രവി തേലക്കാട്
മീന ചൂടില്‍ മരച്ചില്ലകള്‍ പൊഴിയ്ക്കുന്ന കരിയില കൂമ്പാരങ്ങള്‍ തൊടിയില്‍ യഥേഷ്ടം വീണു ചിതറി കിടക്കുന്നു. ജലാശയങ്ങള്‍ പലതും വരള്‍ച്ചയുടെ വക്കോളമെത്തി നില്‍ക്കുകയാണ്. വിണ്ടുകീറിയ പാടശേഖരങ്ങളില്‍ നിന്നും നാല്ക്കാലികള് ചൂടകറ്റാന്‍ ഉറവ വറ്റാത്ത ഏതോ പൊട്ടക്കുളം തേടി പോകുന്ന കാഴ്ച പരിതാപകരം തന്നെ. പൂമുഖത്തെ ചൂടന്‍ കാഠിന്യമേറി വരുന്ന പോലെ തോന്നി. ഇല്ലത്തെ അകത്തളത്തിലിരുന്നാല് പുറത്തുള്ള ചൂടും , തണുപ്പും അറിയുകയേ ഇല്ല. വേനല്ക്കാലത്തു തണുപ്പും, തണുപ്പു കാലത്ത് ചൂടും പകര്‍ന്നു നല്കുന്ന പുറത്തളം. പുരാതന തച്ചുശാസ്ത്രത്തിന്റെ വൈശിഷ്ട്യം വിസ്മയാവഹം തന്നെ. പൂമുഖപ്പടിയില്‍ നിന്നെഴുന്നേറ്റ് തളത്തിലെ പഴയ ചാരു കസേരയില്‍ ചെന്നിരുന്നു. പ്രകൃതി ശീതീകരിച്ച വിശാലമായ മുറിയില്‍ തനിച്ചിരിയ്ക്കുമ്പോള്‍ വല്ലാത്തൊരാശ്വാസം തോന്നി. മേശപ്പുറത്ത് ചിതറി കിടന്നിരുന്ന ഏതോ വാരിക അലക്ഷ്യമായി മറിച്ചു നോക്കുമ്പോള്‍ പൂമുഖത്തൊരു കാല് പെരുമാറ്റം കേട്ടു. ഒപ്പം ഘന ഗാംഭീര്യമാര്‍ന്ന ഒരു ശബ്ദവും.
‘ ആരൂല്ല്യേ ബ്ടെ’
എഴുന്നേറ്റു ചെന്നു നോക്കിയപ്പോള്‍ ആളെ മനസിലായി. വേഗം അടുക്കളയില്‍ ചെന്ന് മുത്തശ്ശിയോടു വിവരം പറഞ്ഞു.
‘ മുത്തശ്ശീ , മാധവന് വല്ല്യഛന്റെ പൊദ്വാട്ട്ന്ന് പൊദ്വാള് വന്നിരിയ്ക്കുണു’
‘ ആരാ കൃഷ്ണന് കുട്ട്യോ…..?’
മുത്തശ്ശിയുടെ ജിജ്ഞാസഭരിതമായ ചോദ്യം.
‘ ങ്ങ്ഹാ’
ഞാന്‍ മറുപടി പറഞ്ഞു.
‘ കൃഷ്ണന് കുട്ട്യോട് നീയ്യൊന്നും ചോദിച്ചില്ല്യേ?’
