മുംബൈക്ക് തുടര്‍ച്ചയായ മൂന്നാംജയം

മുംബൈക്ക് തുടര്‍ച്ചയായ മൂന്നാംജയം

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 14 റണ്‍സിന് പരാജയപ്പെടുത്തി

ഹൈദരാബാദ്: സണ്‍റൈസേഴ്‌സ് വീണ്ടും തോറ്റു. ഇത്തവണ മുംബൈയോടാണ് സ്വന്തം കാണികള്‍ക്ക് മുമ്പില്‍ അടിയറവ് പറഞ്ഞത്. 14 റണ്‍സിനായിരുന്നു പരാജയം. മുംബൈ ഉയര്‍ത്തിയ 192 റണ്‍സ് പിന്തുടര്‍ന്ന എസ്.ആര്‍.എച്ചിന്റെ പോരാട്ടം 19.5 ഓവറില്‍ 178 റണ്‍സിന് അവസാനിച്ചു. കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തയോട് ജയിച്ച ആത്മവിശ്വാസത്തില്‍ കളിക്കാനിറങ്ങിയ ഹൈദരാബാദിന് വിനയായത്‌  ബാറ്റ്‌സ്മാന്‍മാരുടെ സ്ഥിരതയില്ലാത്ത പ്രകടനമാണ്. ടോസ് നേടിയ ഹൈദരാബൈദ് മുംബൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രോഹിത് ശര്‍മയും ഇഷാന്‍ കിഷനും മികച്ച തുടക്കമാണ് മുംബൈക്ക് നല്‍കിയത്. ഇരുവരും ആദ്യവിക്കറ്റില്‍ 41 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 18 പന്തില്‍ 28 റണ്‍സെടുത്ത രോഹിത്ശര്‍മയെ നടരാജനും 31 പന്തില്‍ 38 റണ്‍സെടുത്ത ഇഷാനെ മാര്‍ക്കോ ജന്‍സനും പുറത്താക്കി. ഏഴ് റണ്‍സുമായി സൂര്യകുമാര്‍ യാദവ് പെട്ടെന്ന് മടങ്ങിയെങ്കിലും കാമറൂണ്‍ ഗ്രീന്‍ ക്രീസില്‍ ഉറച്ചുനിന്നു. 40 പന്തില്‍ 64* റണ്‍സെടുത്ത ഗ്രീനിന് 37 റണ്‍സെടുത്ത തിലക് വര്‍മയും 16 റണ്‍സെടുത്ത ടിം ഡേവിഡും മികച്ച പിന്തുണ നല്‍കി.

അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 20 ഓവറില്‍ 192 റണ്‍സ് മുംബൈ നേടിയത്. മറുപടി ബാറ്റിങ്ങില്‍ 41 പന്തില്‍ 48 റണ്‍സെടുത്ത മായങ്ക് അഗര്‍വാളിനും 16 പന്തില്‍ 36 റണ്‍സെടുത്ത് ഹെന്രിച്ച്‌ ക്ലാസനുമൊഴികെ മറ്റാര്‍ക്കും കാര്യമായി തിളങ്ങാനായില്ല, കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണതും ഹൈദരാബാദിന് തിരിച്ചടിയായി. കഴിഞ്ഞ മത്സരത്തിലെ ഹീറോ ഹാരിബ്രൂക്കിന് വെറും ഒമ്പത് റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ. അര്‍ജുന്‍ ടെണ്ടുള്‍ക്കര്‍ എറിഞ്ഞ അവസാന ഓവറില്‍ 20 റണ്‍സായിരുന്നു സണ്‍റൈസേസിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ആ ഓവറില്‍ അവര്‍ക്ക് അഞ്ച് റണ്‍സ് മാത്രമേ എടുക്കാന്‍ കഴിഞ്ഞുള്ളൂ. ആ ഓവറിലെ രണ്ടാം പന്തില്‍ അബ്ദുള്‍ സമദിനെ ഹൃത്വിക്ക് ഷോക്കീന്‍ റണ്ണൗട്ടിലൂടെ പുറത്താക്കുകയും അഞ്ചാം പന്തില്‍ ഭുവനേശ്വര്‍ കുമാര്‍ രോഹിത്തിന് ക്യാച്ച് നല്‍കി മടങ്ങുകയും ചെയ്‌തതോട ഹൈദരാബാദിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു. മുംബൈക്ക് വേണ്ടി ജേസന്‍ ബെഹ്‌റെന്‍ഡ്രോഫ്, പീയൂഷ് ചൗള, റിലെ മെറേഡിയത്ത് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും അര്‍ജുന്‍ ടെണ്ടുള്‍ക്കര്‍, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. കാമറൂണ്‍ ഗ്രീനാണ് കളിയിലെ താരം. ജയത്തോടെ മുംബൈ ഇന്ത്യന്‍സ് പോയിന്റ് പട്ടികയില്‍ ആറാമതെത്തി. ഹൈദരാബാദ് ഒമ്പതാം സ്ഥാനത്താണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *