ഗാനഗന്ധർവ്വൻ പത്മശ്രീ ഡോ.കെ.ജെ.യേശുദാസിന്റെ സംഗീതസപര്യയിലേക്ക് ഒരു യാത്ര

ഗാനഗന്ധർവ്വൻ പത്മശ്രീ ഡോ.കെ.ജെ.യേശുദാസിന്റെ സംഗീതസപര്യയിലേക്ക് ഒരു യാത്ര

ജാതിമതഭേദമന്യെ എല്ലാറ്റിനേയും സമന്വയിപ്പിക്കുന്ന ഒന്നാണ് സംഗീതം. ഈശ്വരൻ കനിഞ്ഞു നൽകിയ വരദാനമാണ് ആ സ്വരം. 80 ന്റെ നിറവിലും ആ സ്വരത്തിന് 17ന്റെ കുട്ടിത്തം. മലയാളിയുടെ ആത്മനാദം-മഹിതമായ ഗന്ധർവ്വനാദം- ഋതുഭേദങ്ങളിൽ കുളിരും തണലും ഊഷ്മളവും സുഖദുഃഖങ്ങളിൽ സാന്ത്വനവും തലോടലുമായ് നമ്മെ പുൽകിയുണർത്തുന്ന ശബ്ദം. അദ്ദേഹത്തിന്റെ ശബ്ദം ഇനിയുമിനിയും അനേകശതകം ഗാനങ്ങളിൽ നാദധാര നിറയുവാൻ സാധിക്കട്ടെ!

ലളിതഗാനങ്ങളും ശാസ്ത്രീയ സംഗീതവും ഹൃദ്യമായി സമജ്ജസിക്കുന്ന ഒരു സ്വരപ്രപഞ്ചം സൃഷ്ടിച്ചത് ഈ ഗായകനാണ്. അപശ്രുതിയിൽ നിന്ന് തികച്ചും മുക്തമായ ഒരു സ്വരസാന്നിദ്ധ്യമാണ് അദ്ദേഹത്തിന്റെത്. ആ സ്വരഗംഗാപ്രവാഹം ഒഴുകിയെത്തുമ്പോൾ ഇവിടെ രാഗങ്ങളുടെ തേന്മഴതന്നെ പെയ്യുന്നു. യേശുദാസ് ‘കാൽപ്പാടുകൾ’ എന്ന ചിത്രത്തിലൂടെ ശ്രീ.നാരായണഗുരു രചിച്ച ജാതിഭേദം മതദ്വേഷം എന്ന ശ്ലോകം ആലപിച്ചുകൊണ്ടാണ് അദ്ദേഹം ഈ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.
ഒരു മനുഷ്യായുസ്സ് സംഗീതത്തിന് വേണ്ടി ഉഴിഞ്ഞുവെച്ച മലയാളത്തിന്റെ പ്രിയപ്പെട്ട ഗായകൻ ഡോ.കെ.ജെ യേശുദാസിന് ഇത് 80-ാം ജന്മസാഫല്യത്തിന്റെ സ്വരമാധുരി…. നേരത്തേ സപ്തതി പിന്നിട്ടപ്പോഴും പത്തരമാറ്റിന്റെ തിളക്കവുമായി ആ മധുരശബ്ദം മലയാളികളുടെ കാതുകളിലേക്ക് ഒഴുകിയെത്തികൊണ്ടിരുന്നു.
അനുഗ്രഹീത നടനും ഗായകനുമായിരുന്ന അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും അഞ്ചുമക്കളിൽ മൂത്തപുത്രനായ യേശുദാസ് 1940 ജനുവരി 10ന് എറണാകുളം ജില്ലയിലെ ഫോർട്ട്കൊച്ചിയിലാണ് ജനിച്ചത്. തൃപ്പൂണിത്തുറ ആർ.എൽ.വി സംഗീത അക്കാദമിയിലും, തിരുവനന്തപുരം സ്വാതിതിരുനാൾ അക്കാദമിയിലും ആയാണ് സംഗീത പഠനം പൂർത്തിയാക്കിയത്. ഈശ്വരനെയും, സംഗീതത്തേയും ഒരുപോലെ പൂജിക്കുകയാണ് അദ്ദേഹം. ശബ്ദനിയന്ത്രണത്തിലും ഭാവസ്ഫുരണത്തിലും സ്പുടതയിലും തികഞ്ഞ നിഷ്‌കർഷത പാലിക്കുന്ന യേശുദാസ് തന്റെ മനോഹരമായ ശബ്ദം മലയാളസംഗീതത്തിന് നൽകിയ സംഭാവനകൾ വർണ്ണനാതീതമാണ്.

