ഗുജറാത്തിനെതിരേ ചെന്നൈക്ക് 15 റണ്‍സ് വിജയം
ചെന്നൈ: ചെപ്പോക്കിലെ മഞ്ഞക്കടലിരമ്പത്തെ സാക്ഷി നിര്‍ത്തി ധോണിപ്പട 2023 ഐ.പി.എല്‍ ഫൈനലിലേക്ക്. ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 15 റണ്‍സിനാണ് ചെന്നൈ പരാജയപ്പെടുത്തിയത്. ടോസ് നേടിയ ഹാര്‍ദിക്ക് ചെന്നൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സ്ലോ ഔട്ട്ഫീല്‍ഡില്‍ ഋതുരാജ് ഗെയ്ക്‌വാദ് (44 പന്തില്‍ 60 റണ്‍സ്) സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചെങ്കിലും മറ്റുള്ള ബാറ്റ്‌സ്മാന്‍മാര്‍ നന്നേ പാടുപ്പെട്ടു. ഡെവന്‍ കോണ്‍വേ 34 പന്തില്‍ 40 റണ്‍സും രവീന്ദ്ര ജഡേജ 16 പന്തില്‍ 22 റണ്‍സും അമ്പാട്ടി റായിഡുവും രഹാനെയും 17 റണ്‍സ് വീതവും നേടിയപ്പോള്‍ ചെന്നൈ പൊരുതാവുന്ന സ്‌കോറില്‍ എത്തുകയായിരുന്നു. ശിവം ഡൂബെയും ക്യാപ്റ്റന്‍ ധോണിയും ഒരു റണ്‍ വീതമെടുത്ത് പുറത്തായി. നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് ചെന്നൈ നേടിയത്. ഗുജറാത്തിനു വേണ്ടി മുഹമ്മദ് ഷമിയും മോഹിത് ശര്‍മയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ ശുഭ്മാന്‍ ഗില്ലിലായിരുന്നു ഗുജറാത്തിന്റെ പ്രതീക്ഷ. മറുഭാഗത്ത് വിക്കറ്റ് വീഴുമ്പോഴും ഗില്‍ പിടിച്ചുനിന്നു. എന്നാല്‍ 14ാം ഓവറിലെ ആദ്യ പന്തില്‍ ദീപക് ചഹാര്‍ ഗില്ലിനെ ഡെവന്‍ കോണ്‍വേയുടെ കൈകളിലെത്തിച്ചു.
38 പന്തില്‍ 42 റണ്‍സായിരുന്നു ഗില്ലിന്റെ സമ്പാദ്യം. അവസാന ഓവറുകളില്‍ 16 പന്തില്‍ 30 റണ്‍സുമായി റാഷിദ് ഖാന്റെ മിന്നല്‍ പ്രകടനം ഉണ്ടായെങ്കിലും 19ാം ഓവറിലെ മൂന്നാം പന്തില്‍ തുഷാര്‍ ദേശ്പാണ്ഡേ റാഷിദിനെ മടക്കി. കൃത്യമായ ഇടവേളകളില്‍ വ്യക്തമായ ആസൂത്രണത്തോടുകൂടി ചെന്നൈ ബൗളര്‍മാര്‍ വീക്കറ്റുകള്‍ വീഴ്ത്തിയതോടെ ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ 157 റണ്‍സിന് ഓള്‍ ഔട്ടായി. ചെന്നൈക്ക് വേണ്ടി ദീപക് ചഹാര്‍, മതീഷ് തീക്ഷണ, രവീന്ദ്ര ജഡേജ, പതിരാന എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും തുഷാര്‍ ദേശ്പാണ്ഡേ ഒരു വിക്കറ്റും നേടി. ഗെയ്ക്‌വാദാണ് കളിയിലെ താരം.
ഇത് 10ാം തവണയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപി.എല്ലിന്റെ ഫൈനലിലെത്തുന്നത്. 10 തവണയും ക്യാപ്റ്റന്‍ എം.എസ്.ഡി തന്നെയാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ഇതുവരെ കളിച്ച ഒമ്പത് ഫൈനലുകളില്‍ നാലെണ്ണത്തില്‍ വിജയ കിരീടം ചൂടിയ ചെന്നൈ അഞ്ച് ഫൈനലുകളില്‍ പരാജയപ്പെട്ടു. 2008ല്‍ നടന്ന ഐ.പി.എല്‍ ആദ്യ സീസണില്‍ തന്നെ ചെന്നൈ ഫൈനല്‍ കണ്ടിരുന്നു. അന്ന് രാജസ്ഥാന്‍ റോയല്‍സായിരുന്നു ചെന്നൈയുടെ എതിരാളി. ഷെയ്ന്‍വോണിന്റെ നായകത്വത്തില്‍ ഇറങ്ങിയ റോയല്‍സ് അന്ന് സി.എസ്.കെയെ പരാജപ്പെടുത്തി കന്നി ഐ.പി.എല്‍ കിരീടം സ്വന്തമാക്കി.
2010ല്‍ രണ്ടാമതും സി.എസ്.കെ ഫൈനലിലെത്തി ഇത്തവണ സച്ചിന്റെ മുംബൈ ഇന്ത്യന്‍സായിരുന്നു എതിരാളി. ഫൈനലില്‍ മുംബൈയെ 22 റണ്‍സിന് പരാജയപ്പെടുത്തി ചെന്നൈ തങ്ങളുടെ കന്നി ഐ.പി.എല്‍ കിരീടം നേടി. 2010ന്റെ തനിയാവര്‍ത്തനം തന്നെയായിരുന്നു 2011ലും. ഇത്തവണ എതിരാളികള്‍ ആര്‍.സി.ബിയായിരുന്നു. 205 റണ്‍സ് പിന്തുടര്‍ന്ന ആര്‍.സി.ബിക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് മാത്രമേ നേടാനായുള്ളൂ. രണ്ടാമതും ധോണി കപ്പുയര്‍ത്തി.
2012ലും 2013ലും ചെന്നൈ ഫൈനലിലെത്തിയെങ്കിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടും മുംബൈ ഇന്ത്യന്‍സിനോടും പരാജയപ്പെടാനായിരുന്നു വിധി. 2015ല്‍ ചെന്നൈയും മുംബൈയും മൂന്നാമതും നേര്‍ക്കുനേര്‍. ഇത്തവണയും വിജയം രോഹിത്തിന്റെ മുംബൈക്കൊപ്പം. വിലക്കിന് ശേഷമുള്ള 2018ല്‍ ചെന്നൈയുടെ മടങ്ങിവരവിനാണ് സാക്ഷ്യം വഹിച്ചത്. ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി സി.എസ്.കെ മൂന്നാമത്തെ കിരീടം ചൂടി.
2019ല്‍ നാലാം തവണയും ചെന്നൈ-മുംബൈ പോരാട്ടം. ഇത്തവണയും വിജയം മുംബൈക്കൊപ്പം. 2020ലെ മോഷം സീസണിന് ശേഷം 2021ല്‍ ചെന്നൈ വീണ്ടും ഫൈനലില്‍. ഇത്തവണ എതിരാളി കൊല്‍ക്കത്ത. 27 റണ്‍സിന്റെ ജയത്തോടു കൂടി ചെന്നൈക്ക് നാലാം കിരീടം. മറ്റൊരു ഐ.പി.എല്‍ ഫൈനലില്‍ കൂടി േേധാണിയും കൂട്ടരും എത്തിയിരിക്കുകയാണ്. ഫലമെന്തായാലും ഐ.പി.എലിലെ ഏറ്റവും സ്ഥിരതയുള്ള ടീമെന്ന വിശേഷണം ചെന്നൈക്ക് മാത്രം സ്വന്തമാണ്. ചെന്നൈക്ക് പിറകേ ഏറ്റവും കൂടുതല്‍ ഫൈനല്‍ കളിച്ചത് മുംബൈയാണ്. ആറ് തവണ മുംബൈ ഫൈനലിലെത്തിയപ്പോള്‍ കൊല്‍ക്കത്തയും ബാംഗ്ലൂരും മൂന്ന തവണ ഫൈനല്‍ കളിച്ചു.