മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച പ്രതീക്ഷ നല്‍കുന്നു: മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍

മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച പ്രതീക്ഷ നല്‍കുന്നു: മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍

കോഴിക്കോട്: മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച പ്രതീക്ഷ നല്‍കുന്നതായി മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ പി.എ മുഹമ്മദ് റിയാസും സി.പി.എം ജില്ലാ ജനറല്‍ സെക്രട്ടറി പി.മോഹനന്‍മാസ്റ്ററും സന്നിഹിതരായിരുന്നു

എലത്തൂരില്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് തീവയ്പ്പ് സംഭവത്തില്‍ മരണമടഞ്ഞ മൂന്നുപേരുടെ ആശ്രിതര്‍ക്ക് അഞ്ച് ദിവസത്തിനുള്ളില്‍ അഞ്ച് ലക്ഷം രൂപ വീതം അവരുടെ വീടുകളിലെത്തി നല്‍കിയ മുഖ്യമന്ത്രിയേയും ടൂറിസം മന്ത്രിയേയും മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഷെവലിയാര്‍ സി.ഇ ചാക്കുണ്ണി ഉപഹാരം നല്‍കി ആദരിച്ചു. എ.കെ.സി.ജി.എ ജനറല്‍ സെക്രട്ടറി സിസി മനോജ് പൊന്നാടയും, എം.ഡി.സി വൈസ് പ്രസിഡന്റ് ആര്‍.ജയന്തകുമാര്‍ പൂക്കുടയും നല്‍കി. ഹോളി ലാന്‍ഡ് പില്‍ഗ്രിം സൊസൈറ്റി നിയുക്ത പ്രസിഡന്റ് അഡ്വക്കറ്റ് വിക്ടര്‍ ആന്റണി നൂണ്‍ നിവേദനം സമര്‍പ്പിച്ചു.

അറ്റകുറ്റപ്പണികളുടെ ഭാഗമായി ട്രെയിനുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ റദ്ദ് ചെയ്യുകയോ, വഴി തിരിച്ചുവിടുകയോ ചെയ്യുമ്പോള്‍ റെയില്‍വേ, കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുടമകള്‍ (കടലുണ്ടി മേല്‍പ്പാലം തകര്‍ന്നവേളയില്‍) സ്വീകരിച്ച മാതൃകയില്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുക, ആഘോഷ – ഉത്സവ സീസണുകളില്‍ ചാര്‍ട്ടേഡ് വിമാന-കപ്പല്‍ സര്‍വീസ് ആരംഭിക്കുക, മുന്‍കാലങ്ങളില്‍ സര്‍വീസ് നടത്തിയിരുന്ന പൊന്നാനി-തിരൂര്‍, ഫറോക്ക്-മാവൂര്‍-അരീക്കോട് ബോട്ട് സര്‍വീസ് ആരംഭിക്കുക, കേരളത്തിലെ പോര്‍ട്ടുകളെ ബന്ധിപ്പിച്ച് ഹൈഡ്രോഫോയില്‍ ബോട്ട് സര്‍വീസ് ആരംഭിക്കുക. മലബാര്‍ ട്രാവല്‍ മാര്‍ട്ട്, സഹകരണ എക്‌സ്‌പോ, ഫിലിം ഫെസ്റ്റിവല്‍, ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങുകള്‍, മറ്റു സര്‍ക്കാര്‍ ചടങ്ങുകള്‍ ഒന്നിടവിട്ട് മലബാറില്‍ നടത്തുക, മാവൂരില്‍ ഫിലിം സിറ്റി സ്ഥാപിക്കുക, വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഓര്‍ത്തോഡോക്‌സ് – യാക്കോബായ സഭാ തര്‍ക്കം ശാശ്വതമായി പരിഹരിക്കുന്നതിന് നിയമനിര്‍മ്മാണം നടത്തുക, റോഡിലെ ഗതാഗതക്കുരുക്കും, അമിത യാത്ര ചിലവും കുറയ്ക്കുന്നതിന് മംഗലാപുരം-കൊച്ചി സെക്ടറില്‍ റോ-റോ, കൊച്ചി-മംഗലാപുരം മൂന്നാം റെയില്‍ പാത, തിരുന്നാവായ – താനൂര്‍ – ഇടപ്പള്ളി റെയില്‍പാത നിര്‍മിക്കുന്നതിന് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുക, ആരോഗ്യത്തിനു ഗുണകരവും മലിനീകരണവും ഇല്ലാത്ത സൈക്കിള്‍ യാത്രക്ക് പ്രത്യേക പാത നിര്‍മിക്കുകയും പ്രോത്സാഹിപ്പിക്കുകയും സ്‌കൂള്‍ തലം മുതല്‍ പ്രചരിപ്പിക്കുക, വ്യാപാര -വ്യവസായ കെട്ടിട ഉടമകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം കാണുന്നതിനു സമിതി രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുഖ്യമന്ത്രിയുടേയും പൊതുമരാമത്ത് മന്ത്രിയുടേയും മുന്നില്‍ സംഘടനാ ഭാരവാഹികള്‍ അവതരിപ്പിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *