‘ഈസ്റ്റര്‍’ ഉയിര്‍പ്പിന്റെ തിരുനാള്‍

‘ഈസ്റ്റര്‍’ ഉയിര്‍പ്പിന്റെ തിരുനാള്‍

ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍ (കോഴിക്കോട് രൂപത)

ഉത്ഥിതനായ യേശു നിങ്ങളെ നയിക്കട്ടെ, ഭരിക്കട്ടെ, ജീവന്‍ നല്‍കട്ടെ രൂപാന്തരപ്പെടുത്തട്ടെ. ഇന്ന് എല്ലാ ക്രിസ്ത്യാനികളോടൊപ്പം നമ്മള്‍ വിളിച്ചു പറയുന്നു. ‘യേശു ഉയിര്‍ത്തെഴുന്നേറ്റു’. അല്ലേലുയ. അല്ലേലൂയ, സ്‌തോത്രങ്ങള്‍ കൊണ്ടു നമ്മുടെ ചുറ്റുപാടും നിറയട്ടെ. ഈ ഭൂമി മുഴുവന്‍ നിറയട്ടെ. യേശുവിന്റെ ഉയിര്‍പ്പ് ചരിത്രത്തില്‍ സംഭവിച്ച ഏറ്റവും വലിയ സംഭവമാണ്. ഈ സംഭവത്തോടെ മരണം ജീവനായി, കാല്‍വരി പുനരുത്ഥാനമായി. നമ്മള്‍ മരിക്കാന്‍ വേണ്ടി ജനിച്ചവരല്ല; മറിച്ച് ജീവിക്കുവാന്‍ വേണ്ടി ഉയിര്‍ത്ത ക്രിസ്തുവിനോട് കൂടി നിത്യത പുല്‍കുവാനായി സൃഷ്ടിക്കപെട്ടവരാണ്. നമ്മള്‍ ഇന്ന് വിളിച്ചു പറയുന്നു. എന്റെ നാഥനും ഗുരുവുമായ യേശു ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. അവന്‍ ഉയിര്‍ത്തെഴുന്നേറ്റുവെങ്കില്‍ അവനോടു കൂടി ഞാനും ഉയിര്‍ത്തെഴുന്നേല്‍ക്കും. അവന്‍ ജീവിക്കുന്നുവെങ്കില്‍ അവനോടു കൂടി ഞാനും ജീവിക്കും. അവന്‍ നിത്യതയിലാണെങ്കില്‍ ഞാനും നിത്യതയിലായിരിക്കും.യേശുവിന്റെ പുനരുത്ഥാനം നമുക്ക് നല്‍കുന്നത് പ്രത്യാശയാണ്, ദര്‍ശനമാണ്. കോഴിമുട്ടയില്‍ കോഴിക്കുഞ്ഞിനെ കാണുവാന്‍, മരണത്തില്‍ ജീവന്‍ കാണുവാന്‍ കാല്‍വരിയില്‍ ഉയിര്‍പ്പ് കാണുവാന്‍ ഇത് നമ്മളെ പഠിപ്പിക്കുന്നു. മരണത്തിന് മേല്‍ ആധിപത്യം പുലര്‍ത്തിയ ക്രിസ്തു ജീവനുമേല്‍ പിടിമുറുക്കി കഴിഞ്ഞു. ഇപ്പോള്‍ നമ്മള്‍ മരണത്തിന്റെ നിഴലില്‍ അല്ല. നിരാശയുടെ കയത്തിലല്ല. ഇരുട്ടിന്റെ മറവില്‍ അല്ല. മറിച്ച് ജീവന്റേയും, പ്രത്യാശയുടേയും വെളിച്ചത്തിന്റേയും പൊന്‍പ്രഭയിലാണ്, കാരണം കുരിശിനെ ജീവനാക്കി അവന്‍ കാല്‍വരിയെ പുനരുത്ഥാനമാക്കി. ഇരുട്ടിനെ വെളിച്ചമാക്കി, നിരാശയെ പ്രത്യാശയാക്കി. ഈസ്റ്റര്‍ തിരുനാള്‍ നമുക്ക് നല്‍കുന്ന ഏറ്റവും വലിയ സന്ദേശമാണിത്.

