കോഴിക്കോട്: ജീവിതത്തിലുടനീളം ത്യാഗനിര്‍ഭരമായ ജീവിതം നയിക്കുകയും സ്വാതന്ത്ര്യത്തിനായി പോരാടുകയും ചെയ്ത ദേശാഭിമാനിയായിരുന്നു മൊയ്തു മൗലവിയെന്ന് പ്രസിദ്ധ ചരിത്രകാരന് ഡോ. കെ.ഗോപാലന്‍കുട്ടി പറഞ്ഞു. മൊയ്തുമൗലവിയുടെ 28ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘സ്വാതന്ത്ര്യ സമരസേനാനി മൊയ്തുമൗലവി’ അനുസ്മരണ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നിരവധി ജയിലുകളില്‍ അദ്ദേഹം രാഷ്ട്ര സ്വാതന്ത്ര്യത്തിന് വേണ്ടി കഠിനതടവ് അനുഭവിക്കുകയും കൊടിയ മര്‍ദനം ഏറ്റുവാങ്ങിയിട്ടുമുണ്ട്. ബഹുഭാഷാ പണ്ഡിതന്, ഗ്രന്ഥകര്‍ത്താവ്, തികഞ്ഞ മതേതരവാദി, ഉജ്വലനായ പത്രാധിപന് ഉള്‍പ്പെടെ അദ്ദേഹത്തിന്റെ കര്‍മമേഖല വിപുലമായിരുന്നു. ഒന്നും ഭൗതികമായി നേടാതെ എല്ലാം രാഷ്ട്രത്തിനായി സമര്‍പ്പിച്ച വ്യക്തിത്വമായിരുന്നു മൗലവിയുടേത്. ആദര്‍ശത്തില്‍ നിന്ന് ഒന്ന് വ്യതിചലിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് പലതും നേടാനാകുമായിരുന്നു. അക്കാലത്ത് മാറി ചിന്തിച്ചവര്‍ പാക്ക് ഹൈകമ്മീഷണറും മന്ത്രിയുമായി മാറിയിട്ടുണ്ട്. നിശ്ചയദാര്‍ഢ്യവും എളിമയും ഒന്നിനോടും ആര്‍ത്തിയുമില്ലാത്ത വ്യക്തിത്വവുമായിരുന്നു അദ്ദേഹത്തിന്റേത്.
ഹോംറൂള്‍ പ്രക്ഷോഭ കാലത്താണ് അദ്ദേഹം പൊതുപ്രവര്‍ത്തന രംഗത്തേക്ക് വരുന്നത്. പത്രമെന്നത് തീപന്തമാണെന്നും നന്മകളുടെ വെളിച്ചമാണെന്നും തിന്മകളെ ചുട്ടുകരിക്കാനുള്ളതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പത്രപ്രവര്‍ത്തകര്‍ പ്രലോഭനങ്ങള്‍ക്ക് പിന്നാലെ പോകരുതെന്നും പ്രമാണിമാര്‍ക്കുവേണ്ടി എഴുതരുതെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരേ ധീരമായ നിലപാട് കൈകൊണ്ടു. വിവാഹം മലയാളത്തില്‍ നടത്തികൊടുത്തപ്പോള്‍ യാഥാസ്ഥിതികര്‍ വിമര്‍ശിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇത് കേരളമാണെന്നും താന്‍ അറബി പണ്ഡിതനാണെന്നും സൗദി അറേബ്യയില്‍ അരിഭക്ഷണമില്ലല്ലോ എന്നുമായിരുന്നു. ഭാഷാ അടിസ്ഥാനത്തിലുള്ള ഉപദേശീയതയാണ് അദ്ദേഹം ഇവിടെ ഉയര്‍ത്തികാണിച്ചത്. ഇന്ന് ഇന്ത്യയില്‍ പൗരനെ പ്രജയാക്കുകയാണ്. പ്രജക്ക് ചോദ്യം ചെയ്യാനാവില്ല, മറ്റവകാശങ്ങളുമില്ല. പൗരാവകാശങ്ങള്‍ ദേശീയ പ്രസ്ഥാനത്തിലൂടെ ഉറച്ചതാണ്. യുക്തിചിന്ത, ബഹുസ്വരത, ജനാധിപത്യം എന്നീ ആദര്‍ശങ്ങള്‍ ഉയര്‍ത്തിപിടിച്ച വ്യക്തിത്വമായിരുന്നു മൊയ്തുമൗലവിയുടേത്. വ്യക്തികള്‍ താന്‍ ജീവിച്ച കാലത്തിനപ്പുറത്തേക്ക് പോകുമ്പോഴാണ് സമൂഹം അവരെ സ്മരിക്കുകയെന്നദ്ദേഹം
കൂട്ടിച്ചേര്‍ത്തു.
പരിപാടി തോട്ടത്തില്‍ രവീന്ദ്രന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.ആര്.ഡി മേഖല ഡെപ്യൂട്ടി ഡയരക്ടര്‍ കെ.ടി ശേഖരന് അധ്യക്ഷത വഹിച്ചു. മൊയ്തുമൗലവി സ്മാരക ചരിത്ര മ്യൂസിയത്തില്‍ ഒരുക്കുന്ന ചരിത്രലൈബ്രറിയിലേക്ക് ഡോ.എം.വസിഷ്ഠ് നല്കിയ പുസ്തകം തോട്ടത്തില്‍ രവീന്ദ്രന് എം.എല്‍.എ ഏറ്റുവാങ്ങി. അഡ്വ.എം.രാജന് ആശംസകള്‍ നേര്‍ന്നു. ഡോ.എം.വസിഷ്ഠ് സ്വാഗതവും, അസി. ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സൗമ്യ മത്തായി നന്ദിയും പറഞ്ഞു.