞ്ഞാൽ വീട്ടുകാരായാലും നാട്ടുകാരായാലും ഇതിനോടു താൽപ്പര്യമുള്ളവർക്ക് മാത്രമേ ഇതുമായി സഹകരിക്കാൻ കഴിയൂ. എന്റെ വീട്ടിൽ നിന്നോ കുടുംബാംഗങ്ങളിൽ നിന്നോ യാതൊരുവിധ സഹകരണവും പ്രചോദനവും സാഹിത്യരംഗത്ത് അവർ നൽകാറില്ല എന്ന ദുഃഖ സത്യം അവശേഷിക്കുന്നു. അതേ സമയം സാഹിത്യ പ്രവർത്തകർ അങ്ങേയറ്റം സഹകരിക്കുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്.