 

മരണത്തെ മുന്‍പില്‍ കണ്ട് ജീവിച്ച ജനത ഇന്ന് ഉയര്‍പ്പിനെ മുന്നില്‍ക്കണ്ട് ആനന്ദിക്കുകയാണ്. പരാജയം മുന്നില്‍ കണ്ട ജനത ഇന്ന് വിജയം ആഘോഷിക്കുകയാണ്. മരണത്തിനപ്പുറം മറ്റൊരു ജീവിതമില്ല എന്ന് വിശ്വസിച്ച ജനത നിത്യമായ ജീവന്‍ ഇന്ന് ഏറ്റു പറയുന്നു. മനുഷ്യന് ഏറ്റവും ആവശ്യമുള്ള തിരുനാളാണ് ഈസ്റ്റര്‍, കാരണം ജീവിതത്തിന് ഒരു തുടര്‍ച്ച ഉണ്ടെന്ന് ഈ തിരുനാള്‍ നമ്മെ പഠിപ്പിക്കുന്നു.ജനനം, മരണം, ഉയിര്‍പ്പ് ജീവിതത്തിന്റെ അവിഭാജ്യഘടകമാണെന്ന് ഈസ്റ്റര്‍ നമ്മെ പഠിപ്പിക്കുന്നു. എന്റെ മരണം എന്റെ അവസാനമല്ലെന്ന് വിളിച്ചു പറയുവാന്‍ ശക്തി നല്‍കുതാണ് യേശുവിന്റെ ഉയിര്‍പ്പ്. മരണത്തിനപ്പുറം നിതാന്ത ശുന്യതയാണെന്ന് വിളിച്ചു പറഞ്ഞവര്‍ക്ക് മരണത്തിനപ്പുറം നിത്യമായ ജീവിതമണെന്ന് മനസിലാക്കി തരുന്ന ഒന്നാണ് ഉയിര്‍പ്പ് തിരുനാള്‍.

ദൈവം മനുഷ്യനെ സൃഷ്ടിച്ചത് അനശ്വരനായിട്ടാണ്. ഇന്ന് വന്ന് നാളെ വാടി പോകുന്ന പുല്‍ക്കൊടിയല്ല മനുഷ്യന്‍. അവന്‍ ആത്മാവും ശരീരവും ഉള്ളവനാണ്. ശരീരം നശിക്കാം. ആത്മാവ് ഒരിക്കലും നശിക്കുന്നില്ല. അത് എനര്‍ജിയാണ്. ഒരിക്കല്‍ പുറത്ത് വന്നാല്‍ അത് ഒരിക്കലും നശിക്കുന്നില്ല, നശിപ്പിക്കുവാന്‍ സാധിക്കുകയില്ല. കാല്‍വരിയില്‍ കര്‍ത്താവായ യേശുവിനെ രണ്ട് കള്ളന്മാരുടെ നടുവില്‍ തൂക്കിയിട്ടപ്പോള്‍ എല്ലാം അവിടെ അവസാനിച്ചു വൊണ് ശത്രുക്കള്‍ കരുതിയത്. എന്നാല്‍ അനശ്വരമായ അവിടുത്തെ ആത്മാവിനെ നശിപ്പിക്കാന്‍ അവര്‍ക്കാര്‍ക്കും കഴിഞ്ഞില്ല. ഉയിര്‍പ്പ് തിരുന്നാള്‍ നമ്മളെ കാണിച്ചുതരുന്നത് രൂപാന്തരപ്പെട്ട യേശുവിന്റെ ശരീരത്തെയാണ്.

ഒന്നും മരിക്കുന്നില്ല, എല്ലാം ജീവിക്കുന്നുവെന്ന് ഓര്‍മപ്പെടുത്തുന്ന തിരുനാളാണ് ഈസ്റ്റര്‍. നമ്മള്‍ അഭിമാനത്തോടും ആഹ്ലാദത്തോടും കൂടെ ഈസ്റ്റര്‍ ആഘോഷിക്കുന്നതില്‍ മൂന്ന് കാരണങ്ങളുണ്ട്.

