കോന്നി: ‘ആത്മാന്വേഷണത്തിന്റേയും സഹനത്തിന്റേയും സഹിഷ്ണുതയുടേയും സത്യാന്വേണത്തിന്റേയും വിശ്വവിദ്യാലയമാണ് ഗാന്ധിയന്‍ ദര്‍ശനങ്ങളെന്ന് ലോകത്തിലെ ഏറ്റവും വേഗതയേറിയ പെര്‍ഫോമിംഗ് ചിത്രകാരനും സചിത്രപ്രഭാഷകനും പാരിസ്ഥിതിക ദാര്‍ശനികനുമായ ജിതേഷ്ജി പറഞ്ഞു. മാതാപിതാക്കളെ ദൈവമായി ആദരിക്കണം, ഗാന്ധിയന്‍ ദര്‍ശനം ജീവിതസന്ദേശമാക്കണം, സകലജീവജാലങ്ങളയേും സ്നേഹിക്കണം എന്ന സ്നേഹസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന ഗാന്ധിഭവന് ‘ദേവലോകം സ്നേഹപ്രയാണം’ 100 ആം ദിനാചരണങ്ങളുടെ ഉദ്ഘാടനം കോന്നി എലിയറയ്ക്കല്‍ ഗാന്ധിഭവന് ദേവലോകത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനാപരമായ ഒരു അധികാരക്കസേരയിലുമിരിക്കാതെ കോടിക്കണക്കിന് മനുഷ്യരുടെ മനസ്സില്‍ നിത്യസിംഹാസനമുറപ്പിച്ച അവധൂതന്റെ പേരാണ് ഗാന്ധിജി. കാഷായവസ്ത്രം ധരിക്കാതെയും സന്യാസദീക്ഷ സ്വീകരിക്കാതെയും മഹാ ഋഷീശ്വരനായി മാറിയ സബര്‍മതിയിലെ സന്യാസിശ്രേഷ്ഠന്റെ ജീവിതം ആഴത്തില്‍ പഠിക്കേണ്ട പുണ്യഗ്രന്ഥമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഗാന്ധിഭവന് സെക്രട്ടറി ഡോ.പുനലൂര്‍ സോമരാജന് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം അജോമോന്‍, കലഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി, ഹരികുമാര്‍ പൂതങ്കര, അഡ്വ. സത്യാനന്ദ പണിക്കര്‍, അനി സാബു, പ്രവീണ്‍ പ്ലാവിളയില്‍, ഉദയകുമാര്‍, വിനോദ് കുമാര്‍, ഹരീഷ് റാം, വി.ബി ശ്രീനിവാസന്, അജീഷ് തുടങ്ങിയവര്‍ സംസാരിച്ചു. പൗരപ്രമുഖരെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് ഐ.എഫ്.ടി.എ സിനിമാ യൂണിയന് അവതരിപ്പിക്കുന്ന കലാവിരുന്നും നടന്നു. ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കുടുംബമാണ് ഗാന്ധിഭവന്. വിവിധ കേന്ദ്രങ്ങളിലായി മൂവായിരത്തിലേറെ നിരാലംബരായ മനുഷ്യര്‍ക്ക് അഭയകേന്ദ്രം ഒരുക്കി നല്കി മഹനീയ മാതൃകയാവുകയാണ് പത്തനാപുരം ആസ്ഥാനകേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനും. കവിയും ജീവകാരുണ്യപ്രവര്‍ത്തകനുമായ ഡോ.പുനലൂര്‍ സോമരാജനാണ് ഗാന്ധിഭവന് സ്ഥാപകനും മുഖ്യസാരഥിയും.