അഞ്ചാംവട്ടവും ചെന്നൈ

അഞ്ചാംവട്ടവും ചെന്നൈ

ഐ.പി.എല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്

അഹമ്മദബാദ്: തുടര്‍ച്ചയായി രണ്ടു ദിവസങ്ങളിലും രസംകൊല്ലിയായി എത്തിയ മഴക്കും ചെന്നൈയുടെ അടങ്ങാത്ത കിരീട ദാഹത്തെ ശമിപ്പിക്കാനായില്ല. ഗുജറാത്ത് ടൈറ്റന്‍സിനെതിരേ അവരുടെ ഹോംഗ്രൗണ്ടില്‍ അവസാന പന്തില്‍ ആവേശ്വജ്ജ്വല വിജയം നേടി ഐ.പി.എല്ലിലെ അഞ്ചാം കിരീട നേട്ടം ആഘോഷമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഒരു ട്വന്റി-ട്വന്റി ഫൈനലിന്റെ എല്ലാ ആവേശവും നിറഞ്ഞു നിന്ന മത്സരത്തില്‍ വിജയം ആര്‍ക്കൊപ്പമെന്നത് പ്രവചനത്തിന് അതീതമായിരുന്നു. മഴമൂലം ഒരു ദിവസം വൈകി തുടങ്ങിയ ഫൈനല്‍ മത്സരത്തില്‍ ടോസ് ഭാഗ്യം ഇത്തവണയും ചെന്നൈക്കൊപ്പമായിരുന്നു. ബൗളിങ് തിരഞ്ഞെടുത്ത ധോണി പലതും മനസ്സില്‍ കണ്ടുകാണണം. ശുഭ്മാന്‍ ഗില്ലിനേയും വൃദ്ധിമാന്‍ സാഹയേയും തുടക്കത്തില്‍ തന്നെ ക്യാച്ചെടുത്ത് പുറത്താക്കാനുള്ള രണ്ട് സുവര്‍ണാവസരങ്ങള്‍ ദീപക് ചഹാര്‍ നഷ്ടപ്പെടുത്തി. ഇരുവരും ആ അവസരം നല്ലതുപോലെ ഉപയോഗിക്കുകയും ചെയ്തു. ആദ്യ വിക്കറ്റില്‍ ഇരുവരും 67 റണ്‍സാണ് ചേര്‍ത്തത്. 20 പന്തില്‍ 39 റണ്‍സെടുത്ത ഗില്ലിനെ ജഡേജയുടെ ബോളില്‍ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. തന്റെ ഐ.പി.എല്‍ കരിയറിലെ 250 മത്സം കളിക്കാനിറങ്ങിയ ധോണി 300ാം സ്റ്റംപിങ് ഇതോടുകൂടി പൂര്‍ത്തിയാക്കി.

രണ്ടാമനായി ക്രീസിലെത്തിയ സായ് സുദര്‍ശന്‍ സാഹയുമൊത്ത് വളരെ വേഗത്തില്‍ തന്നെ സ്‌കോര്‍ബോര്‍ഡുയര്‍ത്തി. 39 പന്തില്‍ അഞ്ച് ഫോറിന്റേയും ഒരു സിക്‌സിന്റേയും അകമ്പടിയോടെ 54 റണ്‍സെടുത്ത് സാഹ മടങ്ങുമ്പോള്‍ ഗുജറാത്ത് സ്‌കോര്‍ 14 ഓവറില്‍ 131ല്‍ എത്തിയിരുന്നു. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ സായ്‌സുദര്‍ശന് മികച്ച പിന്തുണയാണ് നല്‍കിയത്. കൃത്യമായ സമയത്ത് സ്‌ട്രൈക്ക് കൈമാറാന്‍ ഹാര്‍ദിക്കിനായി. തുടര്‍ന്നങ്ങോട്ട് കണ്ടത് ഒരു 21 വയസുകാരന്റെ അഴിഞ്ഞാട്ടമായിരുന്നു. മറുഭാഗത്ത് ഹാര്‍ദിക്കിനെ കാഴ്ചക്കാരനാക്കി ആക്രമണത്തിന്റെ ചുക്കാന്‍ സായ് സുദര്‍ശന്‍ ഏറ്റെടുത്തു. എട്ട് മനോഹര ഫോറുകളും ആറ് പടുകൂറ്റന്‍ സിക്‌സും ഉള്‍പ്പെട്ട് ആ ഇന്നിങ്‌സ് മതീഷ് പതിരാനയെറിഞ്ഞ അവസാന ഓവറിലാണ് അവസാനിച്ചത്. 47 പന്തില്‍ 96 റണ്‍സ് നേടിയാണ് സായ്‌സുദര്‍ശന്റെ മടക്കം. നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് ഗുജറാത്ത് നേടി. ചെന്നൈക്കു വേണ്ടി മതീഷ് പതിരാന രണ്ട് വിക്കറ്റുകള്‍ നേടി.

