ന്യൂ മാഹി: എല്ലാം ബഹളമയമാക്കുന്ന വര്‍ത്തമാനകാലത്ത്, കലാകാരന്മാര്ക്ക് മര്മ്മരങ്ങളെപ്പോലും കാന്‍വാസുകളിലേക്ക് സന്നിവേശിപ്പിക്കാന്‍ കഴിഞ്ഞത് പ്രകൃതിയോടും സമൂഹത്തോടുമുള്ള പ്രതിബദ്ധതയുടെ പ്രതിഫലനമാണെന്ന് പ്രമുഖ ചിത്രകാരനും, കലാനിരൂപകനുമായ കെ.കെ.മാരാര്‍ അഭിപ്രായപ്പെട്ടു. മയ്യഴിപ്പുഴയോരത്ത് ഒളവിലം ഫെസ്റ്റിന്റെ ഭാഗമായി കക്കടവ് ബോട്ട് ജെട്ടിക്ക് സമീപം സംഘടിപ്പിച്ച ജലമര്‍മ്മരം ദ്വിദിന ചിത്രകലാ ക്യാമ്പിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.ടി.വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. കെ.എം ശിവകൃഷ്ണന്‍, അഡ്വ.പി.കെ രവീന്ദ്രന്, ചാലക്കരപുരുഷു, ടി.ടി.കെ ശശി സംസാരിച്ചു. ജന്സന് സ്വാഗതവും, പ്രഭകുമാര്‍ നന്ദിയും പറഞ്ഞു. 60 ക്യാമ്പ് അംഗങ്ങള്‍ക്ക് കെ.കെ മാരാര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.