‘ ഇല്ല്യ , നിയ്ക്ക് പേട്യാ, മുത്തശ്ശ്യൊന്ന് വേഗം ചെല്ലൂ’
( തറവാട്ടിലെ അഗ്രജസ്ഥാനീയനായ ഒരു സഹോദരനോടു തോന്നുന്ന ആദരവും , ഭയവും തനിയ്ക്കെന്നും അദ്ദേഹത്തോടു തോന്നിയിരുന്നു. അച്ഛന് നമ്പൂതിരിയുടെ ഇല്ലവും, ഇല്ലത്തുള്ളവരും കൃഷ്ണന് കുട്ടി പൊതുവാള്‍ക്കും അന്യരായിരുന്നില്ലല്ലൊ!. അദ്ദേഹത്തിന്റെ സഹോദരി പാറുകുട്ടി പൊതുവാള്സ്യാര്ക്കും മറിച്ചൊരഭിപ്രായമുണ്ടായിരുന്നില്ല. മാസത്തില്‍ രണ്ടു തവണയെങ്കിലും അമരമ്പലത്തുനിന്ന് മുത്തശ്ശിയെ കാണാന്‍ അവര്‍ വരുമായിരുന്നു. അമരമ്പലം കോവിലകത്തെ പ്രധാന കാര്യദര്‍ശിയായിരുന്ന പാലത്തോള്‍ വടക്കേ പൊതുവാട്ടിലെ നാരായണ പൊതുവാളാണ് പാറുകുട്ടി പൊതുവാള്സ്യാരെ പാണിഗ്രഹണം ചെയ്തിരുന്നത്. അവരുടെ മക്കളായ വത്സല , രമ, ഉഷ എന്നിവരും അവരുടെ ബാല്യകാലങ്ങളില്‍ ഇല്ലത്തേയ്ക്ക് ചിലപ്പോഴെങ്കിലും വരുമായിരുന്നു. ഒരു മകളോടെന്നപോലെ സര്‍വസ്വാതന്ത്ര്യവും, വാത്സല്യവും മുത്തശ്ശി സദാ അവര്‍ക്കു നല്കി വരികയും ചെയ്തു.
‘ അമ്മയ്ക്കിപ്പൊ കൊറച്ചു കാലായിട്ട് പാറുട്ട്യോടാ സ്നേഹം’
ആര്യ ചെയമ്മയുടെ ഇടയ്ക്കിടെയുള്ള പരിഭവം നിറഞ്ഞ അടക്കിപ്പറച്ചില്‍ ……
‘ ആര്യേം, പാറുട്ടീം തമ്മില്‍ എനിയ്ക്കെന്താ വ്യത്യാസം? അത് പൊദ്വാട്ടില് ജനിച്ചൂ എന്ന് വെച്ച് ബ്ടത്തെ അല്ലാണ്ട് ആവോ?’
നേദിയ്ക്കാനുള മലര് വൃത്തിയാക്കി എടുക്കുമ്പോള്‍ മുത്തശ്ശി ആര്യ ചെറിയമ്മയെ ഗുണദോഷിക്കും.
കൃഷ്ണന് കുട്ടി പൊതുവാള് കരിമ്പുഴ ചെമ്മരത്ത് പൊതുവാട്ടില്‍ നിന്ന് രാധ പൊതുവാള് സ്യാരേയാണ് വിവാഹം ചെയ്തിരുന്നത്. ചിരിച്ചു വിടര്‍ന്ന മുഖത്തോടെയല്ലാതെ താനിതുവരെ അവരെ കണ്ടിട്ടേയില്ല. സ്നേഹമസൃണമായ വാക്കും, പെരുമാറ്റവും. തികവാര്‍ന്ന കുലാംഗന.
‘ മുഖം പത്മദളാകാരം., വാചശ്ചന്ദന ശീതളാ’ കവി ഇവരെ മാത്രം ഉദ്ദേശിച്ചു കുറിച്ചിട്ടതാകാനേ തരമുള്ളൂ.
ഇവരുടെ പുത്രരായ ഉണ്ണിക്കുട്ടന്, രാജന്, മോഹനന്, വിജയന്, പ്രകാശന് , മുരളി ഇവരെല്ലാം വളരെ സ്നേഹത്തോടും സാഹോദര്യത്തോടുംകൂടി ഞങ്ങളോടൊത്ത് സഹവര്‍ത്തിച്ചു വരുന്നു.)
‘ ഇപ്പൊ എവ്ട്ന്നാ വരണത്? പൊദ്വാട്ട്ന്നന്നേല്ലേ?”
മുത്തശ്ശി പൂമുഖത്തു ചെന്ന് പൊതുവാളോട് കുശലാന്വേഷണം നടത്തി.
‘ ഒ. ഇന്ന് അമ്മാമടെ ശ്രാദ്ധായിരുന്നു. അതു കഴിഞ്ഞ് കവളപ്പാറയ്ക്ക് പോണ വഴ്യാ, ന്നാല് പിന്നെ ബടേം കൂടി ഒന്ന് കേറി പൂവ്വാംന്ന് നിരീച്ചു.’