മറുപടി ബാറ്റിങ്ങില്‍ ചെന്നൈ സ്‌കോര്‍ മൂന്ന് പന്തില്‍ നാല് റണ്‍സില്‍ നില്‍ക്കെ മഴ കളി മുടക്കി. തുടര്‍ന്നങ്ങോട്ട് അനിശ്ചിതത്വത്തിന്റെ നിമിഷങ്ങള്‍. ഇതിനിടെ പിച്ചിലെ വെള്ളം നീക്കം ചെയ്യുന്ന രീതി സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോളാവുകയും ചെയ്തു. മഴ ശമിച്ചതിന് ശേഷം ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ചെന്നൈയുടെ വിജയ ലക്ഷ്യം 15 ഓവറില്‍ 171 റണ്‍സായി പുനര്‍നിര്‍ണയിച്ചു. ഋതുരാജും കോണ്‍വേയും സ്ഥിരം ശൈലിയില്‍ ബാറ്റുവീശി.

ഒരോവറില്‍ 12 റണ്‍സില്‍ കുറയാതെ റണ്‍റേറ്റ് വേണമായിരുന്നു ചെന്നൈക്ക് ജയിക്കാന്‍. പവര്‍പ്ലേ ഓവറുകള്‍ ഇരുവരും വളരെ നന്നായി ബാറ്റ് ചെയ്തു ആദ്യവിക്കറ്റില്‍ ഇരുവരും 74 റണ്‍സ് ചേര്‍ത്തു. മജീഷ്യന്‍ റാഷിദ്ഖാന് ഇത്തവണ കണക്കുതീര്‍ത്തു കിട്ടി. എന്നാല്‍ ഏഴാം ഓവറില്‍ നൂര്‍ ആഹമ്മദ് ഗുജറാത്തിന വലിയ ബ്രേക്ക് ത്രൂ നല്‍കി. ഈ ഓവറിലെ മൂന്നാം പന്തില്‍ ഋതുരാജിനേ(26)യും അവസാന പന്തില്‍ കോണ്‍വേ(47)യേയും മടക്കി. എന്നാല്‍ തുടര്‍ന്ന് ക്രീസിലെത്തിയ രഹാനെയും ഡൂബെയും ജയിക്കാനുറച്ചു തന്നെയായിരുന്നു. രഹാനെ റണ്‍റേറ്റ് താഴാതെ നോക്കിയപ്പോള്‍ ഡൂബെ (32*) ഒരുഭാഗത്ത് നിലയുറപ്പിച്ചു.

13 പന്തില്‍ 27 റണ്‍സെടുത്ത രഹാനയെ മോഹിത് ശര്‍മ മടക്കുമ്പോള്‍ ചെന്നൈ സ്‌കോര്‍ബോര്‍ഡ് 10.5 ഓവറില്‍ 117 റണ്‍സ് നേടിയിരുന്നു. തന്റെ അവസാന ഐ.പി.എല്‍ മത്സരം കളിക്കാവനിറങ്ങിയ അമ്പാട്ടി റായിഡു ആടിത്തിമിര്‍ത്താണ് കളിക്കളം വിട്ടത്. മോഹിത്തെറിഞ്ഞ 13ാം ഓവറിലെ ആദ്യ മൂന്ന് പന്തില്‍ രണ്ട് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 16 റണ്‍സാണ് റായിഡു നേടിയത്. നാലാം പന്തില്‍ മോഹിത്തിന് റിട്ടേണ്‍ ക്യാച്ച് നല്‍കി. എട്ട് പന്തില്‍ 19 റണ്‍സെടുത്ത് റായിഡു മടങ്ങുമ്പോള്‍ ചെന്നൈ സ്‌കോര്‍ 12.4 ഓവറില്‍ നാലിന് 149. ജയത്തിന് അകലെ 22 റണ്‍സ് മാത്രം. ഗാലറിയെ ഇളക്കിമറിച്ച് വേള്‍ഡ് ക്രിക്കറ്റിലെ ഏറ്റവും മകച്ച ഫിനിഷര്‍ ക്രീസിലേക്ക്. എന്നാല്‍ വന്നതുപോലെ തന്നെ മടങ്ങാനായിരുന്നു ക്യാപ്റ്റന്‍ കൂളിന്റെ വിധി.

