ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി
മാഡ്രിഡ്: സ്വന്തം കാണികള്‍ക്ക് മുന്നില്‍ റയല്‍മാഡ്രിഡിനെ സമനിലയില്‍ കുരുക്കി മാഞ്ചസ്റ്റര്‍ സിറ്റി. ഇരുടീമുകളും ഓരോ ഗോളുകള്‍ വീതം നേടിയ മത്സരത്തില്‍ റയലിനെ വിറപ്പിച്ചാണ് സിറ്റി എവേ ഗ്രൗണ്ടില്‍ സമനില നേടിയത്. സാന്തിയാഗോ ബെര്‍ണബു സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആരാധകരുടെ ആവേശം അനുകൂലമായിട്ടുണ്ടായിരുന്നിട്ടും വിജയിക്കാന്‍ കഴിയാതെ പോയത് റയലിന് വലിയ ക്ഷീണം തന്നെയാണ്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ റയലാണ് ലീഡെടുത്തത്. 36ാം മിനിട്ടില്‍ കാമവിംഗയുടെ അസിസ്റ്റില്‍ വിനീഷ്യസെടുത്ത ഷോട്ടിലൂടെയാണ് റയല്‍ സിറ്റിയുടെ വലകുലുക്കിയത്. എന്നാല്‍ വിജയത്തിന് അത് പോരായിരുന്നു. മറുഭാഗത്ത് ഗോള്‍ മടക്കാന്‍ പിണഞ്ഞു ശ്രമിക്കുന്ന സിറ്റിയെയാണ് കണ്ടത്. രണ്ടാംപകുതിയില്‍ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിയ സിറ്റി ഒടുവില്‍ ലക്ഷ്യവും കണ്ടും. 67ാം മിനിട്ടില്‍ ഇല്‍ക്കെ ഗണ്ടോഗന്റെ പാസില്‍ ബോക്സിന്റെ പുറത്തുനിന്ന് ഷോട്ടുതിര്‍ത്ത ഡിബ്രുയ്ന് റയല്‍ ഗോളി തിബോ കുര്ട്ട്വക്കിനെ മറികടന്ന് ലക്ഷ്യംകണ്ടു. ഹോം ഗ്രൗണ്ടിലെ ആദ്യപാദമത്സരത്തില്‍ ജയിക്കണമെന്ന വാശിയോടു കൂടി റയല്‍ ടീമില്‍ മാറ്റങ്ങള്‍ വരുത്തിയെങ്കിലും ഫലമുണ്ടായില്ല. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ആശങ്കോടെയോടെ റയലും ആശ്വാസത്തോടെ സിറ്റിയും മടങ്ങി. മെയ് 17ന് രാത്രി 12.30ന് ലണ്ടനിലെ ഇത്തിഹാദ് സ്റ്റേഡിയത്തിലാണ് രണ്ടാംപാദ മത്സരം.