1. യേശുവിന്റെ പുനരുത്ഥാനമാണ് ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനം. പുനരുത്ഥാനം യേശു പ്രവര്‍ത്തിച്ച ഏറ്റവും വലിയ അത്ഭുതമാണ്. യേശു ഉയര്‍ത്തെഴുറ്റേിട്ടില്ലെങ്കില്‍ നമുടെ പ്രാഘോഷണം വെറുതെയാണ്. വിശ്വാസവും അതുപോലെ തന്നെയായിരിക്കും. (1 കൊറി. 15:14,17,20)

2. ഈസ്റ്റര്‍ നമ്മുടെ പുനരുത്ഥാനത്തിന്റെ അടിസ്ഥാനവും ഗ്യാരണ്ടിയുമാണ് (യോഹാന്‍ 11:25-26)

3. നമുക്ക് പ്രത്യാശയും പ്രോത്സാഹനവും നല്‍കുന്ന തിരുനാളാണ് ഈസ്റ്റര്‍. സഫലമീ ജീവിതം എന്ന് പറയുവാന്‍ നമുക്ക് കഴിയുന്നു. സഹനങ്ങള്‍ക്കും, ദുഃഖങ്ങള്‍ക്കും വേദനകള്‍ക്കും അപ്പുറം നമ്മെ കാത്തിരിക്കുന്നത് നിത്യമായ ജീവിതമാണെന്ന് ഈസ്റ്റര്‍ നമ്മെ ഓര്‍മപ്പെടുത്തുന്നു.

ഈസ്റ്ററിന്റെ ജീവിത സന്ദേശം

1. നമ്മള്‍ ഒരു ഈസ്റ്റര്‍ ഉയര്‍പ്പിന്റെ ജനതയാണ് എന്നതാണ്. ഒരു കല്ലറയ്ക്കും നമ്മളെ തടഞ്ഞു നിര്‍ത്താനാവില്ല. അതുകൊണ്ട് നമ്മള്‍ പറയുന്നു. ഇത് കര്‍ത്താവ് നല്‍കിയ ദിവസമാണ്. നമുക്ക് ആനന്ദിക്കാം, ആഹ്ലാദിക്കാം. (സങ്കീര്‍ത്തനം 118:24)

2. നമ്മള്‍ നമ്മുടെ സമാധാനവും ആനന്ദവും ഉയിര്‍ത്തെഴുന്നേറ്റ യേശുവില്‍ അന്വേഷിക്കണം.

3. നമ്മള്‍ നവീകൃതമായ ഒരു ജീവിതം ഉത്ഥിതനായ യേശുവില്‍ നയിക്കണം.

4. നമ്മള്‍ നമ്മുടെ ദുഃഖവെള്ളികളില്‍ ഈസ്റ്റര്‍ ഓര്‍മിക്കണം.

5. നമ്മള്‍ പുനരുത്ഥാനത്തിന്റെ ശക്തി പ്രഘോഷിക്കുന്നവരും ജീവിക്കുന്നവരും ആകണം.

6. നമ്മള്‍ ഒരു ഈസ്റ്റര്‍ ജനതയായി തീരണം. നമ്മള്‍ ഉയിര്‍ത്തെഴുന്നേല്‍പ്പ് അനുഭവിക്കുന്ന നിമിഷങ്ങള്‍ നമ്മുടെ ജീവിതത്തിലുണ്ട്. അത്തരം നിമിഷങ്ങളെ നാം വിശുദ്ധീകരിക്കണം. ജീവിതത്തിന്റെ ശക്തികേന്ദ്രമാക്കണം. എമ്മാവൂസ് അനുഭവങ്ങളും, അനുരഞ്ജന കൂദാശയും വഴി ലഭിക്കുന്ന പാപമോചനവും ഈസ്റ്റര്‍ അനുഭവങ്ങളാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *