അടിമുടിയറിയാം പോലിസ് സേനയെ: കൗതുകമുണര്‍ത്തി പോലിസ് സ്റ്റാള്‍

അടിമുടിയറിയാം പോലിസ് സേനയെ: കൗതുകമുണര്‍ത്തി പോലിസ് സ്റ്റാള്‍

കൊല്ലം: എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ വേറിട്ട അനുഭവമായി കേരളാ പോലിസിന്റെ സ്റ്റാള്‍. വകുപ്പിന്റെ സര്‍വസേവനങ്ങളും സേനയുടെ വിവിധ വിഭാഗങ്ങളിലെ അടിസ്ഥാന വിവരങ്ങളും മേളയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് മനസിലാക്കി കൊടുക്കാനുള്ള സൗകര്യം സ്റ്റാളില്‍ സജ്ജമാക്കിയിട്ടുണ്ട്. സേനയുടെ ആയുധചരിത്രം വിശദീകരിക്കുന്നവിധം വര്‍ഷങ്ങള്‍ക്ക് മുന്‍പ് സേനയില്‍ ഉപയോഗിച്ച പീരങ്കിയാണ് സ്റ്റാളിന്റെ കവാടത്തില്‍ തന്നെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഒപ്പമുള്ള എല്‍.ഇ.ഡി സ്‌ക്രീനില്‍ ഉത്ര വധക്കേസ് ഉള്‍പ്പടെ പോലിസ് ശാസ്ത്രീയമായി അന്വേഷിച്ച് തെളിയിച്ച കേസുകളുടെ വിവരങ്ങളും കാണാം.

‘ഒരിക്കലും അകത്താകാതിരിക്കാന്‍ ഒരിക്കലൊന്ന് അകത്ത് കയറി നോക്കൂ’ എന്ന സന്ദേശത്തില്‍ സ്റ്റാളില്‍ ഒരുക്കിയ ലോക്കപ്പിന്റെ മാതൃകയാണ് മറ്റൊരു പ്രത്യേകത. ഇവിടെ സന്ദര്‍ശകര്‍ക്ക് ഫോട്ടോയുമെടുക്കാം. പോലിസ് സേനയില്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍ പരിചയപ്പെടാനും അവസരമുണ്ട്. എകെ 47, ഇന്‍സാഫ് ഉള്‍പ്പെടെയുള്ള തോക്കുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള ബോധവല്‍ക്കരണവും, ഫോറന്‍സിക്ക് ആന്‍ഡ് ഫിങ്കര്‍ പ്രിന്റ് വിഭാഗവും മേളയിലെത്തുന്നവര്‍ക്ക് കുറ്റാന്വേഷണത്തിന്റെ ശാസ്ത്രീയ തലങ്ങള്‍ വിശദീകരിച്ചു നല്‍കുന്നു.

സേനയിലെ വിവിധ ഉദ്യോഗസ്ഥര്‍ ധരിക്കുന്ന യൂണിഫോമും റാങ്ക് സൂചിപ്പിക്കുന്ന ചിഹ്നങ്ങളും സന്ദര്‍ശകര്‍ക്ക് വ്യക്തമാക്കി കൊടുക്കുന്നതും സ്റ്റാളിലെ മറ്റൊരാകര്‍ഷണമാണ്. ബോംബ് ഡിറ്റക്ഷന്‍ ടീമും ഡോഗ് സ്‌ക്വാഡ് അംഗങ്ങളും സ്റ്റാളിന്റെ ഭാഗമാണ്. പോലീസ് പല കാലങ്ങളിലായി ഉപയോഗിച്ചു വരുന്ന വയര്‍ലെസ് യൂണിറ്റുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പഴയകാല വയര്‍ലെസ് മുതല്‍ നിലവില്‍ ഉപയോഗിക്കുന്ന ഏറ്റവും പുതിയ ഉപകരണങ്ങള്‍ വരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വനിതകള്‍ക്കായുള്ള പ്രാഥമിക സ്വയംസുരക്ഷാ മാര്‍ഗങ്ങളുടെ ബോധവല്‍ക്കരണവും സന്ദര്‍ശകരുടെ ശ്രദ്ധപിടിച്ചു പറ്റുന്നുണ്ട്. കൊല്ലം സിറ്റി പോലിസിലെയും കൊല്ലം റൂറല്‍ പോലിസിലെയും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സ്റ്റാളിന്റെ പ്രവര്‍ത്തനം.

Share

Leave a Reply

Your email address will not be published. Required fields are marked *