‘ ദൈവം തന്ന വിധിയല്ലേ-നീ
ജീവരാഗമധുവല്ലേ…. നൽകിടാം
സാന്ത്വനം…ഓ പ്രിയേ ‘

ജാതിമതഭേദമന്യെ എല്ലാറ്റിനേയും സമന്വയിപ്പിക്കുന്ന ഒന്നാണ് സംഗീതം. ഈശ്വരൻ കനിഞ്ഞു നൽകിയ വരദാനമാണ്. ആ സ്വരം. 80ന്റെ നിറവിലും ആ സ്വരത്തിന് പതിനേഴിന്റെ കുട്ടിത്തം. മലയാളിയുടെ ആത്മനാദം- മഹിതമായ ഗന്ധർവ്വനാദം-ഋതുഭേദങ്ങളിൽ കുളിരും,തണലും,ഊഷ്മളവും, സുഖദുഃഖങ്ങളിൽ സാന്ത്വനവും, തലോടലുമായ് നമ്മെ പുൽകിയുണർത്തുന്ന ശബ്ദം.

‘ ഒന്നാനാം കുന്നിന്മേൽ..
കൂടുകൂട്ടും തത്തമ്മേ…
നീയെന്റെ തേന്മാവിൽ ഊഞ്ഞാലാടാൻ വാ….’

കാലങ്ങളായി മലയാള സിനിമാരംഗത്തെ വടവൃക്ഷമായി പടർന്നു പന്തലിച്ച് നിൽക്കുന്ന ആ മഹാഗായകന്റെ സ്വര ചില്ലകൾക്ക് ഇന്നും തളിരിന്റെ മൃദുത്വം. തലമുറകളായി മലയാളം ഒരു കോട്ടവും ഏൽപ്പിക്കാതെ നെഞ്ചോടു ചേർത്തുവെച്ചിരിക്കുകയാണ് ആ സ്വരം ഇപ്പോഴും എന്തൊരു ആർദ്രത-എന്തൊരു പൊലിമ. മലയാളത്തിന് പകരം വെയ്ക്കാനില്ലാത്ത ആ നാദധാര അനസ്യൂതം ഒഴുകട്ടെ. പാടിവെച്ച അനേകായിരം സുവർണ്ണഗാനങ്ങളിൽ നിന്ന് ഒരു പിടി ഗാനങ്ങൾ ജന്മമധുരമായി മാറ്റിവെക്കണം.

‘മലർകൊടിപോലെ
വർണ്ണചൊടിപോലെ
മയങ്ങൂ…നീയെൻ മടി മേലേ…’