നേരിട്ട ആദ്യ പന്തില്‍ തന്നെ മില്ലറിന് ക്യാച്ച് നല്‍കി ധോണി പവലിയനിലേക്ക് തിരിച്ചു നടന്നു. ഗാലറി നിശബ്ദമായ നിമിഷം. ഇനി രണ്ടോവറില്‍ ജയിക്കാന്‍ 21 റണ്‍സ്. ഷമിയെറിഞ്ഞ 14ാം ഓവറില്‍ ജഡേജയും ഡൂബെയും നേടിയത് എട്ട് റണ്‍സ്. മോഹിത്തിന്റെ അവസാന ഓവറില്‍ ജയിക്കാന്‍ 13 റണ്‍സ്. ഇരു ടീമുകളുടേയും ആരാധകരുടെ നെഞ്ചിടിപ്പേറിയ നിമിഷം. ശിവം ഡൂബെ നേരിട്ട ആദ്യ പന്തില്‍ റണ്ണൊന്നും എടുക്കാനായില്ല. രണ്ടാം പന്തിലും മൂന്നാം പന്തിലും നാലാം പന്തിലും ഓരോ റണ്‍ വീതം നേടി. അടുത്ത രണ്ട് പന്തില്‍ ഇനി ജയിക്കാന്‍ വേണ്ടത് 10 റണ്‍സ്.

മോഹിത്തെറിഞ്ഞ അഞ്ചാം പന്ത് സ്‌ട്രെയിറ്റ് സിക്‌സിന് പറത്തി ജഡേജ ചെന്നൈ പ്രതീക്ഷകള്‍ വീണ്ടും വാനോളം ഉയര്‍ത്തി. അവസാന പന്തില്‍ ജയിക്കാന്‍ നാല് റണ്‍സ്. ലോ ഫുള്‍ടോസെറിഞ്ഞ മോഹിത്തിന് പിഴച്ചു. ആ പന്ത് ബൗണ്ടറി കടത്തി ചെന്നൈക്ക് അഞ്ചാ കീരീടം സമ്മാനിച്ച് ജഡേജ. ഗാലറി മഞ്ഞ തിരമാലകളായി മാറി. ക്യാപ്റ്റന്‍ എം.എസ്.ഡി ജഡേജയെ ആവേശത്താല്‍ എടുത്തുപൊക്കി. കിരീട നേട്ടത്തോടു കൂടി മുംബൈക്കൊപ്പം എത്താനും സി.എസ്.കെക്കായി. ഇരുവരും അഞ്ച് വീതം കപ്പുകളാണ് സ്വന്തമാക്കിയത്. ജഡേജയേയും അമ്പാട്ട റായിഡുവിനേയും കൂട്ടിയാണ് കിരീടം സ്വീകരിക്കാന്‍ ധോണിയെത്തിയത് എന്നത് ഏറെ ശ്രദ്ധേയമായി. ഡെവന്‍ കോണ്‍വേയാണ് കളിയിലെ താരം. മോഹിത് ശര്‍മ ഗുജറാത്തിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. 2010, 2011, 2018, 2021 സീസണുകളിലാണ് ചെന്നൈ ഇതിന് മുമ്പ് കിരീടമുയര്‍ത്തിയത്. 890 റണ്‍സോടെ ശുഭ്മാന്‍ ഗില്‍ ഓറഞ്ച് ക്യാപ് നിലനിര്‍ത്തി. 28 വിക്കറ്റോടെ ഗുജറാത്തിന്റെ തന്നെ മുഹമ്മദ് ഷമിക്കാണ് പര്‍പ്പിള്‍ ക്യാപ്.

Share

Leave a Reply

Your email address will not be published. Required fields are marked *