1990ല്‍ ദുബായില്‍ ഫ്രണ്ട്സ് ഓഫ് യോഗയുടെ പരിശീലന കേന്ദ്രം ആരംഭിക്കുമ്പോള്‍, യോഗയുടെ പ്രയോജനം എല്ലാവരിലും എത്തിക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് ഗുരുജി കെ.ബി മാധവന് പീപ്പിള്‍സ് റിവ്യൂവിനോട് പറഞ്ഞു. ഫ്രണ്ട്സ് ഓഫ് യോഗ കോഴിക്കോട് ചാപ്റ്ററിന്റെ 15-ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോടെത്തിയതായിരുന്നു അദ്ദേഹം. 1990കളില്‍ മിഡില്‍ ഈസ്റ്റിലെ കാലാവസ്ഥ അത്ര അനുകൂലമായിരുന്നില്ല. യോഗയെക്കുറിച്ച് വളരെയധികം തെറ്റിധാരണ നിലനിന്നിരുന്ന ഒരു കാലമായിരുന്നു അത്. ഹിന്ദുക്കളുടെ കുത്തകയാണ് യോഗയെന്നായിരുന്നു ധാരണ. ആ മനഃസ്ഥിതി മാറ്റിയെടുക്കുവാന്‍ മുസ്ലിം രാജ്യത്ത് നിന്ന് തന്നെ തുടങ്ങി. ഖത്തര്‍, സൗദി അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളില്‍ തുടങ്ങിയെന്ന് മാത്രമല്ല അവിടത്തെ ഗവണ്മെന്റും നാട്ടുകാരും സഹകരിക്കുകയും ചെയ്തു. മിഡില്‍ ഈസ്റ്റില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്കും ഫ്രണ്ട്സ് യോഗ കടന്നു ചെന്നു.
ഇപ്പോള്‍ യു.എസ്.എ (അവിടെ മൂന്ന് സെന്ററുകളുണ്ട്). യു.കെ, ന്യൂസിലാന്റ്, ആസ്ട്രേലിയ, ഫിലിപ്പൈന്‍സ്, ചൈന, പാക്കിസ്ഥാന് ഉള്‍പ്പെടെയുള്ള ഏതാണ്ടെല്ലാ രാജ്യങ്ങളിലും ഫ്രണ്ട്സ് ഓഫ് യോഗ പരിശീലിപ്പിക്കുന്നുണ്ട്. ഫ്രണ്ട്സ് ഓഫ് യോഗ പരിശീലിപ്പിക്കുന്ന ട്രെയിനിമാര്‍ ആത്മാര്‍ത്ഥമായും, സാമ്പത്തിക നേട്ടം കാംക്ഷിക്കാതെയും, സൗജന്യമായുമാണ് പരിശീലനം നല്കി വരുന്നത്. കോഴിക്കോട് ജില്ലയില്‍ ആറ് ബ്രാഞ്ചുകളുണ്ട്. ജില്ലയില്‍ ഫ്രണ്ട്സ് ഓഫ് യോഗ പരിശീലനം ആരംഭിച്ചതിന്റെ 15-ാം വാര്‍ഷികമാണ് ആഘോഷിക്കുന്നത്.
കോഴിക്കോട്, ജനങ്ങള്‍ക്ക് അവരുടെ ജീവിതം സൗകര്യപ്രദവും, സുഖപ്രദവുമാക്കാന്‍ വേണ്ടി യോഗ പരിശീലനം വിപുലമാക്കുകയും, നിലവിലുള്ള ആറ് പരിശീലന കേന്ദ്രമെന്നത് 60 ആക്കി മാറ്റാനാണ് ഫ്രണ്ട്സ് ഓഫ് യോഗ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. ഇതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ടി.പി രാജന്റെ നേതൃത്വത്തില്‍ ഊര്‍ജിതമായി നടന്നു വരികയാണ്. 15-ാം വാര്‍ഷികാഘോഷം അതിന് കരുത്ത് പകരും. ലാഭേച്ഛയില്ലാതെയാണ് ജില്ലയിലെ ഫ്രണ്ട്സ് ഓഫ് യോഗ ലീഡേഴ്സ് പ്രവര്‍ത്തിക്കുന്നത്. ആത്മീയ-ശാരീരികതയെ റെക്ടിഫൈ ചെയ്ത് ഇന്നത്തെ തലമുറയെ ലോകത്തിന് ഉതകുന്ന രൂപത്തില്‍ രൂപപ്പെടുത്തിയെടുക്കുക എന്നതാണ് ഫ്രണ്ട്സ് ഓഫ് യോഗ ലക്ഷ്യമിടുന്നത്. വര്‍ത്തമാനകാല യുവ തലമുറ മദ്യം-മയക്കുമരുന്നിന് അടിമപ്പെട്ട് വഴിതിരിഞ്ഞ ജീവിതം നയിക്കുകയും, സ്വബോധം നഷ്ടപ്പെട്ട് മറ്റുള്ളവരെ ഉപദ്രവിക്കുന്നവരായും മാറിക്കൊണ്ടിരിക്കുകയാണ്. ഇത്തരം ദുര്‍വാസനകളില്‍ അകപ്പെടാതിരിക്കാന്‍ ഫ്രണ്ട്സ് ഓഫ് യോഗ ലീഡര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സിഗരറ്റ്, മദ്യം, മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള നാശകരമായവയെ തുടച്ച് മാറ്റുവാന്‍ ചെയ്യാന്‍ സാധിക്കുന്നത് ചെയ്യും. സത്യം, സന്തോഷം, സമഥ സ്നേഹം മറ്റുള്ളവരിലേക്ക് പകരുകയും, പ്രയോജനം പകരുകയും, യോഗയിലൂടെ ഒരു വന്‍ സന്മാര്ഗത്തിന്റെ തെളിച്ചത്തിലേക്ക് വരികയും ചെയ്യും.
