കോഴിക്കോട്: ആരോഗ്യ വകുപ്പിന്റേയും ഐ.എം.എ കോഴിക്കോടിന്റേയും ആഭിമുഖ്യത്തില്‍ വി.കെ.സി ഗ്രൂപ്പിന്റെ സഹകരണത്തോടെ ലോക മലമ്പനി ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനവും രോഗനിര്‍ണയ ക്യാമ്പും നടത്തി. ‘മലമ്പനിയില്‍ നിന്ന് മുക്തി കൈവരിക്കുവാന്‍ സമയമായി: നമുക്ക് നിക്ഷേപിക്കാം, കണ്ടെത്താം, പ്രാവര്‍ത്തികമാക്കാം’ എന്ന ദിനാചരണ സന്ദേശത്തെ അടിസ്ഥാനമാക്കിയുള്ള ക്യാംപയിന് ജില്ലയില്‍ തുടക്കം കുറിച്ചു. ഐ.എം.എ ജില്ലാ സെക്രട്ടറി ഡോ.സന്ധ്യാ കുറുപ്പിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.ലതിക വി.ആര്‍ ഉദ്ഘാടനം ചെയ്തു. വി.കെ.സി ഗ്രൂപ്പ് എച്ച്.ആര്‍ മാനേജര്‍ പ്രവീണ്‍ കുറുപ്പ്, ഡോ.അനുശ്രീ (ചെറുവണ്ണൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രം), ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫിസര്‍ കെ.മുഹമ്മദ് മുസ്തഫ, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ജോസ് എ.ജെ, അസിസ്റ്റന്റ് ലെപ്രസി ഓഫിസര്‍ സുരേഷ്.ടി, വി.കെ.സി എച്ച്.ആര്‍ മാനേജര്‍ സനൂപ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ. മൊയ്ദീന്‍ കുട്ടി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്വപ്‌ന പി.കെ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റിജു സി.പി, ജില്ലാ എയ്ഡ്‌സ് നിയന്ത്രണ കേന്ദ്രം പ്രതിനിധി പ്രിയേഷ് എന്നിവര്‍ സംസാരിച്ചു. ഓയിസ്‌ക മൈഗ്രന്റ് സുരക്ഷാ പ്രോജക്ട് മാനേജര്‍ അമിജേഷ് കെ.വി ഹിന്ദിയില്‍ ബോധവല്‍കരണ ക്ലാസ് നല്‍കി. മലമ്പനി, ജീവിതശൈലീ രോഗങ്ങള്‍, കുഷ്ഠ രോഗം , ക്ഷയരോഗം, എച്ച്.ഐ.വി എന്നിവയിലായി നടന്ന രോഗ നിര്‍ണയ ക്യാംപില്‍ ഇതര സംസ്ഥാന തൊഴിലാളികളുള്‍പ്പെടെ 153 പേര്‍ പങ്കെടുത്തു. ലോക മലമ്പനി ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ആരോഗ്യകേന്ദ്രങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികളും രോഗ നിര്‍ണ്ണയ ക്യാംപുകളും നടന്നു.