മൊഹാലി: പഞ്ചാബിനെ 24 റണ്‍സിന് പരാജയപ്പെടുത്തി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് മൂന്നാമത്തേതും കൊല്‍ക്കത്തയെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി ഡല്‍ഹി സീസണിലെ ആദ്യത്തേതും വിജയം സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിനെ കോലിയുടേയും ഡുപ്ലെസിയുടേയും ഇന്നിങ്‌സുകളാണ് ഭേദപ്പെട്ട സ്‌കോറിലേക്കത്തിച്ചത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 137 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കോലി 47 പന്തില്‍ 59ഉം ഡുപ്ലെസി 56 പന്തില്‍ 84 റണ്‍സും നേടി. നിശ്ചിത 20 ഓവറില്‍ ബാംഗ്ലൂര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് നേടി. ശിഖര്‍ ധവാനില്ലാതെ മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് ഇത്തവണയും അടിതെറ്റി. 30 പന്തില്‍ 46 റണ്‍സെടുത്ത പ്രഭ്‌സീമ്രാന്‍ സിങ്ങിനും 27 പന്തില്‍ 41 റണ്‍സെടുത്ത ജിതേഷ് ശര്‍മക്കും ഒഴികെ കാര്യമായി ആര്‍ക്കും പഞ്ചാബ് നിരയില്‍ തിളങ്ങാനായില്ല. 18.2 ഓവറില്‍ പഞ്ചാബ് ഓള്‍ഔട്ടായി. ബാംഗ്ലൂരിന് വേണ്ടി മുഹമ്മദ് സിറാജ് നാല് വിക്കറ്റ് നേടി. മുഹമ്മദ് സിറാജാണ് കളിയിലെ താരം
ബൗളര്‍മാര്‍ കരുത്തുകാട്ടിയ രണ്ടാംമത്സരത്തില്‍ ഈ സീസണിലെ ആദ്യവിജയം സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഡല്‍ഹി കൊല്‍ക്കത്തയെ 127 റണ്‍സിന് കൂടാരം കയറ്റി. 39 പന്തില്‍ 43 റണ്‍സ് നേടിയ ജേസണ്‍ റോയിയാണ് കെ.കെ.ആര്‍ നിരയിലെ ടോപ്‌സ്‌കോറര്‍. ഡല്‍ഹിക്കായി ഇഷാന്ത് ശര്‍മ, ആന്റിച്ച് നോര്‍ക്യ, അക്‌സര്‍ പട്ടേല്‍ കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും മുകേഷ് കുമാര്‍ ഒരു വിക്കറ്റും നേടി. മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹിക്കായി ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ 41 പന്തില്‍ 57 റണ്‍സ് നേടി മുന്നില്‍ നിന്ന് നയിച്ചു. സാമാന്യം ചെറിയ സ്‌കോറാണെങ്കില്‍ കൂടിയും 19.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി ലക്ഷ്യം കണ്ടത്. ഇഷാന്ത് ശര്‍മയാണ് കളിയിലെ താരം.