ജീവിതമെന്ന് പറയുന്നത് ചുരുങ്ങിയ സമയത്ത് നില്ക്കുന്ന ഒന്നാണ്. ഇക്കാലയളവില്‍ മറ്റുള്ളവര്‍ക്ക് എന്തെല്ലാം നന്മ ചെയ്യാന്‍ പറ്റുമോ അത് ചെയ്യുകയും, വിട പറയുമ്പോള്‍ ആ വ്യക്തി ഓര്‍മ്മിക്കപ്പെടാന്‍ കാരണമാകുകയും ചെയ്യും. ജനസ്നേഹമാണ് ഫ്രണ്ട്സ് ഓഫ് യോഗ മുന്നോട്ട് വയ്ക്കുന്നത്. ലോകത്ത് വിവിധ രാജ്യങ്ങളിലായി 82 സെന്ററുകളുണ്ട്. എല്ലായിടത്തും ഒരേ ലക്ഷ്യമാണുള്ളത്. സൗജന്യമായ പ്രചാരണമാണ് നടത്തുന്നത്. യോഗയിലൂടെ മറ്റുള്ളവരിലേക്കും, ലോക രാജ്യങ്ങള്‍ക്കിടയില്‍ ഭാരതത്തിന് തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കാനുള്ള വഴികാണിക്കുന്ന ലക്ഷ്യവും ഫ്രണ്ട്സ് ഓഫ് യോഗയ്ക്കുണ്ട്. ലോകത്ത് 187 രാജ്യങ്ങളിലും ജൂണ്‍ 21 യോഗ ഇന്റര്‍നാഷണല്‍ ഡേയായി ആഘോഷിക്കുകയാണ്. ഈയൊരു ഉദ്ദേശ്യം ലക്ഷ്യപ്രാപ്തിയിലെത്തിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അത് നമ്മള് ഉത്തരവാദിത്വത്തോടെ നടത്തുന്നതിന്റെ പ്രയോജനം നമുക്ക് വിദേശ രാജ്യങ്ങളില്‍ വലിയ അംഗീകാരം ലഭിക്കാനിടയാക്കിയിട്ടുണ്ട്.
യോഗ ജീവിതത്തന്റെ ഭാഗമാക്കുകയും, നിത്യേന അനുഷ്ഠിക്കുകയും വേണം. ഞാന്‍ കഴിഞ്ഞ 52 വര്‍ഷമായി യോഗ ചെയ്യുന്ന വ്യക്തിയാണ്. അനുഭവത്തില്‍ നിന്ന് ഉറപ്പായും പറയാന്‍ സാധിക്കും. ആരോഗ്യത്തേയും, ശാരീരികവും-മാനസികവും-ആത്മീയമായും യോഗ നമുക്ക് ശക്തി പകരും. സ്വന്തം മതത്തില്‍ നിന്ന് വ്യതിചലിക്കാതെ യോഗയെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ സാധിക്കും. ജീവിതത്തില്‍ എന്നും നിങ്ങള്‍ നിങ്ങളായിരിക്കണം. ഫ്രണ്ട്സ് ഓഫ് യോഗക്ക് മതമില്ല, മനുഷ്യത്വമാണ് ഞങ്ങളുടെ ചിന്താഗതി. ഫ്രണ്ട്സ് ഓഫ് യോഗയുടെ ക്ലാസുകള്‍ ദിവസത്തില്‍ രണ്ട് നേരമാണ് നടക്കുന്നത്. രാവിലെ 5.30 മുതല്‍ 6.30വരെയും വൈകിട്ട് ഏഴ് മുതല്‍ എട്ട് വരെയുമാണത്. സ്ത്രീകള്‍ ആത്മാര്‍ത്ഥമായി യോഗയില്‍ പങ്ക് ചേരുന്നുണ്ട്. അവര്‍ക്ക് പലവിധ ബുദ്ധിമുട്ടുകളുമുണ്ട്. അവര്‍ തങ്ങളുടെ പ്രയാസം മാത്രമല്ല കുടുംബത്തിന്റെ കൂടി ഭാരം ചുമക്കുമ്പോള്‍ ഉണ്ടാകുന്ന സ്ട്രസ് തരണം ചെയ്യാന്‍ യോഗ അത്യുത്തമമാണ്. യോഗയുടെ ഭാഗമായ മെഡിറ്റേഷന്‍, ബ്രീത്തിംഗ് മറ്റ് ആസനങ്ങള്‍ എല്ലാം മിഡിലേജിലുള്ളവര്ക്കടക്കം ഫലപ്രദമാണ്. മറ്റ് യോഗ സംവിധാനങ്ങളില്‍ നിന്ന് ഫ്രണ്ട്സ് ഓഫ് യോഗയെ വ്യത്യസ്തമാക്കുന്നത് ഫ്രണ്ട്സ് ഓഫ് യോഗ അടച്ചിട്ട മുറിയില്‍ യോഗ ചെയ്യാറില്ല. അത് ശരീരത്തിന് ഉത്തമമല്ല. നമ്മുടെ മാനസികവും, ശാരീരികവുമായ ഉത്തേജനത്തിന് വേണ്ടിയുള്ളതാണ് യോഗ. മഴക്കാലത്ത് മാത്രമാണ് റൂമുകളില്‍ യോഗ ചെയ്യാറുള്ളത്. അപ്പോഴും വെന്റിലേഷന് ഉറപ്പാക്കാറുണ്ട്.
എന്താണ് ഭാവി പദ്ധതി?
കോഴിക്കോട് ഫ്രണ്ട്സ് ഓഫ് യോഗയുടെ ഓഫീസ് ആരംഭിക്കും. ഇന്ത്യയിലെ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ രാജന്റെ നേതൃത്വത്തില്‍ ഇതിനാവശ്യമായ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
എന്താണ് അങ്ങേക്ക് നല്‍കാനുള്ള സന്ദേശം?
എല്ലാ മനുഷ്യരോടും അഭ്യര്‍ത്ഥിക്കാനുള്ളത് നമ്മെ പോലെ മറ്റ് ജീവജാലങ്ങള്‍ക്കും ജീവിക്കാനുള്ള അവകാശം ഉണ്ടെന്നാണ്. അവരെ ഉപദ്രവിക്കരുത്. അതിനെ കൊന്ന് തിന്നാതിരിക്കുക. നമ്മളെ ഒരു പുലി പിടിച്ച് തിന്നാല്‍ നമ്മുടെ ബന്ധു മിത്രാദികള്‍ക്കും സുഹൃത്തുക്കള്‍ക്കും എത്ര ദുഃഖമുണ്ടാവുമോ അതുപോലെയാണ് എല്ലാത്തിന്റെയും അവസ്ഥയെന്ന് നാം തിരിച്ചറിയണം. മനുഷ്യര്‍ക്കുള്ളതുപോലെ എല്ലാ രോഗങ്ങളും മൃഗങ്ങള്‍ക്കുമുണ്ട്. അതുകൊണ്ടാണ് കേരളത്തില്‍ ഈയടുത്ത കാലത്ത് ഭക്ഷ്യ വിഷബാധ വര്‍ധിക്കുന്നത്. നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണത്തേക്കാള്‍ ഉത്തമം സസ്യാഹാരമാണ്. നല്ല ഭക്ഷണം, നല്ല വായു കൊടുക്കാന്‍ നമുക്കും ഉത്തരവാദിത്വമുണ്ട്. സര്‍ക്കാരുകള്‍ മാത്രം വിചാരിച്ചാല്‍ ഇത്തരം കാര്യങ്ങള്‍ നടപ്പിലാക്കാന്‍ കഴിയില്ല. അവരെ നാം പിന്തുണക്കണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 82 സെന്ററുകളിലൂടെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൊണ്ട് യോഗ പരിശീലകരായവര് അവരുടെ ദൗത്യം നിറവേറ്റിക്കൊണ്ടിരിക്കുകയാണ്. നമ്മള് യോഗയിലൂടെ പഠിക്കുന്ന കാര്യങ്ങള്‍ നിത്യജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയാല്‍ രോഗ ശമനവും രോഗ പ്രതിരോധവും കൈവരും എന്നതിനു സംശയമില്ല. അങ്ങനെ വരുമ്പോള്‍ ആശുപത്രികളുടെ ആവശ്യം പരിമിതപ്പെടും. ‘ലോകാസമസ്തോ സുഖിനോ ഭവന്തു’ എന്ന ആപ്തവാക്യം ലോകത്തിന് പകരുകയാണ് ഫ്രണ്ട്സ് ഓഫ് യോഗ നിര്വ്വഹിക്കുന്നതെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.