മാഹി: ത്യാഗരാജ സ്വാമികളുടെ പഞ്ചരത്‌ന കൃതികളുടെ ഭാവുകത്വവും ആലാപന സൗഭഗവും സമന്വയിപ്പിച്ച് വിഖ്യാത സംഗീതജ്ഞന്‍ യു.ജയന്‍ മാസ്റ്ററുടെ കച്ചേരി ആസ്വാദകര്‍ക്ക് നവ്യാനുഭവമായി മാറി. ത്യാഗരാജസ്വാമികള്‍ രചിച്ച കര്‍ണാടക ശാസ്ത്രീയ സംഗീതത്തിലെ അഞ്ച് കൃതികളുടെ കൂട്ടത്തെ ആലാപന ചാരുതയോടെ അവതരിപ്പിച്ചപ്പോള്‍, അത് ജഗദാനന്ദ കാരക, ദുഡുകുഗല എന്നെ, സാധിഞ്ചേനെ, ഒപ്പം എന്‍ദരോ മഹാനുഭാവുലു എന്നിവ സംസ്‌കൃതത്തിലേയും തെലുങ്കിലേയും ഭാഷാ പ്രയോഗത്തിലെ സ്വരരാഗതാളലയങ്ങളുടെ മാധുര്യമെന്തെന്ന് ആസ്വാദകര്‍ക്ക് മനസിലാക്കി നല്‍കി. ജപ സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ ദ്വിദിന വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ത്യാഗരാജ പഞ്ചരത്‌ന കീര്‍ത്തനാലാപനം സംഘടിപ്പിച്ചത്.
മുന്‍ മന്ത്രി സി.കെ.നാണു ഭദ്രദീപം തെളിയിച്ചാണ് മുപ്പതാംവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുളള സംഗീതോത്സവസമാപന സമ്മേളനത്തിന് തുടക്കമായത്. അഡ്വ.ഇ.നാരായണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സംഗീതരത്‌നം കാഞ്ഞങ്ങാട് രാമചന്ദ്രന്‍, പിന്നണി ഗായകന്‍ പ്രേംകുമാര്‍, ചാലക്കര പുരുഷു നഗരസഭാംഗം പ്രേമകുമാരി , അഡ്വ. സുബിന്‍, മണലില്‍ മോഹനന്‍, സുരേഷ് ബാബു വട്ടോളി, മണലില്‍ മധു സംസാരിച്ചു. കലാ-സംഗീത പ്രതിഭകള്‍ക്ക് സമ്മാനദാനവുമുണ്ടായി. ഭക്തിഗാനമൃതം, ഗാനമേള എന്നിവയുമുണ്ടായി.