അമേരിക്കന്‍ ബാങ്കുകളുടെ തകര്‍ച്ച; ലോകം മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്കോ?..

അമേരിക്കന്‍ ബാങ്കുകളുടെ തകര്‍ച്ച; ലോകം മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്കോ?..

ടി.ഷാഹുല്‍ ഹമീദ്

‘നിങ്ങളുടെ അയല്‍ക്കാരന് ജോലി നഷ്ടപ്പെട്ടാല്‍ അതിനെ സാമ്പത്തിക മാന്ദ്യം എന്ന് വിളിക്കാം, നിങ്ങളുടേത് നഷ്ടപ്പെടുമ്പോഴാണ് അത് സാമ്പത്തിക തകര്‍ച്ചയാകുക’ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഹാരി എസ്.ട്രൂമാന്‍ വാക്കുകളാണിത്. വെറും 48 മണിക്കൂറിനുള്ളില്‍ ലോക സമ്പദ് വ്യവസ്ഥതയുടെ ഹൃദയഭൂമിയായ അമേരിക്കയില്‍ രണ്ട് വന്‍കിട ബാങ്കുകള്‍ തകര്‍ന്നത് ലോകം അമ്പരപ്പോടെയാണ് നോക്കിനിന്നത്. ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക വിപ്ലവഭൂമിയായ സിലിക്കണ്‍വാലിയിലെ അമേരിക്കയിലെ ഏറ്റവും വലിയ പതിനാറാമത്തെ ബാങ്ക് സിലിക്കണ്‍ വാലിബാങ്ക് തകര്‍ന്നടിഞ്ഞത് ഏറെ ഞെട്ടലാണുളവാക്കിയത്. സ്റ്റാര്‍ട്ടപ്പുകളേയും വൈന്‍ നിര്‍മാണ മേഖലയും പുത്തന്‍ സാങ്കേതിക മേഖലയേയും നിര്‍ലോഭമായി സഹായിച്ചിരുന്ന സിലിക്കണ്‍ വാലിബാങ്കില്‍ ധാരാളം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടേയും അക്കൗണ്ട് ഉണ്ടായിരുന്നു.

2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് ബാങ്കിംഗ് രംഗത്ത് സൂക്ഷ്മ മേല്‍നോട്ടവും പരിശോധനയും ഉണ്ടായിരുന്നുവെന്ന സാധാരണക്കാരുടെ വിശ്വാസത്തിന്റെ മുകളിലാണ് ബാങ്കുകള്‍ തകര്‍ന്നടിഞ്ഞത്. പുതിയ സാമ്പത്തിക സേവനങ്ങളും ഉല്‍പ്പന്നങ്ങളില്‍ എതിരാളികളില്‍ നിന്നുള്ള മത്സരവും വര്‍ധിക്കുന്നതിനാല്‍ സമ്പദ്ഘടനയില്‍ ഉണ്ടാകുന്ന മാറ്റം ബാങ്കിംഗ് മാനേജ്‌മെന്റിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

മാര്‍ച്ച് എട്ടിന് 1.7 5 ബില്യണ്‍ യുഎസ് ഡോളര്‍ മൂലധനവും 200 ബില്യണ്‍ യു.എസ് ഡോളര്‍ ആസ്തിയുമുള്ള വലിപ്പത്തില്‍ അമേരിക്കയിലെ രണ്ടാം സ്ഥാനത്തുള്ള സിലിക്കണ്‍ വാലി ബാങ്ക് തകര്‍ന്നത് സര്‍ക്കാരിന്റെ കര്‍ശന പരിശോധനയുടെ അഭാവം ഒന്ന്‌കൊണ്ട് മാത്രമാണ്. പുത്തന്‍ പണക്കാര്‍ ബോണ്ടുകളില്‍ വലിയ രീതിയില്‍ നിക്ഷേപിക്കാന്‍ തുടങ്ങിയതോടെ ബാങ്കിന്റെ പലിശഭാരം ഉയരുകയും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ പലിശ വര്‍ധനവ് തീരുമാനം ബാങ്കുകള്‍ക്ക് ഇടുത്തീ പോലെയായി. പണപ്പെരുപ്പം രൂക്ഷമായതോടെ ബോണ്ടുകള്‍ തിരിച്ചെടുക്കാന്‍ അനിയന്ത്രിതമായി ഇടപാടുകാര്‍ ബാങ്കില്‍ ഒഴുകി എത്തിയതോടെ സിലിക്കണ്‍ വാലി ബാങ്കിന്റെ പതനം പൂര്‍ണമായി. 2008ന് വാഷിംഗ്ടണ്‍ മ്യൂച്ചല്‍ തകര്‍ന്നടിഞ്ഞതിനുശേഷം ലോകത്തുണ്ടായ ഏറ്റവും വലിയ ബാങ്കിംഗ് ദുരന്തമാണ് ഇപ്പോള്‍ അമേരിക്കയില്‍ ഉണ്ടായിട്ടുള്ളത്.

ഒരാഴ്ചക്കുള്ളില്‍ രണ്ട് അമേരിക്കന്‍ ബാങ്കുകള്‍ തകര്‍ന്നതും മറ്റു ബാങ്കുകളിലേക്ക് തകര്‍ച്ചയുടെ പ്രത്യാഘാതങ്ങള്‍ പടരുകയും തെയ്തിട്ടുണ്ട്. ഇത് യൂറോപ്പിലേക്കും വ്യാപിക്കുകയാണ്. നിക്ഷേപങ്ങള്‍ക്ക് സ്ഥിരത ഇല്ലാതാവുകയും തകര്‍ന്നടിഞ്ഞ ബാങ്കുകളിലെ ഇന്‍ഷൂര്‍ ചെയ്യാത്ത നിക്ഷേപവും സുരക്ഷിതമല്ലാത്ത കടപ്പത്രങ്ങളുടെ നിക്ഷേപവും നഷ്ടമാകും എന്നത് ബാങ്കിങ് മേഖലയെ ആകെ ഉലച്ചിരിക്കുകയാണ്. സിലിക്കണ്‍ വാലി ബാങ്കില്‍ 151.5 ബില്യണ്‍ യു.എസ് ഡോളര്‍ ഇന്‍ഷൂര്‍ ചെയ്യാത്ത നിക്ഷേപം ഉണ്ടായിരുന്നു. അതില്‍ 137.6 ബില്യണ്‍ യു.എസ് ഡോളറും അമേരിക്കക്കാരുടേതാണ്. അമേരിക്കന്‍ പ്രസിഡന്റ് നിക്ഷേപകര്‍ക്ക് സുരക്ഷിതത്വം ഉറപ്പുനല്‍കിയെങ്കിലും നിക്ഷേപകര്‍ക്ക് പണം ലഭിക്കാന്‍ കാലതാമസം ഉണ്ടാകും എന്നാണ് കരുതുന്നത്. കൂടാതെ അമേരിക്കയില്‍ ബാങ്കുകളുടെ മേല്‍നോട്ട ചുമതലയുള്ള ഫെഡറല്‍ റിസര്‍വിന്റെ ഉദ്യോഗസ്ഥരുടെ ഏറ്റവും പുതിയ വെളിപ്പെടുത്തല്‍ പ്രകാരം ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലപ്രദമായ മേല്‍നോട്ടമെന്നും അവര്‍ നടത്താറില്ല എന്നത് വലിയ രീതിയില്‍ ജനങ്ങളെ ആശങ്കാകുലരാക്കി.

ബാങ്കുകള്‍ നാടിന്റെ ഖജനാവായതിനാല്‍ പ്രാഥമിക പരിഗണന സാമ്പത്തിക സുരക്ഷയും പണം യഥാസമയം നിക്ഷേപകര്‍ക്ക് തിരിച്ചു കിട്ടുമെന്ന ഉറപ്പുമാണ്. ഇത് ഉറപ്പുവരുത്തുന്ന തരത്തിലുള്ള മുകള്‍തട്ട് പരിശോധന ഫലപ്രദമായിലെങ്കില്‍ നഷ്ടപ്പെട്ടു പോകുന്നത് ബാങ്കിംഗ് വ്യവസായത്തിന്റെ വിശ്വാസത തന്നെയാണ്. കമ്പോള വ്യവസ്ഥയുടെ നിബന്ധനയായ അര്‍ഹതയുള്ളവര്‍ക്ക് നിലനില്‍ക്കാമെന്ന (സര്‍വ്വൈവല്‍ ഓഫ് ദി ഫിറ്റസ്റ്റ് )എന്ന കാര്യത്തിന് കോട്ടം തട്ടുകയും ,ബാങ്കില്‍ പണം നിക്ഷേപിക്കുമ്പോള്‍ ഡി.ഐ.സി.ജി.സി (ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പറേഷന്‍ ) പട്ടികയിലുള്ള ബാങ്കാണോയെന്ന് ഇടപാടുകാര്‍ ശ്രദ്ധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഉല്‍പ്പന്നങ്ങള്‍ക്ക് യഥാര്‍ത്ഥ വില ലഭിക്കാത്തതും ചെറുകിട ബാങ്കുകള്‍ വലിയ രീതിയില്‍ പലിശ വര്‍ധിപ്പിച്ചതും , ഭക്ഷണം, ഊര്‍ജ്ജം എന്നീ മേഖലയില്‍ കടുത്ത പ്രയാസം റഷ്യ -ഉക്രൈന്‍ യുദ്ധത്തിനുശേഷം നേരിട്ടതിനാലും സാമ്പത്തിക പ്രയാസത്തിന്റെ മുള്‍മുനയില്‍ ലോകം നില്‍ക്കുമ്പോഴാണ് 40 വര്‍ഷമായി ഒട്ടേറെ കണ്ടുപിടുത്തങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പ് മേഖലയിലെ താരോദയങ്ങള്‍ക്കും വഴിയൊരുക്കിയ ,കൊവിഡ് കാലത്ത് ഐ.ടി മേഖലക്ക് കരുത്തേകിയ 1983 ല്‍ സ്ഥാപിച്ച സിലിക്കണ്‍ വാലി ബാങ്കിന്റെ തകര്‍ച്ച റിപ്പോര്‍ട്ട് ചെയ്തത്. ലോകത്ത് പ്രതിസന്ധിയുടെ ലക്ഷണം ആദ്യം ബാങ്കിംഗ് മേഖലയില്‍ നിന്നാണ് തുടങ്ങുക. മുതലാളിത്ത വ്യവസ്ഥിതിയില്‍ സഹജമായ ഒരു പ്രവണതയാണ് പ്രതിസന്ധി. വിപണി കൂടുതല്‍ സ്വതന്ത്രമാവുകയും കമ്പോള വ്യവസ്ഥിതി അസ്ഥിരതയും അനിശ്ചിതത്വവും പ്രകടിപ്പിക്കുമ്പോള്‍ സര്‍ക്കാരിന്റെ ഇടപെടല്‍ അത്യാവശ്യമാണ്. നിക്ഷേപത്തിന് ഏറ്റവും കൂടുതല്‍ പ്രതിഫലം നല്‍കുന്ന മേഖലകളില്‍ ഒന്നാണ് ബാങ്കുകള്‍.

പൊതുമേഖലാ ബാങ്കുകള്‍ക്കാണ് മുമ്പ് ആധിപത്യമെങ്കില്‍ ഇപ്പോള്‍ സ്വകാര്യ മേഖല ബാങ്കിംഗ് വ്യവസായം കീഴടക്കിയിരിക്കുന്നു. നിക്ഷേപം നേടാനും വായ്പ നല്‍കാനുമുള്ള ലൈസന്‍സ് ലഭിച്ച ധനകാര്യ സ്ഥാപനങ്ങളായ ബാങ്ക്, നിക്ഷേപിച്ചവരുടെ താല്‍പര്യം പൂര്‍ണമായും സംരക്ഷിച്ച് പണം പിന്‍വലിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ മുന്‍കൂട്ടി കണ്ട് പ്രവര്‍ത്തിച്ചില്ലെങ്കില്‍ അമേരിക്കയില്‍ സംഭവിച്ചത് പോലെ കൂട്ട നിലംപൊത്തലും അരാജകത്വവും ബാങ്കിംഗ് മേഖലയില്‍ ഉണ്ടാകും. ലോകത്ത് 1970 -2018 കാലഘട്ടത്തില്‍ 147 ബാങ്കിംഗ് തകര്‍ച്ച ഉണ്ടായി. അതില്‍ 13 എണ്ണം വലിയ രീതിയില്‍ ആഘാതം ഏല്‍പ്പിച്ചു. കൂടാതെ 218 കറന്‍സി പ്രശ്‌നങ്ങളും , 66 രാജ്യങ്ങളില്‍ കടബാധ്യത ഏറിയതുമായ സാമ്പത്തിക പ്രശ്‌നങ്ങളും ഉടലെടുത്തു. ധനകാര്യ മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ 71% ചാഞ്ചാട്ടം ആയതിനാല്‍ നിതാന്ത ജാഗ്രത കാണിക്കണമെന്ന് ധനകാര്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

സിലിക്കണ്‍ വാലി ബാങ്കിന്റെ തകര്‍ച്ചയുടെ വാര്‍ത്തയുടെ മഷി ഉണങ്ങുന്നതിനു മുമ്പ് ന്യൂയോര്‍ക്ക് ആസ്ഥാനമാക്കിയുള്ള 110 ബില്യണ്‍ യു.എസ് ഡോളര്‍ ആസ്തിയുള്ള അമേരിക്കയിലെ മൂന്നാമത്തെ വലിയ ബാങ്കായ ക്രിപ്‌റ്റോ കറന്‍സി മേഖലയെ കൈമെയ് മറന്ന് സഹായിക്കുന്ന ബാങ്കായ സിഗ്‌നേച്ചര്‍ ബാങ്കും തകര്‍ന്ന വാര്‍ത്ത അമ്പരപ്പോടെയാണ് ലോകം ശ്രവിച്ചത്. നിക്ഷേപത്തിലെ വലിയ പങ്കും 1.35 ലക്ഷം കോടി യു.എസ് ഡോളര്‍ ക്രിപ്‌റ്റോ കറന്‍സി മേഖലയില്‍ നിന്നാണ്. ക്രിപ്‌റ്റോ ഡിജിറ്റല്‍ അസ്ഥി മേഖലയാകെ ഉലക്കുന്ന സംഭവമായി ബാങ്കിന്റെ തകര്‍ച്ച മാറി. ക്രിപ്‌റ്റോ കറന്‍സി മേഖലയിലെ ആദ്യത്തെ ബാങ്ക് ആയ സിഗ്‌നേച്ചര്‍ ബാങ്കില്‍ സിലിക്കണ്‍ വാലി ബാങ്കിന്റെ തകര്‍ച്ചയെ തുടര്‍ന്ന് മാര്‍ച്ച് 10ന് ഒറ്റ ദിവസം 10 ബില്യണ്‍ യു.എസ് ഡോളറാണ് ഇടപാടുകാര്‍ പിന്‍വലിച്ചത് . കൊവിഡിന് ശേഷം ക്രിപ്‌റ്റോ കറന്‍സി മേഖലയില്‍ ഉണ്ടായ വലിയ മുന്നേറ്റം ബാങ്കിന് നിക്ഷേപമായി മാറുകയും 2022ല്‍ സിഗ്‌നേച്ചര്‍ ബാങ്കില്‍ വന്ന നിക്ഷേപത്തിന്റെ 90%വും ക്രിപ്‌റ്റോ കറന്‍സി മേഖലയില്‍ നിന്നായിരുന്നു. അത്യധികം നിക്ഷേപം സ്വരൂപിക്കുകയും വായ്പ വിതരണം മന്ദഗതിയിലാകുകയും ചെയ്യുന്ന ധനകാര്യ സ്ഥാപനങ്ങളെ ശ്രദ്ധിക്കാത്തതിലാണ് സിഗ്‌നേച്ചര്‍ബാങ്ക് തകര്‍ന്നത്. യു.എസ് ട്രഷറി ബോണ്ടുകളിലും സെക്യൂരിറ്റുകളിലുമായി വിവിധ ബാങ്കുകളുടെ 50 ലക്ഷം കോടി യു.എസ് ഡോളര്‍ പ്രതിസന്ധി നേരിടുന്നുവെന്ന വാര്‍ത്ത കൂടി വന്നപ്പോള്‍ ബാങ്കിംഗ് മേഖലയെ ഗ്രസിച്ച മാന്ദ്യം പെട്ടെന്ന് അസ്തമിക്കും എന്ന് തോന്നുന്നില്ല. പലിശ വര്‍ധനയില്‍ കടപ്പത്രങ്ങളുടേയും സെക്യൂരിറ്റികളുടേയും മൂല്യം കുറഞ്ഞു വരുന്നതിനാല്‍ അടിയന്തിര സാഹചര്യത്തില്‍ ഇവ വിറ്റഴിക്കേണ്ടി വന്നാല്‍ ബാങ്കുകളില്‍ ഒന്നാകെ ഉണ്ടാകാനിടയുള്ള നഷ്ടം ഭീമമാണ്.