ഗായികാഗായകന്മാരിൽ പതിനായിരത്തിൽ ഒരാണിനു മാത്രം കിട്ടുന്ന തൃത്തായി ശബ്ദത്തിനുടമയാണ് മലയാളികളുടെ സ്വന്തം ഗാനഗന്ധർവ്വൻ. യേശുദാസിന്റെ ഒരു ഗാനമെങ്കിലും കേൾക്കാത്ത, ഒരു ഗാനമെങ്കിലും മൂളാത്ത ഒരു ദിവസമുണ്ടാകുമോ നമ്മുടെ ജീവിതത്തിൽ, അത്രമേൽ അദ്ദേഹത്തിന്റെ ശബ്ദം നമ്മെ സ്വാധീനിച്ചിരിക്കുന്നു. പ്രത്യേകിച്ച് ഒരാമുഖക്കുറിപ്പിന്റെയോ അല്ലെങ്കിൽ വിലയിരുത്തലിന്റെയോ ആവശ്യമുദിക്കുന്നില്ല. ഡോ.കെ.ജെ യേശുദാസിനെപ്പറ്റി പറയുമ്പോൾ ആ സ്വഭാവവും, രൂപവും ഭാവവും ഒക്കെ നമ്മുടെ ഹൃദയരക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുകയാണ്. ഭാഷയുടെ അതിർവരമ്പുകളും കടന്നുചെന്ന ഗന്ധർവ്വനാദത്തെ തേടി പത്മശ്രീ അടക്കം ധാരാളം പുരസ്‌കാരങ്ങളും കിട്ടിയിട്ടുണ്ട്. ഈ ഗാനങ്ങളെല്ലാം തന്നെ നെഞ്ചിലെ നിധിപോലെ നാം കാത്തുസൂക്ഷിക്കുന്നുമുണ്ട്.

‘ ഗോരിതേരാഗാവ്
ബഡാപ്യാരാ…അഭിയഹാ…’

‘ ഹരി മുരളീരവം
ഹരിത വൃന്ദാവനം
പ്രണയസുധാമയ മോഹനഗാനം…’

1961-ൽ കെ.എസ്. ആന്റണി സംവിധാനം ചെയ്ത ‘ കാൽപ്പാടുകൾ’ എന്ന ചിത്രത്തിൽ എം.വി ശ്രീനിവാസന്റെ സംഗീതത്തിൽ നാല് വരി ഗുരുകീർത്തനം ആലപിച്ചുകൊണ്ട് സിനിമാരംഗത്തേക്ക് കടന്നുവന്ന അദ്ദേഹത്തിന് സിനിമയുടെ വാതിൽ തുറക്കപ്പെട്ടു… പതിനായിരത്തിലധികം ഗന്ധർവ്വഗാനങ്ങളാണ്. പുറത്തുവന്ന ആദ്യചിത്രം ‘ശ്രീകോവിൽ’ ആയിരുന്നു.ദക്ഷിണാമൂർത്തി സ്വാമികളായിരുന്നു അതിന്റെ സംഗീതസംവിധാനം നിർവ്വഹിച്ചത്. തുടർന്ന് 40,000ത്തിൽപ്പരം ഗാനങ്ങൾ മലയാളത്തിലും മറ്റെല്ലാ ഭാരതീയ ഭാഷകളിലുമായി യേശുദാസ് പാടിവെച്ചു.ജനസഹസ്രങ്ങൾ ഇന്നും അതേറ്റുപാടുകയാണ്.
