കോഴിക്കോട്: വസ്തുതയും സത്യവും വായനക്കാരിലെത്തിക്കുകയും അഴിമതിക്കും അനീതിക്കുമെതിരേ പോരാടുകയും മതസൗഹാര്‍ദവും നാടിന്‍ വികസനവും മുറുകെ പിടിക്കുന്ന പീപ്പിള്‍സ് റിവ്യൂ ജനങ്ങള്‍ക്ക് പ്രതീക്ഷയേകുന്ന മാധ്യമമാണെന്ന് പ്രശസ്ത ഹൃദയരോഗ ചികിത്സാ വിദഗ്ധന്‍ ഡോ.കെ.കുഞ്ഞാലി പറഞ്ഞു. പി.ജി രവീന്ദ്രന്‍ രചിച്ച ‘സാമൂഹ്യ നീതിയും ലിംഗസമത്വവും’ പുസ്തക പ്രകാശന വേദിയില്‍ പീപ്പിള്‍സ് റിവ്യൂ സ്‌പെഷ്യല്‍ സപ്ലിമെന്റ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പീപ്പിള്‍സ് റിവ്യൂ ദിനപത്രം, പീപ്പിള്‍സ് റിവ്യൂ യൂട്യൂബ് ചാനല്‍, പീപ്പിള്‍സ് റിവ്യൂ ഓണ്‍ലൈന്‍, പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് എന്നിവയെല്ലാം നല്ല സാമൂഹിക നിര്‍മിതിയുടെ മകുടോദാഹരണങ്ങളാണ്. വിവാദങ്ങളെ വ്യവസായമാക്കുന്ന വര്‍ത്തമാനകാല ലോകത്ത് വ്യതിരിക്തമായ പാതയാണ് പീപ്പിള്‍സ് റിവ്യൂ പിന്തുടരുന്നത്. മാധ്യമധര്‍മം പക്ഷം പിടിക്കലല്ല. മാധ്യമങ്ങള്‍ റേറ്റിങ്ങിന്റെ പിന്നാലെ പോകുമ്പോള്‍ വസ്തുതകള്‍ തമസ്‌കരിക്കപ്പെടുമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൂഹത്തിലെ തെറ്റായ പ്രവണതകള്‍ക്കെതിരേ ഉന്നതമായ മാധ്യമശൈലി ഉയര്‍ത്തി മുന്നോട്ട് പോകാന്‍ പീപ്പിള്‍സ് റിവ്യൂവിനാകട്ടേയെന്നദ്ദേഹം ആശംസിച്ചു. കാലിക്കറ്റ് ക്ലബ് സെക്രട്ടറി ഡോ.എന്‍.എം സണ്ണി സപ്ലിമെന്റ് ഏറ്റുവാങ്ങി. പ്രശസ്ഥ സാഹിത്യകാരന്‍ പി.ആര്‍ നാഥന്‍ അധ്യക്ഷത വഹിച്ചു.