വൃത്തിയുള്ള വെളുത്ത കോട്ടന്‍ ജുബ്ബ ഊരി പൂമുഖപടിയില്‍ വയ്ക്കുമ്പോള്‍ കൃഷ്ണന് കുട്ടി പൊതുവാള് മുത്തശ്ശിയോടു പറഞ്ഞു.
‘ ബ്ടെപ്പൊ നമ്പൂതിരിമാര്‍ ആരൂല്യ , പഴേടത്ത് ഒരു വേള്യാ, എല്ലാവരും അങ്ക്ട് പോയിരിയ്ക്കുണു നിയ്ക്കും പോണംന്ന് നല്ല മോഹണ്ടാര്ന്നു , ബസ്സെറങ്ങ്യാ കൊറച്ചു നടക്കണം., പഴേ പോലെ നടക്കാനൊന്നും വയ്യാണ്ടായിരിയ്ക്കുണു, അതോണ്ട് ഞാന്‍ പോയില്ല്യ ,നിയ്ക്ക് തൊണേയിട്ട് ഇയാളെ ബ്ടെ നിര്തി’.
തന്റെ മുടിയിഴയില്‍ തഴുകി മുത്തശ്ശി പൊതുവാളോടു പറഞ്ഞു.
‘ നമ്പൂരാര് മുഴ്വോനെ പോയിട്ടില്ല്യ , ഒരു കഷ്ണം ണ്ടലോ ബ്ടെ’ പൂമുഖപ്പടിയില്‍ ചമ്രം പടിഞ്ഞിരുന്ന് ബാഗില്‍ വച്ച മുറുക്കാന്‍ ചെല്ലം പുറത്തെടുക്കുമ്പോള്‍ തന്നെ നോക്കി അദ്ദേഹം പറഞ്ഞു. പൊതുവാളുടെ ചന്ത മാര്‍ന്ന ചാര്വണപ്പെട്ടിയുടെ സൗന്ദര്യമാസ്വദിച്ച് താന്‍ ചുമരു ചാരി വെറുതെ നിന്നതേയുള്ളൂ.
‘ മുറുക്കാന്‍ വരട്ടെ, കൃഷ്ണന്‍കുട്ടിയ്ക്ക് കുടിയ്ക്കാനെന്താ വേണ്ടത് , സംഭാരോ, ചുക്കു വെള്ളോ?’
സല്‍ക്കാര പ്രിയയായ മുത്തശ്ശിയുടെ ചോദ്യം.
‘ വേനക്കാലല്ലേ , സംഭാരം മതി, കഷ്ട്യാക്കണ്ട, പുളി കുറച്ച് ഉപ്പ് സ്വല്പം കൂട്ടി കൊണ്ടന്നോള്വാ’
മുത്തശ്ശി കൊണ്ടുവച്ച സംഭാരം ഉയര്തികുടിച്ച് , തോര്‍ത്തുകൊണ്ട് അധര ശുദ്ധി വരുത്തി അദ്ദേഹം പറഞ്ഞു.
‘ ബലേ , ഭേഷ് , സംഭാരം നന്നായിരിയ്ക്കുണു’.തളിരാര്‍ന്ന തരുവാഴിയോടന് വെറ്റിലയില്‍ ചുണ്ണാമ്പും, പഴുക്കടയ്ക്കയും ചേര്‍ത്ത് പൊതുവാള് സാവകാശം മുറുക്കാനാരംഭിച്ചു.
ഹൊ.. ആ മുറുക്കിന്റെ ഒരാസ്വാദ്യത ….., പറയാതെ വയ്യ. ഒരു ചാണ് നീളത്തില്‍ സ്വര്‍ണവര്‍ണ മാര്‍ന്ന പുകയിലക്കുറ്റി. കുറ്റി തുറക്കുമ്പോള്‍ തന്നെ പരിസരമാകെ സുഗന്ധം കൊണ്ടു നിറയും. ആനന്ദകുസുമവും , ശര്‍ക്കരയും , മറ്റു പല പച്ചമരുന്നും ചേര്‍ത്തിടിച്ചുണ്ടാക്കുന്ന പുകയിലക്ക് സ്വാദും, വീര്യോം കൂടുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
‘ ഇപ്പൊ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞിരിയ്ക്ക്യല്ലെ? ഫലം അറിയണ വരെ എന്താ പരിപാടി?’
