കോഴിക്കോട്: ചികിത്സാ പിഴവ് സംഭവിച്ചത് തെളിഞ്ഞിട്ടും മെഡിക്കല്‍ ബോര്‍ഡ് പരിശോധനയുള്‍പ്പടെയുള്ള തുടര്‍നടപടികള്‍ വൈകിക്കുന്നത് മനുഷ്യത്വരഹിതമായ സമീപനമാണെന്ന് മുന്‍ ആരോഗ്യ വകുപ്പ് മന്ത്രിയും കെ.പി.സി.സി ഗാന്ധി ദര്ശന് സമിതി സംസ്ഥാന പ്രസിഡന്റുകൂടിയായ വി.സി കബീര്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. മെഡിക്കല്‍ ബോര്‍ഡ് പരിശോധന വൈകുന്നതിന് കാരണമായി ഡി.എം.ഒ പറയുന്നത് ഒരു റേഡിയോളജിസ്റ്റിനെ കിട്ടാനില്ല എന്നതാണ്. ഇത് ആരോഗ്യമേഖലയുടെ പരിതാപകരമായ അവസ്ഥയാണ് വെളിവാക്കുന്നത്. മെഡിക്കല്‍ കോളേജിന് ഹര്‍ഷിന കെ.കെ സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന സത്യാഗ്രഹ മുന്പില് നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തിന്റെ 73 -ാം ദിവസം സമരപന്തല്‍ സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് കൂടുതല്‍ അവധാനതയോടെ ഈ വിഷയത്തെ കൈകാര്യം ചെയ്യേണ്ടതായിരുന്നു. ഈ മാസം 8-ാം തീയതിയെങ്കിലും മെഡിക്കല്‍ ബോര്‍ഡ് പരിശോധന നടന്ന് പെട്ടെന്ന് തീരുമാനമായില്ലെങ്കില്‍ താനും ഗാന്ധിദര്‍ശന്‍ സമിതിയും ഈ സമരപന്തലില്‍ വന്നിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും, മറ്റ് ആരോഗ്യ പ്രവര്‍ത്തകരും രോഗികളെ ചികിത്സിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സമരസമിതി ചെയര്മാന് ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് യു.വി ദിനേശ് മണി, ഗാന്ധി ദര്ശന് സമിതി ജില്ലാ പ്രസിഡന്റ് ആര്.പി രവീന്ദ്രന്, എം.ടി സേതുമാധവന്, ഇ. അന്‍വര്‍ സാദത്ത്, പി.സി ജിനചന്ദ്രന്, ടി. കെ സിറാജുദ്ദീന്, റാഫി കായക്കൊടി, കെ.ഇ ഷബീര്‍, ശങ്കരന് നടുവണ്ണൂര്‍, ഗൗരി ശങ്കര്‍, എന്‍. വിശ്വംബരന്, ബാലന് മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.