പ്രണയഗാനങ്ങളിലൂടെയും,ലളിതഗാനങ്ങളിലൂടെയും,ഹാസ്യഗാനങ്ങളിലൂടെയും,ഭക്തിഗാനങ്ങളിലൂടെയും, വിപ്ലവഗാനങ്ങളിലൂടെയും ഒക്കെ മലയാളത്തെ കോരിത്തരിപ്പിച്ച യേശുദാസിനെത്തേടി ഏഴു തവണയാണ് ദേശീയ പുരസ്‌കാരം എത്തിയത്. വിനയാന്വിതമായ പെരുമാറ്റം, ക്ഷമാശീലം ഇവയെല്ലാം അദ്ദേഹത്തിന്റെ പ്രത്യേകതകളായിരുന്നു. 1972ൽ ‘അച്ഛനും ബാപ്പയും’ എന്ന ചിത്രത്തിൽ ‘ മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു ‘ എന്ന ഗാനത്തിനാണ് ആദ്യ ദേശീയ അവാർഡ്. തുടർന്ന് 1973-ൽ ഗായത്രി, 1974ൽ ചിപ്പ് ചോപ്പ്, 1986ൽ മേഘസന്ദേശം, 1987ൽ ഉണ്ണികളെ ഒരു കഥപറയാം,1991ൽ ഭരതം, 1993ൽ സോപാനം എന്നീ ചിത്രങ്ങളിലും അദ്ദേഹത്തിന് ദേശീയ അവാർഡ് ലഭിക്കുകയുണ്ടായി. 72 തവണ ദേശീയ പുരസ്‌കാരങ്ങൾ കിട്ടിയിട്ടുള്ള യേശുദാസിന് കിട്ടിയിട്ടുള്ള മറ്റ് പുരസ്‌കാരങ്ങൾക്ക് യാതൊരു കണക്കുമില്ല. 1977ൽ പത്മശ്രീ ബഹുമതിയും, 1989ൽ അണ്ണാമലയൂണിവേഴ്സിറ്റി ഡോക്ടറേറ്റും നൽകി ആദരിക്കുകയുമുണ്ടായി. എന്തുതന്നെയായാലും മലയാളി മനസ്സിൽ ഉണർത്തുപാട്ടായും യേശുദാസിന്റെ ശബ്ദം ഉണ്ടാകും. കാവ്യഗംഗയുടെ അനർഗളപ്രവാഹം അങ്ങനെ ഒഴുകിക്കൊണ്ടേയിരിക്കുന്നു .
അദ്ദേഹം നമുക്കായി പാടിയഗാനങ്ങളുടെ ഭാവപൂർണ്ണിമയെ പറ്റിയും വികാര തീവ്രതയെപ്പറ്റിയും പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. മർമ്മം അറിഞ്ഞുകൊണ്ടുള്ള ആ ആലാപനശൈലി ഒളിമങ്ങാതെ എന്നും പ്രസരിക്കട്ടെ.
വെറുമൊരു ഗായകൻ മാത്രമായിരുന്നില്ല കെ.ജെ.യേശുദാസ്. നല്ലൊരു അഭിനേതാവും, സംഗീതസംവിധായകനും അതിലുപരി സന്മനസ്സും നാനാജാതിമതസ്ഥരെയും ഒന്നായിക്കാണാനുള്ള ത്വരയും അദ്ദേഹത്തിൽ മുന്നിട്ടു നിൽക്കുന്നുണ്ടായിരുന്നു.

‘ ഹൃദയം ഒരു വീണയായ്
അതിൽ നിൻ മൊഴിയായ് ‘
എൻ നെഞ്ചിൽ കാണും നിന്നിൽ കേൾക്കുമ്പോൾ’

ആദ്യകാലത്ത് കെ.ജെ യേശുദാസ് ചില ചിത്രങ്ങളിൽ അഭിനയിക്കുകയും പാട്ടുരംഗങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ‘കായംകുളം കൊച്ചുണ്ണി’ യിലെ ‘ സുറുമ… നല്ല സുറുമ’, പിന്നെ ‘കുങ്കുമപ്പൂവുകൾ പൂത്തു’ കൂടാതെ ‘ ആറ്റുവഞ്ചി കടവിൽ വച്ച് ‘ എന്നീ ഗാനരംഗത്ത് ഒക്കെ പാടി അഭിനയിക്കുന്നത് യേശുദാസ് തന്നെയായിരുന്നു. നിറകുടത്തിലെ ‘ നക്ഷത്രദീപങ്ങൾ തിളങ്ങി ‘ പിന്നെ പഠിച്ചകള്ളൻ എന്ന ചിത്രത്തിലെ ‘ താണനിലയന്നിലേനീരോടൂ’, ഹർഷബാഷ്പത്തിലെ ‘ ആയിരം കാതമകലെയാണെങ്കിലും,’ അച്ചാണിയിലെ ‘ എന്റെ സ്വപ്നത്തിൻ താഴ്വരയിൽ,’ പാതിസൂര്യനിലെ ‘ ജീവിതമേ മഹാ ജീവിതമേ ‘ തുടങ്ങി റൗഡിരാജാ, കതിർമണ്ഡപം, കാവ്യമേള, അനാർക്കലി, നന്ദനം, ബോയ്ഫ്രണ്ട്, അങ്ങനെ നീളുന്നു യേശുദാസ് അഭിനയിച്ചതും പാടി അഭിനയിച്ചതുമായ സിനിമകൾ. 1973ൽ കെ.എസ് സേതുമാധവൻ സംവിധാനം ചെയ്ത അഴകുള്ള സലീന എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ചു. വയലാർ എഴുതിയ എല്ലാ ഗാനങ്ങളും സൂപ്പർഹിറ്റുകളായിരുന്നു. തുടർന്ന് തീക്കനൽ, സഞ്ചാരി, ഉദയം കിഴക്ക് തന്നെ, പൂച്ചസന്യാസി, താറാവ്, കനകചിലങ്ക കിലുങ്ങിക്കിലുങ്ങി, എന്നീ ചിത്രങ്ങളിലൂടെയും യേശുദാസ് തന്റെ മികവ് പ്രകടിപ്പിച്ചു.  സാഗരങ്ങളെപ്പോലെ പരന്നുകിടക്കുന്ന സംഗീതത്തിന് ഒരതിരും ഇല്ല. ലളിതഗാനങ്ങൾ, ക്രിസ്തീയഭക്തിഗാനങ്ങൾ, മാപ്പിളപ്പാട്ടുകൾ, നാടകകച്ചേരി, തുടങ്ങി എല്ലാ മേഖലകളിലും അദ്ദേഹം പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.  മലയാള സംസ്‌കാരത്തിന്റെ വിശുദ്ധിയും പ്രൗഢിയും ആ സ്വത്വവും വിളിച്ചോതുന്നതു തന്നെയാണ് ഓരോ ഗാനങ്ങളും’. അവ അനുവാചക ഹൃദയങ്ങളിൽ താലോലമായും, താരാട്ടായും, തലോടലായും കുമിഞ്ഞു നിൽക്കുകയാണ്. പ്രതിസന്ധികളും, പ്രതികൂലങ്ങളും നമ്മെ തളർത്തുമ്പോൾ ആശ്വാസത്തിന്റെ തണൽ വൃക്ഷങ്ങളായി പാട്ടുകൾ നമുക്ക് ഊർജ്ജവും ആശ്വാസവും പകർന്നു നൽകുന്നു. കാവ്യസുധയുടെ മാധുര്യം നിറച്ച പഴയഗാനങ്ങൾ നമുക്ക് സമ്മാനിക്കുന്നത് ഈ പ്രതീതി തന്നെയാണ്. മനസ്സിൽ നിന്നും ഒരിക്കലും മാഞ്ഞുപോകാത്ത ചില പാട്ടുകളുണ്ട്. വരികൾ മറന്നുപോയാലും ശരി അതിന്റെ ഈണം നമ്മെ വല്ലാതെ പിടികൂടിയിരിക്കും. ആ പാട്ടിന്റെ വേരുകളാകട്ടെ ഹൃദയത്തിന്റെ ആഴപ്പരപ്പിൽ ശാഖോപശാഖകളായി പടർന്ന് പന്തലിച്ചു നിൽക്കുന്നു. നമ്മെ വിസ്മയിപ്പിക്കുകയും ഭ്രമിപ്പിക്കുകയും ചെയ്യുന്നു. മാതൃവാത്സല്യത്തിന്റെ ഇളംചൂട് നുകരാനും സ്നേഹനീരിന്റെ ശീതളിമയിൽ അലിയാനും ആയിട്ടാണ് നമ്മുടെ ഗാനചക്രവർത്തിമാർ അത്തരം പാട്ടുകൾ നമുക്ക് സമ്മാനിച്ചിട്ടുള്ളതും. ഏതു പ്രതിസന്ധിയേയും തരണം ചെയ്ത് കാലപ്രവാഹങ്ങൾക്കെതിരെ നീന്തുകയാണ് നമ്മിൽ അനുഭൂതിയുളവാക്കുന്ന ഇത്തരം ഗാനങ്ങൾ. യേശുദാസ് എന്ന ഗായകനെ കുറിച്ചോർക്കുമ്പോൾ അദ്ദേഹം പാടിയ എത്രയോ ഗാനകുസുമങ്ങളാണ് നമ്മുടെ മനസ്സിൽ വിരിയുന്നത്. യേശുദാസ് എന്ന ഗായകന് തുല്യം യേശുദാസ് മാത്രമാണ്. അനുഗ്രഹീത നിത്യഹരിതനടൻ പ്രേംനസീറിന് വേണ്ടിയായിരുന്നു അദ്ദേഹം മുക്കാൽഭാഗം ഗാനങ്ങളും ആലപിച്ചത്. യേശുദാസിന്റെ ഗാനങ്ങൾ വെള്ളിത്തിരയിൽ പ്രേംനസീർ ചുണ്ടനക്കി പാടി അഭിനയിക്കുന്നത് മറ്റാർക്കും ലഭിക്കാത്ത ഒരനുഭൂതിയായിരുന്നു. സംഗീതരംഗത്തേക്ക് സംഗീതവാസനയുള്ളവരെ കണ്ടെത്താൻ യേശുദാസ് ‘ തരംഗനിസരി സ്‌കൂൾ ഓഫ് മ്യൂസിക്’ എന്ന ഒരു സംഗീത സ്‌കൂൾ സ്ഥാപിച്ചിരുന്നു. നിരവധി കലാകാരന്മാർക്ക് അവസരം നൽകാൻ വേണ്ടിയായിരുന്നു.
‘ ചന്ദനലേപസുഗന്ധം ചൂടിയതാരോ ‘ എന്ന് യേശുദാസ് പാടുമ്പോൾ ആ സുഗന്ധലേപനം നമ്മുടെ ഉള്ളിലേക്ക് വരും. കുറച്ച് ആസ്വാദനശേഷി ഉണ്ടെങ്കിൽ ദൈവം കനിഞ്ഞു നൽകിയ മനുഷ്യജന്മത്തിലെ ഈ ജീവിതം ആസ്വദിക്കുക തന്നെ വേണം. ഒരു ജീവിതമേ ഉള്ളൂ. പിന്നെ യേശുദാസ് ജീവിക്കുന്ന കാലഘട്ടത്തിൽ നമുക്കിവിടെ ജീവിക്കാനും അദ്ദേഹത്തിന്റെ നാദധാര കേട്ട് ഉറങ്ങാനും ഉണരാനും കഴിയുക എന്നത് ജന്മസുകൃതമായി കരുതുന്ന ഒരുപാട് മലയാളികളുണ്ട്. ഒരു ജന്മംകൊണ്ട് മനസ്സിലാക്കാവുന്ന ഒന്നല്ല സംഗീതമെന്ന് പല വേദികളിലും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ശബരിമല സന്നിധാനത്തിൽ നടയടക്കുന്നതിന് മുൻപുള്ള ‘ ഹരിവരാസനം’ യേശുദാസിന്റെ ശബ്ദത്തിലുള്ളതാണ്.
‘ ഗുരുവായൂരമ്പലനടയിൽ ഒരു ദിവസം ഞാൻ പോകും’
ഗോപുരവാതിൽ തുറക്കും ഞാൻ ഗോപകുമാരനെ കാണും’

‘ ഹരിവരാസനം… വിശ്വമോഹനം
ഹരിതദീശ്വരം….ആരാധ്യപാദുകം’

കടയ്ക്കാവൂർ പ്രേമചന്ദ്രൻനായർ
Share

Leave a Reply

Your email address will not be published. Required fields are marked *