വായില്‍ നിറഞ്ഞ താംബൂല ചര്‍വണം മുറ്റത്തേയ്ക്കു നീട്ടിത്തുപ്പി പൊതുവാള് തന്നോടു ചോദിച്ചു.
‘ ഒന്നും തീരുമാനിച്ചില്ല്യ’ ഭവ്യതയോടെ താന്‍ മറുപടി പറഞ്ഞു.
‘ എന്നാല്‍ ചെലത് തീരുമാനിയ്ക്കാറായിരിയ്ക്കുണു, രണ്ടു മാസം വെറുതെ തെക്കുവടക്കു നടന്ന് നേരം കളയണ്ട , അവനവന്റെ പാരമ്പര്യായിട്ട്ള്ള തൊഴിലക്ട് വശാക്കാ, അതിനൊരഭിമാനക്കൊറവും നിരീയ്ക്കണ്ട ., ശാന്തിക്കാരനാവാന്‍ വേണ്ടി പറയണതല്ല, പിന്നേയ്ക്കതൊരു ഉപകാരത്തില്‍ പെടും.’
‘ അത്യാവശ്യം നേദിയ്ക്കാനൊക്കെ വശാക്കീരി യ്ക്കുണു, ബ്ട്ത്തെ ശാസ്താവിന്റെ അമ്പലത്തില്‍ ഇയാളന്ന്യാപ്പൊ നേദിക്കാന്‍ പോണതു’. മുത്തശ്ശി പൊതുവാളോടായി പറഞ്ഞു.
‘ അത് പോരാ, വെടുപ്പായിട്ട് പൂജേന്നെ വശാക്കണം.. താല്പര്യണ്ട്ച്ചാല് ഞാനൊരു സ്ഥ ലത്ത് കൊണ്ടാക്കാം, കൊറച്ച് തെക്കാ ., നിയ്ക്ക് വേണ്ടപ്പെട്ടോരാ , മാത്രല്ല തന്ത്രി കുടുംബക്കാരാണേനും, എന്താ .. സമ്മതാണോ?’
കൃഷ്ണന് കുട്ടി പൊതുവാള് തന്നെ നോക്കി ചോദിച്ചു. എന്തുത്തരം നല്കണമെന്നറിയാതെ താന്‍ മുത്തശ്ശിയെ നോക്കി. അതിന്റെ അര്‍ഥം മനസ്സിലാക്കിയിട്ടെന്ന വണ്ണം അദ്ദേഹം തുടര്‍ന്നു.
‘പെട്ടെന്നൊരു തീരുമാനം പറയണംന്ന്ല്ല്യ , അച്ഛനോടും , അഫനോടുമൊക്കെ ചോദിച്ച് പത്ക്കെ പറഞ്ഞാ മതി., വല്ലാതെ അമാന്തിയ്ക്കണ്ട, അടുത്തയാഴ്ച ആ ഭാഗത്തൊരു കളീണ്ട് , അതിന്റെ മുമ്പായി ഒരു തീരുമാനത്തിലെത്ത്യാല് മതി’.പൂമുഖപ്പടിയില്‍ ഊരി വച്ചിരുന്ന ജുബ്ബയെടുത്തു ധരിയ്ക്കുമ്പോള്‍ പൊതുവാള് മുത്തശ്ശിയോടായി പറഞ്ഞു.
‘ എന്നാല്‍ ഞ്ഞിവെഴ്കിക്കിണില്ല്യ, പത്തരയ്ക്കൊരു ബസ്സുണ്ട് , അതിന് പൂവ്വാന് തരായീച്ചാല്‍ ഉച്ചടെ മുമ്പെ കവളപ്പാറയ്ക്ക് എത്താം, അഫന് നമ്പൂരി വന്നാല്‍ പറഞ്ഞാ മതി ഞാന്‍ വന്നേര്ന്നൂന്ന്.’പൊതുവാള് ബാഗെടുത്ത് മുറ്റത്തേയ്ക്കിറങ്ങി നടന്നു നീങ്ങി.
ഇല്ലത്തുള്ളവര്‍ക്ക് എതിരഭിപ്രായമൊന്നും ഉണ്ടായില്ല. ‘പൊദ്വാള് പറഞ്ഞതാ ശെരി, ബ്ടെങ്ങ്നെ ഇരുന്നാല്‍ ഉണ്ടും ഒറങ്ങീം നേരം കളയാംന്നല്ലാണ്ടെ വേറെ വിശേഷൊന്നൂല്ല്യ , ഇയാള്‍ പൂജ പഠിച്ചു വന്നാല്‍ നിയ്ക്കൊരു സഹായാവൂലോ , പരികര്‍മത്തിന് ഒരാളെ ലാഭിക്കേം ചെയ്യാം!’ കുഞ്ചു അഫന്റെ ദീര്‍ഘ ദൃഷ്ട്യാലുള്ള വക്റ ബുദ്ധി . ലാഭനഷ്ടക്കണക്ക് ഇപ്പഴേ കണക്കാക്കാന്‍ തുടങ്ങിയിരിയ്ക്കുണു. താന്‍ വിട്ടു നില്ക്കുന്നതില് മുത്തശ്ശിയ്ക്കായിരുന്നു ഏറെ മനപ്രയാസം.
‘ സാരല്ല്യ അമ്മെ , രണ്ട് മാസല്ലേ വേണ്ടു, അത് കഴിഞ്ഞാല്‍ അയള്ളങ്ക്ടെന്നെ വരൂ ലോ .’
അച്ചന് മുത്തശ്ശിയെ ആശ്വസിപ്പിച്ചു. പറഞ്ഞുറപ്പിച്ച ദിവസം തന്നെ താന്‍ കവളപ്പാറ പൊതുവാട്ടിലെത്തി. കുശലാന്വേഷണങ്ങള്‍ക്കു ശേഷം ഉച്ചയൂണു കഴിഞ്ഞ് യാത്ര തിരയ്ക്കാന് നേരം രാധ പൊതുവാള് സ്യാര്‍(എന്റെ ജ്യേഷ്ഠത്തിയമ്മ) ഒരു ചെറിയ കടലാസ് പൊതി കയ്യില്‍ തന്നു കൊണ്ടു പറഞ്ഞു. ,
‘ പരിചയല്ല്യാത്ത ദിക്കല്ലെ , എന്തെങ്കിലൊക്കെ ചെലവുണ്ടാവൂ ലോ , ഇത് വെച്ചോളൂ’
സ്നേഹ നിര്‍ഭരമായ അവരുടെ വാക്കുകള്‍ ഇന്നും എന്റെ മനസ്സിന്റെ ഏതോ കോണില്‍ ഒരു ഏങ്ങലായ് മാത്രം അവശേഷിയ്ക്കുന്നു.
ഏറെ നേരത്തെ നീണ്ട യാത്രയ്ക്കു ശേഷം രാത്രിയോടെ ഞങ്ങള്‍ ചെങ്ങന്നൂരുള്ള തന്ത്രി കുടുബത്തിലെത്തി ചേര്‍ന്നു. കണ്ട മാത്രയില്‍ തന്നെ വെളുത്തുമെലിഞ്ഞു കുടുമ കെട്ടിവച്ച തേജസ്വിയായ ഒരു വിപ്റപുംഗവന് ഞങ്ങളെ ആനയിച്ച് സ്വീകരണ മുറിയിലേയ്ക്കു കൂട്ടിക്കൊണ്ടുപോയി.
‘ ശകലം നേരമായീ കേട്ടോ കാത്തിരിയ്ക്കാന്‍ തൊടങ്ങിയിട്ട് , ബസ്സ് വിചാരിച്ച പോലെ കിട്ടിക്കാണ് കേലാ …. അല്ല്യോ?’