2022 ന്റെ മധ്യത്തിനു ശേഷം സെന്‍ട്രല്‍ ബാങ്കുകള്‍ ഇടത്തരം പലിശ നിരക്കുകള്‍ ഉയര്‍ത്തിയത് കാരണം ലോക ബാങ്കിംഗ് സമ്മര്‍ദങ്ങളുടെ പ്രഭവകേന്ദ്രമായ അമേരിക്കന്‍-യൂറോപ്യന്‍ വിപണികളിലെ ബാങ്കുകളില്‍ ഉണ്ടായ തകര്‍ച്ച ആഗോളതലത്തില്‍ ബാങ്കിംഗ് ഓഹരികളെ തളര്‍ത്തിയിരിക്കുന്നു. ഇതോടൊപ്പം സ്വിസ് ബാങ്കായ ക്രെഡിറ്റ് സ്യൂയിസ് പ്രതിസന്ധിയിലാണെന്ന വാര്‍ത്തയും പുറത്തുവന്നു. ബാങ്കുകളുടെ ലിക്വിഡിറ്റി (ദ്രവ്യത) പ്രശ്‌നം രൂക്ഷമായി തകര്‍ന്ന യു.എസ് ബാങ്കുകളെക്കാള്‍ ആഗോളതലത്തില്‍ സ്വിസ് ബാങ്കിനെ ശ്രദ്ധിക്കാന്‍ കാരണം കൂടുതല്‍ രാജ്യങ്ങളില്‍ ശാഖകളുള്ള ബാങ്ക് ആയതിനാലാണ്. 2008ല്‍ ലേ മാന്‍ ബ്രദേഴ്‌സിന്റെ തകര്‍ച്ച മുന്‍കൂട്ടി പ്രവചിച്ച റോബര്‍ട്ട് കിയോസാക്കി അടുത്തതായി ക്രെഡിറ്റ് സ്യൂയിസ് തകരുമെന്ന് പ്രവചിച്ചിട്ടുണ്ട്. നിക്ഷേപകര്‍ക്ക് ആവര്‍ത്തിച്ച് പണം കൊടുക്കേണ്ടി വരുന്നതിനാലും ബാങ്കുകളുടെ കൈവശം വച്ചിരിക്കുന്ന ആസ്തികളുടെ മൂല്യത്തില്‍ ഹ്രസ്വകാലമായ നേരിടുന്ന വ്യതിയാനം പരിഹരിക്കുന്നതിനായി പ്രത്യേക ഫണ്ട് കണ്ടെത്തേണ്ട അവസ്ഥയിലാണ് ബാങ്കുകള്‍.

സുരക്ഷിതമാണോഇന്ത്യയുടെ ബാങ്കിങ് മേഖല ?

അമേരിക്കയിലെ ഷോട്ട് സെല്ലിംഗ് സ്ഥാപനമായ ഹിന്‍ഡന്‍ ബര്‍ഗ് ബാങ്കുകളിലെ ഫണ്ട് വരുമാന ആര്‍ജ്ജിത പദ്ധതികളില്‍ കൃത്യമായി നിക്ഷേപിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട് , കുമിളുകള്‍ പോലെ ബാഹ്യമായ വളര്‍ച്ച രേഖപ്പെടുത്തുന്ന സ്വകാര്യ കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ അനിയന്ത്രിതമായി ബാങ്കുകളുടെ പണം നിക്ഷേപിക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ബാങ്കിംഗ് മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും അതിലേക്ക് സര്‍ക്കാരിന്റെ ശ്രദ്ധ ആവശ്യമാണെന്നും നോബല്‍ സമ്മാന ജേതാവ് അഭിജിത്ത് ബാനര്‍ജി അഭിപ്രായപ്പെടുകയുണ്ടായി. ആസ്തി ബാധ്യത സംന്തുലിതാവസ്ഥ നഷ്ടപ്പെട്ടു പോകാതെ ബാങ്കുകള്‍ ശ്രദ്ധിക്കണം. രാജ്യത്തെ ബാങ്കുകളില്‍ ഏറ്റവും അധികം വായ്പയുള്ള 20 വന്‍കിട കോര്‍പറേറ്റ് ഗ്രൂപ്പുകളുടെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം , രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സ്വകാര്യപങ്കാളിത്തം 43% ആയി വര്‍ധിച്ചതും , കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ ബാങ്കുകള്‍ എഴുതിത്തള്ളിയ 10.72 ലക്ഷം കോടിയില്‍ 90% വും വന്‍കിട കമ്പനിക്കാരുടേതാണെന്നും ഇത് ബാങ്കിംഗ് മേഖലയെ സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതിന്റെ ചൂണ്ടുപലകയാണ്.
2014ല്‍ 56,000 കോടി ആസ്തി ഉണ്ടായിരുന്ന അദാനി ഗ്രൂപ്പിന് 2022ല്‍ 16 ലക്ഷം കോടി ആസ്തിയില്‍ എത്തിയതും ഇന്ത്യയിലെ ബാങ്കിംഗ് മേഖലയെ കുറിച്ച് പറയുമ്പോള്‍ കടന്നുവരുന്ന അപ്രിയ സത്യമാണ്. 2022ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ബാങ്കുകളെ എങ്ങനെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ച് സാമ്പത്തിക പ്രതിസന്ധിയുടെ ആഴം കുറക്കാനാകും എന്ന കണ്ടെത്തലുകള്‍ക്കാണ്. ബെന്‍ ബെര്‍നങ്കെ, ഡംങ്കലസ് ഡയമണ്ട് , ഫിലിപ്പ് ഡബ്ലിംഗ് എന്നിവര്‍ക്കായിരുന്നു നോബല്‍ സമ്മാനം ലഭിച്ചത് എന്നത് കാലോചിതമായി. പലിശ നിരക്ക് പണപ്പെരുപ്പം നിയന്ത്രിക്കുവാന്‍ ഉയര്‍ത്തുന്നതോടെ ബാങ്കുകളില്‍ നിന്നും ഇടപാടുകള്‍ അനിയന്ത്രിതമായി പണം പിന്‍വലിക്കുന്ന പ്രവണത മുളയിലെ നുള്ളിയില്ലെങ്കില്‍ അമേരിക്കയില്‍ സംഭവിച്ചതും യൂറോപ്പില്‍ നടക്കാന്‍ സാധ്യതയുള്ളതുമായാ ബാങ്കിങ് തകര്‍ച്ച മറ്റു രാജ്യങ്ങളുടെ മുകളിലും ഡെമോക്ലോസിന്റെ വാള്‍ പോലെ തൂങ്ങി നില്‍ക്കുന്നതാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *