ഡല്‍ഹിയെ വീഴ്ത്തി ഗുജറാത്ത് ഒന്നാമത്

ഡല്‍ഹിയെ വീഴ്ത്തി ഗുജറാത്ത് ഒന്നാമത്

ഡല്‍ഹിക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി, പോയിന്റ് ടേബിളില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഒന്നാമത്

ന്യൂഡല്‍ഹി: അരുണ്‍ ജെയ്റ്റിലി സ്‌റ്റേഡിയത്തിലെ സ്വിങ്ങിനെ തുണയ്ക്കുന്ന പിച്ചില്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഹാര്‍ദിക്ക് പാണ്ഡ്യയുടെ തീരുമാനം തെറ്റിയില്ല. ഡല്‍ഹി ബാറ്റ്‌സ്മാന്‍മാരെ പിടിച്ചുക്കെട്ടിയ പേസ് ബൗളിങ് നിര റണ്ണൊഴുക്ക് തടഞ്ഞു. 32 പന്തില്‍ 37 റണ്‍സെടുത്ത ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും 22 പന്തില്‍ 36 റണ്‍സെടുത്ത അക്ഷര്‍ പട്ടേലിന്റേയും ബലത്തിലാണ് ഡല്‍ഹി എട്ടിന് 162 എന്ന സകോറിലേക്കെത്തിയത്. ഈ ഐ.പി.എലില്‍ ഇതുവരെ പിറന്നതില്‍ വച്ച് ഏറ്റവും താഴ്ന്ന സ്‌കോറാണിത്. ഗുജറാത്ത് ബൗളര്‍മാരുടെ കണിശതയാര്‍ന്ന പ്രകടത്തിന് മുന്നില്‍ മെല്ലെപ്പോക്ക് നടത്താനേ ഡല്‍ഹിക്ക് കഴിഞ്ഞുള്ളൂ. ഗുജറാത്തിന് വേണ്ടി റാഷിദ് ഖാനും മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ അല്‍സാരി ജോസഫ് രണ്ട് വിക്കറ്റുകള്‍ നേടി.

അനായാസം മറികടക്കാമെന്ന പ്രതീക്ഷയില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന്റെ തുടക്കം മോശമായിരുന്നു. 14 റണ്‍സ് വീതമെടുത്ത ഓപ്പണര്‍മാരായ വൃദ്ധിമാന്‍ സാഹയേയും ശുഭ്മാന്‍ ഗില്ലിനേയും ആന്റിച്ച് നോര്‍ക്യ പവലിയനിലേക്ക് മടക്കി. ക്യാപ്റ്റന്‍ ഹാര്‍ദിക്കിന് ഇത്തവണയും കാര്യമായിഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അഞ്ച് റണ്‍സെടുത്ത ഹാര്‍ദിക്കിനെ ഖലീല്‍ അഹമ്മദ് അഭിഷേക് പോറലിന്റെ കൈകളിലെത്തിച്ചു. നാലാം വിക്കറ്റില്‍ ഒത്തുച്ചേര്‍ന്ന സായ് സുദര്‍ശനും വിജയ്ശങ്കറും പരുക്കുകളില്ലാതെ കളി മുന്നോട്ട് നയിച്ചു. സ്‌കോര്‍ബോര്‍ഡ് 107ല്‍ നില്‍ക്കെ 29 റണ്‍സെടുത്ത വിജയ് ശങ്കറിനെ മിച്ചല്‍ മാര്‍ഷ് മടക്കിയെങ്കിലും തുടര്‍ന്നു വന്ന ഡേവിഡ് മില്ലര്‍ സായ്‌സുദര്‍ശന് മികച്ച പിന്തുണ നല്‍കുകയും 18.1 ഓവറില്‍ ലക്ഷ്യം മറികടക്കുകയും ചെയ്തു. പുറത്താകാതെ 48 പന്തില്‍നിന്ന് 62 റണ്‍സെടുത്ത സായ് സുദര്‍ശനാണ് കളിയിലെ താരം. നാല് ഫോറും രണ്ട് സിക്‌സും ആ ഇന്നിങ്‌സിലുണ്ടായിരുന്നു. ഡേവിഡ് മില്ലര്‍ 16 പന്തില്‍ 31 റണ്‍സുമായി പുറത്താകാതെ നിന്നു. ആറ് വിക്കറ്റിന്റെ ജയത്തോടു കൂടി ഗുജറാത്ത് പോയിന്റ് ടേബിളില്‍ മുന്നിലെത്തി. കളിച്ച രണ്ട് മത്സരവും തോറ്റ ഡല്‍ഹി എട്ടാം സ്ഥാനത്താണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *