തിരുവനന്തപുരം: യു.എ.ഇ-ബേപ്പൂര്‍ സെക്ടറില്‍ യാത്ര-ചരക്ക് കപ്പല്‍ സര്‍വീസ് ആരംഭിക്കാന്‍ യാതൊരു സാങ്കേതിക തടസവും ഇല്ലെന്നും അടുത്ത ദിവസം തന്നെ തുറമുഖ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ നോര്‍ക്ക, കപ്പല്‍ ടൂര്‍ ഓപ്പറേറ്റര്‍, മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സില്‍, മറ്റു ബന്ധപ്പെട്ടവരുടയും സംയുക്ത യോഗം ഉടനെ കോഴിക്കോട് നടത്തുമെന്നും മേരി ടൈം ബോര്‍ഡ് ചെയര്മാന് എന്‍.എസ് പിള്ള പറഞ്ഞു. ഗള്‍ഫ്- ബേപ്പൂര്‍ സെക്ടറില്‍ യാത്ര- ചരക്കുകള്‍ സര്‍വീസ് ആരംഭിക്കുന്നതിന് തിരുവനന്തപുരം കേരള മാരിടൈം ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുകിട -ഇടത്തര യാത്ര കപ്പല്‍ സര്‍വീസ് നടത്തുതിനുള്ള എല്ലാ അടിസ്ഥാന സൗകര്യവും ഇപ്പോള്‍ ബേപ്പൂരില്‍ ഉണ്ടെന്നും യുദ്ധകാല അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും യോജിച്ച് യാത്ര- ചരക്ക് കപ്പല്‍ സര്‍വീസ് നടത്താന്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം അറിയിച്ചു. മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സിലിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ഷെവലിയാര്‍ സി.ഇ ചാക്കുണ്ണി, വൈസ് പ്രസിഡന്റ് ആര്. ജയന്ത്കുമാര്‍, വി. മുരുകന്, സി.ഇഒ ടി.പി സലിംകുമാര്‍ ഐ.ആര്.എസ്, തുറമുഖ വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ അശ്വനി പ്രതാപ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.