‘ അവ്ട്ന്ന് എറങ്ങാന്‍ കൊറച്ച് അമാന്തായി, ഊണു കഴിഞ്ഞേ പൊറപ്പെടാന്‍ തരായുള്ളൂ’
പൊതുവാള് നമ്പൂതിരിപ്പാടിന്റെ ചോദ്യത്തിന് മറുപടി നല്കി. ‘ എന്നാലിനി വൈകിക്കേണ്ട കെട്ടോ, യാത്രാക്ഷീണം ഒണ്ടാകത്തില്ല്യോ , കുളി ഒണ്ടെങ്കില് കുളിച്ച് അത്താഴം കഴിയ്ക്കാം., ഉടുപ്പും ബാഗും അങ്ങ് അകത്തോട്ടുവച്ചാട്ടെ.’ ഉള്‍ഭാഗത്തുള്ള സാമാന്യം വലിയൊരു മുറി ചൂണ്ടിക്കാട്ടി നമ്പൂതിരി പാട് പറഞ്ഞു. ബാഗും ഷര്‍ട്ടും മുറിയില്‍ വച്ചു പുറത്തേക്കു വരുമ്പോള്‍ പൊതുവാളോടായി അദ്ദേഹം ചോദിച്ചു.
‘പൊതുവാളാശാന് പറഞ്ഞ കുഞ്ഞ് ഇദ്ദേഹമാന്നോ?’
‘അതെ, എന്റെ അഫന്റെ മഹനാ., പത്താം ക്ലാസ് പരീക്ഷ എഴ്തിക്കഴിഞ്ഞ് ഇരിയ്ക്ക്യാ, രണ്ടു മാസം വേറെ പണി ഒന്നൂല്ല്യലൊ, ഇവടെ നിന്ന് പൂജ പഠിയ്ക്കട്ടെ.” ഓ .. അതിനെന്തുവാ വിരോധം, മീനം പത്തിന് ഇവിടത്തെ ശിവന്റെ ക്ഷേത്രത്തില്‍ കൊടിയേറ്റമാ ., പത്ത് ദെവസത്തെ ഉത്സവം., അന്നു തന്നെയങ്ങു തൊടങ്ങിയേക്കാം , വിദ്യ പഠിക്കാന്‍ പറ്റിയ കാലമാ മീനമാസം, മീനത്തിന്റെ രാശ്യാധിപന്‍ വ്യാഴം, വ്യാഴം എന്ന് വച്ചാല്‍ ഗുരു എന്നല്ല്യോ. ഗുരുദര്‍ശനത്തിനും, വിദ്യാഭ്യാസത്തിനും ഉചിതമായ സമയം ഇത് തന്നേയാ കെട്ടോ., ആട്ടെ എന്തോന്നാ കുഞ്ഞിന്റെ പേര്?’ തന്നെ ആപാദ ചൂഡം വീക്ഷിച്ച് നമ്പൂതിരിപാട് ചോദിച്ചു.
ഞാന്‍ പേരു പറഞ്ഞു. ‘ശാന്തി ദ്വിജപ്ര കുരുതേ ബഹു ദീപ ശാന്തിം, മഥ്വാദ്യ പായസ ഗുളൈര്‍
ജഠരാഗ്നി ശാന്തിം, തത്രദ്യ ബാല വനിതാ മദനാഗ്നി ശാന്തിം,കാല ക്രമേണ പരമേശ്വരശക്തി ശാന്തിം .
‘ എന്ന പോലാകുകേ ലല്ലോ?’നമ്പൂതരി പാട് ചൊല്ലിയ ശ്ലോകത്തിന്റെ അര്‍ഥം തനിയ്കു മനസലായില്ലെങ്കിലും , പൊതുവാള്‍ക്ക് ശരിയ്ക്കും മനസിലായിക്കാണണം. ഒരു ഫലിതമാസ്വദിച്ച മട്ടില്‍ ഉറക്കെ ചിരിച്ച് അദ്ദേഹം നമ്പൂരിപ്പാടിനോടു പറഞ്ഞു.
‘ ഏയ്….. അതിന്ള്ള മിടുക്കൊന്നും ണ്ട്ന്ന് തോന്ന്ണ് ല്യ ., ശുദ്ധനാ :’ രണ്ടു പേരും ഉറക്കെ ചിരിച്ചു
പിറ്റേന്ന് പ്രഭാത ഭക്ഷണത്തിനു ശേഷം യാത്ര തിരിയ്ക്കാനുള്ള തയ്യാറെടുക്കുമ്പോള്‍ പൊതുവാള് തന്നോടായി പറഞ്ഞു. ‘ ഇഷ്ടായീച്ചാല്‍ ബ്ടെത്തന്നെ കൂടാം, മേല്‍ക്കൊണ്ട് പഠിയ്ക്കാനൊന്നും ബുദ്ധിമുട്ടു വരില്ല്യ , നമ്പൂരിപ്പാടിന്റെ മഹന്‍ ബ്ട്ത്തെ കോളേജിലെ പ്രൊഫസറാ, അഡ്മിഷന് കിട്ടാനൊന്നും പ്രയാസ ണ്ടാവില്ല്യ , ഞാന്‍ അദേഹത്തിനോട് പ്രത്യേകം പറയേം ചെയ്യാം., ഇനിയൊക്കെ അവനവന്റെ ഇഷ്ടം പോലെ എങ്ങ്ന്യാച്ചാല് ആവാം.’
മറുപടി പറയാനാകാതെ ഖിന്നനായ് ഞാന്‍ തല കുനിച്ചു നിന്നതേയുള്ളൂ. ‘ പൊതുവാളാശാന് പോവ്വാന്നോ? ഉച്ചയ്ക്ക് ഊണെല്ലാം കഴിച്ചേച്ച് പതിയെ പോയാല്‍ പോരായോ?’നമ്പൂതിരിപാട് തേവാരപുരയില്‍ നിന്ന് ഇറങ്ങി വരുമ്പോള്‍ പൊതുവാളോടായി ചോദിച്ചു. ‘ സന്ധ്യേടെ മുമ്പെ ഹരിപ്പാടെത്തണം, അവിടെ ഒരു കളി ഏറ്റട്ട്ണ്ട്, എങ്ങിനേയാലും ബ്ട്ത്തെ ഉത്സവക്കളിയ്ക്ക് കാണാലോ. പൊതുവാള് ബാഗെടുത്ത് മുറ്റത്തേയ്ക്കിറങ്ങുമ്പോള്‍ വാത്സല്യം തുളുമ്പുന്ന മിഴികളാല്‍ എന്നെ നോക്കി പറഞ്ഞു.
‘ എന്നാല്‍ ശരി, … ഒക്കെ പറഞ്ഞ പോലെ’ ഉറച്ച കാല് വെപ്പോടെ തലയുയര്തി പൊതുവാള് നടന്നു നീങ്ങുന്നത് നിര്‍വികാരനായി നോക്കി നില്‍ക്കാനേ തനിയ്ക്കു കഴിഞ്ഞുള്ളു.
കാലം അനവധി കടന്നുപോയി. വേനലും, വര്‍ഷവും, ഋതുക്കളും മാറി മാറി വന്നു പൊയ്ക്കൊണ്ടേയിരുന്നു.
ഒരു ജോലിയ്ക്കു വേണ്ടിയുള്ള എന്റെ അടങ്ങാത്ത തൃഷ്ണയും ശ്രമവും ഉത്തരം കിട്ടാത്ത ഒരു പ്രഹേളികയായ് മാത്രം അവശേഷിച്ചു. കുല തൊഴില്‍ പഠിയ്ക്ക്യാ…. പിന്നേയ്ക്ക് അതൊരു പകാരാവും …….
പണ്ട് ഉപദേശിച്ച ആ തുംഗാനുഭാവന്റെ വാക്കുകള്‍ ഇന്നും എന്റെ കര്‍ണ വീചികളില്‍ ഒരു മന്ത്രമായ് , സ്വാന്തനമായ് പ്രതിധ്വനിക്കുന്നു
എത്ര ശരി…….. ഇന്നും ആ വാക്കുകളിലൂന്നി നിരാമയനായ്, അതിലുപരി സന്തോഷവാനായ് ഭാരതത്തിന്റെ പല ഭാഗങ്ങളിലേക്കായ് പാരമ്പര്യമായ് സിദ്ദിച്ച തൊഴിലുമായ് താന്‍ പ്രയാണം ചെയ്തു കൊണ്ടേയിരിക്കുന്നു.എന്നെ ഞാനാക്കി മാറ്റിയ കൃഷ്ണന് കുട്ടി പൊതുവാളുടേയും, പത്നി രാധാ പൊതുവാള് സ്യാരുടേയും മരിക്കാത്ത ഓര്‍മകള്‍ക്കു മുന്നില്‍ സാഷ്ടാംഗ നമസ്ക്കാരം അര്‍പ്പിക്കുന്നു.