സൂര്യകുമാര്‍ യാദവിന് തകര്‍പ്പന്‍ സെഞ്ചുറി (103*). ഗുജറാത്തിനെതിരേ മുംബൈക്ക് 27 റണ്‍സ് വിജയം. റാഷിദ് ഖാന്റെ (79*) പോരാട്ടം വിഫലം
മുംബൈ: വാങ്കഡെ സ്റ്റേഡിയത്തിലെ കാണികള്‍ക്ക് ഇന്നലെ ആറാട്ടായിരുന്നു. മുംബൈ പ്രതീക്ഷകളെ വാനോളമുയര്‍ത്തിയ സൂര്യകുമാര്‍ യാദവും ഗുജറാത്തിന്റെ ഒറ്റക്കൊമ്പന് റാഷിദ് ഖാനും അത്രമേല്‍ ആവേശക്കാഴ്ചയാണ് ഓരോ ക്രിക്കറ്റ് ആരാധകനും നല്‍കിയത്. മുംബൈയുടെ ബാറ്റിങ്ങില്‍ സൂര്യകുമാര്‍ യാദവ് തന്നെയായിരുന്നു ഹൈലറ്റൈ്. തുടര്‍ച്ചയായി ഡക്കായി മടങ്ങുന്ന സൂര്യ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ യോഗ്യതയില്ലായെന്നും പോലും പറഞ്ഞ് പലരും കളിയാക്കി. എന്നാല്‍ തന്റെ പഴയ ഫോം തിരിച്ചെടുക്കുന്ന സൂര്യയെയാണ് കഴിഞ്ഞ കുറച്ച് കളികളിലായി കാണാന്‍ കഴിയുന്നത്. മികച്ച ഫോമിലാണ് മിസ്റ്റര്‍ 360 ഡിഗ്രി.
സാക്ഷാല്‍ സച്ചിന് ടെണ്ടുള്‍ക്കറെ പോലും വിസ്മയിച്ച ഷോട്ടുകളാണ് കഴിഞ്ഞ ദിസം സൂര്യയുടെ ബാറ്റില്‍ നിന്നും പിറന്നത്. കവിതപോലെ മനോഹരമായിരുന്നു ആ ഇന്നിങ്സ്. വനാക്കുകള്ക്ക് അതീതം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്കായി രോഹിത്തും ഇഷാന് കിഷനും മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യവിക്കറ്റില്‍ ഇരുവരും 61 റണ്‍സ് നേടി. ഏഴാം ഓവറിവല്‍ രോഹിത്തി(29)നേയും കിഷനേ(31)യും മടക്കി റാഷിദ്ഖാന് ബ്രേക്ക് ത്രൂ നല്കി. എന്നാല്‍ ഒരുഭാഗത്ത് ക്രീസില്‍ ഉറച്ചു നിന്ന സൂര്യ റണ്ണുയര്‍ത്തി തുടങ്ങിയിരുന്നു. 15 റണ്‍സെടുത്ത നെഹല്‍ വധേരയും 30 റണ്‍സെടുത്ത മലയാളി താരം വിഷ്ണു വിനോദും സൂര്യക്ക് മികച്ച പിന്തുണ നല്കി. 31 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ സൂര്യക്ക് അടുത്ത 50 റണ്‍സ് നേടാന്‍ 18 പന്തുകള്‍ മതിയായിരുന്നു. 11 ഫോറിന്റേയും ആറ് പടുകൂറ്റന്‍ സിക്സിന്റേയും അകമ്പടിയോടു കൂടിയാണ് സൂര്യ സെഞ്ചുറി തികച്ചത്. അല്‍സാരി ജോസഫെറിഞ്ഞ അവസാന ഓവറിലെ അവസാന പന്ത് സിക്സിന് പറത്തിയാണ് സൂര്യ ഐ.പി.എല്ലിലെ ആദ്യ സെഞ്ചുറി നേട്ടം ആഘോഷമാക്കിയത്. ഷമിയുടെ പന്തില്‍ തേര്‍ഡ് മാന്‍ ഓഫിന് മുകളിലൂടെ നേടിയ ആ സിക്സ് അവിശ്വസനീയമായിരുന്നു.
നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സാണ് മുംബൈക്ക് നേടാനായത്. ഗുജറാത്തിന് വേണ്ടി റാഷിദ് ഖാന് നാല് വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങില്‍ ഗുജറാത്തിന്റെ മുന്‍നിര ബാറ്റ്സ്മാന്മാര് പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. രണ്ട് റണ്‍സെടുത്ത സാഹയേയും ആറ് റണ്‍സെടുത്ത ഗില്ലിനേയും ആകാശ് മധ്വാല്‍ പുറത്താക്കിയപ്പോള്‍ ജേസന്‍ ബെഹ്റെന്ഡ്രോഫിനായിരുന്നു ഹാര്‍ദിക്കിന്റെ വിക്കറ്റ്. 41 റണ്‍സുമായി ഡേവിഡ് മില്ലറും 29 റണ്‍സുമായി വിജയ് ശങ്കറും മടങ്ങി. ഒരുഘട്ടത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെന്ന നിലയിലായിരുന്നു ഗുജറാത്ത്. വലിയ ഒരു പരാജയം അവര്‍ മുന്നില്‍ കണ്ടിരുന്നു. എന്നല്‍ പെട്ടെന്ന് കീഴടങ്ങാന്‍ റാഷിദ്ഖാന് തയ്യാറായിരുന്നില്ല. മുംബൈയുടെ അഞ്ച് ബാറ്റസ്മാന്മാര് മത്സരത്തില്‍ ആകെ നേടിയത് 12 സിക്സുകളായിരുന്നു. അതിന് മറുപടിയായി റാഷിദ്ഖാന് 10 സിക്സ് നേടിയത് അയാളുടെ പോരാട്ട വീര്യത്തെയാണ് കാണിക്കുന്നത്. മൂന്ന് ഫോറുകളും അദ്ദേഹം നേടി. ഒമ്പതാം വിക്കറ്റില്‍ അല്‍സാരി ജോസഫിനൊപ്പം 88 റണ്‍സാണ് റാഷിദ് കൂട്ടിച്ചേര്‍ത്തത്. 32 പന്തില്‍ 79 റണ്‍സ് നേടി റാഷിദ്ഖാന് പുറത്താകതെ നിന്നു. നിശ്ചിത 20 ഓവറില്‍ ഗുജറാത്തിന് 191 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. സൂര്യകുമാറാണ് കളിയിലെ താരം. മുംബൈക്ക് വേണ്ടി ആകാശ് മധ്വാല്‍ മൂന്നും പീയുഷ് ചൗള, കുമാര്‍ കാര്‍ത്തികേയ എന്നിവര്‍ രണ്ടും ബെഹ്റെന്‍ഡ്രോഫ് ഒരു വിക്കറ്റും നേടി. ജയത്തോടു കൂടി 14 പോയിന്റുമായി പോയിന്റ് ടേബിളില്‍ മൂന്നമതെത്താനും മുംബൈക്കായി.